2009, ഫെബ്രുവരി 13, വെള്ളിയാഴ്‌ച

കണ്ണനും കൻഹനും കൃഷ്ണനും

കണ്ണൻ [മലയാളം] കൻഹ [പ്രാകൃതം] കൃഷ്ണ [ സംസ്കൃതം] അതോ കൃഷ്ണ , കൻഹ, കണ്ണൻ - ഈ പരിണാമ പ്രക്രിയയിൽ എതാണ് ശരി എന്നത് വേണമെങ്കിൽ ഒരു ബുദ്ധി വിനോദമായി കണക്കാക്കാമെങ്കിലും ഇവിടെ തികച്ചും അപ്രസക്തമാണ്. നമുക്ക് കേരളീയർക്ക് ‘കണ്ണൻ തന്നെ യാണ് പ്രധാനം. ‘കണ്ണ്’ നാമരൂപവും ‘കാണുക‘ എന്ന ക്രിയാപദവും മലയാളത്തിനും തമിഴിനും സ്വന്തമാണ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷകളിൽ ഇതേ അർത്ഥമുള്ള,ശബ്ദ സാമ്യമുള്ള പദങ്ങൾ ഉണ്ട് എന്നത് യാദൃശ്ചികമല്ല. ഉദാഹരണത്തിന് ലാറ്റിൻ പദമായ ഗ്നാരസ്സ് [gnarus] ഗ്രീക്കുപദമയ ഗ്നോ-നൈ [gno-nai] സംസ്കൃത പദമായ ജ്നാന [gnana] ഇംഗ്ലീഷ് പദമായ കെൻ [ken meaning to know, to perceive ] ഗോഥിക്ക് [old English] ഭാഷയിൽ cunnan മോഡേൺ ഇംഗ്ലീഷിൽ know ഇവ ശ്രദ്ധിക്കുക. കണ്ണുകൾ വെറുതെ കാണാൻ മാത്രമല്ല ജ്ഞാനം നേടാനുള്ള ഏറ്റവും ശക്തമായ ഉപകരണമായി വേണം കരുതാൻ. എല്ലാം കാണുന്ന, അറിയുന്ന കണ്ണൻ ജ്ഞാനത്തിന്റെ പര്യായമാണ്, ആത്മീയ തേജസ്സ് ആണ്.പ്രപഞ്ചപൌരത്വമുള്ള കണ്ണനെ കണ്ണൻ എന്നല്ലാതെ മറ്റെന്തു പേരു പറഞ്ഞാണ് വിളിക്കുക?. “ഞങ്ങടെ മാർക്സിനേക്കാൾ വലിയവനാണോ ഈ കണ്ണൻ?” നമ്മുടെ കേരളത്തിൽ ഈ ചോദ്യം പ്രതീക്ഷിക്കാവുന്നത് തന്നെ. ഉത്തരം ഒന്നേയുള്ളു: “ശരീരം നശ്വരമാണ് , ആത്മാവ് അനശ്വരവും”

15 അഭിപ്രായങ്ങൾ:

അപ്പു പറഞ്ഞു...

കണ്ണന്‍ എന്ന വാക്കിന്റെ ഉത്ഭവത്തെപ്പറ്റിയും അതുമായ ബന്ധമുള്ള മറ്റു ലോകഭാഷകളിലെ വാക്കുകളെപ്പറ്റിയും ലളിതമായി വിശദീകരിച്ച ഈ പോസ്റ്റ് പുതുമയുള്ളതുതന്നെ..

ഓ.ടോ. ഏറ്റവും അവസാനത്തെ പരാമര്‍ശം (മാര്‍ക്സ്) ഒഴിവാക്കാമായിരുന്നു എന്നു തോന്നുന്നു ... എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായങ്ങളില്‍ വിശ്വസിക്കാമല്ലോ.

കെ.പി.സുകുമാരന്‍ പറഞ്ഞു...

അഭിപ്രായങ്ങളിലുള്ള വൈരുധ്യം തന്നെയാണ് ജീവിതത്തിന്റെ സൌന്ദര്യം. എല്ല്ലാവരും ഒരേ അഭിപ്രായക്കാരായിരുന്നെങ്കില്‍ ജീവിതം വിരസമായേനേ. അപരന്റെ അഭിപ്രായങ്ങളോട് സഹിഷ്ണുതയും തന്റെ അഭിപ്രായം കേവല ശരിയല്ലാതിരിക്കാം എന്ന സംശയവും നല്ലതാണ്. അപ്പു പറഞ്ഞതിന് ഇത്രയും പറഞ്ഞതാണ്.

മാഷിന് ആദരങ്ങളോടെ,

B.R.P.Bhaskar പറഞ്ഞു...

കണ്ണന്‍ കൃഷ്ണനായതുപോലെ പല മലയാള പദങ്ങളും സംസ്കൃതവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. സംസ്കൃതപദങ്ങള്‍ സാമാന്യജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുനതില്‍ മലയാളപത്രങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് ചാനലുകള്‍, ഇംഗ്ലീഷിന്റെ ഉപയോഗം കൂട്ടിക്കൊണ്ടിരിക്കുകയാണ്. കാലാകാലങ്ങളിലുണ്ടായ മാറ്റങ്ങളുടെ ഫലമായാണ് മലയാളം രൂപപ്പെട്ടത്. ഇനി മലയാളത്തിന്റെ സ്ഥാനത്ത് മറ്റെന്തെങ്കിലും വന്നെന്നിരിക്കും. മാറ്റം അനിവാര്യമാണ്. ഏത് തരത്തിലുള്ള മാറ്റമാണ് നടക്കുന്നതെന്ന് മനസ്സിലാക്കി നല്ലതിനെ കൊള്ളാനും അല്ലാത്തതിനെ തള്ളാനും നാം ബോധപൂര്‍വം ശ്രമിക്കണം,

ജയതി-jayathy പറഞ്ഞു...

അപ്പൂ
ആരുടെയും വിശ്വാസങ്ങളെ ചോദ്യം ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ല.രണ്ട് വ്യതസ്ത സമീപനങ്ങളെ [ഭൌതീകവും ആത്മീയവും) ചൂണ്ടിക്കാണീക്കണമെന്നേ വിചാരിച്ചുള്ളു

അഭിപ്രയം എഴുതിയ അപ്പുവിനും,സുകുമാരനും,ബി.ആർ.പി.ഭാസ്കറിനും
നന്ദി

പാര്‍ത്ഥന്‍ പറഞ്ഞു...

വയസിനേക്കാളുപരി മനസ്സുകൊണ്ട് ചെറുപ്പം സൂക്ഷിക്കുന്ന ഈ കൂട്ടായ്മക്ക് ഭാവുകങ്ങൾ!!!!!!!

സി. കെ. ബാബു പറഞ്ഞു...

തനിമലയാളം അഗ്രിഗേറ്ററില്‍ കണ്ടപ്പോള്‍ ഇതേ പോസ്റ്റിനു് ഞാന്‍ ഒരു കമന്റിട്ടിരുന്നു. അതു് ഇവിടെ കാണുന്നില്ലാത്തതുകൊണ്ടു് ഇങ്ങോട്ടേക്കും “കോപ്പി - പേസ്റ്റ്” ചെയ്യുന്നു.

ശരീരം നശ്വരമാണു്, ആത്മാവു് അനശ്വരവും.”

മനുഷ്യബുദ്ധിയുടെ വളര്‍ച്ചവഴി ഭാഷ ആദ്യം അതിന്റെ പ്രിമിറ്റീവ് ഫോമില്‍ രൂപമെടുക്കുകയായിരുന്നു എന്നതല്ലേ കൂടുതല്‍ ശരി? പിന്നീടു് അതു് വിവിധ ഭാഷകളായി വളര്‍ന്നു. ഉദാഹരണത്തിനു്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ‌ഇന്നു് നമ്മള്‍ ഉപയോഗിക്കുന്ന പദങ്ങള്‍ പലതും പുതിയവയും ഏതാനും ദശാബ്ദങ്ങളില്‍ കൂടുതല്‍ പഴക്കം ഇല്ലാത്തവയുമല്ലേ? അതുതന്നെയല്ലേ ആത്മാവിന്റെയും സ്ഥിതി? ശിലായുഗമനുഷ്യര്‍ക്കു് ആത്മാവിനെപ്പറ്റി ഇന്നത്തെ രീതിയില്‍ ചിന്തിക്കുവാന്‍ കഴിയുമായിരുന്നില്ല എന്നതില്‍ സംശയം വേണോ?

ഭൌതികമായതൊന്നും നശിക്കുന്നില്ല എന്നതു് ശരി. ജീവജാലങ്ങള്‍ അവയുടെ അന്ത്യത്തില്‍ ഘടകങ്ങളായി, മൂലകങ്ങളായി, അന്തിമമായ അര്‍ത്ഥത്തില്‍ ഊര്‍ജ്ജമായി മാറിയാലും അവ എന്നേക്കുമായി നശിക്കുന്നില്ല. ഈ അര്‍ത്ഥത്തില്‍, മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും സസ്യങ്ങളും കല്ലും പാറയും ഒന്നും അന്തിമമായ അര്‍ത്ഥത്തില്‍ നശിക്കുന്നില്ല. പക്ഷേ, മനുഷ്യനോ, മറ്റേതെങ്കിലും ഒരു ജീവിക്കോ, വസ്തുവിനോ ആത്മാവു് സങ്കല്പിക്കുകയും അതു് ആത്യന്തികമായി മറ്റേതെങ്കിലും ഒന്നില്‍ ലയിക്കേണ്ടതാണെന്നു് ഏകപക്ഷീയമായി തീരുമാനിക്കുകയും ചെയ്യുന്നതോടെയാണു്‌ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നതു്. ആ “ഒന്നിനു്” ഒരു പേരു് വേണ്ടിവരുന്നു, ഒരു പേരു് നല്‍കപ്പെടുന്നു - ദൈവം, ഈശ്വരന്‍, യഹോവ, അള്ളാ, പരമാത്മാവു്, ഏകന്‍, ത്രിത്വന്‍, ബഹുമുഖന്‍, രൂപി, അരൂപി, സ്നേഹം, ശക്തി, സര്‍വ്വവ്യാപി, സര്‍വ്വശക്തന്‍, സര്‍വ്വജ്ഞാനി... മുതലായി ആ “ഒന്നിനു്” നല്‍കപ്പെടുന്ന എത്രയോ നാമങ്ങള്‍! നാമങ്ങളും വിശേഷണങ്ങളുമായ ഈ വാക്കുകളെല്ലാം മനുഷ്യനിര്‍മ്മിതമല്ലേ? ഏതായാലും അങ്ങനെ ജീവിതത്തിനു് ഒരു “ലക്ഷ്യം” ഉണ്ടാവുന്നു, അഥവാ മനുഷ്യരാല്‍ ഉണ്ടാക്കപ്പെടുന്നു - ആ ലക്ഷ്യം നേടാന്‍ മനുഷ്യന്‍ ബാദ്ധ്യസ്ഥനാക്കപ്പെടുന്നു! അതിനായി ചില കടമകള്‍, ചടങ്ങുകള്‍, പൂജകള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ എല്ലാം നിര്‍വഹിക്കാന്‍ മനുഷ്യന്‍ നിര്‍ബന്ധിതനാ‍ക്കപ്പെടുന്നു. അത്തരം കടമകളുടെ നിര്‍വഹണങ്ങള്‍ക്കായി പ്രത്യേക തൊഴില്‍വിഭാഗങ്ങള്‍ തന്നെ രൂപമെടുക്കുന്നു. ആ “ഒന്നിനെ” ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത ഒരു ശക്തിയായി അതുവഴി ജീവിക്കുന്നവര്‍‍ വളര്‍ത്തിയെടുക്കുന്നു! കാലക്രമേണ അതു് അല്പം വാചകക്കസര്‍ത്തല്ലാതെ കാര്യമായ ഒരു മുതല്‍മുടക്കും ആവശ്യമില്ലാത്ത ഒരു ലാഭക്കച്ചവടമായി തിരിച്ചറിയപ്പെടുന്നു! അതാണു് ഇന്നു് നമ്മള്‍ കാണുന്ന മതങ്ങളും സ്വാമികളും ആസാമികളുമെല്ലാം! എന്തൊക്കെ സംഭവിച്ചാലും ദൈവം എന്ന ആ ഒന്നു് നിഷ്ക്രിയനെങ്കിലും നിര്‍ഗ്ഗുണനെങ്കിലും ഓംനിപൊട്ടന്റ് ആയി മനുഷ്യമനസ്സില്‍ നിലകൊള്ളുന്നു! മനുഷ്യനു് ഭാഗ്യം സംഭവിച്ചാല്‍ അതിനുത്തരവാദി ദൈവം! ദൌര്‍‍ഭാഗ്യം സംഭവിച്ചാല്‍ അതിനുത്തരവാദി മനു‍ഷ്യനും അവന്റെ തെറ്റുകളും! സത്യത്തില്‍ ലജ്ജാവഹം എന്നു് മാത്രം പറയേണ്ടുന്ന അവസ്ഥ!

ഫറവോകള്‍ അവരുടെ ശവശരീരങ്ങള്‍ മമ്മിഫൈ ചെയ്തുവയ്പ്പിച്ചതും ഉടലോടെ സ്വര്‍ഗ്ഗത്തില്‍ എത്താനായിരുന്നു. വേണ്ടത്ര സമ്പത്തും കൂട്ടത്തില്‍ അടക്കം ചെയ്തിരുന്നു! അതുകൊണ്ടു് ഭാവിയില്‍ എന്തെങ്കിലും പ്രയോജനമുണ്ടായതു് കല്ലറമോഷ്ടാക്കള്‍ക്കും പുരാതനചരിത്രം പഠിക്കുന്ന പണ്ഡിതന്മാര്‍ക്കും മാത്രവും! ഫറവോകള്‍ അറിയുന്നുണ്ടോ അവരുടെ ഉടലുകള്‍ ഉണക്കിറച്ചിപോലെ ഇക്കാലമത്രയും പിരമിഡുകളില്‍ കഴിയുകയായിരുന്നു എന്നു്? മരണശേഷം ഉടലോടെ സ്വര്‍ഗ്ഗത്തില്‍ എത്താനായി ഇന്നു് ആരെങ്കിലും തന്റെ ശവശരീരം ഉണക്കി വയ്ക്കാന്‍ ആരെയെങ്കിലും ചുമതലപ്പെടുത്തുമോ? ആത്മാവിന്റെ കാര്യവും അത്രമാത്രമേ ഉള്ളു. “ആത്മാവിന്റെ” അനശ്വരതയും മരണശേഷമുള്ള പരമാത്മാവിലെ ലയനവുമൊക്കെ മനുഷ്യരില്‍ ഒരു ഇളം ചിരി മാത്രം ഉണര്‍ത്തുന്ന ഒരു കാലം തീര്‍ച്ചയായും വരും. ദൈവത്തെ മാറ്റിനിര്‍ത്തി ചിന്തിക്കാന്‍ ധൈര്യപ്പെടുന്ന മനുഷ്യരായിരിക്കും അങ്ങനെയുള്ളവര്‍. അതുപോലുള്ളവര്‍ ഇന്നില്ലെന്നല്ല. അവരുടെ എണ്ണം വളരെ വിരളമാണെന്നു്‌ മാത്രം. ഈ വിഷയത്തില്‍ ചില ചിന്തകള്‍ ഞാന്‍ മനുഷ്യചരിതങ്ങള്‍ എന്ന എന്റെ ബ്ലോഗിലെ ആത്മാവും ജീവിതവും എന്നൊരു പോസ്റ്റില്‍ അല്പം നര്‍മ്മരസം കലര്‍ത്തി എഴുതിയിരുന്നു. താല്പര്യമുണ്ടെങ്കില്‍ വായിക്കാം.

ശാസ്ത്രവും മെറ്റഫിസിക്സും തമ്മിലുള്ള ചര്‍ച്ച ഒരു “ച്യൂയിംഗ് ഗം ചര്‍ച്ച” ആവാറാണു് പതിവു് എന്നറിയാവുന്നതുകൊണ്ടു് ഒരു ചര്‍ച്ചയല്ല ഇതുവഴി ലക്ഷ്യമാക്കുന്നതു്. എന്റെ ചില അഭിപ്രായങ്ങള്‍ പറഞ്ഞു എന്നുമാത്രം! ആശംസകളോടെ,

സി. കെ. ബാബു പറഞ്ഞു...

കമന്റ് “കോപ്പി - പേസ്റ്റ്” ചെയ്താല്‍ ലിങ്കുകള്‍ കൂടെ പോരില്ലാത്രെ! അതിനാല്‍ മുകളില്‍ സൂചിപ്പിച്ച ബ്ലോഗിന്റെയും പോസ്റ്റിന്റെയും ലിങ്കുകള്‍ക്കായി ഒരു കമന്റുകൂടെ!

ബ്ലോഗ്: മനുഷ്യചരിതങ്ങള്‍
പോസ്റ്റ്: ‍ആത്മാവും ജീവിതവും

അപ്പു പറഞ്ഞു...

ബാബുമാഷിന്റെ കമന്റുകളും (ഇവിടെ തന്നിരികുന്ന പോസ്റ്റുകളും) ഒരു വിഷയത്തിലെ വ്യത്യസ്ത കാഴ്ചപ്പാടുകള്‍, അഭിപ്രായങ്ങള്‍ എന്നിവ മനസ്സിലാക്കുന്നതിനും, അതുവഴി സ്വതന്ത്രചിന്തകള്‍ക്കും പ്രേരകമാകുന്നുണ്ടെന്നതില്‍ സംശയമില്ല !!

അങ്കിള്‍ പറഞ്ഞു...

ങ്ങാഹാ, വയോജനക്ലബ്ബില്‍ ആദ്യത്ത് പോസ്റ്റും വന്നു കഴിഞ്ഞോ. അതിന്റെ ക്രഡിറ്റ് ജയതിയും അടിച്ചെടുത്തും. ഈ പിള്ളാരെ പോലെ അപ്പോള്‍ നമുക്കും അടിച്ച് പൊളിക്കാം അല്ലേ.

കെ.പി.സുകുമാരന്‍ പറഞ്ഞു...

ഒരു ചര്‍ച്ചയല്ല ഇതുവഴി ലക്ഷ്യമാക്കുന്നതു്. എന്റെ ചില അഭിപ്രായങ്ങള്‍ പറഞ്ഞു എന്നുമാത്രം എന്ന ബാബുവിന്റെ വാക്കുകള്‍ ആശ്വാസം തരുന്നു. അത്തരം ഒരു ചര്‍ച്ചയ്ക്ക് ഈ പോസ്റ്റോ ബ്ലോഗോ വേദിയാക്കുന്നത് അനൌചിത്യമായിരിക്കും തന്നെ. ബാബുവിന്റെ കമന്റ് വളരെ അര്‍ത്ഥപൂര്‍ണ്ണമായിരുന്നു എന്നത് വേറെ കാര്യം!

ഗ്രാമീണന്‍ പറഞ്ഞു...

ലളിതമെങ്കിലും സമഗ്രമായൊരു പോസ്റ്റ്. ഈ സംരഭം കൂടുതല്‍ വികസിക്കട്ടെ എന്നാഗ്രഹിക്കുന്നു.

keralafarmer പറഞ്ഞു...

വിലപിടിപ്പുള്ളൊരറിവ്.

വികടശിരോമണി പറഞ്ഞു...

ആവട്ടെ.മാർക്സ് മുതൽ കണ്ണൻ വരെയുള്ള ആദിപരമ്പരദൈവങ്ങൾ നമ്മളെ അനുഗ്രഹിക്കട്ടെ:)

Mohan Kumar പറഞ്ഞു...

കൊള്ളാം. അർബിയിൽ കനൻ എന്നൊരു വാക്കുണ്ടു.
ട്രേഡർ എന്നാണു അർത്ധം. വളരെ വിജ്ഞാനപ്രദമയ ഒരു പോ‍സ്റ്റ് ആണു ഇതു.

ജയതി പറഞ്ഞു...

അങ്കിളേ, നമ്മൾ യയാതികൾ . അടിച്ചുപൊളിക്കാൻ എന്തിനു മടിക്കണം. ആരാദ്യം എന്നതല്ലല്ലോ എല്ലവരും ഒരുമിച്ച് എന്നതല്ലേ മുഖ്യം
വായിക്കുകയും അർത്ഥ പൂർണ്ണമായ അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും ചെയ്ത സി.കെ.ബാബുവിനും, സുകുമാരനും, അശംസകൾ നേരുന്ന പാർത്ഥനും, ഗ്രാമീണനും,വികടശിരോമണിക്കും,മോഹൻ കുമാറിനും എല്ലം താങ്ക്സ്