2009, ഫെബ്രുവരി 12, വ്യാഴാഴ്‌ച

യയാതിപുരം

അന്‍പത് വയസിന് മുകളിലുള്ള മലയാളം ബ്ലോഗേഴ്സിനായി ഒരു ചങ്ങാതിക്കൂട്ടം - അതാണ് ‘യയാതിപുരം. ’ മലയാളത്തില്‍ ദിനംപ്രതി വര്‍ദ്ധിക്കുന്ന ബ്ലോഗുകളുടെ എണ്ണവും അതിനോടൊപ്പം ഈ രംഗത്തേക്കു വരുന്ന മുതിര്‍ന്നവരായ ബ്ലോഗരമാരേയും നാം കാണുന്നുണ്ട് - പ്രായം കൊണ്ട് മുതിര്‍ന്നവരെങ്കിലും, മനസ്സില്‍ ഇന്നും യൌവനം സൂക്ഷിക്കുന്നവര്‍. പല നവാഗത വയോജകരും പ്രസിദ്ധീകരിക്കുന്ന ബ്ലോഗുകളുടെ വായനയും പ്രതികരണവും വളരെ കുറവാണ് എന്നതാണ് വാസ്തവം. അതുകൊണ്ട് ബ്ലോഗെഴുത്ത് ഉപേക്ഷിച്ച് പിന്‍‌വലിയുന്നവരും ധാരാളം.

അതിലൊരു മാറ്റമുണ്ടാക്കുവാനും ഇവരെ പരസ്പരം ബന്ധിപ്പിക്കുവാനും ഉള്ള ഒരെളിയ ശ്രമമായി ഈ ചങ്ങാതിക്കൂട്ടത്തെ കണക്കാക്കുക. ഈ കൂട്ടായ്മയില്‍ അംഗമാകുവാനുള്ള ഏക നിബന്ധന അന്‍പത് വയസ് പൂര്‍ത്തിയാക്കിയിരിക്കണം എന്നത് മാത്രമാണ്.

നിര്‍‌ദ്ദേശങ്ങള്‍ക്കും പരിഷ്കാരങ്ങള്‍ക്കുമായി ഈ ബ്ലോഗ് സമര്‍പ്പിക്കുന്നു. ഇവിടുത്തെ അംഗങ്ങള്‍ക്ക്‌ വ്യത്യസ്തവിഷയങ്ങളിലുള്ള വീക്ഷണങ്ങള്‍ ഇവിടെത്തന്നെ ഒരു പോസ്റ്റിലൂടെ പങ്കുവയ്ക്കാവുന്നതാണ്. വിശ്രമജീവിതത്തിനിടയില്‍ വായനക്കായി ധാരാളം സമയമുള്ളവരാണ് നിങ്ങളില്‍ പലരും. നിങ്ങളുടെ ബ്ലോഗ്‌ വായനയ്ക്കിടയില്‍ കണ്ടെത്തിയ നല്ല നല്ല പോസ്റ്റുകളുടെ ഒരു ചെറുവിവരണവും ലിങ്കും തയ്യാറാക്കി ബൂലോകരെ അറിയിക്കാം, ഇവിടെ നിങ്ങള്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുവാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ ബ്ലോഗില്‍ നിങ്ങള്‍ പുതിയതായി പോസ്റ്റു ചെയ്ത കാര്യങ്ങളുടെ ഒരു സംക്ഷിപ്തം ഇവിടെ അവതരിപ്പിച്ച്‌ അവയുടെ ഒറിജിനല്‍ പോസ്റ്റിലേക്കുള്ള ലിങ്കുകള്‍ നല്‍കുകയുമാവാം.

ഇതോടൊപ്പം തന്നെ യായാതിപുരത്തിലെ അംഗങ്ങള്‍ക്കായി ഒരു ഗൂഗിള്‍ ഗ്രൂപ്പും ആരംഭിച്ചിരിക്കുന്നു. ഈ ഗ്രൂപ്പില്‍ നിങ്ങള്‍ അംഗമായതിനു ശേഷം നിങ്ങളുടെ ബ്ലോഗില്‍ നിന്നുള്ള കമന്റുകള്‍, ഈ ബ്ലോഗില്‍ നിന്നുള്ള കമന്റുകള്‍, പൊതു താല്‍പര്യമുള്ള വിഷയങ്ങളില്‍ ഇ-മെയിലുകള്‍ തുടങ്ങിയവ ചങ്ങാതിക്കൂട്ടത്തിലെ അംഗങ്ങളൂമായി പങ്കുവയ്ക്കാവുന്നതുമാണ്‌.

‘ചങ്ങാതിക്കൂട്ടം‘ എന്ന ആശയത്തിനര്‍ത്ഥം, ഇതിലെ അംഗങ്ങള്‍ പൊതുധാരാ ബ്ലോഗുകളില്‍ നിന്ന് വേറിട്ട് രാഷ്ട്രീയപാര്‍ട്ടികളിലെ ഗ്രൂപ്പുകള്‍ പോലെ നില്‍ക്കും എന്നല്ല. ഇതിലെ എല്ലാ അംഗങ്ങള്‍ക്കും അവരവരുടെ ബ്ലോഗുകള്‍ സ്വന്തമായി നിലനിര്‍ത്തിക്കൊണ്ടുതന്നെ ഈ ക്ലബില്‍ ഒരു അംഗമായി കൂടുകയും, അതുവഴി അവരുടെ സുഹൃദ്സംഘം കുറേക്കൂടി വിപുലമാക്കുകയും ചെയ്യാം എന്നതുമാത്രമാണ് ഇതിന്റെ ഉദ്ദേശം.

ഈ ബ്ലോഗില്‍ അംഗങ്ങളാകുവാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട വിലാസം - elderskerala@gmail.com. നിങ്ങളുടെ ഇ-മെയിലിലേക്ക്‌ ഒരു ഇന്‍വിറ്റേഷന്‍ ഞങ്ങള്‍ അയച്ചു തരുന്നതായിരിക്കും. അത്‌ ആക്സെപ്റ്റ്‌ ചെയ്യുക. ഗ്രൂപ്പ്‌ ബ്ലോഗുകള്‍ എന്നാലെന്തെന്നും അവയില്‍ അംഗങ്ങളാകുന്നതിന്റെ സ്റ്റെപ്പുകള്‍ എന്തൊക്കെയെന്നും സംശയങ്ങളുള്ളവര്‍ ഈ പോസ്റ്റ് വായിച്ചു നോക്കുക.