2009, ഏപ്രിൽ 7, ചൊവ്വാഴ്ച

ഡോ.രാജന്‍ അവതരിക്കുന്നു


ഡോ.രാജന്‍ അവതരിക്കുന്നു


വാല്‍സായനന്‍,കൊക്കോകന്‍ തുടങ്ങിയ പരിണിതപ്രജ്ഞര്‍
കൈകാര്യം ചെയ്ത വിഷയം,അതില്‍ ഹരിശ്രീ മാത്രം കുറിച്ചു
തുടങ്ങിയ ഞാന്‍ കൈകാര്യം ചെയ്ക,
എനിക്കോര്‍ക്കാന്‍ കൂടി കഴിയുമായിരുന്നില്ല.പില്‍ക്കാലത്തു
സിനിരമയില്‍ "കുചപുരാണം" പോലുള്ള കിടിലന്‍ സാധനങ്ങള്‍
അവതരിപ്പിക്കാനുള്ള്‍ നാഡീബലമൊന്നും
അന്നു കൈവന്നിരുന്നില്ല.സമ്മര്‍ദ്ദം ഏറിയപ്പോള്‍ ലേഖനങ്ങള്‍
തയാറാക്കാം എന്നു സമ്മതിച്ചു,ഒരു നിബന്ധന. ഡോ,കാനം
എന്ന പേര്‍ വയ്ക്കില്ല.തൂലികാനാമം ആവാം.
അങ്ങിനെയാണ് ജനയുഗം വാരികയില്‍ ഡോ.രാജന്‍ അവതരിക്കുന്നത്.
പേര്‍ കാമ്പിശ്ശേരി ഇട്ടതാണ്.

പക്ഷേ രണ്ടു ലക്കം കഴിഞ്ഞതോടെ
വലിയൊരു പ്രശ്നം.അക്കാലത്തു കേരളത്തിലെ മെഡിക്കല്‍
കോളേജുകളില്‍ അദ്ധ്യാപകരായി അറിയപ്പെടുന്ന നാല്
ഡോ,രാജന്‍ മാരുണ്ടായിരുന്നു. പില്‍ക്കാലത്ത് വൈസ്
ചാന്‍സലറായഡോ.ഇക്ബാലിന്‍റേയും മറ്റും ഗുരു ന്യൂറോസ്ജന്‍
സി.ഏ.രാജന്‍,നെഞ്ചുരോഗങ്ങളുടെ സ്പെഷ്യലിസ്റ്റ് കാര്‍ഡിയോളജിസ്റ്റ്
ഡോ.ജോസഫ് മാഞ്ഞൂരാന്‍,സ്തനമുഴകള്‍ നീക്കം ചെയ്യുന്ന
സര്‍ജന്‍ ഡോ.എം രാജന്‍,ഉദരരോഗങ്ങള്‍ ശസ്ത്രക്രിയയിലൂടെ
മാറ്റുന്ന, എന്‍ഡോസ്കോപ്പിക് സര്‍ജന്‍,ഗാസ്റ്റ്രോ സര്‍ജന്‍
ഡോ.എന്‍ രാജന്‍,അതിലും താഴെയുള്ള,സ്ത്രീശരീരഭാഗങ്ങളുടെ
സ്പെഷ്യലിസ്റ്റ്, സാക്ഷാല്‍ ഡോ.ആര്‍.രാജന്‍ എന്നിങ്ങനെ.

ഇവരില്‍ ചിലര്‍ കാമ്പിശ്ശേരിയുടെ അടുത്ത സുഹൃത്തുക്കളും.
താനാണോ?താനാണോ? എന്നു പലരും ചോദിക്കുന്നു,
വ്യക്തമാക്കാന്‍ ജനയുഗം രാജനു ഇനിഷ്യല്‍സ് കൊടുക്കണം
എന്നവര്‍ പറഞ്ഞു; എഴുതി.അങ്ങനെ കാമ്പിശ്ശേരി
ഡോ.കെ.രാജനു ജന്മം കൊടുത്തു.സ്വമാനസ്സപുത്രനായതുകൊണ്ട്
കാമ്പിശ്ശേരിയുടെ "കെ" കൊടുത്തതാവം.ഇനി "കാമ"രാജന്‍
എന്നതിന്‍റെ ചുരുക്കവും ആവാം.കെ.രാജന്‍റെ പേരില്‍ നിരവധി
ലേഖനങ്ങളും വാദപ്രതിവാദങ്ങളും വന്നു.ഇടയ്ക്കു ഡോ.കാനവും
ഡോ.രാജനും തമ്മിലും വാദപ്രതിവാദങ്ങള്‍ നടന്നു.വായനക്കാര്‍ക്കു
ഹരം പകര്‍ന്നു.കോപ്പികള്‍ കൂടി.ജനയുഗം ഏറ്റവും കൂടുതല്‍ കോപ്പികള്‍
ചെലവാക്കിയത് അക്കാലത്തായിരുന്നു.കൂട്ടിനു കോട്ടയം പുഷ്പനാഥിന്‍റെ
അപസര്‍പ്പകകഥകളും ഉണ്ടായിരുന്നു.ഡോ.രാജനും ഡോ.കാനവും
ഒരാളാണെന്ന്‍ ആദ്യം കണ്ടെത്തിയതു മാത്യൂ വെല്ലൂരായിരുന്നു.
മലയാറ്റൂര്‍ ധരിച്ചിരുന്നത്ഡോ.രാജന്‍ കാമ്പിശ്ശേരി തന്നെ ആണെന്നായിരുന്നു.
മാറ്റര്‍ കിട്ടാന്‍ വൈകിയാല്‍കാമ്പിശ്ശേരി സ്വന്തം സൃഷ്ടികളും കൊടുത്തിരുന്നു.
കുറ്റം പറയരുതല്ലോ
പൊതുജനാരോഗ്യ സംബന്ധമായി നിരവധി ലേഖനങ്ങള്‍ ഇതിനിടയില്‍
ജനയുഗം വാരികയില്‍ വന്നു.വാ​രിക കൈയില്‍ കിട്ടാന്‍ ആളുകള്‍
അക്ഷമരായി കാത്തിരിക്കുന്ന സുവര്‍ണ്ണകാലം അങ്ങിനെ
ജനയുഗം വാരികയ്ക്കു വന്നു.
കാമ്പിശ്ശേരി നല്‍കിയ പ്രോല്‍സാഹനം
നന്ദിയോടെ ഓര്‍മ്മിക്കുന്നു.