2009, ജൂലൈ 15, ബുധനാഴ്‌ച

കറത്തനാടിന്‍റെ ഇതിഹാസം


Posted by Picasa

(Dr.Kanam in Bull Ring,Birmingham)

ബേമിംഗാം

മദ്ധ്യ ഇംഗ്ലണ്ടിലെ പ്രധാന നഗരം.രണ്ടാം ലോകമഹായുദ്ധകാലത്തെ
ബോംബിംഗിനാല്‍ നാശനഷ്ടങ്ങള്‍ ഏറ്റുവാങ്ങിയ വ്യവസായ നഗരി.


തോക്കുനിര്‍മ്മാണത്തിനും സ്വര്‍ണ്ണാഭരണ നിര്‍മ്മാണത്തിനും പേരു കേട്ട
നഗരിയായിരുന്നു ബ്രം എന്ന ചുരക്കപ്പേരില്‍ അറിയുന്ന ഈ നഗരി.
ടൂറിസ്റ്റാകര്‍ഷണകേന്ദ്രങ്ങള്‍ ആയ സ്റ്റ്രാറ്റ്സ് ഫോര്‍ഡ്(ഷേക്സ്പീയര്‍
ജന്മഭൂമി),വാറിക് കാസില്‍ എന്നിവയുടെ സാമീപ്യത്താല്‍ പ്രശസ്തമായ
നഗരി. തലസ്ഥാനനഗരിയായ ലണ്ടന്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനം
ബേമിംഗാമിനാണ്.ഒരുകാലത്ത് ഫാക്ടറികളുംകനാലുകളും നിറഞ്ഞിരുന്ന
ഈ ഭൂവിഭാഗത്തിന്‍റെ മുഖഛായ വന്‍ വികസനപ്രവര്‍ത്തനങ്ങള്‍ വന്നതോടെ
പാടെമ്മാറിക്കഴിഞ്ഞു.

ലോകത്തിന്‍റെ വര്‍ക്ക് ഹോര്‍സ്
എന്ന പദവി നഷ്ടപ്പെട്ടെങ്കിലും ബുള്‍റിംഗ് എന്ന ഷോപ്പിംഗ് സെന്‍ററും
അതിലെ സെല്‍ഫ്രിഡ്ജ് വിഭാഗവും ലക്ഷക്കണക്കിന് സന്ദര്‍ശകരെ
ആകര്‍ഷിയ്ക്കുന്നു.
നിരവധി കണ്ടുപിടുത്തങ്ങളുടെ ഈറ്റില്ലമാണ് ബേമിംഗാം.സ്റ്റീം എഞ്ചിന്‍
കണ്ടുപിടിച്ച ജയിംസ് വാട്(1736-1819),മാത്യൂ ബൗള്‍ട്ടണ്‍(1728-1809)
കെമിസ്റ്റ് ജോസഫ് പ്രീസ്റ്റ്ലി(1733-1804) എന്നിവരൊക്കെ ഇവിടെ ജീവിച്ചു
മണ്ണടിഞ്ഞവര്‍.നിര്‍മ്മാണ വൈദഗ്ധ്യത്തിന് അവാര്‍ഡ് നേടിയ ബ്രിന്‍ഡ്ലി
പ്ലേസ്,ദ മെയില്‍ ബോക്സ്,മില്ല്യനിയം പോയിന്‍റ്‌,ബുള്‍ റിംഗ് എന്നിവ
എടുത്തു പറയേണ്ടവയാണ്.
റിംഗ് റോഡുകളുടേയും റൗണ്ട് എബൌട്ടു കളുടേയും അണ്ടര്‍ പാസ്സുകളുടേയും
ബാഹുല്യം കാര്‍ യാത്രക്കാരെവല്ലാതെ കുഴയ്ക്കും.

കൗണ്‍സില്‍ ഹൗസ് എന്ന വന്‍ കെട്ടിടസമുച്ചയം
നഗരമദ്ധ്യത്തില്‍.പടിഞ്ഞാറ്‌ സെന്‍റിനറി ചത്വരം,ഇന്‍റര്‍ നാഷണല്‍
കണ്വന്‍ഷന്‍ സെന്‍റര്‍,സിംഫണി ഹാള്‍,സെയിന്‍റ്‌ ബേസിന്‍,ബ്രിന്‍ഡില്‍
പ്ലേസ് എന്നിവ.
കൗണ്‍ശില്‍ ഹൗസിന്‍ റെ തെക്കുകിഴക്കായി ഷോപ്പിംഗ് സെന്‍ററുകള്‍,
ബുള്‍റിംഗ് എന്നിവ.

കറുത്തനാടിന്‍ വീരഗാഥകള്‍

ലണ്ടന്‍ കഴിഞ്ഞാല്‍ ഇംഗ്ലണ്ടിലെ പ്രധാന നഗരിയാണ്
ബേമിങ്ങാം.ഒരു കാലത്ത് കറുത്തനാട്(ബ്ലാക്ക് കണ്ട്രി)
എന്നറിയപ്പെട്റ്റിരുന്ന പ്രദേശം.വ്യാവസായങ്ങളും
ഫാക്ടറികളും നിറഞ്ഞ പ്രദേശം.പുകക്കുഴലുകള്‍
വിസ്സര്‍ജ്ജിച്ചിരുന്ന കറുത്ത പുകയാല്‍ ആകാശവും
ഒപ്പം ഭൂമിയും കറത്തിരുണ്ടു കാണപ്പെട്ടിരുന്ന
കറുത്ത നാട്.
ലോകമെമ്പാടുനിന്നും കുടിയേറിയവരുള്‍പ്പടെ 10
ലക്ഷം ആള്‍ക്കാര്‍ ബേമിംഗാമില്‍ താമസ്സിക്കുന്നു.
(2006 ലെ കണക്ക്).ഒട്ടെല്ലാ മതവിഭാഗങ്ങളും
സംസ്കാരങ്ങളും ഇവിടെ സമ്മേളിക്കുന്നു.
3000 വര്‍ഷം മുമ്പ് മണ്ണു ചുട്ടിരുന്നവരുടെ
താവളം ആയിരുന്നു ഈ സ്ഥലം.ഏ.ഡി 43 ല്‍
റോമന്‍ ആക്രമണം നടന്നപ്പോള്‍ എഡ്ഗ്ബാസ്റ്റണു
സമീപമുള്ള മെച്ലിയിലേക്കവര്‍ റോഡ് വെട്ടി.
ഏ.ഡി 700 കാലത്ത് ജര്‍മ്മനിയില്‍ നിന്നും
ആങ്ലോസാക്സണ്‍സ് ഇവിടെ കുടിയേറി.ബ്രം,
ഇംഗാസ്, ഹാം എന്നീ മൂന്നു പദങ്ങള്‍ ചേര്‍ന്നാണ്
ബേമിംഗാം എന്ന പേര്‍ ഉണ്ടായത്.ബ്രം അഥവാ
ബിയോര്‍മാ ഒരാളുടെ പേര്‍. അയാളുടെ പിന്‍ഗാമികള്‍
(ഇംഗാസ്) വീട്(ഹാം) ആക്കിയ പ്രദേസം ബേമിംഗാം.
ബ്രം കുടിയേറിയത് എന്നെന്നറിഞ്ഞു കൂടാ.

1086 ല്‍ വിജിഗീഷുവായ വില്യമിനു വേണ്ടി തയ്യാറാക്കപ്പെട്ട
ഡോംസ്ഡേ ബുക്കില്‍ 100 പാവപ്പെട്ട കൃഷിക്കാരുടെ പ്രദേശം
ആയി ഈ സ്ഥലം വിവരിക്കപ്പെടുന്നു.സ്ഥലപ്പേര്‍ പലതരത്തില്‍
വിവിധ കാലങ്ങളില്‍ എഴുതപ്പെട്ടു.ബ്രോമിച്ചം എന്നുച്ചരിച്ചിരുന്നതില്‍
നിന്നും ഈ സ്ഥലവാസികളെ ബ്രമ്മീസ് എന്നു വിളിച്ചു പോന്നു.

1116 ല്‍ അന്നത്തെ ലോര്‍ഡ് മാനര്‍ പീറ്റര്‍ ദ ബേമിംഗാം
രാജാവില്‍ നിന്നനുമതി വാങ്ങി ഇവിടെ ഒരു ചന്ത തുടങ്ങി.
ആ സ്ഥനത്താണ് ഇന്നത്തെ സ്മിത്ഫീല്‍ഡ് മാര്‍ക്കറ്റ്.
ഇവിടെത്താന്‍ റിയാ നദി കുറുകെ കടക്കേണ്ടിയിരുന്നു.
കടവില്‍ കച്ചവടക്കാര്‍ ഒത്തു കൂടി.വെയില്‍സില്‍ നിന്നും
ഇവിടെ കച്ചവടക്കാര്‍ എത്തി.അവര്‍ കന്നുകാലികളെ
വില്‍പ്പനയ്ക്കായി കൊണ്ടു വന്നു.കാലക്രമേണ വെല്‍ഷ്കാര്‍
ഇവിടത്തെ പ്രധാന ന്യൂനപക്ഷമായി.കാലകളെ കച്ചവടം
നടത്തിയ സ്ഥലം ബുള്‍ സ്റ്റ്രീറ്റ് ആയി. ഇപ്പോഴത്തെ ബുള്‍റിംഗും
അവിടെ നിലകൊള്ളുന്ന കാളക്കൂറ്റന്‍ പ്രതിമയും പഴയകാല
കാളക്കച്ചവടത്തിന്‍റെ സ്മരണ പുതുക്കുന്നു.

കാളക്കച്ചവടം പിന്നീട് തോല്‍ വ്യവസായത്തിനു പ്രേരണയായി.
മെറ്റല്‍ ജോലികള്‍ക്കു വെണ്ട ഇരുമ്പും കല്‍ക്കരിയും വലിച്ചു
കൊണ്ടുവരുന്ന വണ്ടികള്‍ക്കു ധാരാളം കാളകള്‍ വേണ്ടിയിരുന്നു.
കളിമണ്‍ വ്യവസായം,തുണിവ്യവസായം എന്നിവയ്ക്കാവശ്യമായ
മണ്ണും വെള്ളവും ഇവിടെ സുലഭമായിരുന്നു.1300 ല്‍ വാറിക്കിലെ
മൂന്നാമത്തെ ടൗണ്‍ ആയി വളര്‍ന്നു.പതിനാലാം നൂറ്റാണ്ടില്‍
കാലവസ്ഥ മോശമായതോടെ കൃഷി നശിച്ചു.1348-1350
കാലത്ത് കറുത്തനാട്ടില്‍ കറുത്ത മരണം(പ്ലേഗ്) പത്തി വിരിച്ചാടി.
പഴയകാലത്തെ സെയിന്‍റ്‌ മാര്‍ട്ടിന്‍സ് പള്ളി മാത്രം ഇന്നും നില
നിലനില്‍ക്കുന്നു.അലകും പിടിയും മാറിയ നിലയില്‍.


ഏ.ഡി 1500 ല്‍ വെറും 1500 ആയിരുന്നു
ബേമിംഗാമിലെ ജനസംഖ്യ.1700 ല്‍ അത്
8000 ആയി.റേ നദിക്കും സെയിന്‍റ്‌ മാര്‍ട്ടിന്‍
പള്ളിക്കും ഇടയില്‍ കടിഞ്ഞാ​ണും ലാടവും
ആണികളും ഉണ്ടാക്കുന്ന ചില കൊല്ലക്കുടികള്‍
മാത്രമേ അന്നുണ്ടായിരുന്നുള്ളു എന്ന്‍ ജോണ്‍
ലലാണ്ട്, വില്യം കോംഡന്‍ എന്നിവര്‍ എഴുതിയ
യാത്രാവിവരണങ്ങളില്‍ നിന്നും മനസ്സിലാകും.

തുണി,പലചരക്ക്,സുഗന്ധവസ്തുക്കള്‍ എന്നിവ
വില്‍പ്പന നടത്തിയിരുന്ന റിച്ചാര്‍ഡ് സ്മോള്‍ബ്രോക്ക്
എന്നൊരാള്‍ അയാളുടെ വസ്തുവകകള്‍ വിറ്റ്
സെയിന്‍റ്‌ മാര്‍ട്ടിന്‍ പള്ളിവക കുറെയേറെ സ്ഥലം
വാങ്ങി.എഡ്വേര്‍ഡ് ആറാമന്‍ ഗ്രാമര്‍ സ്കൂളിന്‍റെ
ഭരണവും അദ്ദേഹത്തിനായി.മകന്‍ റിച്ചാര്‍ഡ്
ചിമ്മനിയും ഗ്ലാസ് ജനാലകളും ഉള്ള അതിമനോഹരമായ
ഒരു വീടും പണിയിച്ചു.യാര്‍ഡിയിലെ ബ്ലാക്സ്ലി എന്ന
വീട്.1613 ല്‍ അത് കൊച്ചുമകള്‍ ബാര്‍ബറാ സ്മോള്‍
ബ്രോക്കിനു ലഭിച്ചു.രണ്ടു ഭര്‍ത്താക്കന്മാരില്‍ നിന്നായി
അവര്‍ക്കു 12 മക്കള്‍ ഉണ്ടായി.

1689 ല്‍ ബേമിംഗാമില്‍ 200 ല്‍ പ്പരം ആലകള്‍ ഉണ്ടായിരുന്നു.
പിച്ചള കൊണ്ട് മെഴുകുതിരിക്കാലുകള്‍,തോക്കുകള്‍
എന്നിവയും ഇവിടെ നിര്‍മ്മിക്കപ്പെട്ടു.1642- 1651 കാലത്തെ
ആഭ്യന്തരയുദ്ധകാല ത്ത്തോക്കു നിര്‍മ്മാണം വന്‍ പുരോഗതി
നേടി.കലാപകാരികള്‍ക്കു തോക്കു നല്‍കിയത് രാജഭക്തിയുള്ളവരെ
പ്രകോപിപ്പിച്ചു.ചാള്‍സ് രാജാവിന്‍റെ മരുമകന്‍ പ്രിന്‍സ് റൂപ്പര്‍ട്ടിന്‍റെ
നേതൃത്വത്തില്‍ 2000 ഭടന്മാര്‍ ബേമിംഗാമില്‍ എത്തി.

ബേമിംഗാംയുദ്ധത്തില്‍ സ്ത്രീകളും കുട്ടികളും പീഡിപ്പിക്കപ്പെട്ടു.
ജംഗമവസ്തുക്കള്‍ കൊള്ളയടിക്കപ്പെട്ടു.തുടര്‍ന്ന്‍ അനേകവര്‍ഷക്കാലം
നാട്ടുകാര്‍അധികാരിവര്‍ഗ്ഗത്തെ വെറുത്തു,ഭയന്നു.കിംഗ് നോര്‍ട്ടന്‍ ഗ്രാമര്‍
സ്കൂളിലെ മാസ്റ്റര്‍ ആയിരുന്ന തോമസ് ഹാള്‍(1610-1665)
കലാപകാരികളെ സഹായിച്ചവരില്‍ പ്രമുഖന്‍ ആയിരുന്നു.
അദ്ദേഹത്തിനു ജോലി നഷ്ടമായി.ദരിദ്രനായി മരിച്ചു.

പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ആസ്റ്റണ്‍ ഹാള്‍
ഉടമ തോമസ് ഹാള്‍ (1571-1654) എന്ന സ്മ്പന്ന വ്യവസായി
രാജപക്ഷത്തായിരുന്നു.17വര്‍ഷം കൊണ്ടായിരുന്നു ഈ ഹര്‍മ്മ്യം
നിര്‍മ്മിക്കപ്പെട്ടത്.1643 ല്‍ കലാപകാരികള്‍ ഈ സൗധത്തിനു
കേടുപാടുകള്‍ വരുത്തിയത് ഇന്നും നിലനില്‍ക്കുന്നു.

പതിനെട്ടാം നൂറ്റാണ്ടില്‍ ബേമിംഗാം പെട്ടെന്നു വളര്‍ന്നു. 1730 ല്‍ ജനസംഖ്യ
15000 മാത്രമായിരുന്നു എങ്കില്‍ 1800 ല്‍ അത് 74000 ആയി ഉയര്‍ന്നു. ഇംഗ്ലണ്ടിലെ
മറ്റു പ്രദേശങ്ങളില്‍ നിന്നും സ്കോട്ട്ലണ്ടില്‍ നിന്നും വെയില്‍സില്‍ നിന്നും
ആളുകള്‍ ഇവിടെ കുടിയേറി. പിന്നാലെ ജൂതരും ആഫ്രിക്കന്‍ കാപ്പിരികളും
വെസ്റ്റിന്ത്യാക്കാരും.ആങ്ലിക്കന്‍,ജൂത,ക്വാക്കര്‍, റോമന്‍ കത്തോലിക്കാ,
യൂണിറ്റേറിയന്‍ മത വിഭാഗങ്ങള്‍ ഇവിടെ വളര്‍ന്നു.ഒപ്പം യുക്തിവാദികളും
നാസ്തികരും.കോല്‍മോര്‍ റോവിലെ ആങ്ലിക്കന്‍ പള്ളി ഇക്കാലത്തു നിര്‍മ്മിക്ക
പ്പെട്ടു.തോമസ് ആര്‍ച്ചര്‍ ആയിരുന്നു രൂപകല്‍പ്പന ചെയ്തത്.ഡര്‍ബിയില്‍
നിന്നും കുടിയേറിയ വില്യം ഹട്ടണ്‍(1723-1815) ബേമിംഹാമിന്‍റെ
ആദ്യചരിത്രകാരനാണ്.1722-1789 കാലത്തു ജീവിച്ചിരുന്ന ഡോ. ജോണ്‍
ആഷ് പാവപ്പെട്ട രോഗികള്‍ക്കു സൗജന്യ ചികില്‍സ നല്‍കാന്‍ ഒരു ധര്‍മ്മാശുപത്രി
1765 ല്‍ തുടങ്ങി. നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് തുടങ്ങുന്നതിനു 170 വര്‍ഷം
മുമ്പു തന്നെ ബേമിംഗാമിലെ പാവങ്ങള്‍ക്കു സൗജന്യ ചികില്‍സ ലഭിച്ചു തുടങ്ങി.


ജോണ്‍ ബാസകര്‍വില്ലെ(1706-1775)ബേമിംഗാമിലെ ജോസഫ് ഇടമറുകായിരുന്നു.
മരിച്ചുകഴിഞ്ഞാല്‍ പള്ളിയില്‍ അടക്കരുത് എന്നു പറഞ്ഞിരുന്ന യുക്തിവാദി.
വീടിനു സമീപം ഒരു ശവപ്പെട്ടിയില്‍ കുത്തനെ നിര്‍ത്തി അദ്ദേഹത്തെ സംസ്കരിച്ചു.
വോര്‍ക്കസ്റ്റര്‍ ഷെയറില്‍ നിന്നും ബാല്യത്തില്‍ ബേമിംഗാമില്‍ എത്തിയ ജോണ്‍
കല്ലച്ചുകള്‍ നിര്‍മ്മിച്ചു.1757 ല്‍ ഒരു അച്ചടിശാല സ്ഥാപിച്ചു.അദ്ദേഹം പുതിയ തരം
ഫോണ്ട് നിര്‍മ്മിച്ചു.ബാസ്കര്‍വില്ലെ എന്ന്‍ പേരില്‍ ഈ ഫോണ്ട് അറിയപ്പെട്ടു.
ബൈബിളും കവിതകളും അച്ചടിക്കപ്പെട്ടു. കേം ബ്രിഡ്ജ് യൂണിവേര്‍സിറ്റിയുടെ
അച്ചടി ജോലികളെല്ലാം അദ്ദേഹമാണ് ചെയ്തിരുന്നത്.1763 ല്‍ബൈബിളിന്‍റെ 1250
കോപ്പികള്‍ അച്ചടിക്കപ്പെട്ടു.അദ്ധവിശ്വാസങ്ങളില്‍ നിന്നും ആളുകളെ
രക്ഷിക്കാന്‍ അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍ക്കു കഴിഞ്ഞു. സാധാരണക്കാര്‍ക്കു
ബൈബിള്‍ വായിക്കാന്‍ കിട്ടി.വായനയുടേയും വാദപ്രതിവാദങ്ങളുടെയും
നാടായി ബേമിംഗാം.അദ്ദേഹത്തിന്‍റെ വീട് ബാസ്കര്‍വില്ലെ.പേരില്‍ കൗതകം
തോന്നിയ ഡോ. ആര്‍തര്‍ കൊനാണ്‍ ഡോയല്‍ തന്‍റെ ആദ്യ കഥയിലെ വീടിന് ആ പേരു
നല്‍കി.അതിനെ ഉപജീവിച്ചു മലയാളത്തില്‍ ഇറങ്ങിയ കുറ്റാന്വേഷണ നോവല്‍
ഭാസ്കരവിലാസത്തിലെ കൊല വഴി ഈ വീട് മലയാളി മനസ്സിലും കുടിയേറി.

ആയിരം ട്രേഡുകളുടെ നാട്

പതിനെട്ടാം നൂറ്റാണ്ടില്‍ ബേമിംഗാം ബ്രിട്ടനിലെ പ്രധാന
വ്യവ്സായ നഗരമായി വളര്‍ന്നു.പിച്ചള നിര്‍മ്മാണത്തില്‍
പേരുകേട്ട നഗരം.ബേമിംഗാം മെറ്റല്‍ കമ്പനിയും
ബ്രോഡ്സ്ട്രീറ്റിലെ ബ്രാസ് ഹൗസും ഇക്കാലത്ത് ജന്മം
കൊണ്ടു.ബ്രാസ്ട്രാക്ക്, ടോപ് ബ്രാസ് ,ബ്രാസ്ഡ് ഓഫ്
തുടങ്ങിയ പ്രയോഗങ്ങള്‍ ബേമിംഗാമിലെ വ്യവസായവുമായി
ബന്ധപ്പെട്ടുണ്ടായതാണ്.
അക്കാലത്തെ റോഡുകള്‍ വീതികുറഞ്ഞ്വയും വണ്ടികള്‍
ഓടും വഴി പെട്ടെന്നു ചീത്തയാകുന്നവയും ആയിരുന്നു.
വ്യവസായിയായിരുന്ന മാത്യൂ ബൗള്‍ട്ടണ്‍(1728-1809)
കനാലുകള്‍ നിര്‍മ്മിച്ച് ചരക്കു ഗതാഗതം വേഗത്തിലാക്കി.
ജയിംസ് ബ്രിണ്ട്ലി(1716-1772) എന്ന എഞ്ചിനീയര്‍ ബേമിംഗാമില്‍
നിന്നു വെനെസ്ബറിയിലേക്കു കനാല്‍ വെട്ടി.അടുത്ത 60 വര്‍ഷത്തിനിടയില്‍
ട്രെന്‍ റ്‌,സേവേണ്‍,മേര്‍സി,തേംസ് നദികളിലേയ്ക്ക് ബേമിംഗാമില്‍
നിന്നു കനാലുകള്‍ നിര്‍മ്മിക്കപ്പെട്ടു.

ബട്ടനും ബക്കിളും നിര്‍മ്മിച്ചിരുന്ന ഒരു പ്രാദേശിക ഉല്‍പാദകന്‍റെ
മകനായാണ് മാത്യൂ ബൗള്‍ട്ടണ്‍ പിറന്നത്.1745 ല്‍ പിതാവിന്‍റെ
ബിസ്സിനസ് ഏറ്റെടുത്തു.1756-1761 കാലഘട്ടത്തില്‍ അദ്ദേഹം
ഹാല്‍ ഗ്രീനില്‍ സാറേ ഹോള്‍ മില്‍ സ്ഥാപിച്ചു.ഇന്നത് മ്യൂസിയം
ആണ്.വാട്ടര്‍ പവര്‍ ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം.1762ല്‍
അദ്ദേഹം ഹാന്‍ഡ്സ്വര്‍ത്തില്‍ സോഹോ വര്‍ക്സ് തുടങ്ങി.
വെള്ളി കൊണ്ട് മെഴുകുതിരിക്കാലുകളും കത്തിയും മുള്ളും
അവിടെ ഉല്‍പ്പാദിപ്പിക്കപ്പെട്ടു.മാര്‍കറ്റിംഗ് വിഭാഗം തുടങ്ങി.
അന്യരാജ്യങ്ങളില്‍ ഏജന്‍റുമാരെ അയച്ചു വ്യവസായ രഹസ്യങ്ങള്‍
കൈവശമാക്കി.1800 ല്‍ സോഹോ വര്‍ക്സ് ലോകത്തിലെ ഏറ്റവും
വലിയ ഫാക്ടറി ആയി വളര്‍ന്നു.ഹാള്‍മാര്‍ക് കിട്ടാന്‍ സ്വര്‍ണ്ണ-വെള്ളി
ഉല്‍പ്പന്നങ്ങള്‍ ഓരോന്നും അക്കാലത്ത് ചെസ്റ്ററിലെ അസ്സേ ഓഫീസ്സി
ലേക്കയയ്ക്കണമായിരുന്നു.പാര്ലമെന്‍റിനെ സ്വാധീനിച്ച് 1773 ല്‍
ബൗള്‍ട്ടണ്‍ ബേമിംഗാമില്‍ ഒരു അസ്സേ ഓഫീസ് തുറപ്പിച്ചു. ഇന്നും
അതു നില നില്‍ക്കുന്നു.

1775 ല്‍ ജയിംസ് വാട്ടും ചേര്‍ന്ന്‍ ബൗള്‍ട്ടണ്‍
വാട്ട്സ് സ്റ്റീം പമ്പ് വന്‍ തോതില്‍ ഉല്‍പ്പാദിപ്പിച്ചു തുടങ്ങി.

സ്മെത്വിക്സിലെ സോഹോ ഫൗണ്ടറിയില്‍ ആയിരുന്നു
നിര്‍മ്മാണം.അനുകരിക്കാന്‍ സാധ്യമല്ലാത്ത തരം നാണയം
നിര്‍മ്മിക്കാനുള്ള കമ്മട്ടവും ബൗള്‍ട്ടണ്‍ നിര്‍മ്മിച്ചു.
1809 ല്‍ ബൗള്‍ട്ടണ്‍ മരിക്കുമ്പോല്‍ അദ്ദേഹം വഴി
ബേമിംഗാം മെറ്റല്‍ വര്‍ക്സ്,സ്റ്റീം എഞ്ചിന്‍,സ്റ്റീം മഷീന്‍സ്
എന്നിവയുടെ ഉല്‍പ്പാദനത്തില്‍ വന്‍ വളര്‍ച്ച നേടിയിരുന്നു.
ആയിരം ട്രേഡുകളുടെ നാട് എന്ന്‍ ബേമിംഗാം അറിയപ്പെട്ടു.


വെളുത്തവാവിന്‍ നാളിലെ കൂട്ടായ്മ
(1765)

അമേരിക്കയിലെ വെര്‍ജീനിയായിലെ അധ്യാപക ജോലി
ഉപേക്ഷിച്ചുവന്ന ഡോ.വില്യം സാമുവേല്‍(1734-1775)
ബേമിംഗാമില്‍ 1763 ല്‍ ഒരു കൂട്ടായ്മ രൂപവല്‍ക്കരിച്ചു.
എല്ലാ വെളുത്ത വാവിനും ഒത്തു ചേരുന്ന കൂട്ടായ്മ.
"ദ ലൂണാര്‍ സൊസ്സൈറ്റി"

ബേമിംഗാമിലും ഹാന്‍ഡ്സ്വര്‍ത്തിലും വ്യവസായസ്ഥപനങ്ങള്‍
ഉണ്ടായിരുന്ന മാത്യു ബൗള്‍ട്ടണ്‍

ഡോക്ടറും എഴുത്തുകാരനുകായിരുന്ന ഡര്‍ബിയിലെ
ഇറാസ്മസ് ഡാര്‍വിന്‍

എഴുത്തുകാരനും പുരോഗമനവാദിയും ആയിരുന്ന ലച്ച്ഫീല്‍ഡ്
കാരന്‍ തോമസ് ഡേ

കണ്ടുപിടത്തക്കാരനും പുരോഗമനവാദിയുമായ ലച്ച്ഫീല്‍ഡിലെ
റിച്ചാര്‍ഡ് ലോവല്‍ എഡ്ജ്വര്‍ത്

ബേമിംഗാമിലെ വ്യവസായി സാമുവല്‍ ഗാല്‍ട്ടണ്‍ ജൂണിയര്‍

വെസ്റ്റ് ബ്രോംവിച്ചിലെ കണ്ടുപിടുത്തക്കാരന്‍ ജയിംസ് കീര്‍

ശാസ്ത്രജ്ഞനും പുരോഗമനവാദിയുമായ ജയിംസ് പ്രീസ്റ്റ്ലി

കണ്ടുപിടുത്തക്കാരന്‍ വില്യം സ്മോള്‍

ആവി എഞ്ചിന്‍ കണ്ടു പിടിച്ച ജയിംസ് വാട്ട്

വ്യവസായി ജോഷ്യാ വെഡ്ജ്വുഡ്

ഡര്‍ബിയിലെ ജിയോളജിസ്റ്റ് ജോണ്‍ വൈറ്റ് ഹേര്‍ട്

എഡ്ജ്ബാസ്ടണിലെ ഡോ.വില്യം വിതറിംഗ്

എന്നിവരായിരുന്നു ഈ കൂട്ടായ്മയിലെ അംഗങ്ങള്‍.

കൂട്ടായ്മ ഇനിപ്പറയുന്ന നേട്ടങ്ങള്‍ കൈവരിച്ചു:

മദ്ധ്യഇംഗ്ലണ്ടില്‍ ഫാക്ടറികളും കനാലുകളും തുറന്നു.
സ്റ്റീം എഞ്ചിന്‍ പോലുള്ള മഷീനുകള്‍ കണ്ടു പിടിച്ചു.
വാതകങ്ങള്‍,മിനറലുകള്‍ ഇവയെക്കുറിച്ചു ഗവേഷണം
വഴി ഗ്ലാസ്-മെറ്റല്‍- മണ്‍പാത്രവ്യവസായ പുരോഗതി
കൈവരിച്ചു.
ജിയോളജി,എഞ്ചിനീയറിംഗ്,വൈദ്യുതി,മെഡിസിന്‍
എന്നിവയില്‍ പുറൊഗതി നേടി.
രാഷ്ട്രീയം,മതം,വിദ്യാഭ്യാസം എന്നിവയെ സ്വാധീനിച്ചു.
അടിമത്തത്തിനെതിരെ പോരാടി.
ഹാന്‍ഡ്സ്വര്‍ത്ത് സോഹോയിലെ മാത്യൂ ബൗള്‍ട്ടന്‍റെ
വസതിയില്‍ ആയിരുന്നു ഇവരുടെ ഒത്തു ചേരല്‍.
കല്‍ക്കരി ഉപയോഗിച്ചുള്ള സെന്‍ട്രല്‍ ഹീറ്റിംഗ് സിസ്റ്റം
ഈ ഹര്‍മ്മ്യത്തില്‍ ലഭ്യമായിരുന്നു. വാനനിരീക്ഷണത്തിനുള്ള
സൗകര്യവും ഇവിടെ ഉണ്ടായിരുന്നു.
കുറുക്കന്മാരെ വേട്ടയാടാന്‍ ഒരു സത്രം അതിനടുത്തുണ്ടായിരുന്നു.
വേട്ടക്കാരുടെ കുഴലുകളില്‍ നിന്നുയര്‍ന്ന ശബ്ദത്തില്‍ നിന്നാണ്
സോ-ഹോ എന്ന പേരുണ്ടായത്.
1761 ല്‍ മാത്യു ബൗള്‍ട്ടണ്‍ സോഹോ മില്ലും വീടും വിലയ്ക്കു
വാങ്ങി.മില്‍ ഫാക്ടറിയാക്കി.വീട് പരിഷകരിച്ചു.1766 ല്‍ ഭാര്യ
ആനുമായി സോഹോ ഹൗസില്‍ താമസ്സമാക്കി.
1775 ല്‍ ലൂണാര്‍ സൊസൈറ്റി സ്ഥാപകന്‍ വില്യം സ്മോള്‍ അന്തരിച്ചു.
തുടര്‍ന്ന്‍ ഡൊ.വില്യം വിതറിംഗ്(1741-1799) അംഗമാക്കപ്പെട്ടു.
ഹൃദ്രോഗികള്‍ക്കു നല്‍കേണ്ട ഡിജിറ്റാലിസ് ഡോസ് കൃത്യമായി
നിര്‍ണ്ണയിച്ച് പ്രശസ്തനായ ഡോക്ടര്‍ ആയിരുന്നു വിതറിംഗ്.

ഫ്രഞ്ച് വിപ്ലവത്തെ അനുകൂലിച്ച ജോസ്ഫ് പ്രീസ്റ്റ്ലിയെ ഒരു സംഘം
ഗുണ്ടകള്‍ 1791 ല്‍ ആക്രമിച്ചു.ലാബറട്ടറിയും ലൈബ്രറിയും
തകര്‍ക്കപ്പെട്ടു.പ്രീസ്റ്റ്ലി ലണ്ടനിലേക്കും പിന്നീട് അമേരിക്കയിലേക്കും
കുടിയേറി.സൊസ്സൈറ്റിയുടെ യോഗങ്ങള്‍ വല്ലപ്പോഴും മാത്രമായി.
1800 ല്‍ സൊസ്സൈറ്റി പ്രവര്‍ത്തിക്കാതെ ആയി.എന്നാലും ഈ സൊസൈറ്റി
ചെയ്ത സേവനം ലോകം ഉള്ള കാലത്തോളം അനുസ്മരിക്കപ്പെടും.