2009, ജൂൺ 3, ബുധനാഴ്‌ച

പേരക്കിടാവിനു കാട്ടിക്കൊടുക്കാന്‍ ഒരു റോള്‍ മോഡല്‍

പേരക്കിടാവിനു കാട്ടിക്കൊടുക്കാന്‍ ഒരു റോള്‍ മോഡല്‍

Son in childhood

with Grandson


ജോലിത്തിരക്കിനാലും സംഘടനാപ്രവര്‍ത്തനം,ആരോഗ്യബോധവല്‍ക്കരണം
എന്നിവയിലെ താല്‍പര്യം എന്നിവയാലും മക്കള്‍ക്കു ശൈശവത്തിലും
കൗമാരത്തിലും വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ സാധിച്ചില്ല.ആ കുറവു
ഒരു പരിധി വരെ വാമഭാഗം ശ്രദ്ധിച്ചതിനാല്‍ മക്കളുടെ കാര്യത്തില്‍
ഇന്നു പശ്ചാത്താപിക്കേണ്ടി വരുന്നില്ല.
മക്കളെ ഡോക്ടറന്മാര്‍ ആകാന്‍ പ്രോല്‍സാഹിപ്പിച്ചില്ല എന്നു പറഞ്ഞുകൂടാ.
ജവഹര്‍ ലാല്‍ നെഹൃവിനെ അനുകരിച്ചെന്നു പറയട്ടെ,
'ഒരു ഡോക്ടര്‍ മകള്‍ച്ചയച്ച കത്തുകള്‍','ഒരു ഡോക്ടര്‍ മകനയച്ച കത്തുകള്‍'
തുടങ്ങി താനെഴുതിയ ലേഖനപരമ്പരകള്‍ തീര്‍ച്ചയായും അവര്‍ വായിച്ചിരിക്കണം.
ആരോഗ്യസേവനം തൊഴിലാക്കാന്‍ അതവരെ പ്രേരിപ്പിച്ചിരിക്കാം.
മെറിറ്റില്‍ തന്നെ പിതാവു പഠിച്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ പഠിച്ചു
തന്നെ അവര്‍ ഡോക്ടറന്മാരായി. ബ്രിട്ടനിലെ റോയല്‍ കോളേജില്‍ നിന്നും മെംബര്‍ഷിപ്
നേടിയ രണ്ടുമക്കളും തന്നെക്കാള്‍ വലിയ ഡോക്ടറന്മാരായിക്കഴിഞ്ഞു.

സ്കൂള്‍-കോളേജു പഠനകാലങ്ങളില്‍ മാതൃകാപുരുഷന്മാര്‍ ഉണ്ടായിരുന്നില്ല.
വാഴൂര്‍ കുതിരവട്ടം സ്കൂളിലെ കവിയൂര്‍ ശിവരാമപിള്ള ,കോട്ടയം സി.എം. എസ്സ്.
കോളേജിലെ അമ്പലപ്പുഴ രാമവര്‍മ്മ എന്നിവര്‍ ഏറെ ഇഷ്ടപ്പെട്ട അധ്യാപകര്‍ ആയിരുന്നു.
അവരെപ്പോലെ മലയാള അദ്ധ്യാപകര്‍ ആകണം എന്നു ചിന്തിച്ചിരുന്നു എന്നു തോന്നുന്നു.
മലയാളഭാഷയോടുള്ള താല്‍പര്യം അവരാണ് ജനിപ്പിച്ചത്.തൊഴില്‍ രംഗത്ത് അതു ഗുണം
ചെയ്തോ ദോഷം ചെയ്തോ എന്നു സംശയം.
മലയാളത്തിനോട് അത്ര താല്‍പര്യം കാട്ടതിരിക്കയും ഇംഗ്ലീഷില്‍കൂടുതല്‍ ശ്രദ്ധിക്കയും ചെയ്തിരുന്നുവെങ്കില്‍ വിദേശരാജ്യങ്ങളില്‍ ഉന്നതപദവിയിലെത്തിയ
ചില സഹപാഠികള്‍ക്കൊപ്പമോ അവരേക്കാള്‍ ഔന്ന്യത്തത്തിലോ എത്തിയേനേ.ഏതായാലും
അതിലും താഴെയാകനിടവരില്ലായിരുന്നു. പുതുതായി തുടങ്ങിയ കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു വൈദ്യശാസ്ത്രപഠനം എന്നതിനാല്‍ മാതൃകയാക്കാന്‍ പറ്റിയ മുതിര്‍ന്ന ഡോക്ടര്‍മാര്‍ചുരുക്കമായിരുന്നു.ഉന്നതപഠനത്തിനായി ഇംഗ്ലണ്ടില്‍ പോയിരുന്നുവെങ്കില്‍ താന്‍ തീര്‍ച്ചയായുംറോള്‍ മോഡല്‍ ആക്കുക യൂക്കെയില്‍ നാഷണല്‍ ഹെല്‍ത്തു സര്‍വ്വീസ് തുടങ്ങിയ
അന്യൂറുന്‍ ബീവാന്‍ എന്ന രാഷ്ട്രീയക്കാരനെ ആയിരുന്നേനെ.വെയില്‍സ്തലസ്ഥനമായ
കാര്‍ഡിഫ് സന്ദര്‍ശിച്ചതു പോലും അദ്ദേഹത്തി പ്രതിമയോടൊപ്പം നിന്നൊരു ഫോട്ടോ

എടുക്കാനായിരുന്നുവല്ലോ.


കൊച്ചുമക്കള്‍ ജനിച്ചു മുത്തഛനായപ്പോള്‍ ജോലിഭാരം കുറഞ്ഞു.കുറച്ചു.ധാരാളം സമയം.
ജീവിതാനുഭവങ്ങള്‍ ഏറെ. ഇംഗ്ലീഷിനു പ്രാധാന്യം കൊടുക്കേണ്ടതി ആവശ്യകത
തികച്ചും ബോധ്യമായി. കൊച്ചുമക്കളുടെ കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ ഏറെ സമയം .
പക്ഷേ പേരക്കിടങ്ങള്‍ രണ്ടും 5200 മൈല്‍ അകലെ യൂക്കെയില്‍.കൊച്ചുമകള്‍ അഞ്ചുവര്‍ഷം
കൂടെയുണ്ടായിരുന്നു.കൊച്ചുമകനാകട്ടെ ഏതാനും ആഴ്ചകളും.9,7 വയസ്സുകാരായ
കൊച്ചുമക്കള്‍ രണ്ടുപേരും ഇന്ന്‍ യൂക്കെയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍. മിക്കദിവസങ്ങളിലും
സ്കൈഫു വഴി നേരില്‍കാണും സംസാരിക്കും.സംവദിക്കും.


മക്കള്‍ക്കു റോള്‍ മോഡലുകളെ കാട്ടിക്കൊടുത്തിരുന്നില്ല.തന്നെ കണ്ടു പഠിക്കൂ എന്നൊരഹന്ത
ആയിരുന്നുവോ ആവോ ?അതോ അക്കാര്യം ശ്രദ്ധയില്‍ പെടാതെ പോയോ?
ഓര്‍ക്കുന്നില്ല. അറിവും പക്വതയും വന്ന കാലത്തു പേരക്കിടാങ്ങള്‍ക്ക്
റോള്‍ മോഡലുകളെ കാട്ടിക്കൊടുക്കുകു മുത്തഛന്‍റെ കടമയെന്നു കരുതുന്നു.
ഡോ.ബാബു പോള്‍ എഞ്ചിനീയറിംഗ് പഠനത്തിനു പോകുന്ന കൊച്ചുമകന്
എഴുതിയ കത്ത് ബ്ലോഗില്‍ കണ്ടപ്പോള്‍ എത്ര നല്ല മുത്തഛന്‍ എന്നു തോന്നി.
വിവരം ഒരു ബ്ലോഗില്‍ ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നു.

1962 ല്‍ മെഡിസിനും എഞ്ചിനീയറിഗിനും ഒന്നിച്ചഡ്മിഷന്‍
കിട്ടുമ്പോള്‍ തിരുവനന്തപുരം എഞ്ചിനീയറിഗ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥി ആയിരുന്നു ഡി.ബാബുപോള്‍.അതിനു മുമ്പു തന്നെ വിദേശയാത്ര നടത്തി കേരളഭൂഷണത്തില്‍ യാത്രാവിവരണം എഴുതിപ്രസിദ്ധനായിരുന്ന ബാബു പോള്‍.എഞ്ചിനീയറിംഗ് പ്രൊഫഷനിലേക്കു സ്വാഗതം ചെയ്തുകൊണ്ടുംയൂണിയന്‍ ചെയര്‍മാന്‍ സ്ഥാനര്‍ത്ഥിയായ തനിക്കു വോട്ടുചെയ്യണം
എന്നഭ്യര്‍ത്ഥിച്ചും ഫൈനല്‍ വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന അദ്ദേഹം
തനിക്കയച്ച കത്ത് ഏറെ നാള്‍ സൂക്ഷിച്ചു വച്ചിരുന്നു.അദ്ദേഹത്തിന്‍റെ
അഭ്യര്‍ത്ഥനകള്‍ രണ്ടും തള്ളേണ്ടി വന്നു.അദ്ദേഹത്തെ റോള്‍ മോഡലാക്കാന്‍ കൊച്ചു മകനെ ഉപദേശിച്ചാലോ?പക്ഷേ,എന്തോ ഒരു പോരായ്മ്മ.

കെ.ആര്‍.നാരായണന്‍.ഏ.പി.ജെ അബ്ദുള്‍കലാം തുടങ്ങിയ വന്ദ്യവയോധികരെ ചൂണ്ടിക്കാട്ടിയാല്‍
ഈ പ്രായത്തില്‍ കുട്ടികള്‍ സ്വീകരിക്കുമോ? അയ്യേ,അപ്പൂപ്പന്മാര്‍ എന്നു പറയുകില്ലേ?
രാജീവ് ഗാന്ധി ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തെ ചൂണ്ട്ക്കാട്ടാമായിരുന്നു. രാഹുല്‍
അതിമാത്രം വളര്‍ന്നു എന്നു പറയാറായിട്ടില്ല താനും.
ലോകാന്തരവലയം ആവിഷ്കരിച്ച ടീം ബര്‍ണര്‍ ലീയെ ആയാലോ എന്നാലോചിച്ചിരുന്നു.

അങ്ങിനെ ഇരിക്കവേ ലോകസഭാ തെരഞ്ഞെടുപ്പുവരുന്നു. അപ്പോഴാ​ണ് സന്തോഷം
തോന്നിയത്.കാത്തിരുന്ന മാതൃകാപുരുഷന്‍ അവതരിക്കുന്നു. കുട്ടികള്‍ക്കെല്ലാം
ഇഷ്ടപ്പെടുന്ന,മാതൃകയാക്കാവുന്ന സുമുഖന്‍,സുന്ദരന്‍,പ്രസന്ന വദനന്‍,സംസാരപ്രിയന്‍
,നെറ്റ്സേവി എല്ലാം എല്ലാമായ ശശി തരൂര്‍ എന്ന മലയാളി പ്രതിഭ.ഇന്‍ഡിപെപ്പിലെ അംഗം.ആര്‍ക്കും കൂട്ടുകൂടാം.റ്റ്വിറ്ററിലൂടെ അനുഗമിക്കാം.ചാറ്റ് ചെയ്യാം.
തിരുവനന്തപുരം കാരുടെ പുതിയ എം.പി.ഇന്ത്യാക്കരുടെ വിദേശകാര്യ സഹമന്ത്രി.

ഗാന്ധിയോ നെഹൃവോ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമ്പോള്‍ വിദേശവിദ്യാഭ്യാസം
കിട്ടിയിരൂന്നുവെങ്കിലും ആഗോള പൗരന്മാരായിരുന്നില്ല.
കൃഷ്ണമേനോനും കെ.ആര്‍.നാരായണനും മാത്രം അവകാശപ്പെടാവുന്ന യോഗ്യതയാണത്.
ഇപ്പോള്‍ ശശിതരൂരുരിനും.ഇന്ത്യയില്‍ മടങ്ങി എത്തിയ ശേഷമാണ് നെഹൃ എഴുതിത്തുടങ്ങിയത്.
തരൂരാകട്ടെ,രാഷ്ട്രീയത്തില്‍ കയറും മുമ്പേ ആഗോള പ്രസിദ്ധനായ എഴുത്തുകാരനും കോളമിസ്റ്റും
ബ്ലോഗറും ആയിക്കഴിഞ്ഞിരുന്നു. ഇരുപത്തിരണ്ടാം വയസ്സില്‍ പി.എച്ച്.ഡി നേടിയ അതി സമര്‍ത്ഥന്‍.

ലണ്ടന്‍ സന്ദര്‍ശനവേളയില്‍ കൊച്ചുമക്കളെ നെഹൃ പഠിച്ചിരുന്ന ഹാരോ പബ്ലിക് സ്കൂളും
ഗാന്ധിജി പഠിച്ചിരുന്ന കിംഗ്സ് കോളേജും നെഹൃവും കെ.ആര്‍.നാരായണനു പഠിച്ചിരുന്ന
ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സും പഠനം നടത്തിയ എഡിന്‍ബറോ യൂണിവേര്‍സിറ്റിയും
രാജീവും സോണിയായും വഞ്ചി തുഴഞ്ഞിരുന്ന കേംബ്രിഡ്ജിലെ കാം നദിയും സര്‍ ഐസക് ന്യൂടന്റെ
തലയില്‍ ആപ്പിള്‍ വീഴ്ത്തിയ ആപ്പ്ഈല്‍ മരം നിന്ന സ്ഥലവും ജെ.കെ.റോളിഗ് മുലകുടി മാറാത്ത
കുഞ്ഞുമായി ഇരുന്നെഴുതിത്തുടങ്ങിയ കോഫിഹൗസ് ടേബിളും
കൃഷ്ണ മേനോന്‍ പ്രസംഗിച്ചു പഠിച്ച സ്പീക്കേര്‍സ് കോര്‍ണറും ഷേക്സ്പീയര്‍ വസതിയും
വേര്‍ഡ്സ്വര്‍ത്ത് വസതിയും സ്കോട്ട് സ്മാരകവും
ഒക്കെ കാണിച്ചു കൊടുക്കാന്‍ കഴിഞ്ഞതു വലിയൊരു ഭാഗ്യം തന്നെ.

അവരുടെ മാതാപിതാക്കള്‍ക്ക് അതിനുള്ള സമയവും സാവകാശവും
കിട്ടിയിരുന്നില്ല . അവര്‍ക്കു മക്കള്‍ ഡോക്ടറന്മാര്‍ ആവണം എന്നു കണ്ടേക്കാം
മുത്തഛനായ തനിക്കങ്ങനെ ഒരാഗ്രഹം ഇല്ല. എന്നാല്‍ ഇതുവരെ അവര്‍ക്കു ഒരു
റോള്‍ മോഡലിനെ കാട്ടിക്കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇപ്പോള്‍ ആ ദുഖവും ഇല്ലാതായി.മിടുക്കരായ കുട്ടികളുടെ മാതാപിതാക്കല്‍ എല്ലാം
വോട്ടു ചെയ്കവഴി വന്‍ഭൂരിപക്ഷം നേടിയ തരൂര്‍ തീര്‍ച്ചയായും അവര്‍ക്കൊരു
മാതൃകാപുരുഷന്‍ തന്നെ. എത്രയോ വര്‍ഷത്തിനു ശേഷമാണ് മലയാളിയായ
ഒരു മാതൃകാപുരുഷനെ നമുക്കു കിട്ടുന്നത്.
 
Posted by Picasa
(റഡ്കാര്‍ ബീച്ചില്‍ മണല്‍ക്കൊട്ടാരം കെട്ടുന്ന പേരക്കിടാവിനോടൊപ്പം 2008 ജൂണ്‍

നന്ദി ശ്രീ തരൂര്‍.
ആഗോള മലയാളിയായ അങ്ങേയ്ക്കു നമോവാകം.ഇനിയും ഉയരങ്ങിളിലെത്തി
ഞങ്ങളുടെ പേരക്കിടാങ്ങളുടെ ആദരവു നേടുക.അമ്മ മലയാളത്തിനഭിമാനമാവുക.

അഭിപ്രായങ്ങളൊന്നുമില്ല: