2009, ഫെബ്രുവരി 12, വ്യാഴാഴ്‌ച

യയാതിപുരം

അന്‍പത് വയസിന് മുകളിലുള്ള മലയാളം ബ്ലോഗേഴ്സിനായി ഒരു ചങ്ങാതിക്കൂട്ടം - അതാണ് ‘യയാതിപുരം. ’ മലയാളത്തില്‍ ദിനംപ്രതി വര്‍ദ്ധിക്കുന്ന ബ്ലോഗുകളുടെ എണ്ണവും അതിനോടൊപ്പം ഈ രംഗത്തേക്കു വരുന്ന മുതിര്‍ന്നവരായ ബ്ലോഗരമാരേയും നാം കാണുന്നുണ്ട് - പ്രായം കൊണ്ട് മുതിര്‍ന്നവരെങ്കിലും, മനസ്സില്‍ ഇന്നും യൌവനം സൂക്ഷിക്കുന്നവര്‍. പല നവാഗത വയോജകരും പ്രസിദ്ധീകരിക്കുന്ന ബ്ലോഗുകളുടെ വായനയും പ്രതികരണവും വളരെ കുറവാണ് എന്നതാണ് വാസ്തവം. അതുകൊണ്ട് ബ്ലോഗെഴുത്ത് ഉപേക്ഷിച്ച് പിന്‍‌വലിയുന്നവരും ധാരാളം.

അതിലൊരു മാറ്റമുണ്ടാക്കുവാനും ഇവരെ പരസ്പരം ബന്ധിപ്പിക്കുവാനും ഉള്ള ഒരെളിയ ശ്രമമായി ഈ ചങ്ങാതിക്കൂട്ടത്തെ കണക്കാക്കുക. ഈ കൂട്ടായ്മയില്‍ അംഗമാകുവാനുള്ള ഏക നിബന്ധന അന്‍പത് വയസ് പൂര്‍ത്തിയാക്കിയിരിക്കണം എന്നത് മാത്രമാണ്.

നിര്‍‌ദ്ദേശങ്ങള്‍ക്കും പരിഷ്കാരങ്ങള്‍ക്കുമായി ഈ ബ്ലോഗ് സമര്‍പ്പിക്കുന്നു. ഇവിടുത്തെ അംഗങ്ങള്‍ക്ക്‌ വ്യത്യസ്തവിഷയങ്ങളിലുള്ള വീക്ഷണങ്ങള്‍ ഇവിടെത്തന്നെ ഒരു പോസ്റ്റിലൂടെ പങ്കുവയ്ക്കാവുന്നതാണ്. വിശ്രമജീവിതത്തിനിടയില്‍ വായനക്കായി ധാരാളം സമയമുള്ളവരാണ് നിങ്ങളില്‍ പലരും. നിങ്ങളുടെ ബ്ലോഗ്‌ വായനയ്ക്കിടയില്‍ കണ്ടെത്തിയ നല്ല നല്ല പോസ്റ്റുകളുടെ ഒരു ചെറുവിവരണവും ലിങ്കും തയ്യാറാക്കി ബൂലോകരെ അറിയിക്കാം, ഇവിടെ നിങ്ങള്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുവാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ ബ്ലോഗില്‍ നിങ്ങള്‍ പുതിയതായി പോസ്റ്റു ചെയ്ത കാര്യങ്ങളുടെ ഒരു സംക്ഷിപ്തം ഇവിടെ അവതരിപ്പിച്ച്‌ അവയുടെ ഒറിജിനല്‍ പോസ്റ്റിലേക്കുള്ള ലിങ്കുകള്‍ നല്‍കുകയുമാവാം.

ഇതോടൊപ്പം തന്നെ യായാതിപുരത്തിലെ അംഗങ്ങള്‍ക്കായി ഒരു ഗൂഗിള്‍ ഗ്രൂപ്പും ആരംഭിച്ചിരിക്കുന്നു. ഈ ഗ്രൂപ്പില്‍ നിങ്ങള്‍ അംഗമായതിനു ശേഷം നിങ്ങളുടെ ബ്ലോഗില്‍ നിന്നുള്ള കമന്റുകള്‍, ഈ ബ്ലോഗില്‍ നിന്നുള്ള കമന്റുകള്‍, പൊതു താല്‍പര്യമുള്ള വിഷയങ്ങളില്‍ ഇ-മെയിലുകള്‍ തുടങ്ങിയവ ചങ്ങാതിക്കൂട്ടത്തിലെ അംഗങ്ങളൂമായി പങ്കുവയ്ക്കാവുന്നതുമാണ്‌.

‘ചങ്ങാതിക്കൂട്ടം‘ എന്ന ആശയത്തിനര്‍ത്ഥം, ഇതിലെ അംഗങ്ങള്‍ പൊതുധാരാ ബ്ലോഗുകളില്‍ നിന്ന് വേറിട്ട് രാഷ്ട്രീയപാര്‍ട്ടികളിലെ ഗ്രൂപ്പുകള്‍ പോലെ നില്‍ക്കും എന്നല്ല. ഇതിലെ എല്ലാ അംഗങ്ങള്‍ക്കും അവരവരുടെ ബ്ലോഗുകള്‍ സ്വന്തമായി നിലനിര്‍ത്തിക്കൊണ്ടുതന്നെ ഈ ക്ലബില്‍ ഒരു അംഗമായി കൂടുകയും, അതുവഴി അവരുടെ സുഹൃദ്സംഘം കുറേക്കൂടി വിപുലമാക്കുകയും ചെയ്യാം എന്നതുമാത്രമാണ് ഇതിന്റെ ഉദ്ദേശം.

ഈ ബ്ലോഗില്‍ അംഗങ്ങളാകുവാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട വിലാസം - elderskerala@gmail.com. നിങ്ങളുടെ ഇ-മെയിലിലേക്ക്‌ ഒരു ഇന്‍വിറ്റേഷന്‍ ഞങ്ങള്‍ അയച്ചു തരുന്നതായിരിക്കും. അത്‌ ആക്സെപ്റ്റ്‌ ചെയ്യുക. ഗ്രൂപ്പ്‌ ബ്ലോഗുകള്‍ എന്നാലെന്തെന്നും അവയില്‍ അംഗങ്ങളാകുന്നതിന്റെ സ്റ്റെപ്പുകള്‍ എന്തൊക്കെയെന്നും സംശയങ്ങളുള്ളവര്‍ ഈ പോസ്റ്റ് വായിച്ചു നോക്കുക.

9 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

ആശംസകള്‍!

ജയതി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ജയതി പറഞ്ഞു...

ഇത്രയും നല്ലൊരു സംരഭം തുടങ്ങിയ എല്ലാവർക്കും നന്ദി. ഞങ്ങളൂം [ഞാനും ശ്രീമതിയും] കൂടി ഇതിലെ മെംബറമ്മാരാവാനുണ്ട്
ഇ-മെയില്‍ jayathy82@gmail.com

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

അതു വേണോ മാഷന്മാരെ?
പൊതു ധാരയില്‍ പ്രായ ലിംഗ ഭേദമില്ലാതെ, ആരോഗ്യമുള്ള മനസ്സും ശക്തമായ വരികളുമായി ഒന്നിച്ചു പോയാല്‍ പോരെ?

തീരുമാനിച്ച സ്ഥിതിക്ക് നടക്കട്ടെ.

ആശംസകള്‍.

keralafarmer പറഞ്ഞു...

അനിലെ ആ വിളിച്ചില്ലെ മാഷന്മാരെ എന്ന്. അതു തന്നെ ഒരു വലിയ തെളിവല്ലെ അംഗീകാരത്തിന്റെ. ലിംഗഭേദമില്ലങ്കിലും പ്രായഭേദം നല്ലതാണ് എന്ന് ഈ കൂട്ടായ്മ തെളിയിക്കട്ടെ.

Kaippally പറഞ്ഞു...

ഈ ഏർപ്പാടിനോടു് ഞാൻ ശക്തമായി പ്രതിഷേധിക്കുന്നു. കൂട്ടായ്മകൾ പ്രായത്തിന്റെ അടിസ്താനത്തിൽ ആയാൽ എന്നേപ്പോലുള്ള കൊച്ചു പയ്യന്മാർ എന്തു ചെയ്യും.

പ്രായം കുറഞ്ഞുപോയതു് എന്റെ കുറ്റമല്ലല്ലോ.

അനുരഞ്ജന പറഞ്ഞു...

“യയാതി കൂട്ടം“ പേര് ക്ഷ പിടിച്ചു ട്ടോ

സാരമില്ല കൈപ്പള്ളീ
വാതിൽ തുറന്നല്ലേ കിടക്കുന്നത്. യുവാവ് യയാതി ആകുമ്പോൾ കയറാമല്ലോ.അതുവരെ ഒരു ഇടക്കിടക്ക് അതിഥിയായി വന്ന് കണ്ട് അഭിപ്രായങ്ങൾ എഴുതി പോകുക. നിങ്ങൾ വരുമ്പോഴേക്കും ഞങ്ങളിൽ കുറേപ്പേരെങ്കിലും അരങ്ങ് ഒഴിഞ്ഞിരിക്കുമല്ലോ. യയാതി കൂട്ടത്തിന്റെ തുടക്കം മുതലുള്ള വളർച്ച അറിഞ്ഞു മുന്നോട്ട് കൊണ്ടുപോകാൻ പിന്നെയും ആളുവേണ്ടേ.
അനുരഞനമാർ

keralafarmer പറഞ്ഞു...

കൈപ്പള്ളിക്ക് 13 വയസ്സ് കഴിഞ്ഞതുകൊണ്ട് ഈ മെയില്‍ ഐഡി കിട്ടി. 50 കഴിയുമ്പോള്‍ ഈ ബ്ലോഗില്‍ മംബറും ആകാം. എങ്കിലും ഈ മലയാളം പഠിക്കാത്ത കൈപ്പള്ളിയെ സമ്മതിക്കണം.

ചന്ദ്രകാന്തം പറഞ്ഞു...

പലപ്പോഴും പ്രായം കായികമായ പരിമിതികള്‍ ഏര്‍പ്പെടുത്തുമെങ്കിലും, അതിനുമപ്പുറം പറക്കാനുള്ള മനസ്സുള്ളവര്‍ക്ക്‌ അതൊന്നും വലിയ കാര്യമല്ല. വര്‍ഷങ്ങള്‍ നേടിത്തന്ന ജീവിതപരിചയവും അപൂര്‍‌വ്വമായ അനുഭവങ്ങളും കൊണ്ട്‌, 'അന്‍പതിലേയ്ക്ക്‌' നടന്നെത്തുന്നവര്‍ക്ക്‌ അടയാളവാക്കുകളാകാന്‍ ഉതകുന്ന ഊര്‍ജ്വസ്വലങ്ങളായ കുറിപ്പുകള്‍ ഈ കൂട്ടായ്മയില്‍ നിന്നും പ്രതീക്ഷിയ്ക്കട്ടെ.
ആശംസകള്‍.