കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വയോജനനിയമം കേരളത്തില്‍ നടപ്പാക്കുന്നില്ല. 2008 സപ്തംബര്‍ 24ന് നിയമം കേരളം അംഗീകരിച്ചെങ്കിലും അതുസംബന്ധിച്ച ചട്ടങ്ങള്‍ ഇനിയും രൂപവത്കരിക്കാത്തതാണ് കാരണം. നിയമാംഗീകാരം നടന്ന് രണ്ടുവര്‍ഷത്തിനുള്ളില്‍ ചട്ടങ്ങള്‍ ഉണ്ടാക്കേണ്ടതാണെന്നാണ് കേന്ദ്രം നിഷ്കര്‍ഷിക്കുന്നത്. എട്ടുമാസം കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച് ഒരു നീക്കവും ഉണ്ടായിട്ടില്ല. നിയമത്തിലെ 23-ാം ഉപവകുപ്പിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടെടുത്തിട്ടില്ല. നിയമം മുന്‍കാലപ്രാബല്യത്തോടെ നടപ്പാക്കുന്നത് സംബന്ധിച്ചുള്ളതാണ് വകുപ്പ്. സംസ്ഥാനസര്‍ക്കാര്‍ 2006 ഡിസംബര്‍ അഞ്ചിന് പ്രഖ്യാപിച്ച വയോജനനയം ആവശ്യമില്ലെന്ന് കേരളംതന്നെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഫലത്തില്‍ രണ്ടു നിയമത്തിന്റെയും ഗുണം സംസ്ഥാനത്തിന് ലഭിക്കാത്ത സാഹചര്യമാണുള്ളത്.
രാജ്യത്തെ വയോജനങ്ങള്‍ക്ക് കോടതികള്‍ കയറിയിറങ്ങേണ്ടിവരുന്ന പ്രധാന കാരണങ്ങളിലൊന്നായ വസ്തുദാനവും സംരക്ഷണാവകാശവും സംബന്ധിച്ച് സുപ്രധാനമായ വ്യവസ്ഥയാണ് സെക്ഷന്‍ 23(1)ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ രാജ്യത്തുള്ള വസ്തുകൈമാറ്റ നിയമത്തില്‍നിന്ന് വ്യത്യസ്തമായി സംരക്ഷണ ഉപാധിയോടെ വയോജനങ്ങള്‍ സ്വത്തുദാനം ചെയ്താല്‍ വസ്തുകൈമാറ്റം ചെയ്തുകിട്ടിയ ആള്‍ക്ക് ഈ സംരക്ഷണം നല്‍കാനുള്ള ബാധ്യതയുണ്ടാവും. വസ്തുകൈമാറ്റം ചെയ്തുകിട്ടിയ ആള് ഈ സംരക്ഷണം നല്കുന്നതില് പരാജയപ്പെട്ടാല്‍ കൈാമാറ്റം സാധുവല്ലെന്ന് പ്രഖ്യാപിക്കാനുള്ള അധികാരം വയോജനങ്ങള്‍ക്ക് ഉണ്ടാവുമെന്ന് നിയമം വ്യക്തമാക്കുന്നു. എന്നാല്‍, ഈ പരിരക്ഷ നിയമം നടപ്പില്‍ വന്നതിനുശേഷമുള്ള കൈമാറ്റങ്ങള്‍ക്കാണ് ബാധകമാക്കിയിട്ടുള്ളത്. ഇത് മുന്‍കാലപ്രാബല്യത്തോടെ ബാധകമാക്കണമെങ്കില്‍ സെക്ഷന്‍ 23ല്‍ ഭേദഗതി വരുത്തണം. ഇക്കാര്യത്തില്‍ കേരളം ഇനിയും വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല.
അതേസമയം കേന്ദ്രനിയമം സംസ്ഥാനത്തിന് അനുയോജ്യമായ രീതിയില്‍ ഭേദഗതി ചെയ്യാമെന്ന് വയോജനനിയമംതന്നെ സെക്ഷന്‍ 29 ലൂടെ വ്യക്തമാക്കുന്നുണ്ട്. പക്ഷേ, കേന്ദ്രം മൂലനിയമത്തില്‍ മുന്‍കാലപ്രാബല്യം വ്യവസ്ഥചെയ്യാതിരിക്കെ കേരളം അതിന് താത്പര്യമെടുക്കേണ്ട എന്ന അഭിപ്രായവും ചില കേന്ദ്രങ്ങള്‍ സര്‍ക്കാറിനെ അറിയിച്ചതായി സൂചനയുണ്ട്. കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങി സംസ്ഥാനത്തിന് സെക്ഷന്‍ 23 ഭേദഗതിചെയ്യാന്‍ കഴിയും. ഇതുപോലെ വസ്തുകൈമാറ്റങ്ങള്‍ ഉപാധിരഹിതമായാലും സംരക്ഷണപരിരക്ഷ ബാധകമാക്കണം എന്നും വയോജനങ്ങള്‍ ആവശ്യപ്പെടുന്നു.
വയോജനങ്ങള്‍ക്ക് ഒട്ടേറെ അവകാശങ്ങളും ആനുകൂല്യവും ഉറപ്പാക്കുന്നതാണ് പുതിയ വയോജന നിയമം. വയോജനങ്ങള്‍ നേരിട്ടോ 1860ലെ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സന്നദ്ധസംഘടനകള്‍ വഴിയോ സെക്ഷന്‍ ഏഴ് പ്രകാരം രൂപവത്കരിക്കപ്പെടുന്ന ട്രൈബ്യൂണലില്‍ പരാതി നല്‍കാം. തീരുമാനമെടുക്കുന്നതില്‍ കാലതാമസം വന്നാല്‍ ഇടക്കാലാശ്വാസം അനുവദിക്കും.
60 വയസ്സ് കഴിഞ്ഞ വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ പിഴസഹിതം തടവുശിക്ഷയ്ക്ക് വിധേയമാക്കാനും 10,000 രൂപവരെ സംരക്ഷണച്ചെലവ് നല്‍കാനും ദാനം ചെയ്ത വസ്തുക്കള്‍ തിരിച്ചുപിടിക്കാനും പുതിയ നിയമം വ്യവസ്ഥചെയ്യുന്നുണ്ട്. നിയമം സംസ്ഥാന സര്‍ക്കാറുകള്‍ അംഗീകരിച്ച് ആറുമാസത്തിനകം ജില്ലകളില്‍ സബ്ഡിവിഷണല്‍ ഓഫീസറുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ വയോജനക്ഷേമ ട്രൈബ്യൂണലായി നിയമിക്കണം. ഇക്കാര്യത്തില്‍ കേരളം ഇതേവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.
ജില്ലാ ആസ്പത്രികളില്‍ പ്രത്യേക ചികിത്സാസൗകര്യങ്ങള്‍ ഉള്‍പ്പെടെ വയോജനങ്ങളുടെ സമഗ്രമായ ക്ഷേമവും സംരക്ഷണവും നിയമം ഉറപ്പുവരുത്തുന്നു.
ജനസംഖ്യാനുപാതികമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ വൃദ്ധജനങ്ങള്‍ 12.5 ലക്ഷം ഉള്ള സംസ്ഥാനമാണ് കേരളം. പുതിയ നിയമം നടപ്പാക്കാന്‍ സംസ്ഥാനം നടപടി കൈക്കൊള്ളാത്തതിനാല്‍ പതിവുപോലെ കുടുംബകോടതികള്‍ കയറിയിറങ്ങുകയാണ് വയോജനങ്ങള്‍.
കടപ്പാട് - മാതൃഭൂമി
മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...
7 മാസം മുമ്പ്
1 അഭിപ്രായം:
ഇത് കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ നിയമമാണ്. എന്നാല്‍ അതിലെ ആക്ട് 32 പ്രകാരം നിയമം നടപ്പാക്കുവാനുള്ള ചട്ടങ്ങള്‍ ഉണ്ടാക്ക്കേണ്ട ചുമതലസംസ്ഥാന സര്ക്കരുകള്ക്കുള്ളതാണ്.
അപ്രകാരം ചട്ടങ്ങള്‍ ഉണ്ടാക്കിയാലെ, ഏതു ആക്ടും നടപ്പിലാക്കാന്‍ കഴിയൂ. നമ്മുടെ സംസ്ഥാന നിയമസഭ പാസ്സാക്കിയ എത്രയോ ആക്ടുകള്‍ ചട്ടങ്ങളുടെ അഭാവത്തില്‍ നടപ്പാക്കാന്‍ കഴിയാതെ കിടക്കുന്നു. ആക്റ്റ് പാസ്സാക്കി കഴിഞ്ഞാല്‍ നമ്മുടെ സാമാജികരുടെ വീര്യം തീരും. അതു നടപ്പിലാക്കി കിട്ടാന്‍ താല്പര്യം കാട്ടാറില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ