2009, ഫെബ്രുവരി 27, വെള്ളിയാഴ്‌ച

ആനന്ദം: ഒരു ചരിത്രപഠനം

പണ്ടേക്കുപണ്ടേ നാം അന്വേഷിച്ചുനടന്നിരുന്നതാണ് ആനന്ദം.
കാട്ടിലും കോവിലിലും കൊട്ടാരത്തിലും കളിസ്ഥലത്തുംഒന്നൊഴിയാതെ
എല്ലാവരും എപ്പോഴും തിരക്കിക്കൊണ്ടിരിക്കുന്നതും അതുതന്നെ.
ഇയ്യിടെയായി പാശ്ചാത്യചിന്തകര്‍ ആനന്ദത്തിന്റെ സ്വഭാവത്തെപ്പറ്റി
മാത്രമല്ല, അതിന്റെ ചരിത്രത്തെപ്പറ്റിയും പഠനം തുടങ്ങിയിരിക്കുന്നു.

റിച്ചര്‍ഡ് ലയാര്‍ഡ് എന്നൊരു ധനശാസ്ത്രപ്രൊഫസറാണെന്നു തോന്നുന്നു
ആദ്യമായി ഒരു ആനന്ദപഠനം ഒരുക്കിയത്. ധനം കൂടുതല്‍ കിട്ടുന്നതുകൊണ്ട്
ആനന്ദം കൂടുകയില്ലെന്നു സമര്‍ഥിക്കാന്‍അദ്ദേഹത്തിന് ഒരു പുസ്തകം തന്നെ
വേണ്ടിവന്നു. അത്യാവശ്യമെല്ലാം നടക്കുമെന്നുവന്നാല്‍, പിന്നീടു കൈവരുന്ന
പണംകൊണ്ട് പഴയ അനുപാതത്തില്‍ ആനന്ദം ഉണ്ടാകുന്നില്ല എന്ന് ലയാര്‍ഡ്
തികഞ്ഞ ബുദ്ധിവ്യായാമത്തോടെ തെളിയിക്കുന്നു. ആ ജനുസ്സില്പെട്ട പുസ്തകങ്ങള്‍
വേറെയും കുറെ വന്നിട്ടുണ്ട്. ഇപ്പോഴിതാ സര്‍ കീത് തോമസ് എന്ന ഒരു ചരിത്രകാരന്‍
ആധുനിക ഇംഗ്ലണ്ടിന്റെ ആദ്യകാലത്ത് ആനന്ദസങ്കല്പം എന്തായിരുന്നു എന്നതിനെപ്പറ്റി
ഒരു പുസ്തകവുമായി എത്തിയിരിക്കുന്നു.

സുവിശേഷത്തില്‍ പരിശുദ്ധ പൌലോസ് പറയുന്നത് ധര്‍മം ആണ് ആനന്ദം എന്നത്രേ.
സ്നേഹം ആണ് ആനന്ദം എന്ന് വേറെ ചിലര്‍. സ്നേഹമാണഖിലസാരമൂഴിയില്‍ എന്ന് പറഞ്ഞ
ആശാനും അവരില്‍ പെടും. അദ്ദേഹത്തിനുമുമ്പ് നാരായണഗുരു പാടിയിരുന്നു,
അവനവനാത്മഗുണത്തിനാചരിക്കു-
ന്നവയപരന്നുഗുണത്തിനായ് വരേണം.

ആനന്ദം അങ്ങനെ അന്വേഷിച്ചുപോയപ്പോള്‍, ചിലപ്പോള്‍ മാത്രം
നര്‍മ്മം ചേര്‍ത്തെഴുതുന്ന വൈലോപ്പിള്ളിയുടെ ഈ ശ്ലോകം കണ്ടെത്തി:

ഹാ കഷ്ടം! നരജീവിതം ദുരിതമീ ശോകം മറക്കാന്‍ സുഖോ-
ദ്രേകം ചീട്ടുകളീക്കയാം ചിലര്‍, ചിലര്‍ക്കാകണ്ഠപാനം പ്രിയം,
മൂകം മൂക്കിനുനേര്‍ക്കു കാണ്മു ചിലരിന്നേകം ശിവം സുന്ദരം,
ശ്ലോകം ചൊല്ലിയിരിപ്പു ഞങ്ങള്‍ ചിലരീ ലോകം വിഭിന്നോത്സവം.

7 അഭിപ്രായങ്ങൾ:

ജയതി പറഞ്ഞു...

ശരിയാണ്. ഒരാൾക്ക് ആനന്ദം ഉളവാക്കുന്ന വസ്തുവോ സംഭവമോ മറ്റൊരാൾക്ക് സന്തോഷം ഉണ്ടാക്കണമെന്നില്ല , മാത്രമല്ല ചിലപ്പോൾ അരോചകവും ആയിതോന്നാം. എങ്കിലും കുഞ്ഞുങ്ങളുടെ ചിരിയിൽ സന്തോഷിക്കാത്തവർ-ആനന്ദം കാണാത്തവർ വളരെ വളരെ ചുരുക്കമായിരിക്കില്ലേ?

പാര്‍ത്ഥന്‍ പറഞ്ഞു...

ആനന്ദം അനുഭവിക്കാൻ അതിരുവിട്ട് ഓടുന്നതാണ് എല്ലാ അസ്വസ്ഥതകൾക്കും കാരണം. നിത്യകർമ്മത്തിൽ ആനന്ദവും നിർബ്ബന്ധമാണ്.
അന്വേഷണം തുടരുക.

Appu Adyakshari പറഞ്ഞു...

പ്രതിഫലം ആഗ്രഹിക്കാതെയുള്ള കര്‍മ്മം ആണ് ആനന്ദം നല്‍കുന്നതെന്ന് എനിക്കു തോന്നുന്നു.

ചന്ദ്രകാന്തം പറഞ്ഞു...

"സ്നേഹം താന്‍ ശക്തി ജഗത്തില്‍..
സ്വയം സ്നേഹം താനാനന്ദമാര്‍ക്കും.."

എന്നു കൂടി ഈ ചിന്തകളിലേയ്ക്ക്‌ ചേര്‍ത്തുവയ്ക്കട്ടെ.

('അവനവനാത്മസുഖത്തിനാചരിയ്ക്കുന്നവ' എന്നല്ലേ ഗുരുദേവന്റെ വരികള്‍ എന്നൊരു....)

അനുരഞ്ജന പറഞ്ഞു...

ആനന്ദവും ആപേക്ഷികമല്ലേ? ഒരിക്കൽ ആനന്ദം തന്നിരുന്ന കാര്യങ്ങൾ എല്ലാക്കാലത്തും അങ്ങിനെ ആയിരിക്കണമെന്നുണ്ടോ?

പാര്‍ത്ഥന്‍ പറഞ്ഞു...

പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന ഭൌതികസുഖങ്ങൾക്ക് നിലനില്പില്ല. ഒന്നു കിട്ടി കുറെകഴിയുമ്പോൾ മടുക്കും, അപ്പോ‍ൾ വേറൊന്നു ലഭിക്കണം എന്നു തോന്നും അങ്ങിനെ അതിനുവേണ്ടി എല്ലാം ത്യജിക്കേണ്ടിവരും.
ഭഗവദ് ഗീതയിൽ ഇങ്ങനെ പറയുന്നു:

"ധ്യായതേ വിഷയാന്‍ പുംസഃ സംഗസ്‌തേഷുപജായതേ
സംഗാത്‌ സംജായതേ കാമഃ കാമാത്‌ ക്രോധോ // ഭിജായതേ.
ക്രോധാദ്ഭവതി സമ്മോഹഃ സമ്മോഹാത്‌ സ്‌മൃതി വിഭ്രമഃ
സ്‌മൃതിഭ്രംശാത്‌ ബുദ്ധിനാശോ ബുദ്ധിനാശാത്‌ പ്രണശ്യതി."

[ദൈവത്തേയോ ആത്മാവിനെയോ ധ്യാനിക്കുന്നതിനു പകരം - ഇന്ദ്രിയ സുഖം നല്‍കുന്ന വിഷയങ്ങളെ എപ്പോഴും ധ്യാനിച്ചിരിക്കുന്നവന്‌ അവയില്‍ ആസക്തി ഉണ്ടാകുന്നു. ആസക്തിയില്‍ നിന്ന് വിഷയാനുഭവത്തിനുള്ള ആഗ്രഹം (കാമം) ഉണ്ടാകുന്നു. ആഗ്രഹം ലഭിക്കുന്നതിനു പ്രതിബന്ധം വരുമ്പോള്‍ ക്രോധം ഉണ്ടാകുന്നു. (കാമപൂരണം ഉണ്ടായിക്കഴിഞ്ഞാലും ക്ഷോപം ഉണ്ടാകാന്‍ ഇടയുണ്ട്‌. കാമപൂരണത്തിനായി ഒരാള്‍ക്ക്‌ അയാളുടെ സമയം, ധനം, ആയാസം, യശസ്സ്‌ എന്നിങ്ങനെ പലതിനെയും നശിപ്പിക്കേണ്ടിവരും.) ക്രോധം കൊണ്ട്‌ വിവേകം നശിക്കുന്നു. അവിവേകത്തില്‍ നിന്ന്‌ ഓര്‍മ്മക്കുറവും ഓര്‍മ്മക്കുറവില്‍ നിന്ന് ബുദ്ധിനാശവും ഒടുവില്‍ ആ മനുഷ്യന്റെ നാശവും വന്നു ഭവിക്കുന്നു.]

ആത്മജ്ഞാനത്തിലൂടെ ലഭിക്കുന്ന ആനന്ദം നിത്യമാണ് എന്ന് അറിയാവുന്ന നചികേതസ് യമധർമ്മനിൽ നിന്ന് ആ വരം മാത്രമാണ് ആവശ്യപ്പെടുന്നത്. സമയമുള്ളവർക്ക് ഇവിടെ പോയാൽ (മരണശേഷം 1 മുതൽ 9 വരെ) വിശദമായി വായിക്കാം.

പാര്‍ത്ഥന്‍ പറഞ്ഞു...

സ്വാർത്ഥമായ വിഷയാരാധനയിൽ നിന്നു ലഭിക്കുന്ന ആനന്ദം നാശമുള്ളതാണെന്ന് അറിയുക. ‘വിഷയാരാധന‘ ഇവിടെ വിശദമാക്കാൻ ഒന്നു ശ്രമിച്ചുനോക്കിയതാണ്.