വലതിന്റെ വ്യഥയും വ്യതിയാനവും
ചെക്കുട്ടി അന്ന് പത്രപ്രവര്‍ത്തകനായിരുന്നില്ല. മുപ്പതുകൊല്ലം മുമ്പ് വിഠല്‍ ഭായ് പടേല്‍ ഹൌസിലെ ഒരു മുറിയില്‍
ഞങ്ങള്‍ ആദ്യം കണ്ടുമുട്ടുമ്പോള്‍, ഏതു വൈചിത്ര്യത്തേയും വ്യതിയാനത്തേയും കൌതുകത്തോടെ പഠിക്കുന്ന വിദ്യാര്‍ഥി
ആയിരുന്നു ചെക്കുട്ടി. അന്ന് ആ കൊച്ചുസഖാവ് ചൂണ്ടിക്കാട്ടി, ഞാന്‍ അന്വേഷിച്ചുപോയ സംഭവത്തിന് വിപ്ലവത്തിന്റെ
അന്ത്യം വരേയും സി പി ഐ മാപ്പു നല്‍കില്ല.
അടിയന്തരാവസ്ഥയുടെ ശക്തികളോട് ഒട്ടിനിന്നതിന്റെ ചെടിപ്പ് മാറ്റാനും മറക്കാനുമുള്ള തത്രപ്പാടിലായിരുന്നു സി പി ഐ.
മറക്കുകയും മറയ്ക്കുകയും ചെയ്യേണ്ട ഒന്നായിരുന്നു അടിയന്തരാവസ്ഥയെ വാഴ്ത്തിക്കൊണ്ട് ഏതോ സോവിയറ്റ് പണ്ഡിതര്‍
എഴുതുകയും പീപ്ള്‍സ് പബ്ലിഷിംഗ് ഹൌസ് വിതരണം നടത്തുകയും ചെയ്തിരുന്ന ഒരു ചരിത്രപുസ്തകം. അടിയന്തരാവസ്ഥ
കഴിഞ്ഞപ്പോള്‍, എന്നുവെച്ചാല്‍, സി പി ഐ അതിനെപ്പറ്റി നിലപാട് മാറ്റിയപ്പോള്‍, ആ പുസ്തകം ആരോരും അറിയാതെ
പിന്‍വലിക്കാന്‍ അജയ് ഭവനില്‍ തീരുമാനമായി. “കുരുത്തം കെട്ട” ചെക്കുട്ടി അത് കേട്ടുവശായി; ഞാന്‍ വഴി അത് പാട്ടായി.
പണ്ട് പറഞ്ഞത് പലപ്പോഴും തള്ളുകയോ തിരുത്തിപ്പറയുകയോ ചെയ്യേണ്ടിവരും, സുദീര്‍ഘമായ മനുഷ്യജീവിതത്തില്‍. അത്തരം
തിരുത്തല്‍, തീര്‍ത്തും കടകവിരുദ്ധമാകുമ്പോള്‍, കുമ്പസാരമോ ചെറ്റത്തരമോ, രണ്ടുമോ, ആയി തോന്നും. കരണം മറിച്ചല്‍
പെട്ടെന്നാകുമ്പോഴാകും സഹിക്കാന്‍ വയ്യാത്ത നാണക്കേട്. അതായിരുന്നു സി പി ഐ അപ്പോള്‍ നേരിട്ട ഗതികേട്. സി പി ഐ
മാത്രമല്ല, അടിയന്തരാവസ്ഥ നിലനില്‍ക്കേ, അതിനെ അനുകൂലിക്കുകയും, തീര്‍ന്നപ്പോള്‍ എതിര്‍ക്കുകയും ചെയ്ത പലരുമുണ്ട്,
സീനിയര്‍ ഖദര്‍ധാരികള്‍ ഉള്‍പ്പടെ. ഇടക്കുവെച്ച്, വലതുപിന്‍തിരിപ്പന്‍ ശക്തികളെ നിലക്കുനിര്‍ത്തുകയെന്ന ലക്ഷ്യം നേടിയെന്നും
ഇനി ഇടതുനേതാക്കന്‍മാരെ മോചിപ്പിക്കണമെന്നും ഈ എം എസും കൂട്ടരും ഇന്ദിര ഗാന്ധിയോട് അഭ്യര്‍ഥിച്ചിരുന്നതായി
കേട്ടിട്ടുണ്ട്. ഏതായാലും, സി പി ഐയുടെ കാര്യത്തില്‍ ആ കുട്ടിക്കരണം കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കി എന്നുമാത്രം.
അടിയന്തരാവസ്ഥക്കുശേഷം നടന്ന ഭടിന്ദ കോണ്‍ഗ്രസില്‍ സി പി ഐയുടെ കുട്ടിക്കരണം പ്രഖ്യാപിക്കപ്പെട്ടെങ്കിലും,
ഇന്ദിരയുമായി ചേര്‍ന്നുപോകണമെന്ന നിലപാടെടുത്ത വിഭാഗത്തെ ഒതുക്കാന്‍ കഴിഞ്ഞിരുന്നില്ല. തന്റെ മുംബൈ
ലാവണത്തില്‍നിന്ന്, സുവിശേഷത്തിന്റെ മാതൃകയില്‍, ഇന്ദിരക്കും മറ്റുപലര്‍ക്കും കത്തുകളും കമ്പികളും എഴുതിക്കൊണ്ട്,
ഇന്ത്യന്‍ കമ്യൂണിസത്തിന്റെ ആചാര്യനായ ആ കൊച്ചുമനുഷ്യന്‍, ശ്രീപദ് അമൃത് ഡംഗേ, പ്രതിവിപ്ലവത്തിന്റെ വെടി
പൊട്ടിച്ചുകോണ്ടിരുന്നു--പുറത്താക്കപ്പെടുംവരെ. രാജേശ്വര റാവുവിനും സഖാക്കള്‍ക്കും എന്തൊരു സൊല്ലയായിരുന്നെന്നോ
പുള്ളിക്കാരന്‍!
പരിപ്പുവടയും കട്ടന്‍ ചായയും കഴിച്ച് വിപ്ലവം നടത്തിയിരുന്ന ആളല്ല ഡാംഗേ. അദ്ദേഹം ഡല്‍ഹിയില്‍ എത്തിയാല്‍
അജയ് ഭവനില്‍ താമസിക്കില്ല. ഡംഗേക്ക് അന്നത്തെ കൊള്ളാവുന്ന ഹോടല്‍ ആയ രഞ്ജിത് തന്നെ വേണം. സി പി ഐ
കുട്ടിക്കരണത്തില്‍ മുഴുകിയിരിക്കുന്ന കാലം. അത് തടയാനുള്ള വ്യഗ്രതയില്‍, ഡംഗേ പക്ഷം ഒരു ബദല്‍ രേഖയുമായി സെന്റ്റല്‍
എഗ്സിക്യൂടിവ് കൌണ്‍സിലില്‍ ആക്രമണം തുടരാനുള്ള നീക്കമായിരുന്നു. വേണ്ടപ്പെട്ടവര്‍ക്ക് വാര്‍ത്ത ചോര്‍ത്തിക്കൊടുക്കാന്‍
അനുയായികള്‍ക്ക് വലിയ ഉത്സാഹം. അങ്ങനെയാണ് ട്രേഡ് യൂണിയന്‍ നേതാവായിരുന്ന കെ ജി ശ്രീവാസ്തവയുടെ നിഴല്‍ പറ്റി,
ആനന്ദബസാര്‍ പത്രികയുടെ തരുണ്‍ ഗാംഗൂലിയും ഞാനും രഞ്ജിത്തില്‍, ഡാംഗേയുടെ മുറിയില്‍, എത്തിയത്. അദ്ദേഹത്തോടൊപ്പം
മകള്‍ റോസാ ദേശ് പാണ്ഡേയും ഉണ്ടായിരുന്നു.
രണ്ടുദിവസം കഴിഞ്ഞ് സി ഇ സി യോഗത്തില്‍ അവതരിപ്പിക്കാനിരുന്ന ബദല്‍ രേഖ ഞങ്ങള്‍ക്ക് ഏടുത്തുതരുമ്പോള്‍, ഡാംഗേയുടെ
മുഖത്ത് സ്വതവേയുള്ള കുസൃതി ഒന്നുകൂടി തിളങ്ങി. സഹജമായ ന്യൂനോക്തിയും ആക്ഷേപഹാസ്യവുമായി, അദ്ദേഹം രണ്ടുമിനിറ്റ് സംസാരിച്ചു. റോസയും ശ്രീവാസ്തവയും മിഴിച്ചിരിക്കുമ്പോള്‍, ഡാംഗേയുടേയും കല്യാണസുന്ദരത്തിന്റേയും പേരിലുള്ള ആ കരട് പ്രമേയവും കൊണ്ട് ഗാംഗൂലിയും ഞാനും സ്ഥലം വിട്ടു. പാര്‍ടിക്കുമാത്രം അവകാശപ്പെട്ട രേഖ നേരത്തേ ബൂര്‍ഷ്വാ പത്രത്തില്‍ വന്നപ്പോള്‍ പുകിലായി. കോണ്‍ഗ്രസുമായുള്ള സി പി ഐ ബാന്ധവം തീര്‍ത്തും അറുത്തതും, ഡാംഗേ പുറത്തായാതും, എങ്ങുമെത്താതെ പോയ ഏ ഐ സി പി ഉണ്ടായതുംആ ദിവസങ്ങളില്‍ ആയിരുന്നു.
അറുപത്തിനാലിലെ പിളര്‍പ്പിന്റെ തകര്‍ച്ചയും, എഴുപതുകളുടെ തുടക്കത്തില്‍ വിളക്കുവെച്ച കോണ്‍ഗ്രസ് സംബന്ധത്തിന്റെ
ചമ്മലും മാറ്റാന്‍ സി പി ഐ നേതൃത്വം കാണിച്ച കസര്‍ത്ത് ചില്ലറയല്ല. എന്തു വില കൊടുത്തും കമ്യൂണിസ്റ്റ് ഐക്യം വീണ്ടെടുത്തേ
തീരൂ എന്നായിരുന്നു എം എന്‍ ഗോവിന്ദന്‍ നായരെപ്പോലുള്ളവരുടെ ശപഥം. അതിനുവേണ്ടി അധികാരം വലിച്ചെറിയാന്‍ പോലും അന്ന് കേരളമുഖ്യമന്ത്രിയായിരുന്ന പി കെ വാസുദേവന്‍ നായരെ നിര്‍ബന്ധിച്ചു. പക്ഷേ കമ്യൂണിസ്റ്റ് ഐക്യം സാധിക്കുന്നതിനിടെ, കോണ്‍ഗ്രസിന്റെ മുഖ്യധാരയുമായുള്ള ബന്ധം മുറിച്ച എം എന്‍ തിരുവനന്തപുരത്ത് തോറ്റു. ആ തോല്‍വി അദ്ദേഹത്തിന്റെ ഹൃദയത്തെ
ബാധിക്കുകയും ചെയ്തു.
വലതും വല്യേട്ടനും തമ്മില്‍, വീക്ഷണം മാത്രമെടുത്താല്‍, വലിയ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. വലതുപാര്‍ടി കോണ്‍ഗ്രസിന്റെ
പിന്നില്‍ കൂടി, അധികാരം നുണയുന്നതു കണ്ടപ്പോള്‍ വല്യേട്ടന് ഈറ പടിഞ്ഞു. അത്രയേ ഉള്ളു. ആ ഈറ, “ചേലാട്ടച്യുതമേനോനേ,
വെക്കൂ ചെറ്റേ ചെങ്കൊടി താഴെ...” തുടങ്ങിയ വിപ്ലവവാക്യങ്ങളില്‍ പ്രകടിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ കൃപയോടെ കിട്ടിയ
അധികാരം ഉപേക്ഷിച്ചാലേ ഇടതുസഹകരണത്തെപ്പറ്റി ആലോചിക്കാന്‍ പറ്റൂഎന്ന് ഈ എം എസ് ശഠിച്ചപ്പോള്‍, അതിനും
തയ്യാറായതായിരുന്നു സി പി ഐയുടെ ഐക്യവാഞ്ഛയും നിസ്സഹായതയും.
വല്യേട്ടന്‍ വരച്ച വരയില്‍ നില്‍ക്കാന്‍ സി പി ഐ ബദ്ധപ്പെടുന്ന നാളുകളില്‍, മുറിവില്‍ ഉപ്പ് തേക്കുന്ന മട്ടില്‍ ഈ എം എസ് വാദങ്ങള്‍
നിരത്തി. അശോക റോഡിലെ പഴയ പാര്‍ടി ഓഫിസില്‍വെച്ച്, ഒരു വൈകുന്നേരം ചിരിച്ചുകോണ്ട് അദ്ദേഹം ഇങ്ങനെ ഓര്‍മ്മകള്‍ അയവിറക്കി: “അവരുടെ കോണ്‍ഗ്രസ് പ്രേമം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കേരളത്തിലെ ആദ്യത്തെ കമ്യ്മ്യൂണിസ്റ്റ് മന്ത്രിസഭ ഉണ്ടാകും മുമ്പ്, 1956ലെ പാലക്കാട് സമ്മേളനത്തില്‍, കോണ്‍ഗ്രസുമായി ചങ്ങാത്തം ഉണ്ടാക്കാന്‍ ഒരു പ്രമേയത്തിലൂടെ വാദിച്ചുനോക്കിയവരായിരുന്നു അച്യുത മേനോനും രാജേശ്വര റാവുവും.” ദേശീയ ബൂര്‍ഷ്വാസിയുടെ പ്രാതിനിധ്യം കോണ്‍ഗ്രസിനാണെന്നും, അതുകൊണ്ട് അതുമായി ഒത്തുപിടിച്ചേ ഇന്ത്യന്‍ വിപ്ലവം സാധ്യമാകൂ എന്നുമായിരുന്നു അവരുടെ വിലയിരുത്തല്‍. അതിന്റെ പേരില്‍ ഒരടി മുന്നോട്ടും രണ്ടടി പിന്നോട്ടും മൂന്നടി വലത്തോട്ടും, പിന്നെ, ഒടുവില്‍, ആ വിലയിരുത്തല്‍ തിരുത്തിയപ്പോള്‍, നേരേ ഇടത്തോട്ടും സി പി ഐ വെച്ചടിച്ചു. അറുപതുകളുടെ ഒടുവില്‍ കോണ്‍ഗ്രസിന് ലോക് സഭയില്‍ ഭൂരിപക്ഷമില്ലതായപ്പോള്‍, അതിനെ രക്ഷപ്പെടുത്താന്‍ വേണ്ടി, ഒളിച്ചുകളി നടത്തിയത് വല്യേട്ടന്‍ ആണെന്നത് വിപ്ലവചരിത്രത്തിലെ മറ്റൊരധ്യായം. അതിന്റെ വിപുലമായ ആവര്‍ത്തനമായിരുന്നു കോണ്‍ഗ്രസിന്റെ തൂണയോടുകൂടി കുറച്ചിട ജീവിച്ച രണ്ടു ഗവണ്മെന്റുകള്‍ക്കും, പിന്നെ കോണ്‍ഗ്രസ് ഗവണ്മെന്റിനുതന്നെയും വല്യേട്ടന്‍ നല്‍കിയ സഹായം. വലതുവീരന്‍മാര്‍ക്ക് അതില്‍ ഉളുപ്പോ തരിപ്പോ ഉണ്ടായിരുന്നില്ല. വല്യേട്ടന്റെ നിലപാടിനൊപ്പിച്ച് നിലയും പാടും മാറ്റാന്‍ സി പി ഐ നേതൃത്വം ശീലിച്ചിരുന്നു.
വീണ്ടും വിഠല്‍ ഭായ് പടേല്‍ ഹൌസിലേക്ക് മടങ്ങുക. പിതൃഭൂമിയിലെ പെരിസ്റ്റ് റോയ്കയും ഗ്ലാസ് നോസ്റ്റും സി പി ഐ ചിന്താകേന്ദ്രത്തെ നടുക്കടലില്‍ എടുത്തെറിഞ്ഞതുപോലെ. പാര്‍ടി പരിപാടിയും ഭരണഘടനയും പൊളിച്ചെഴുതുന്ന ചുമതല വിഠല്‍ ഭായ് പടേല്‍ ഹൌസിലെ ഒരു അപാര്‍ട് മെന്റില്‍ താമസിച്ചിരുന്ന മെലിഞ്ഞ, മുന്‍ശുണ്ഠിക്കാരനായ എന്‍ ഈ ബാലറാം എന്ന വേദാന്തപണ്ഡിതനായിരുന്നു. കമ്യൂണിസ്റ്റ് തിയറിയോളം തന്നെ പഥ്യമായിരുന്നു അദ്ദേഹത്തിന് പുതിയ സാഹിത്യം. യൂറോപ്പിലെ പല കമ്യൂണിസ്റ്റ് പാര്‍ടികളും പേരുപോലും മാറ്റിക്കൊണ്ടിരുന്ന കാലത്ത്, സ്വതന്ത്രവായുവും സമീചീനചിന്തയും കൂടുതല്‍ ചെലുത്തിയാലേ
തന്റെ പ്രസ്ഥാനത്തിന് പ്രസക്തി ഉണ്ടാവുകയുള്ളു എന്ന് ബാലറാം വിശ്വസിച്ചു. ഒരു ദിവസം ആരോടെന്നില്ലാതെ അരിശപ്പെട്ടുകൊണ്ട് അദ്ദേഹം പറഞ്ഞൂ: “ഈ ഡെമോക്രറ്റിക് സെന്റ് റലിസം എന്നു പറയുന്നത് പാര്‍ടി സെക്രെടറിയുടെ സ്വേഛാചിപത്യത്തിനുള്ള മറ മാത്രമാകുന്നു. ഇത് ഞാന്‍ തട്ടിക്കളയും...”
തട്ടിപ്പോയത് ശുദ്ധഗതിക്കാരനായ ബാലറാം തന്നെയായിരുന്നു. ഹൈദരാബാദ് സമ്മേളനം അദ്ദേഹത്തിന്റെ നിര്‍ദ്ദേശം തള്ളീ. സെക്രടറിയാകേണ്ടിയിരുന്നയാള്‍ പൊടുന്നനവേ അസ്വീകാര്യനായി. മാറുന്ന സാഹചര്യത്തില്‍ മാറിയും മറഞ്ഞും, വീണ്ടും കരണം മറിഞ്ഞും വിപ്ലവസ്വത്വം നിലനിര്‍ത്താന്‍ സി പി ഐ ശീലിച്ചുകഴിഞ്ഞിരുന്നു. സമ്മേളനത്തിനുശേഷം, ബാലറാമിനോട് ആദരവും ആനുകൂല്യവും ഉണ്ടായിരുന്ന ന്യൂ ഏജ് എഡിറ്റര്‍ പോളി പറയ്ക്കലുമൊത്ത് സെക്കണ്ടരാബാദ് ക്ലബ്ബിലെ ഒരു സായാഹ്നം പങ്കിടുമ്പോള്‍,
ഇങ്ങനെ ഒരു അഭിപ്രായം കേട്ടു:“ബാലറാം പാര്‍ടിയെ അതിവേഗം മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. അത്ര വേഗം കരണം മറിയാനും തിരിയാനും അത്രയേറെ സഖാക്കള്‍ക്ക് ഒറ്റ ശ്വാസത്തില്‍ കഴിയുമോ?”
മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...
5 മാസം മുമ്പ്