2009, ഡിസംബർ 1, ചൊവ്വാഴ്ച

കാനം പലതരമുലകില്‍

കാനം പലതരമുലകില്‍
ഇരുട്ടു കാനം,കുരുട്ടുകാനം,മമ്മട്ടിക്കാനം,തേക്കാനം,
കുട്ടിക്കാനം,കാനത്തൂര്‍ എന്നിങ്ങനെ നിരവധി കാനം
ദേശങ്ങള്‍ കേരളത്തിലുണ്ട്.തമിഴ്നാട്ടില്‍ തൂത്തുക്കുടിയില്‍
കാനം എന്നൊരു വില്ലേജുണ്ട്,അരുണാചല്‍ പ്രദേശിലും
ഉണ്ടൊരു കാനം.നൈജീരിയയില്‍ കാനം എന്നൊരു പീഠഭൂമിയുണ്ട്.
ഇതേ പേരില്‍ ഒരു ദ്വീപുമുണ്ട്. കാനം എന്ന പേരില്‍ ഒരു
ജര്‍മ്മന്‍ കമ്പനിയുമുണ്ട്.

പഴയ മലയാളത്തില്‍ കാനം എന്നാല്‍ പുഴ എന്നായിരുന്നു അര്‍ത്ഥം
എന്നും പില്‍ക്കാലത്ത് പുഴയോടു ചേര്‍ന്ന പുഴക്കര അഥവാ പുഴ
വറ്റിയുണ്ടായ പ്രദേശം കാനം ആയി പരിണമിച്ചു എന്നും മാതൃഭൂമി
ദിനപ്പത്രത്തിലെ പദകൗതുകം പംക്തിയില്‍ 2004 ഡിസംബര്‍ 26 ന്
ടി.കെ.കെ. പൊതുവാള്‍ എഴുതി,ബി.സി.ഒന്നാം ശതകം മുതല്‍
ഏ.ഡി മൂന്നാം ശതകം വരെ എന്നു കരുതപ്പെടുന്ന തമിഴ് സംഘകാലത്ത്
പെരും കാനം എന്നു വിളിക്കപ്പെട്ടിരുന്ന പെരും പുഴയുടെ പ്രധാന
ശാഖ ഒഴുകിയിരുന്ന സ്ഥലമാണ് പയ്യന്നൂര്‍ റയില്‍വേ സ്റ്റേഷനു സമീപമുള്ള
മലബാറിലെ കാനം എന്നു പയ്യന്നൂര്‍ സ്വദേശിയായ പൊതുവാള്‍.

പഴയ തെക്കു കൂറില്‍ പെട്ടിരുന്ന കോട്ടയം ജില്ലയിലെ കാനത്തിന് പുഴയുമായുള്ള
വിദൂരബന്ധം കേരളത്തിലെ ഏറ്റവും നീളം കൂടിയ ശുദ്ധജലത്തോടായ
പന്നഗം തോട്(ജോസഫ് മറ്റം ഈ പേരില്‍ കുശവന്മാരുടെ ജീവിതം വിഷയമാക്കി
ഒരു നോവല്‍ രചിച്ചിട്ടുണ്ട്.തകഴിയുടെ ചെമ്മീനു തുല്യം എന്നായിരുന്നു പരസ്യം)
ഈ കരയില്‍ നിന്നു തുടങ്ങുന്നു എന്നതു മാത്രം.പുരാതന കാനത്തില്‍ ഇത്
വലിയൊരു പുഴ ആയിരുന്നുവോ? ഗവേഷണം അര്‍ഹിക്കുന്ന വിഷയം.
പള്ളിക്കത്തോട്,അയര്‍ക്കുന്നം പഞ്ചായത്തുകളിലൂടെ ഒഴുകി ഈ തോട്
ഗൗണാര്‍ എന്ന കവണാറില്‍(പില്‍ക്കാലത്തെ മീനച്ചിലാര്‍) പതിക്കുന്നു.
"പാത്തിരുന്നാല്‍ പന്നഗം കടക്കാം" എന്നു പഴമക്കാര്‍. മഴക്കാലത്ത് വെള്ളം
പെട്ടെന്നു കയറുകയും അതു പോലെ തന്നെ പെട്ടെന്നു കുറയുകയും ചെയ്യുന്നതിനാല്‍
ഈ പഴമൊഴി.

അഭിപ്രായങ്ങളൊന്നുമില്ല: