2009, ഏപ്രിൽ 12, ഞായറാഴ്‌ച

ആമ്നിയോട്ടിക് ദ്രവം

ആമ്നിയോട്ടിക് ദ്രവം

ഗര്‍ഭാശയത്തിനുള്ളില്‍ ഒരു സഞ്ചിയിലാണ് ഗര്‍ഭസ്ഥശിശു കിടക്കുന്നത്.
ആമ്നിയോട്ടിക് സഞ്ചി എന്നാണതിനു പേര്‍.സഞ്ചിയില്‍ ആമ്നിയോട്ടിക്
അഥവാ ഉല്‍ബം എന്ന ദ്രവം കാണപ്പെടുന്നു. മാതവിന്‍റെ ഉദരത്തില്‍
തട്ടല്‍,മുട്ടല്‍ തുടങ്ങിയ ക്ഷതങ്ങള്‍ ഉണ്ടായാല്‍, കുഞ്ഞിന് അതു തട്ടാതിരിക്കാന്‍
സഹായിക്കുന്നത് ഈ ദ്രവമാണ്.അതൊരു കുഷ്യനായി പ്രവര്‍ത്തിക്കുന്നു.

ഗര്‍ഭസ്ഥ ശിശുവിന് അനങ്ങുവാനും മറിയുവാനും തിരിയുവാനും
കഴിയുന്നത് ഈ ദ്രവത്തില്‍ കിടക്കുന്നതിനാലാണ്.ശിശുവിന്‍റെ ശരീര താപനില
വിവിധ ശരീര ഭാഗങ്ങളില്‍ ഒരുപോലെ നിലനിര്‍ത്തുന്നതും ഈ ദ്രവമാണ്.
ഹോര്‍മോണുകള്‍ ലണങ്ങള്‍ എന്നിവ ഈ ദ്രവം വഴി കൈമാറ്റം ചെയ്യപ്പെടുന്നു.
ഗര്‍ഭസ്ഥ ശിശുവിന്‍റെ ആരോഗ്യസ്ഥിതി, വളര്‍ച്ച എന്നിവ വിലയിരുത്താന്‍
ഈ ദ്രവം കുത്തിയെടുത്തു പരിശോധിക്കാറുണ്ട്.ആമ്നിയോ സെന്‍റസിസ്
എന്നാണീ പരിശോധനയ്ക്കു പേര്‍.

ഗര്‍ഭകാലത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ ആമ്നിഓട്ടിക് ദ്രവത്തിന്‍റെ അളവില്‍
വ്യതിയാനം വരുന്നു.12 ആഴ്ചയെത്തുമ്പോള്‍ 50 മില്ലിലിറ്റര്‍, 20 ആഴ്ചയില്‍
400 മില്ലിലിറ്റര്‍, 36-38 ആഴ്ചകളില്‍ ഒരു ലിറ്റര്‍ എന്നിങ്ങനെ.38 ആഴ്ച കഴിഞ്ഞാല്‍
അളവു കുറഞ്ഞു തുടങ്ങും.പൂര്‍ണ്ണവളര്‍ച്ച(280 ദിവസം) കഴിഞാല്‍ ദ്രവത്തിന്‍റെ
അളവും കുറഞ്ഞു തുടങ്ങും.43 ആഴ്ചയില്‍ അത് വെറും 200 മില്ലിലിറ്റര്‍ ആവും.

16-18 ആഴ്ചകഴിഞ്ഞാല്‍ ഗര്‍ഭസ്ഥ ശിശു ഒഴിക്കുന്ന മൂത്രം ഈ ദ്രവത്തില്‍ കലരും.
ശ്വാസകോശങ്ങളില്‍ നിന്നുള്ള സ്രവങ്ങള്‍ ,ഗര്‍ഭസ്ഥ ശിശുവിന്‍റെ തൊലിയില്‍
നിന്നും കൊഴിയുന്ന പൊറ്റകള്‍,രോമം,മുടി,ശിശുവിന്‍റെ ശരീരത്തെ
പൊതിയുന്ന വെര്‍ണിക്സ് കേസിയോസാ എന്ന കുഴമ്പ് ഇവയെല്ലാം
ആമ്നിയോട്ടിക്ദ്രവത്തില്‍ കലരും. ഗര്‍ഭസ്ഥശിശു ഇടയ്ക്കിടെ
ഈ ദ്രവം കുടിക്കും.
കുഞ്ഞു കുടിക്കുന്നതു കുറവായാല്‍ ദ്രാവകത്തിന്‍റെ അളവു കൂടും.
അപ്പോള്‍ ഹൈഡ്രാമ്നിയോസ് എന്ന സ്ഥിതി വിശേഷം ഉടലെടുക്കും.

ശിശുവിന്‍റെ അന്നനാളത്തില്‍ വൈകല്യം ഉണ്ടെങ്കില്‍ അളവു കൂടും.
ഈസോഫാജിയല്‍ അട്രേസിയാ എന്ന വൈകല്യം ഉദാഹരണം..
ഹൈഡ്രാമ്നിയോസ് എന്ന അവസ്ഥ.
ശിശു വിസര്‍ജ്ജിക്കുന്ന മൂത്രം കുറഞ്ഞാല്‍ ദ്രവത്തിന്‍റെ അളവു കുറയും.
ഒളിഗോ ഹൈഡ്രാമ്നിയോസ് എന്നു പറയും.ശിശുവിന്‍റെ മൂത്രമാര്‍ഗ്ഗത്തില്‍
വൈകല്യം ഉണ്ടെങ്കില്‍ അങ്ങിനെ സംഭവിക്കാം.
ചുരുക്കത്തില്‍ അളവുകൂടിയാലും കുറഞ്ഞാലും ജന്മ വൈകല്യം സംശയിക്കണം.
അള്‍ട്രാ സൗണ്ട് പരിശോധന ഇവിടെ ഡോക്ടറുടെ സഹായിത്തിനെത്തുന്നു.