2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

വയലാര്‍ രാമവര്‍മ്മയ്ക്കൊരു പോസ്റ്റ് മോര്‍ട്ടം പരിശോധന

36 വര്‍ഷം മുമ്പു വയലാര്‍ രാമവര്‍മ്മ അകാലത്തില്‍ മരിച്ചപ്പോള്‍
അടുത്ത ആഴ്ച തന്നെ കാമ്പിശ്ശേരി കരുണാകരന്‍ ജനയുഗം വാരിക
വയലാര്‍ പതിപ്പായി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു.വയലാരിന്റെ മരണകാരണത്തെ
കുറിച്ചു വിശദമായി ഒരു ലേഖനം തയ്യാറാക്കാന്‍ എന്നോട് ആവശ്യപ്പെട്ടു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ വിശദമായ ഒരു സചിത്രലേഖനം തയ്യാറാക്കി
ഒരാള്‍ വശം കടപ്പാക്കടയില്‍ എത്തിച്ചു.ചുരുങ്ങിയ സമയത്തിനുള്ളില്‍ ലേഖനം
കിട്ടിയതിനാല്‍ അടുത്തലക്കത്തില്‍ തന്നെ ലേഖനം കൊടുക്കാന്‍ സാധിച്ചു.
സന്തുഷ്ടനായ കാമ്പിശ്ശേരി അദ്ദേഹത്തിന്റെ അനുഭവകഥകള്‍,അഭിനയചിന്തകള്‍,കൂനന്തറ
പരമുവും പൂനാകേശവനും എന്നീ പുസ്തകങ്ങളുടെ അവസാന കോപ്പികള്‍
ഒപ്പിട്ട് എനിക്കു കൊടുത്തയച്ചു.ജ്ഞാനപീഠം അവാര്‍ഡിനേക്കാള്‍ വലിയ
അവാര്‍ഡ് കിട്ടിയ പോലെ എനിക്കു സന്തോഷം തോന്നി.



ഈ പഴയ കഥകള്‍ ഓര്‍മ്മിക്കാന്‍ കാരണം വയലാറിനു നടക്കാതെ പോയ
പോസ്റ്റ് മോര്‍ട്ടം പരിശോധന വീണ്ടും കവി ഏഴാച്ചേരി വഴി തുടങ്ങിയത് കൊണ്ടാണ്‌.
വിവാദപ്രസ്താവന ചെയ്താലെ രാഷ്ട്രീയക്കാരും ഉറവു വറ്റിയ സാഹിത്യകാരന്മാരും ശ്രദ്ധിക്കപ്പെടുകയുള്ളു.
കൈരളിചാനലിലെ ജഡ്ജു എന്ന നിലയില്‍ കിട്ടുന്ന പ്രശസ്തി പോരെന്നു
കണ്ടാവണം 36 കൊല്ലം മുമ്പു നടന്ന ഒരു അസ്വാഭാവിക മരണം ഇപ്പോള്‍
പോസ്റ്റ് മോര്‍ട്ടം ചെയ്യണം എന്നു സാഹിത്യപ്രവര്‍ത്തക സഹകരണസംഘം
പ്രസിഡന്റും കവിയും മറ്റുമായ ഏഴാച്ചേരി വിവാദപ്രസ്ഥാവനയുമായി വന്നത്.
ചികിസാപിഴവുകളെ കുറിച്ച് രാഷ്ട്രീയക്കാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും മാത്രമല്ല
ഏതൊരു അണ്ടനും അടകോടനും പരാതിപ്പെടാം.പക്ഷേ സമാന്യബുദ്ധിയുള്ളവര്‍
പൊതുവേദിയില്‍ അതു പറയുന്നതിനു മുമ്പു ചികിസിച്ച ഡോക്ടര്‍ക്കു പറയാനുള്ളതു
കേള്‍ക്കണം.കൊലയാളിയാണെങ്കില്‍ പോലും തൂക്കിക്കൊല്ലാന്‍ വിധിക്കുന്നതിനു
മുമ്പു ന്യായാധിപന്‍ പ്രതിക്കു പറയാനുള്ളതു കേള്‍ക്കും.തന്റെ ആരാധ്യ പുരുഷനായ
ഡോ.വാര്യര്‍ മരിക്കുന്നതു വരെ ഈ വിവരം പുറത്തു പറയാന്‍ മടിച്ച ഏഴാച്ചേരി
ആദ്ദേഹത്തെ പൂര്‍ണ്ണമായി കുറ്റവിമുക്തനാക്കി എതോ പാവം പിടിച്ച ഒരു നേര്‍സിനേയും
എട്ടും പൊട്ടും തിരിയാത്ത ഏതോ പാവം ഹൗസ് സര്‍ജനേയും കുറ്റവാളി ആക്കുന്നതിനു
പിന്നിലെ ചേതോവികാരം ഒരു കവിയുടേതല്ല.തീര്‍ച്ച.


നല്ല ഗുണങ്ങള്‍ ഏറെയുള്ള സര്‍ജനായിരുന്നു പി.കെ.ആര്‍.ലളിതജീവിതം.സൈക്കിളില്‍
യാത്ര.സ്വകാര്യ പ്രാക്ടീസില്ല. പക്ഷേ ചങ്ങല വലിയന്‍.ജൂണിയര്‍ ഡോക്ടറന്മാരെ
സംബന്ധിച്ചിടത്തോളം പെരുംതച്ചന്‍ മനോഭാവം വച്ചുപുലര്‍ത്തിയ ഇടുങ്ങിയ മനസ്ഥിതിക്കാരന്‍
ജൂണിയര്‍ ഡോക്ടറന്മാരെ അംഗീകരിക്കാന്‍ മടിച്ച വ്യക്തിത്വം. ആദ്ദേഹത്തെക്കാള്‍
പ്രഗല്‍ഭരായ സര്‍ജന്മാര്‍ അദ്ദേഹത്തിനു മുമ്പും പിമ്പും കേരളം കണ്ടു.അവരെല്ലാം
സാധാരണമനുഷ്യര്‍ ആയിരുന്നു.അവര്‍ക്കെല്ലാം തെറ്റുകള്‍ പറ്റിയിരുന്നു. കണക്കു
കൂട്ടലുകള്‍ തെറ്റിയിരുന്നു.കാരണം അവരെല്ലാം മനുഷ്യര്‍ ആയിരുന്നു. തെറ്റു പറ്റുക
മനുഷ്യ സ്വാഭാവം(.ക്ഷമിക്കനമെങ്കില്‍ ദൈവം ആകണം.)

ഡോ.രാഘവാചാരി കേരളം കണ്ട അതിപ്രഗല്‍ഭനായ സര്‍ജന്‍ ആയിരുന്നു.ഒരു രോഗിയ്ക്കു
കാന്‍സര്‍ എന്നു ബയോപ്സി പരിശോധനാ റിപ്പോര്‍ട്ടു കണ്ടു എന്നു വയ്ക്കുക.അവയവം മുറിച്ചു
മാറ്റും മുമ്പു ഡോ.രാഘവാചാരി ബയോപ്സി പരിശോധന നേരില്‍ കണ്ട് ശരിയെന്നുറപ്പാക്കും.
മുറിച്ചു മാറ്റിയ അവയം പിന്നീട് നേരില്‍ പരിശോധിച്ച് ഡയഗ്ണോസിസ് ശരി എന്നുറപ്പാക്കും.

ശസ്ത്രക്രിയകള്‍ ചെയ്യുന്നത് ഒരു ടീം ആണ്‌.ശസ്ത്ര ക്രിയയില്‍ അസ്സിസ്റ്റന്റിനു തെറ്റുപറ്റിയാലും
ഉത്തരവാദിത്വം ലീഡര്‍ക്കാണ്‌.( ഏതോ ഒരു ട്രെയിന്‍ എവിടയോ മറിഞ്ഞതിനു റയില്‍ വേ
മന്ത്രിയായിരുന്ന ലാല്‍ബഹാദൂര്‍ ശാസ്ത്രി രാജിവച്ച നാടാണു ഭാരതം.റയില്‍ വേയിലെ ലാസ്റ്റ്
ഗ്രേഡ്കാരന്റെ തലയില്‍ അതിന്റെ ഭാരം വച്ചു കൊടുത്തില്ല)
ശസ്ത്രക്രിയയ്ക്കും അതിനു ശേഷവും എത്ര കുപ്പിരക്തം നല്‍കണം എന്നു തീരുമാനിച്ചത് ഡോ.വാര്യര്‍.
അത് യഥാവിധി ക്രോസ്സ് മാച്ച് ചെയ്ത്തതാണ്‌
എന്നുറപ്പാക്കേണ്ട ചുമതല ടീം ലീഡര്‍ ഡോ.വാര്യരുടേത് ആയിരുന്നു.( അക്കാലത്ത് എമര്‍ജന്‍സി
കേസുകളില്‍ ക്രോസ്സ് മാച്ച് ചെയ്യാതെ രോഗിയുടെ അതേ ഗ്രൂപ്പ് രക്തം കൊടുക്കുക
ആയിരുന്നുപതിവ് എന്നാണോര്‍മ്മ.വയലാറിനു മൊത്തം 36 കുപ്പി രക്തം കുറഞ്ഞ സമയത്തിനുള്ളില്‍
കൊടുത്തിരിക്കണം)നേര്‍സുമാര്‍ക്കു രക്തം ക്രോസ്സ് മാച്ച്
ചെയ്യാനുള്ള യോഗ്യത ഇല്ല.ബ്ലഡ് ബാങ്കിലെ ഹൗസ് സര്‍ജന്‍ ഏറ്റവും പരിചയും കുറഞ്ഞ
നവാഗതന്‍ ആയിരുന്നിരിക്കും.ഹൗസ് സര്‍ജനു തെറ്റുപറ്റിയാല്‍ തന്നെ ഉത്തരവാദിത്വം
ടീം ലീഡര്‍ ഡോ.വാര്യര്‍ക്കായിരുന്നു.കൊടുക്കും മുമ്പു അതു യോഗ്യമായതു തന്നെ എന്നദ്ദേഹം
ആയിരുന്നു ഉറപ്പാക്കേണ്ടിയിരുന്നത്.വയലാര്‍ മരിച്ചതു രക്തം നല്‍കിയതിലെ പിശകാണെന്നു
ഞാന്‍ കരുതുന്നില്ല.അഥവാ അങ്ങിനെ ആയിരുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ഏഴാച്ചേരിയുടെ
ആരാധ്യ പുരുഷനായ ഇടതു സഹയാത്രികന്‍ സഖാവു വാര്യര്‍ക്കു തന്നെ എന്നു പറയട്ടെ.
അദ്ദേഹം അന്തരിക്കും മുമ്പ് അതു വെളിയില്‍ പറയാന്‍ കവി എന്തേ പേടിച്ചത്?

ആശുപത്രികളില്‍ രക്തം സ്വീകരിക്കുന്ന രോഗികളെ നമ്മുടെ കവി കണ്ടിരിക്കില്ല.എത്ര തന്നെ
പരിശോധനകള്‍ നടത്തി അനുയോജ്യം എന്നു വിദഗ്ദര്‍ പറഞ്ഞാലും പലപ്പോഴും രക്തം
നല്‍കുമ്പോള്‍രോഗികള്‍ക്കു വിറയല്‍ വരും.വിറയല്‍ വന്നതുകൊണ്ടു മാത്രം ക്രോസ്സ് മാച്ച് ശരിയായില്ല
എന്നു പറയാന്‍ ആവില്ല.ഓപ്പറേഷന്‍ വിജയം എന്നു പറഞ്ഞാല്‍ രോഗിയെ ജീവനോടെ
തീയേറ്ററിനു വെളിയില്‍ എത്തിക്കാന്‍ സാധിച്ചു എന്നേ അര്‍ഥമുള്ളു. സക്സ്സസ് എന്നു
പറഞ്ഞ എത്രയോ ശത്രക്രിയാ​‍ രോഗികളാണ്‌ പിന്നീട് മരണമടയാറുള്ളത് എന്നു കവി
അറിയുന്നുണ്ടാവില്ല.ഇവിടെ മാത്രമല്ല എവിടേയും അതു തന്നെ സ്ഥിതി.നമ്മുടെ മുന്‍ മന്ത്രി
തൊപ്പിപ്പാള ജോണ്‍ ജേക്കബ്ബിന്റെ കാര്യം ഓര്‍മ്മിക്കുക.അമേരിക്കയിലായിരുന്നു ശസ്ത്രക്രിയ.
ഓപ്പറേഷന്‍ സക്സസ്സ്.രോഗി ക്ലോസ്സ്.



വയലാറിന്റെ കൊലപാതകിയായി ഒരു പാവം നേര്‍സിനേയും ഒരു നവാഗത ഹൗസ് സര്‍ജനേയും
കുരിശിലേറ്റാനാണു കവിയുടെ ശ്രമം.പക്ഷേ യതാര്‍ഥ കൊലയാളികള്‍ ആരായിരുന്നു.നമ്മുടെ
ചില സിനിമ നിര്‍മ്മാതാക്കളും എഴുത്തുകാരായ ചില കൂട്ടുകാരും എന്നതല്ലേ വാസ്തവം.വേലി
ചാടുന്ന പശുവിനു കോലു കൊണ്ടു മരണം.മുഴുക്കുടിയന്മാര്‍ സിറോസ്സിസ് ബാധയല്‍ രക്തം ഛര്‍ദ്ദിച്ചും
ഹെപ്പാറ്റിക് കോമാ വന്നും അകാലത്തില്‍ മരണമടയും.മരിച്ചിട്ടും കുറേ നാള്‍ ജീവിച്ചിരിക്കണമെങ്കില്‍
മലയാള നാട് എസ്.കെ.നായര്‍ ആവണം.ഏറെ നാള്‍ ജീവിക്കണമെങ്കില്‍ ആ സുകൃതം എം.ടി.വാസുദേവന്‍
നായര്‍ ക്കു മാത്രവും