2009, മേയ് 31, ഞായറാഴ്‌ച

രോഗി മരിച്ചാല്‍....

രോഗി മരിച്ചാല്‍....
ചികില്‍സയെത്തുടര്‍ന്നും അതെത്ര നിസ്സാരചികില്‍സയാണെങ്കിലും
ശസ്ത്രക്രിയകളെത്തുടര്‍ന്നും വലുതുചെറുതു വ്യത്യാസം നോക്കതെ തന്നെ
രോഗി മരണമടയാം. കാരണം വ്യതസ്ഥമായിരുക്കാം .
നല്ല ആരോഗ്യമുള്ളഹൃദയത്തിലും കരളിലും രക്തത്തിലും തകരാര്‍
ഒന്നു മില്ലാത്ത ആള്‍,നോര്‍മല്‍ ക്രിയേറ്റിന്‍ നിലവാരമുള്ള ആള്‍,
ശസ്ത്രക്രിയാ സമയത്തോ അതിശേഷമോ മരണമടയാം.

ഔഷധം(ഗുളിക)കഴിച്ചു മരണമടയാം.കുത്തിവയ്പ്പെടുത്താല്‍ മരണമടയാം.
പെന്‍സിലിന്‍,ലിവര്‍ എക്റ്റ്രാക്റ്റ്,ബരല്‍ഗാന്‍ എന്നിവ എടുത്തു
മരിച്ചവര്‍ നിരവധി,ബരല്‍ഗാന്‍ ഗുളിക കഴിച്ചും ചിലര്‍ മരിച്ചു.

പ്രസവം രോഗമല്ല,സാധാരണ ശരീര ധര്‍മ്മം.
എന്നാല്‍ പ്രസവസമയത്തും അതിനുശേഷവും മാതാവു മരണമടയാം.
കുഞ്ഞുമരിച്ചു പോകാം.അപൂര്‍വ്വമായി ഇരുവരും മരിക്കാം.
ഇതെല്ലാം സംഭവിക്കാം,സംഭവിക്കാറുണ്ട് എന്ന്‍ എല്ലാവരും
രോഗികളും ബന്ധുക്കളും മാധ്യമങ്ങളും മന്‍സ്സിലാക്കണം.
നാല്‍പ്പതു വര്‍ഷത്തിനിടയില്‍ നാലു പ്രസവമരണങ്ങള്‍ക്കു
ഞാന്‍ ദൃക്സാക്ഷിയായിട്ടുണ്ട്.
നമ്മുടെ നാട്ടില്‍ മാത്രമല്ല ഏതു നാട്ടിലും ഇതു തന്നെ സ്ഥിതി.
പണ്ട് നമ്മുടെ ഒരു മന്ത്രിയെ ഹൃദയ ശസ്ത്രക്രിയയ്ക്കു
വിദേശത്തു കൊണ്ടു പോയി.തിരിച്ചെത്തിയതു ശവശരീരം.
അവിടെയും ആശുപത്രിമരണം കള്ളനെപ്പോലെ കടന്നു വരാറുണ്ട്.
ചുരുക്കത്തില്‍ രോഗ ചികിസ അപകടരഹിതമല്ല
എന്നേവരും മന്‍സ്സിലാക്കുക.
ചികില്‍സാസമയത്തും ശസ്ത്രക്രിയാസമയത്തും
ഏതൊരാളും മരിക്കാം.
പ്രസവസമയത്ത് ഏതൊരു സ്ത്രീയും മരണമടയാം.
ആശുപത്രിയാണൊ മരണവും നടക്കും.

2009, മേയ് 29, വെള്ളിയാഴ്‌ച

ടി പദ്മനാഭന്‍ കള്ളം പറയുന്നു.


കീഴാളര്‍ക്കു വായനയുടെ വാതില്‍ തുറന്നതു
മുട്ടത്തു വര്‍ക്കി എന്ന ടി പദ്മനാഭന്‍റെ വാദം
തികച്ചും തെറ്റാണ്.
മനോരമ ആഴ്ചപ്പതിപ്പില്‍ ഒന്നിനു പുറകേ ഒന്നായി
വന്നിരുന്ന ജീവിതം ആരംഭിക്കുന്നു,ഈ അരയേക്കര്‍
നിന്‍ടേതാണ്,പമ്പാനദി പാഞ്ഞൊഴുകുന്നു,ഭാര്യ
തുടങ്ങിയ മനോരമ വാരികയിലെ നീണ്ട കഥകളിലൂടെ അന്‍പതുകളില്‍
മലയാളത്തിലെ ജനപ്രിയ സാഹിത്യകാരന്മാരില്‍ മുന്‍പന്തിയില്‍
നിന്നിരുന്ന എഴുത്തുകാരനായിരുന്ന കാനം ഈ.ജെ.


ആ സ്ഥാനത്തിനര്‍ഹന്‍

പക്ഷേ അദ്ദേഹത്തിനു പിന്നാലെ അധികം വായനക്കാര്‍
ഇല്ലാതിരുന്ന, തികച്ചും "കത്തോലിക്ക" ദിനപ്പത്രമായയിരുന്ന
ദീപികയുടെ വാരാന്ത്യപ്പതിപ്പിലൂടെ മയിലാടും കുന്നും
പാടാത്ത പൈങ്കിളിയും എഴുതിയ മുട്ടത്തുവര്‍ക്കി
എന്ന മുണ്ടക്കയത്തെ തടിമില്‍ തൊഴിലാളിക്ക് അര്‍ഹിക്കുന്നതിലും
അധികം പ്രാധാന്യം കൊടുക്കയും
പട്ടാളക്കാരനും പിന്നീട് അധ്യാപകനും ആയിരുന്ന
കാനം ഈ.ജെ.ഫിലിപ്പിന് അന്നും ഇന്നും അര്‍ഹിച്ച
സ്ഥാനം കൊടുക്കാതിരിക്കയും ചെയ്തു.
 



"മനോരാജ്യം" എന്ന പേരില്‍ ഒരു "മ" പ്രസിദ്ധീകരണം
ഈ.ജെ കോട്ടയത്തു നിന്നും സ്വന്തമായും തുടങ്ങി.
അദ്ദേഹത്തിനെ ഭാര്യ അക്കാലത്തു റിക്കാര്‍ഡ് വിജയം
കണ്ട ചലച്ചിത്രമായിരുന്നു.തിരുവല്ലയിലെ അമ്മളുകുട്ടി
കൊലക്കേസ്സിനെ ആധാരമാക്കി എഴുതിയ നീണ്ടകഥയുടെ
ചലചിത്രാവിഷ്കാരം
വയലാറിന്‍റെ" പെരിയാറേ..." എന്നു തുടങ്ങുന്ന
പ്രസിദ്ധഗാനം(സത്യനും രാഗിണിയും കുഞ്ചാക്കോ ബോബനും)
ഭാര്യയിലേതായിരുന്നു.
 



(പില്‍ക്കാലത്ത് അത് കേരളഭൂഷണം ജോര്‍ജു തോമസ്സും
റേച്ചല്‍ തോമസ്സും ,അതിനു ശേഷം ഗുഡ്നൈറ്റ് മോഹനും
 

അതു കൈവശമാക്കി;എങ്കിലും നിലച്ചു പോയി)
Preface of his 1st Book
published on 1st March 1950
 

2009, മേയ് 28, വ്യാഴാഴ്‌ച

After 62 long years

 


62 കൊല്ലത്തിനിടെ അവര്‍ പലരേയും ജയിപ്പിച്ചു വിട്ടു.
കൃഷ്ണമേനോന്‍,"നീല"ന്‍,പന്ന്യന്‍,ചാള്‍സ്എന്നിങ്ങനെ
പലരേയും.62 കൊല്ലം കഴിഞ്ഞ് ഒരു പാലക്കാടുകാരന്‍
വിശ്വപൗരന്‍ വരേണ്ടി വന്നു മന്ത്രിസ്ഥാനം കിട്ടാന്‍.
മന്ത്രിയാകേണ്ടിയിരുന്ന സുധീരനെ തോല്‍പ്പിച്ചു
മനോജിനെ വിജയിപ്പിച്ച ആലപ്പുഴക്കാരുടെ
ആനമണ്ടത്തരം ഏതായാലും അനന്തപുരിക്കാര്‍
കാട്ടിയില്ല.മല്യാളികള്‍ക്കെല്ലാം ആശ്വസിക്കാം.
തരൂര്‍ ഒരു "കുട്ടി പ്രധാനമന്ത്രി"യാകട്ടെ.
നമുക്കു പ്രാര്‍ഥിക്കാം

മക്രോണി രാജന്‍

മക്രോണി രാജന്‍


ലണ്ടന്‍ബത്തേരിയിലെ ലുത്തിനിയകള്‍-എന്‍.എസ്സ്.മാധവന്‍
മക്രോണി രാജന്‍

"കോണ്‍ഗ്രസ്സുകാര്‍ക്കും മറ്റുപ്രതിപക്ഷക്കാര്‍ക്കും
കമ്മ്യൂണിസ്റ്റ് ഗവണ്മെറിനെ കളിയാക്കാന്‍
മക്രോണിയെ ഉപകരണമാക്കി.
"മക്രോണികള്‍" എന്നു വിളിക്കുന്നതുവരെ ആ കളിയാക്കല്‍
വ്യാപിച്ചു.
അരി കിട്ടാത്ത ജങ്ങളുടെ മുമ്പാകെ മക്രോണി പ്രചരിപ്പിക്കുന്നതിനെ
കളിയാക്കിയാണ്" മക്രോണി രാജന്‍" എന്ന കഥാപ്രസംഗകന്‍
നടത്തിയ പ്രചരണത്തിന്‍റെ സാമ്പിള്‍ ഞാന്‍ ആദ്യം കേട്ടത്
കന്റോണ്മെന്റ് ഹൗസ്സില്‍ നിന്നായിരുന്നു.അവിടെ ആഭ്യന്തര
മന്ത്രിയായിരുന്ന കൃഷ്ണയ്യരെ കേള്‍പ്പിക്കാന്‍ വേണ്ടി ഐ.ജി
ആയിരുന്ന ശ്രീനിവാസന്‍ രഹസ്യമായി ആലേഖനം ചെയ്തു
കൊണ്ടുവന്ന ടേപ്പ് റിക്കോര്‍ഡര്‍ കേള്‍ക്കയായിരുന്നു.
ബഹുരസികന്‍ രാഷ്ട്രീയ പ്രചാരണം.
ആളുകല്‍ ആര്‍ത്തു ചിരിക്കുന്നു.
കയ്യടിക്കുന്നു.മക്രോണി രാജന് അക്കാലത്തെ കോണ്‍ഗ്രസ്സ്
യോഗങ്ങളില്‍ വലിയ പ്രിയമായിരുന്നു"

"ഭരണം പാളിച്ചകളും വീഴ്ചകളും"- പവനന്‍റെ ആത്മകഥ
പേജ് 527 കറന്റ് ബുക്സ് 200
"ഞങ്ങടെ നാട്ടിലെ തെങ്ങിനു കുറുകെ
തെങ്ങൊന്നു കാറ്റത്തു വീണു,
തെങ്ങിന്‍റെ പാലം ഉല്‍ഘാടനത്തിനായി
വരൂ മന്ത്രീ,മജീദു മന്ത്രീ, വന്നാട്ടെ"

തുടങ്ങിയ പാട്ടുകള്‍ കുട്ടികള്‍ പാടി നടന്നിരുന്നു.
ആലപ്പുഴക്കാരന്‍ രാജപ്പന്‍പിള്ള എന്ന മക്രോണി രാജനെ
രാഷ്ട്രീയവിരോധികള്‍
വിഷം നല്‍കി കൊല്ലുക ആയിരുന്നത്രേ.

2009, മേയ് 26, ചൊവ്വാഴ്ച

അതിജീവനം

Survival of the fittest

'gconnect' എന്ന സൈറ്റില്‍ നിന്നും മെയിലായി കിട്ടിയ ഒരു വീഡിയോ ക്ലിപ്പിംഗ് ആണിത്. കണ്ടിരിക്കേണ്ടത്. ഒട്ടും സമയ നഷ്ടമാകില്ല.

2009, മേയ് 24, ഞായറാഴ്‌ച

കേന്ദ്ര വയോജനനിയമം സംസ്ഥാനത്ത്‌ നടപ്പാക്കുന്നില്ല

കോഴിക്കോട്‌: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വയോജനനിയമം കേരളത്തില്‍ നടപ്പാക്കുന്നില്ല. 2008 സപ്‌തംബര്‍ 24ന്‌ നിയമം കേരളം അംഗീകരിച്ചെങ്കിലും അതുസംബന്ധിച്ച ചട്ടങ്ങള്‍ ഇനിയും രൂപവത്‌കരിക്കാത്തതാണ്‌ കാരണം. നിയമാംഗീകാരം നടന്ന്‌ രണ്ടുവര്‍ഷത്തിനുള്ളില്‍ ചട്ടങ്ങള്‍ ഉണ്ടാക്കേണ്ടതാണെന്നാണ്‌ കേന്ദ്രം നിഷ്‌കര്‍ഷിക്കുന്നത്‌. എട്ടുമാസം കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച്‌ ഒരു നീക്കവും ഉണ്ടായിട്ടില്ല. നിയമത്തിലെ 23-ാം ഉപവകുപ്പിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടെടുത്തിട്ടില്ല. നിയമം മുന്‍കാലപ്രാബല്യത്തോടെ നടപ്പാക്കുന്നത്‌ സംബന്ധിച്ചുള്ളതാണ്‌ വകുപ്പ്‌. സംസ്ഥാനസര്‍ക്കാര്‍ 2006 ഡിസംബര്‍ അഞ്ചിന്‌ പ്രഖ്യാപിച്ച വയോജനനയം ആവശ്യമില്ലെന്ന്‌ കേരളംതന്നെ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ഫലത്തില്‍ രണ്ടു നിയമത്തിന്റെയും ഗുണം സംസ്ഥാനത്തിന്‌ ലഭിക്കാത്ത സാഹചര്യമാണുള്ളത്‌.

രാജ്യത്തെ വയോജനങ്ങള്‍ക്ക്‌ കോടതികള്‍ കയറിയിറങ്ങേണ്ടിവരുന്ന പ്രധാന കാരണങ്ങളിലൊന്നായ വസ്‌തുദാനവും സംരക്ഷണാവകാശവും സംബന്ധിച്ച്‌ സുപ്രധാനമായ വ്യവസ്ഥയാണ്‌ സെക്ഷന്‍ 23(1)ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. നിലവില്‍ രാജ്യത്തുള്ള വസ്‌തുകൈമാറ്റ നിയമത്തില്‍നിന്ന്‌ വ്യത്യസ്‌തമായി സംരക്ഷണ ഉപാധിയോടെ വയോജനങ്ങള്‍ സ്വത്തുദാനം ചെയ്‌താല്‍ വസ്‌തുകൈമാറ്റം ചെയ്‌തുകിട്ടിയ ആള്‍ക്ക്‌ ഈ സംരക്ഷണം നല്‍കാനുള്ള ബാധ്യതയുണ്ടാവും. വസ്‌തുകൈമാറ്റം ചെയ്‌തുകിട്ടിയ ആള്‍ ഈ സംരക്ഷണം നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ കൈാമാറ്റം സാധുവല്ലെന്ന്‌ പ്രഖ്യാപിക്കാനുള്ള അധികാരം വയോജനങ്ങള്‍ക്ക്‌ ഉണ്ടാവുമെന്ന്‌ നിയമം വ്യക്തമാക്കുന്നു. എന്നാല്‍, ഈ പരിരക്ഷ നിയമം നടപ്പില്‍ വന്നതിനുശേഷമുള്ള കൈമാറ്റങ്ങള്‍ക്കാണ്‌ ബാധകമാക്കിയിട്ടുള്ളത്‌. ഇത്‌ മുന്‍കാലപ്രാബല്യത്തോടെ ബാധകമാക്കണമെങ്കില്‍ സെക്ഷന്‍ 23ല്‍ ഭേദഗതി വരുത്തണം. ഇക്കാര്യത്തില്‍ കേരളം ഇനിയും വ്യക്തമായ നിലപാട്‌ സ്വീകരിച്ചിട്ടില്ല.

അതേസമയം കേന്ദ്രനിയമം സംസ്ഥാനത്തിന്‌ അനുയോജ്യമായ രീതിയില്‍ ഭേദഗതി ചെയ്യാമെന്ന്‌ വയോജനനിയമംതന്നെ സെക്ഷന്‍ 29 ലൂടെ വ്യക്തമാക്കുന്നുണ്ട്‌. പക്ഷേ, കേന്ദ്രം മൂലനിയമത്തില്‍ മുന്‍കാലപ്രാബല്യം വ്യവസ്ഥചെയ്യാതിരിക്കെ കേരളം അതിന്‌ താത്‌പര്യമെടുക്കേണ്ട എന്ന അഭിപ്രായവും ചില കേന്ദ്രങ്ങള്‍ സര്‍ക്കാറിനെ അറിയിച്ചതായി സൂചനയുണ്ട്‌. കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങി സംസ്ഥാനത്തിന്‌ സെക്ഷന്‍ 23 ഭേദഗതിചെയ്യാന്‍ കഴിയും. ഇതുപോലെ വസ്‌തുകൈമാറ്റങ്ങള്‍ ഉപാധിരഹിതമായാലും സംരക്ഷണപരിരക്ഷ ബാധകമാക്കണം എന്നും വയോജനങ്ങള്‍ ആവശ്യപ്പെടുന്നു.

വയോജനങ്ങള്‍ക്ക്‌ ഒട്ടേറെ അവകാശങ്ങളും ആനുകൂല്യവും ഉറപ്പാക്കുന്നതാണ്‌ പുതിയ വയോജന നിയമം. വയോജനങ്ങള്‍ നേരിട്ടോ 1860ലെ സൊസൈറ്റി ആക്ട്‌ പ്രകാരം രജിസ്റ്റര്‍ ചെയ്‌ത സന്നദ്ധസംഘടനകള്‍ വഴിയോ സെക്ഷന്‍ ഏഴ്‌ പ്രകാരം രൂപവത്‌കരിക്കപ്പെടുന്ന ട്രൈബ്യൂണലില്‍ പരാതി നല്‍കാം. തീരുമാനമെടുക്കുന്നതില്‍ കാലതാമസം വന്നാല്‍ ഇടക്കാലാശ്വാസം അനുവദിക്കും.

60 വയസ്സ്‌ കഴിഞ്ഞ വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ പിഴസഹിതം തടവുശിക്ഷയ്‌ക്ക്‌ വിധേയമാക്കാനും 10,000 രൂപവരെ സംരക്ഷണച്ചെലവ്‌ നല്‍കാനും ദാനം ചെയ്‌ത വസ്‌തുക്കള്‍ തിരിച്ചുപിടിക്കാനും പുതിയ നിയമം വ്യവസ്ഥചെയ്യുന്നുണ്ട്‌. നിയമം സംസ്ഥാന സര്‍ക്കാറുകള്‍ അംഗീകരിച്ച്‌ ആറുമാസത്തിനകം ജില്ലകളില്‍ സബ്‌ഡിവിഷണല്‍ ഓഫീസറുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ വയോജനക്ഷേമ ട്രൈബ്യൂണലായി നിയമിക്കണം. ഇക്കാര്യത്തില്‍ കേരളം ഇതേവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.

ജില്ലാ ആസ്‌പത്രികളില്‍ പ്രത്യേക ചികിത്സാസൗകര്യങ്ങള്‍ ഉള്‍പ്പെടെ വയോജനങ്ങളുടെ സമഗ്രമായ ക്ഷേമവും സംരക്ഷണവും നിയമം ഉറപ്പുവരുത്തുന്നു.

ജനസംഖ്യാനുപാതികമായി രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ വൃദ്ധജനങ്ങള്‍ 12.5 ലക്ഷം ഉള്ള സംസ്ഥാനമാണ്‌ കേരളം. പുതിയ നിയമം നടപ്പാക്കാന്‍ സംസ്ഥാനം നടപടി കൈക്കൊള്ളാത്തതിനാല്‍ പതിവുപോലെ കുടുംബകോടതികള്‍ കയറിയിറങ്ങുകയാണ്‌ വയോജനങ്ങള്‍.
കടപ്പാട് - മാതൃഭൂമി

2009, മേയ് 23, ശനിയാഴ്‌ച

സുതാര്യമാവട്ടേ എഴുത്തുകള്‍

സുതാര്യമാവട്ടേ എഴുത്തുകള്‍

ഭരണകാര്യങ്ങളില്‍ മാത്രം മതിയോ സുതാര്യത?
എഴുത്തുകാരും സുതാര്യതക്കു പ്രാധാന്യം
കൊടുക്കേണ്ടേ?
അന്തരിച്ച വി.കെ.മാധവന്‍ കുട്ടി,അദ്ദേഹം താമസ്സിച്ചിരുന്ന പ്ലാറ്റില്‍
സെക്സ് ബ്രേക്കിനു പതിവായി ചെന്നിരുന്ന
പ്രശസ്തനായ എം.പി യുടെ പേര്‍ വെളിപ്പെടുത്തിയില്ല.
ഉയര്‍ന്നുവരേണ്ട അദ്ദേഹത്തിന്‍റെ കൊച്ചുമക്കള്‍ക്കു മോശമാവും
എന്നു പറഞ്ഞു തടിതപ്പാം.
എന്നാല്‍ പ്രശസ്തന്യൂറോസര്‍ജന്‍ കെ.രാജശേഖരന്‍ നായര്‍
സ്വന്തമായി മാസിക നടത്തിയിരുന്ന അസാമാന്യ ഓര്‍മ്മ ശക്തിയുണ്ടായിരുന്ന
ആ പത്രപ്രവര്‍ത്തകന്‍റെ പേര്‍ കെ.എന്ന അക്ഷരത്തില്‍ ഒതുക്കിയതു ശരിയായില്ല.
ഓര്‍മ്മ ശക്തി സെക്സ് ബ്രേക് പോലെ മോശമായ കാര്യമൊന്നുമല്ലല്ലോ

Raindrops | മഴത്തുള്ളികള്‍

2009, മേയ് 22, വെള്ളിയാഴ്‌ച

റിച്ചാര്‍ഡ് എന്ന യൂറോപ്യന്‍ ഡോക്ടര്‍

റിച്ചാര്‍ഡ് എന്ന യൂറോപ്യന്‍ ഡോക്ടര്‍

അറുപത്തിയഞ്ചു വര്‍ഷം മുമ്പു 1944 ല്‍ കാനം
എന്ന കുഗ്രാമത്തില്‍ ഞാന്‍ ജനിക്കുമ്പോള്‍,
മോശമല്ലാത്ത വൈദ്യസഹായം അവിടെ ലഭിക്കുമായിരുന്നു.

പടിഞ്ഞാറ്റുപകുതിയില്‍ കളപ്പുരയിടം വക പുരയിടത്തില്‍
കുടികിടപ്പുകാരനായിരുന്ന ഫീലിപ്പോസ് വൈദ്യന്‍ നേത്രചികിസകനായിരുന്നു.
അദ്ദേഹത്തിന്‍റെ കൊച്ചുമകനായിരുന്നു പില്‍ക്കാലത്തു മനോരമ വാരികയിലെ
നീണ്ടകഥകള്‍ വഴി പ്രസിദ്ധനായ കാനം ഈ.ജെ.ഫിലിപ്.


(അദ്ദേഹത്തിന്‍റെ ആദ്യകൃതിയായ ബാഷ്പാഞ്ജലിയിലെ
"കുടിയിറക്ക്" എന്ന കവിത അവിടെ നിന്നും കുടിയിറക്കപ്പെട്ടതിനെ
ആസ്പദമാക്കി എഴുതിയതാണത്രേ.)

പാതിപ്പലത്തു നിന്നും വന്നു മുളയ്ക്കകുന്നേല്‍ താമസ്സിച്ചിരുന്ന പാപ്പി വൈദ്യന്‍
കല്‍ക്കട്ടയില്‍ നിന്നും മരുന്നു വരുത്തി ഹോമിയോ ചികിസ നല്‍കിയിരുന്നു.
പ്രതിഫലം ചോദിച്ചു വാങ്ങിയിരുന്നില്ല.കിട്ടന്നതു വാങ്ങും.ചെട്ടിയാരു കുന്നേല്‍
താമസ്സിച്ചിരുന്ന ഇളമ്പള്ളിക്കാരന്‍ മമ്പഴ അയ്യപ്പന്‍ നായര്‍ വൈദ്യന്‍
നാട്ടുചികിസ നല്‍കിയിരുന്നു.ശിഷ്യന്‍ എഴുത്തുകല്ലുങ്കല്‍ വൈദ്യന്‍
(വട്ടോമ്മാക്കല്‍ നാരായണന്‍ വൈദ്യന്‍) ഏറെ പ്രസിദ്ധനായി.ഐപ്പ് വൈദ്യന്‍,
തണുങ്ങുമ്പാറ ജോസഫ് വൈദ്യന്‍,പുത്തന്‍പുരയ്ക്കല്‍ പരമുനായര്‍
(ഒടിവു,ചതവു,തിരുമ്മല്‍),കുട്ടപ്പന്‍ നായര്‍(വിഷചികില്‍സ) വേലായുധന്‍ നായര്‍
("ഉടന്‍ കൊല്ലി" എന്നും പരിഹസിച്ചു വിളിക്കപ്പെട്ടിരുന്ന കൊച്ചുകളപ്പുരയിടത്തില്‍
അനിയന്‍)എന്നിവരും ചികിസ നല്‍കിയിരുന്നു.

ഞാന്‍ ജനിച്ചതു കാനം ഷണ്മുഖവിലാസം പ്രൈമറിസ്കൂളിനു സമീപമുള്ള
"കൊച്ചുകാഞ്ഞിരപ്പാറ" എന്ന ഗൃഹത്തില്‍.ചിത്തിര പിറന്നതിനാലാവും
അത്തറ ഇന്നില്ല. ഒരു മൈല്‍ തെക്കു പടിഞ്ഞാറായി "കാഞ്ഞിരപ്പാറ" എന്നൊരു
സ്ഥലമുണ്ട്.കങ്ങഴ ഹോസ്പിറ്റലിനു സമീപം. 65 കൊല്ലം മുമ്പ് അവിടെ
ഇംഗ്ലീഷ് ചികിസ കിട്ടിയിരുന്നു.സാല്‍വേഷന്‍ ആര്‍മിക്കാരുടെ വകയായി അവിടെ
ഇംഗ്ലീഷ് ചികില്‍സ നല്‍കുന്ന ചെറിയൊരാശുപത്രി ഉണ്ടായിരുന്നു.മുത്തയ്യ,തങ്കയ്യ
എന്ന രണ്ട് കമ്പൗണ്ടറന്മാര്‍ അവിടെ സേവനം അനുഷ്ടിച്ചിരുന്നു. സൈക്കിളില്‍
വീടുകളിലെത്തി അവര്‍ ചികിസ നടത്തി.

രണ്ടു വര്‍ഷം മുമ്പു കാനംകാരനായ കാര്‍ട്ടൂണിസ്റ്റ് നാഥനും(പന്തപ്ലാക്കല്‍
കൊച്ചുകൃഷ്ണപ്പണിക്കരുടെ മകനും എന്‍റെ സഹപാഠി കെ.ഗോപിനാഥന്‍ നായരുടെ
ജ്യേഷ്ഠനും ആയ എഞ്ചിനീയര്‍ കെ.സോമനാഥന്‍ നായര്‍)ഞാനും കൂടി രണ്ടു
ഞായാറാഴ്ചകളില്‍കാനത്തില്‍ പണ്ടു സഞ്ചരിച്ച വഴികളിലൂടെയെല്ലാം വീണ്ടുമൊന്നു സഞ്ചരിച്ചു
പഴയ മുഖങ്ങളെ തെരയുകയുണ്ടായി. അപ്പോള്‍ കിട്ടിയ വിവരം വളരെ രസകരമായിരുന്നു.
നാഥന്‍റെ സഹപാഠി പൊന്നംതാനം ജോസഫിന്‍റെ കാഞ്ഞിരപ്പാറയിലെ കുടുംബ വീട്ടിലായിരുന്നു
സാല്‍ വേഷന്‍ ആര്‍മികാരുടെ ആശുപത്രി.അവിടെ കുറേ നാള്‍ റിച്ചാര്‍ഡ് എന്നൊരു യൂറോപ്യന്‍
ഡോക്ടര്‍ സേവനം അനുഷ്ടിച്ചിരുന്നു.നടന്നും സൈക്കിളില്‍ പോയും അദ്ദേഹം പ്രസവപരിചരണം
ഉള്‍പ്പടെയുള്ള ആധുനിക ചികില്‍സ നകിയിരുന്നു,നാഥന്‍റെ ഭാര്യ ഗീതയുടെ മാതൃസഹോദരി
ആനിക്കാടു വടുതല കല്ലാല്‍ സന്ദ്ധ്യാവലിയുടെ വിഷമം പിടിച്ച പ്രസവം എടുത്തത് ഈ യൂറോപ്യന്‍
ഡോക്ടര്‍ ആയിരുന്നു. ഭര്‍ത്താവു പൊന്‍കുന്നം ആണ്ടുമഠത്തില്‍ കേശവന്‍ നായര്‍
സ്വാമി നാരായണന്‍ എന്നു പില്‍ക്കാലത്തറിയപ്പെട്ട തൊടുപുഴ സി.കെ നാരായണപിള്ള സ്ഥാപിച്ച
ആനിക്കാട് മുക്കാലി സ്കൂളിലെ(ഇപ്പോള്‍ എന്‍.എസ്സ്.എസ്സ്) അധ്യാപകന്‍ ആയിരുന്നു.

ഡോ.റിച്ചാര്‍ഡ് 5 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച് വടുതല വീട്ടില്‍ എത്തി.
വിഷമം പിടിച്ചതിനാല്‍ കൊടില്‍ പ്രയോഗം വേണമെന്നു ഡോക്ടര്‍ പറഞ്ഞു.
ഒരാണ്‍പിറന്ന സായിപ്പിനെ കൊണ്ടു പ്രസവം എടുപ്പിക്കാന്‍ സന്ധ്യാവലിക്കു
മടി.ഭര്‍ത്താവും സമീപത്തു നിന്നാല്‍ സമ്മതം നല്‍കാമെന്നായി അവസാനം.
അങ്ങിനെ ഭര്‍ത്താവിന്‍റെ സാന്നിധ്യത്തില്‍ ഫോര്‍സപ്സ് ഉപയോഗിച്ചു
ഡോ.റിച്ചാര്‍ഡ് ഒരു ആണ്‍കുട്ടിയെ വെളിയില്‍ വരുത്തി.ആ കുട്ടിയ്ക്കു
കൃഷ്ണന്‍ കുട്ടി എന്ന പേരും അദ്ദേഹം നല്‍കി.

കുറേ നാള്‍ കഴിഞ്ഞ് ഡോക്ടര്‍ റിച്ചാര്‍ഡ് വെല്ലൂരിലേക്കു മടങ്ങി.
പക്ഷേ നിരവധി വര്‍ഷക്കാലം കേശവന്‍ നായര്‍ക്കു കൃഷ്ണന്‍ കുട്ടിയുടെ
വിവരം ചോദിച്ചു കത്തുകള്‍അയച്ചിരുന്നു.ആ കുട്ടി ഇന്ന്‍ ആനിക്കാട്
ഫാര്‍മേര്‍സ് ബാങ്കിന്റെ പ്രസിഡന്‍റാണ്.മാതാപിതാക്കള്‍ പേരു പരിഷ്കരിച്ചു.
ഗോപകുമാര്‍-കൃഷ്ണന്‍ കുട്ടിതന്നെ.വയസ്സ് 65.അതാണ് വര്‍ഷം കൃത്യമായി
എഴുതിയത്.
ഡോ.റിച്ചാര്‍ഡ് വെല്ലൂരിലെത്തി ഡോ.സോമര്‍വെല്ലിന്‍റെ മകളെ വിവാഹം കഴിച്ചു
എന്നാണ് കാര്‍ട്ടൂണിസ്റ്റ് നാഥനു കിട്ടിയ വിവരം.
(അന്വേഷണത്തില്‍ അതു ശരിയെന്നു തോന്നുന്നില്ല. ന്യൂറോസര്‍ജന്‍ ഡോക്ടര്‍ കെ.
രാജശേഖരന്‍ നായര്‍ സോമര്‍വെല്ലിനെ കുറിച്ചെഴുതിയതു ശരിയെങ്കില്‍,
അദ്ദേഹത്തിന് ആണ്‍ മക്കള്‍ മാത്രമേ ഉണ്ടായുള്ളു.)

കഴിഞ്ഞ തവണ(2008) യൂക്കെ പര്യടനവേളയില്‍ ഡോക്ടര്‍ റിച്ചാര്‍ഡിനെക്കുറിച്ച്
അന്വേഷിക്കാന്‍ സമയം കിട്ടിയില്ല.ഇത്തവണ(2009) അതിനു കഴിയുമെന്നു
കരുതുന്നു.

ഒരു കാര്യത്തില്‍ എനിക്കതിയായ സന്തോഷമുണ്ട്.65 കൊല്ലം മുമ്പു
ഞാന്‍ ജനിക്കുമ്പോള്‍,ഒരിംഗ്ലീഷ്കാരന്‍ ഡോക്ടര്‍ എന്‍റെ കുഗ്രാമ
ത്തില്‍വന്നു നാട്ടുകാര്‍ക്കു വൈദ്യ സേവനം നടത്തി.പ്രസവപരിചരണം
നടത്തി.കാനംകാരായ എന്‍റെ മകനും (ഗൈനക്കോളജിസ്റ്റ്)
മകളും
(ഫിസിഷ്യന്‍)ഇപ്പോള്‍ ഡോ.റിച്ചാര്‍ഡിന്‍റെ നാട്ടുകാര്‍ക്ക്
ഇംഗ്ലണ്ടില്‍ ചെന്നു, പ്രസവപരിചരണം നടത്തി,വൈദ്യസേവനം നടത്തി
കടപ്പാടു തീര്‍ക്കുന്നു

2009, മേയ് 21, വ്യാഴാഴ്‌ച

ഇടമലയാര്‍ ഇടയുന്നു

ഇടമലയാർ ഇടയുന്നു
കെ ഗോവിന്ദൻ കുട്ടി
കല്പന ഗോപിയെ ക്വെസ്റ്റ്യന്‍ പേപർ ഗോപി എന്നും വിളിക്കുമായിരുന്നു--അദ്ദേഹത്തിന്റെ ഇഷ്ടത്തോടെ. ചോദ്യക്കടലാസ് ചോർത്താൻ മാത്രമല്ല, ഉത്തരം എഴുതിപ്പിച്ച് ഹാളിൽ ഒളിച്ചുകൊണ്ടുപോകാനും വിരുതൻ. “അല്ലാതെ, ഞാൻ എഴുതിയാൽ ഒന്നാം ക്ലാസ് കിട്ടുമോ?” എന്ന് പല്ലവി പോലെ ഗോപിയുടെ ആത്മഗതം. ഒന്നാം ക്ലാസോടെത്തന്നെ തത്വശാസ്ത്രത്തിലോ ഇംഗ്ലിഷ് സാഹിത്യത്തിലോ ബിരുദം നേടി.
പലതരം കരാർ പണി ഏറ്റെടുത്തൂ. ഒടുവിലത്തെ കരാർ പഴയ കൂട്ടുകാരൻ ആർ ബാലകൃഷ്ണ പിള്ളയെ
തോല്പിക്കാനായിരുന്നു, എന്തു വില കൊടുത്തും.
കരാർ ആയാലും അല്ലെങ്കിലും, ഗോപി കമിഴ്ന്നുവീഴാതെത്തന്നെ കാൽ പണം കൈക്കലാക്കുന്ന ആളെന്നാണ് ചീഫ് എൻജിനീർ ഭരതൻ പറയാറ്‌. അതു കേട്ടാൽ ഗോപി ചിരിക്കുകയേ ഉള്ളു--സംഗതി മുഴുവൻ ബോധ്യമല്ലെങ്കിലും. അഹങ്കാരം ലവലേശം കലരാത്ത ഒരുതരം പുഛമായിരുന്നു എപ്പോഴും ഗോപിയുടെ പതിഞ്ഞ
വാക്കുകളിലെ ഈണം. ഏത് സ്ഥപനവുമായി ബന്ധപ്പെടുന്നുവോ, ആ സ്ഥാപനത്തിൽ അദ്ദേഹമറിയാതെ ഈച്ച അനങ്ങില്ല. താങ്ങാൻ വയ്യാത്ത ചില കരാർ ഗോപിയെ ഏല്പിച്ച വൈദ്യുതി ബോർഡ് അങ്ങനെയൊരു സ്ഥാപനമായിരുന്നു.
ഏതോ വനകന്യകയുടെ ശാപമേറ്റതുപോലെയാണ് വൈദ്യുതി ബോർഡിന്റെ ഇടമലയാർ പദ്ധതി. അബദ്ധങ്ങളും ആരോപണങ്ങളുമായി അത് നീണ്ടുനീണ്ടങ്ങനെ പോയി. ഒടുവിൽ അണക്കെട്ടിൽനിന്ന് വൈദ്യുതനിലയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന തുരങ്കം ആദ്യമായി തുറന്നപ്പോഴോ, ദാ നശിച്ച ഒരു ചോർച്ച! ചോർച്ചയുടെ വിവരം പുറത്തുനിന്ന് അറിഞ്ഞ ആദ്യത്തെ ആൾ ഗോപിയായിരുന്നു. രണ്ടാമത്തെ ആൾ ഞാനും--തീർച്ചയായും, ഗോപി വഴി. രാത്രി ഇന്ത്യൻ എക്സ്പ്രസിന്റെ ആദ്യത്തെ എഡിഷൻ അടിക്കാ‍റായപ്പോഴായിരുന്നു ഗോപിയുടെ വിളി:
“നിങ്ങളറിഞ്ഞോ, ഇടമലയാർ ടണൽ അല്പം മുമ്പ് തുറന്നു, ചോർന്നു, അടച്ചു.. ......”
അടുത്ത നിമിഷം ഗോപി തന്നെ തന്ന ഒരു നമ്പറിൽ വിളിച്ചുനോക്കി. പിന്നെ ബോർഡ് മെംബർ ഗണേശ പിള്ളയെ. ഇടമാലയാറിലേക്ക് പുറപ്പെടുകയായിരുന്നു എന്തുകൊണ്ടും സാധുവായ ഗണേശ പിള്ള. ചോർച്ചയുടെ കാരണമോ കാര്യമോ അറിയാത്തതുകൊണ്ട്, അതിന്റെ വിപത്ത് മാത്രം അറിയാവുന്നതുകൊണ്ട്, പിള്ള പരിഭ്രാന്തനായിരുന്നു. ആ പരിഭ്രാന്തി ആവാഹിച്ചുകൊണ്ടെഴുതിയ റിപോ‍ർടിൽ വിവരം കുറച്ചേ ഉണ്ടായിരുന്നുള്ളു. അത്രതന്നെയേ ഉണ്ടായിരുന്നുള്ളു പിറ്റേന്ന് വൈദ്യുതമന്ത്രിയുടെ ചുമതല വഹിച്ചിരുന്ന കെ എം മാണി
നിയമസഭയിൽ നടത്തിയ പ്രസ്താവനയിലും.
ഇടമലയാറിൽ ചോർച്ച. പ്രതിപക്ഷത്തിന് നല്ല കോളായി. ഓരോരുത്തരും ഭാവനാവിലാസം പോലെ ചോർച്ചയുടെ കാരണവും വരാനിരിക്കുന്ന വിപത്തിന്റെ വൈപുല്യവും അപഗ്രഥിച്ചു. അണക്കെട്ടിലാണ് ചോർച്ചയെന്ന് ചിലർ ഉത്സാഹപൂർവം തട്ടിമൂളിച്ചു. അണക്കെട്ട് പൊട്ടിയാൽ എറണാകുളം പട്ടണം വരെ വെള്ളത്തിലാകാമെന്ന് ആരും ധരിച്ചില്ല. എല്ലാവരും ധരിച്ച ഒരു കാര്യം ഇതായിരുന്നു: ഈ ചോർച്ചക്കും ഉത്തരവാദി ആർ ബാലകൃഷ്ണ പിള്ള തന്നെ. എന്താരോപണവും ചാർത്തിക്കൊടുത്താ‍ാൽ വാഴുമെന്ന പരുവത്തിൽ ആയിവരികയായിരുന്നു അതുവരെ
വൈദ്യുതമന്ത്രി ആയിരുന്ന ബാലകൃഷ്ണ പിള്ള. ഒരുകാലത്ത് മീഡിയയുടെ ഇഷ്ടമന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ പതനം നോക്കണേ!
തുരങ്കത്തിൽ ചോർച്ച കണ്ടതോടെ, ബാലകൃഷ്ണ പിള്ള വീണ്ടും വട്ടത്തിലായി--കുറ്റം ആരുടേതായാലും. പതിവുപോലെ ഒരു ജഡ്ജിയെ, കെ സുകുമാരനെ, അന്വേഷണത്തിനു വെച്ചു. അന്വേഷണം അഗാധവും അതിവിപുലവും ആയിരുന്നു. രാവിലെ ഒരു കപ് ചായയുമായി ഗൃഹനാഥന്റെ അരികിൽ എത്തുന്നത് സ്ത്രീയാണെന്ന ഒരൊറ്റ ന്യായത്തിന്മേൽ, വൈദ്യുതി ബോർഡിൽ ഒരു സ്ത്രീ അംഗം കൂടി ഉണ്ടാ‍കണമെന്നുവരെ അദ്ദേഹം പറഞ്ഞുവെച്ചു. അതോടേ ബാലകൃഷ്ണ പിള്ള ഇടമലയാറിനെപ്പറ്റി പറഞ്ഞതും പ്രവർത്തിച്ചതുമെല്ലാം വിമർശിക്കപ്പെട്ടുതുടങ്ങി. ഭൂചലനത്തിനു സാധ്യതയുള്ള ഇടത്ത് പദ്ധതി തുടങ്ങിയത് ആദിമപാപം. പിന്നെ കരാർ കൊടുത്തതിലെ ക്രമക്കേട്. പന്ത്രണ്ടു കിലോമീറ്റർ നീളമുള്ള ഊർജ്ജതുരങ്കം ഉണ്ടാക്കാൻ,
അതിന് പ്രാപ്തി ഇല്ലാത്ത ഒരു സിൽബന്തിയെ ഏല്പിച്ചു എന്നായിരുന്നു ബാലകൃഷ്ണ പിള്ളക്കെതിരെ ഉയർന്ന ഒരു ആരോപണം. ചോർച്ച അതിന് ഉറപ്പേകി. അങ്ങനെ ബാലകൃഷ്ണ പിള്ള ഒരു തരം ഇടമലയാർ വീരനായി. വേറൊരു തരം ഇടമലയാർ വീരനും ആ ചരിത്രസന്ധിയിൽ അവതരിച്ചു: വി എസ് അച്യുതാനന്ദൻ.
സുകുമാരന്റെ വിധിസദൃശമായ റിപോർട് വന്നപ്പോൾ ദേശാഭിമാനി ആഘോഷപൂർവം എഴുതി: വി എസിന്റെ
വിജയം. ശരിയായിരുന്നു; കുറേക്കാലമായി, തുരങ്കം ചോരുന്നതിനും എത്രയോ മുമ്പുമുതൽ, ഇടമലയാറിലെ
തിരിമറികളെപ്പറ്റി വി എസ് പ്രസ്താവന ഇറക്കിവരികയായിരുന്നു. ആ പരമ്പരയിലെ ആദ്യത്തെ പ്രസ്താവന
രചിക്കപ്പെട്ട സ്ഥലമായിരുന്നു ശാന്തിനഗറിലെ പതിനേഴാം നമ്പർ വീട്. അത് കേട്ടെഴുതിയത് ഇപ്പോൾ പ്രസ്
അക്കാഡമി അധ്യക്ഷനായ എസ് ആർ ശക്തിധരൻ. പറഞ്ഞുകൊടുത്തത് ഞാൻ. കർതൃത്വം സന്തോഷപൂർവം
വഹിച്ചത് വി എസ് തന്നെ.
അതിനുശേഷം മൂന്നുനാലു പ്രസ്താവനകളുടെ കൂടി പിന്നിൽ ഞാൻ പ്രേതവേഷം കെട്ടീ. അതൊന്നും വി എസ് ഇപ്പോൾ ഓർക്കാതിരിക്കാനാണ് സാധ്യത. ശക്തിക്കും അതായിരിക്കും സൌകര്യം. അതോർത്തിരിക്കുന്നവർ
രണ്ടുപേർ കാണും: ഇടമലായാറിലെ വൈദ്യുതവിശേഷം എനിക്ക് ആദ്യം പറഞ്ഞുതന്ന വി ജി കെ മേനോനും അദ്ദേഹത്തെ എനിക്കു പരിചയപ്പെടുത്തിത്തന്ന വി വിശ്വനാഥ മേനോനും. രണ്ടുപേരും കൊച്ചി മേയറായിരുന്ന
ബാലചന്ദ്രൻ വഴി ബന്ധുക്കൾ.
സായുധവിപ്ലവത്തിന്റെ നാളുകളിൽ ഇടപ്പള്ളി പൊലിസ് സ്റ്റേഷൻ ആക്രമിച്ച വിശനാഥ മേനോൻ, അലസനും സരസനും ആയി, സൌഹൃദങ്ങളിലും സംഭാഷണങ്ങളിലും അഭിരമിച്ച്, ട്രാൻസ്പോർട് തൊഴിലാളി യൂണിയന്റെ പ്രസിഡന്റായി, മൂവാറ്റുപുഴയിൽനിന്ന് ആ‍ാവശ്യമനുസരിച്ച് മാഞ്ഞാലിക്കുളത്തെ ഓഫീസിൽ വന്നുപോകുന്ന കാലം.
ഒരു ദിവസം സൊറ പറയുന്ന കൂട്ടത്തിൽ വിശ്വനാഥ മേനോൻ പറഞ്ഞു, “വി ജി കെ മേനോൻ അവിടെ വരും, എന്തോ സംസാരിക്കാൻ. ഇടമലയാറിൽ അസിസ്റ്റന്റ് എഗ്സിക്യുടിവ് എഞ്ചിനീർ. ബാലകൃഷ്ണ പിള്ളയുടെ നോട്ടപ്പുള്ളി. എന്റെ ബന്ധു. കഥ കേൾക്കുക. പിന്നെ എന്തെങ്കിലും പറ്റുമോ എന്നു നോക്കുക.”
വി ജി കെ മേനോൻ വന്നു, കണ്ടു, കഥ പറഞ്ഞു. കഥയുടെ ഭാവവും വികാരത്തിന്റെ വേഗവുമുള്ള കഥ, വാർത്തയായി അച്ചടിക്കാൻ വിഷമം തോന്നിയ കഥ. വാസ്തവമാണെങ്കിലും വെളിപാടായി തോന്നാവുന്ന കാര്യം വാർത്തയായി അവതരിപ്പിക്കാൻ പറ്റില്ലല്ലോ. പണ്ടേക്കുപണ്ടേ ഉള്ളതാണ് വാർത്ത വാസ്തവം ആകണമെന്നില്ലെന്ന തോന്നൽ. ആദ്യം അത് തുറന്നടിച്ചത് ധർമപുത്രനായിരുന്നു. യുദ്ധത്തിനുതൊട്ടുമുമ്പ്, വാർത്ത അറിയാനും പറയാനുമൊക്കെയായി സഞ്ജയന്‍ അദ്ദേഹത്തെ ചെന്നുകണ്ടപ്പോൾ, ധർമപുത്രൻ ചോദിച്ചു: “വാർത്തകൾ എന്തൊന്നുള്ളു? വാസ്തവം പറകെടോ.”
ലേഖകന്റെ വെളിപാടുപോലെ മുഴങ്ങാതെ, വാസ്തവം ആയി തോന്നിക്കുന്ന രീതിയിൽ വാർത്ത അവതരിപ്പിക്കണമെന്നുണ്ടെങ്കിൽ, വി ജി കെ മേനോന്റെ കഥ പറയാൻ പറ്റില്ല. നാലാൽ കേൾക്കെ അത് പറയണമെങ്കിൽ, കുറേ തെളിവും വെളിച്ചവുമൊക്കെ വേണ്ടിവരും. അതിനുവേണ്ടീ കത്തിരുന്നാൽ, പക്ഷേ, കഥ പറയപ്പെടാതെ കിടക്കുകയും ചെയ്യും. ആ ഘട്ടത്തിൽ, നിർഭീകനായി, പോരിനുറച്ച്, മാധ്യമങ്ങൾക്ക് പൊതുവേ അധൃഷ്യനായ, ഹാസവും പരിഹാസം സ്വരത്തിന്റെ ഏറ്റിറക്കത്തിൽ മാത്രം ഒതുക്കിക്കളയുന്ന, അന്നത്തെ സി പി എം സംസ്ഥനസെക്രടറിയായ വി എസ് അച്യുതാനന്ദൻ രംഗത്ത് പ്രവേശിക്കുന്നു.
വാർത്ത വിതരണം ചെയ്യുമ്പോൾ ദീക്ഷിക്കേണ്ട വാസ്തവബോധവും പൊതുപ്രശ്നം ഉന്നയിക്കുന്ന രാഷ്ട്രീയപ്രവർത്തകന്റെ സത്യസങ്കല്പവും രണ്ടൂം ഒന്നല്ല. തെളിവ് കാര്യമായില്ലതെ, സംശയത്തിന്റെ വെളിച്ചത്തിൽ ആരോപണം(സി എച് മുഹമ്മദ് കോയ ആ വാക്കിനെ രണ്ടായിപ്പിരിച്ച് “ആരോ പണം” എന്ന് ഉച്ചരിച്ചിരുന്നു) ഉന്നയിക്കുന്നത് രാഷ്ട്രീയത്തിലെ അംഗീകരിക്കപ്പെട്ട ഒരു ആചാരക്രമമാകുന്നു. വായിൽ തോന്നിയതെല്ലാം വിളിച്ചുപറയാമെന്നായാൽ മാധ്യമരംഗം അധമവും രാഷ്ട്രീയം കുളവുമാകുമെന്നു മാത്രം. ഏതായാലൂം വി എസിന്റെ ആ സംഗരം അങ്ങനെയായില്ല.
ഇടമലയാറിലെ ഓളങ്ങൾ പോലെ കഥകളും കാര്യങ്ങളും അങ്ങനെ പുറത്തുവന്നുകൊണ്ടിരുന്നു. കേസുകളുടെ ഊരാക്കുടുക്കിൽ പെട്ട ബാലകൃഷ്ണ പിള്ളക്കുവേണ്ടി ഒരു നിമിഷം ഫലമൊന്നുമില്ലാതെ കോടതിയിൽ എഴുന്നേറ്റുനിൽക്കാൻ മാത്രം ജി രാമസ്വാമിയെ വരുത്തിയ ഇനത്തിൽ ഏഴെട്ടുലക്ഷമെങ്കിലും പൊട്ടിയിരിക്കുമെന്ന് ഒരു കഥ. വേലിയേറ്റത്തിൽ വാങ്ങുകയും വേലിയിറക്കത്തിൽ കാണാതാവുകയും ചെയ്ത മാലിദ്വീപിലെ തുരുത്തിനെപ്പറ്റി ഒരിക്കൽ അന്വേഷണോദ്യോഗസ്ഥനായിരുന്ന യൂസഫ് കുഞ്ഞ് കേട്ടുകേട്ടുപറഞ്ഞ വെറൊരു കഥ.
കഥാസരിത്സാഗരം അങ്ങനെ പരന്നൊഴുകുമ്പോൾ, അതിൽ രക്ഷകനെപ്പോലെ ഒരു രാഷ്ട്രീയപേടകത്തിൽ അച്യുതാനന്ദൻ മുന്നേറിയപ്പോൾ, കഥയിൽ ആദ്യം വെടിപൊട്ടിയ സന്ദർഭം ഓർത്ത്, ഒരിക്കലും വരാത്ത ചിരി ചിരിച്ച്, കല്പന ഗോപി കണ്ണിറൂക്കി. “ഇതൊക്കെ എത്ര കണ്ടിരിക്കുന്നു” എന്ന് അർഥം പകരും മട്ടിൽ വിശ്വനാഥ മേനോന്റെ ശബ്ദം മുഴaങ്ങി. സൂപ്രണ്ടിംഗ് എഞ്ചിനീർ ആയി വിരമിച്ച വി ജി കെ മേനോൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് ആവുകയും, പിന്നെ ആചാരപ്രകാരം ചില്ലറ ചില ആരോപനങ്ങൾക്ക് വിധേയനാവുകയും ചെയ്തു.

[ലേഖകന്‍ ശ്രി.ഗോവിന്ദന്‍ കുട്ടി യയാതികൂട്ടത്തിലെ അംഗമാണ്]

2009, മേയ് 18, തിങ്കളാഴ്‌ച

ട്വിറ്റര്‍ ഇന്നത്തെ ചിന്താവിഷയം

നിങ്ങള്‍ ട്വിറ്ററിനെപ്പറ്റി (Twitter)കേട്ടിട്ടില്ലെങ്കില്‍പരിചയപ്പെടുന്നത് നല്ലതാണ്. നിങ്ങള്‍ ലോകത്തിന്റെ ഏത് കോണിലായിരുന്നാലും അപ്പോഴപ്പോഴുള്ള നിങ്ങളുടെ സന്ദേശങ്ങള്‍ ഡസ്ക് ടോപ്പിലെത്തിക്കുന്നു മറ്റ് അസൌകര്യങ്ങളൊന്നും കൂടാതെ തന്നെ.

നിങ്ങള്‍ ഫയര്‍ഫോക്സാണ് ഉപയോഗിക്കുന്നതെങ്കില്‍ ട്വിറ്ററില്‍ അംഗമാകുകയും ട്വിറ്റര്‍ പോക്സെന്ന ആഡ്ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും മാത്രം ചെയ്താല്‍ മതി. അമേരിക്കയില്‍ ഇരിക്കുന്ന ഡോ. ബ്രിജേഷ് നായര്‍, തിരുവനന്തപുരം എം.പി ഡോ. ശശി തരൂര്‍ എന്നിവര്‍ തങ്ങളെ പിന്തുടരുന്നവര്‍ക്ക് സന്ദേശം കൈമാറുന്നതെങ്ങിനെയെന്ന് ചിത്രത്തില്‍ കാണുക.

2009, മേയ് 16, ശനിയാഴ്‌ച

ശശി തരൂര്‍ മാതൃക കാട്ടുന്നു.

ശശി തരൂര്‍ മാതൃക കാട്ടുന്നു.
മറ്റുള്ളവര്‍ പിന്തുടരുമോ?
 
Posted by Picasa

തികച്ചും ശരിയായ തീരുമാനം എടുത്ത അനതപുരിയിലെ സമ്മതിദായകരെ അനുമോദിക്കുന്നു
നമ്മുടെ പ്രതീക്ഷകള്‍ക്കനുസ്സാരിച്ചു തരൂര്‍ നല്ലൊരു വിദേശകാര്യമന്ത്രിയാകട്ടെ.

2009, മേയ് 13, ബുധനാഴ്‌ച

ഡോക്ടര്‍ ജനദൃഷ്ടിയില്‍

ഡോക്ടര്‍ ജനദൃഷ്ടിയില്‍

ജനത്തിനെല്ലാം ഡോക്ടറന്മാരുടെ സേവനം കിട്ടണം.
ആജീവനാന്തം എന്നു പറഞ്ഞാല്‍ പൂര്‍ണ്ണമാവില്ല.
ചിലപ്പോള്‍ ജനനത്തിനു മുമ്പതു വേണ്ടിവരും.
വന്ധ്യതാ ചികില്‍സ ഉദാഹരണം.ചിലപ്പോള്‍
മരണത്തിനു ശേഷവും.പോസ്റ്റ്മോര്‍ട്ടം ഉദാഹരണം.

എന്നാല്‍ ഡോക്ടറന്മാരെ വിമര്‍ശിക്കുന്നതിനും
കളിയാക്കുന്നതിനും ജനം ലോഭം കാട്ടാറില്ല.
ഡോക്ടറന്മാരുടെ ഒരു വന്‍സദസ്സിനെ അഭിസംബോധന
ചെയ്ത് ആഭ്യന്തര മന്ത്രിയായിരുന്ന സഖാവ് ടി.കെ.
രാമകൃഷ്ണന്‍ പറഞ്ഞു:

"ഡോക്ടറന്മാര്‍ രോഗികളുടെ പള്‍സല്ല,പേര്‍സാണ് നോക്കാറ്‌."

ശരിയാണ്.ചിലര്‍ ആതുരരെ പിഴിയാന്‍ പേര്‍സിന്‍റെ കനം
നോക്കുന്നു. നൂറു രൂപകൊണ്ടു ചികില്‍സിച്ച് മാറ്റാവുന്ന
രോഗത്തിന് ആയിരം രൂപ ചെലവഴിപ്പിക്കാം. മറ്റുചിലര്‍
ആതുരസൗഹൃദത്തിനു വേണ്ടി അതു നോക്കുന്നു. കനം
കുറഞ്ഞ പേര്‍സാണെങ്കില്‍ ലാബിലും മരുന്നു കടയിലും
ചെലവഴിക്കേണ്ട തുക ചെറുതാക്കാന്‍ ശ്രദ്ധിക്കാം.

ഡോക്ടറന്മാരേയും പേര്‍സിനേയും ബന്ധിപ്പിച്ചുള്ള വിമര്‍ശനം
പുതിയതൊന്നുമല്ല.പുരാതനഭാരതീയര്‍ പറഞ്ഞു:

"വൈദ്യ ക്രൂരോ,യമക്രൂര,
ക്രൂരാന്‍ ക്രൂര ഭിഷക്
യമഹ രീതി പ്രാണ:
വൈദ്യ ഹരിത പ്രാണി ധന ച."

കുഞ്ഞുണ്ണി മാഷ് അതു മലയാളത്തിലാക്കിയിട്ടുണ്ട്:

"വൈദ്യനും യമനും ക്രൂരന്‍
വൈദ്യന്‍ ക്രൂരതരന്‍ ദൃഢ-
പ്രാണാപഹാരി യമന്‍
വൈദ്യന്‍ പണപ്രാപഹാരിയാം."


"ഡോക്ടറന്മാരെ കാണാനെത്തുന്ന ആള്‍ക്കാരില്‍ 90 ശതമാനത്തിനും
ചികില്‍സയുടെ ആവശ്യമില്ല.9 ശതമാനത്തിനു ചികില്‍സ കൊണ്ടു
പ്രയോജനവും ഇല്ല.അവശേഷിക്കുന്ന ഒരു ശതമാനത്തിനു
പ്രയോജനം കിട്ടിയേക്കാം" മറ്റൊരു വിമര്‍ശനം.

"ചികില്‍സയ്ക്കെത്തുന്ന 20 രോഗികളില്‍ 19 പേര്‍ക്കും സ്വയം രോഗവിമുക്തി
കിട്ടുന്നു.ഇരുപതാമനെ ഡോക്ടറന്മാര്‍ കൊന്നു കളയുന്നു."
ബര്‍നാഡ് ഷാ ആണെന്നു തോന്നുന്നു പറഞ്ഞു.
"ദൈവം സുഖപ്പെടുത്തുന്നു,ഡോക്ടര്‍ കാശുവാങ്ങുന്നു"
എന്ന അംബ്രോയിസ് പാരെയുടെ വചനത്തിന്‍റെ പരിഷ്കരിച്ച പതിപ്പ്.

"ഗുരുതരമായ തെറ്റുകള്‍ വരുത്താന്‍ ലൈസന്‍സ് എടുത്തവരാണു
ഡോക്ടറന്മാര്‍" എന്നു പറഞ്ഞതു ലിയോണാര്‍ഡ് ലൂയി ലെവിന്‍സന്‍.
"യുവഡോക്ടറന്മാര്‍ കൂടുതല്‍ കല്ലറകള്‍ കെട്ടും" എന്ന്‍ ഇംഗ്ലീഷ് ചൊല്ലുണ്ട്.
"ഡോക്ടര്‍ വന്നെത്തിയാല്‍ രോഗം പകുതി മാറി" എന്നാശ്വസിക്കുന്നവര്‍
നിരവധി".രോഗം പിടിപെട്ടിട്ടുള്ള ഡോക്ടര്‍ ആണ് ഏറ്റവും നല്ല ഡോക്ടര്‍"
എന്നു പറയുന്നവരുണ്ട്."സുസ്ഥിതിയെ ഭയക്കുന്നവരാണ് ഡോക്ടറന്മാരും
വക്കീലന്മാരും"
എന്നു ജെറാല്‍ഡ് ബാര്‍സന്‍(രണ്ടു കൂട്ടരുടേയും വരുമാനം
കുറയുമല്ലോ)തോമസ് ഫുള്ളര്‍ പറഞ്ഞു: "വീഞ്ഞും വൈദ്യനും പഴകിയാല്‍
നന്ന്‍".
"ഡോക്ടര്‍ന്മാര്‍ അച്ചടിച്ച പുസ്തകങ്ങള്‍ മാത്രം പഠിച്ചാല്‍ പോരാ
(ഇന്‍റര്‍നെറ്റു വരുന്നതിനു മുമ്പത്തെ അഭിപ്രായം)രോഗികളാകുന്ന
പുസ്തകം വായിക്കണം" എന്നു പറഞ്ഞു പാരാസെല്‍സസ്.രോഗിയുക്കു
"മനശ്ശാന്തി നല്‍കുന്നവരാണു നല്ല ഡോക്ടര്‍" എന്നു പറഞ്ഞതു
പെട്രോണിയസ്."ഇംഗ്ലീഷ് ഡോക്ടറന്മാര്‍ രോഗികളെ കൊല്ലും;
ഫ്രഞ്ചു ഡോക്ടറന്മാര്‍ ആവട്ടെ അവരെ മരിക്കാന്‍ അനുവദിക്കും"
എന്നു പറഞ്ഞു വില്ല്യം ലാംബ്.

"മുഷിപ്പന്മാരായ പട്ടികളാണു ഡോക്ടറന്മാ"ര്‍ എന്നു പറഞ്ഞതു ജോണ്‍ വില്‍സണ്‍.
"രോഗവിമുക്തി കിട്ടിയവരെല്ലാം ഡോക്ടറന്മാര്‍" എന്നാണൊരു
ഐറീഷ് പഴഞ്ചൊല്ല്."ഡോക്ടറന്മാരുടെ തെറ്റുകള്‍ മണ്ണു കൊണ്ടും
സമ്പന്നരുടെ തെറ്റുകള്‍ പണം കൊണ്ടും കുഴിച്ചു മൂടപ്പെടുന്നു"
എന്നൊരു പഴഞ്ചൊല്‍ ഉണ്ട്."കണ്‍സല്‍ട്ടേഷന്‍ മുറിയിയുടെ
പരിസരത്ത് ഉണങ്ങിയ ചെടി ഉണ്ടെങ്കില്‍ ആ ഡോക്ടറടെ
സേവനം വേണ്ടെന്നു വയ്ക്കുക" എന്നു പറഞ്ഞു പ്രകൃതിസ്നേഹിയായ
എര്‍മാ ബോംബെക്."സ്വന്തം ആരോഗ്യം നോക്കാത്ത വൈദ്യന്‍
മിടുക്കനല്ല" എന്നു ഗാലന്‍ പണ്ടേ പറഞ്ഞിരുന്നു.
"അഭിപ്രായങ്ങ ള്‍കൂടെക്കൂടെ മാറുന്നവരാണു ഡോക്ടറന്മാര്‍" എന്നു പറഞ്ഞു ഡേവിഡ്
ലോയിഡ് ജോര്‍ജ്."വൈദ്യനും കാലനും തുല്യര്‍" എന്ന പ്രാചീനമൊഴി
ആന്‍റണ്‍ ചെക്കോവ് പരിഷ്കരിച്ചു."ഡോക്ടറും വക്കീലും ഒരേ
കണക്കില്‍ പെടും.വക്കീലന്മാര്‍ കാശു മാത്രം പിടുങ്ങും.
ഡോക്ടറന്മാരാകെട്ടെകാശ് പിടിച്ചു പറിച്ച ശേഷം നിങ്ങളെ കൊല്ലുകയും ചെയ്യും"
.
"ഡോക്ടര്‍ വരുത്തുന്ന കൈപ്പിഴ അദ്ദേഹം അറിഞ്ഞില്ല എന്നു വരാം:
എന്നാല്‍ ജനം അറിയും" എന്നു പറഞ്ഞു അല്‍ -റൂമി.

"ലോകത്തിലെ ഏറ്റവും വലിയ ട്രാജഡി രോഗം പിടിപെട്ട ഡോക്ടറാണ്"
എന്നു പറഞ്ഞത് ബര്‍ണാഡ് ഷാ.
"രോഗികള്‍ക്കു ഡോക്ടര്‍ പിതാവ്,രോഗവിമുക്തിയില്‍ സ്നേഹിതന്‍
ആരോഗ്യം വീണ്ടെടുക്കുമ്പോള്‍ രക്ഷിതാവും" എന്നും ഒരു ചൊല്ലുണ്ട്.

"50 കൊല്ലം മുമ്പുണ്ടായിരുന്ന നല്ല ഡോക്ടറന്മാര്‍ക്കു മൂന്നു ലക്ഷണങ്ങള്‍
ഉണ്ടായിരുന്നു.നല്ല തൊപ്പി;കുടവയര്‍; പിന്നെ ആകാംക്ഷാഭരിതമായ
മുഖഭാവംനല്‍കാന്‍ പൈല്‍സും" എന്ന്‍ ഏതോ അജ്ഞാതന്‍ പറഞ്ഞിട്ടുണ്ട്.

"Doctors should prescribe,because they should live.
Chemists should dispense,because they should live.
Patients should discard,because they should live."
-------Bob Hop,American Cine Actor

2009, മേയ് 10, ഞായറാഴ്‌ച

യാത്രികർ

അന്വേഷികളീ യാത്രികർ

സ്വയം അറിയാൻ ശ്രമിക്കുന്നവർ

അറിവിന്റെ കണ്ണികൾ ചേർത്ത്

സ്വർണ്ണമാല പണിയുന്നവർ.

ഊതിവീർപ്പിച്ചോരഹന്തതൻ

ബലൂണുകൾ പൊട്ടിച്ചു രസിപ്പവർ.

യാത്ര ലഹരിയെന്നോതുന്നവർ

ലീലാവിനോദങ്ങളിലാറാടി

നീന്തിതുടിച്ചുല്ലസിക്കുന്നവർ.

മുക്തിക്കായ് ഭക്തി മാർഗ്ഗം സ്വീകരിച്ചവർ

‘ഭക്തിയല്ലാതെ മറ്റൊന്നും ഇല്ലീയുലകിൽ

ഭക്തിയാണ് സത്യം ,സത്യമാണ് ഭക്തി’

എന്നു പാടി സ്നേഹം പങ്കിടുന്നോർ.

( സത്യമെന്നൊരുകൂട്ടർ, വെറുകാപട്യമെന്നു മറ്റുചിലർ )

സഹൃദയരെ സദാ രസിപ്പിക്കാനായ് പിറന്നവർ,

സഞ്ചാര സാഹിത്യ നഭോമണ്ഡലത്തിൽ

അത്ഭുത ജ്യോതിസ്സുകളായി വിലസ്സാൻ

വെമ്പൽ കൊള്ളും മനീഷിമാർ!

ഇന്നലെ ഉണ്ടായിരുന്നവർ ഇന്നില്ലല്ലോ

എന്നോർത്ത് ദുഃഖിക്കുന്നവർ.

നാളെയുമീയാത്ര തുടരാനാകുമോ

എന്ന് വ്യാകുലപ്പെടുന്നവർ.

സ്നേഹിക്കാനും സേവിക്കാനും

ഒരു വഴികാട്ടി കൂടിയില്ലല്ലോ

എന്ന് വേദനയാൽ മനസ്സുരുകി

കരയും ‘ചിന്താവിഷ്ടയായ സീത’മാർ.


ഒത്തു ചേരലിനും വഴിപിരിയലിനുമാണീ യാത്ര

എത്തിചേരാൻ എതയോ ഇടങ്ങളാണിനി ബാക്കി.

ഔപചാരികതയുടെ വരമ്പുകൾ

വെട്ടിമാറ്റിയാൽ പൊട്ടിയൊഴുകും സ്നേഹസരിത്ത്

വിണ്ടുകീറിയ മനസ്സിൽ പ്രേമവല്ലരികൾ

പൂത്തുലയും,യാത്ര ധന്യമാകും


എനിക്കുമാത്രമായ് ഒരു ദീർഘയാത്രക്ക് സമയമായി

ആരാണാവോ വഴികാട്ടിയായ് എന്റെ മുന്നിൽ?


2009, മേയ് 7, വ്യാഴാഴ്‌ച

പകര്‍ച്ചപ്പനി ഒരു തുടര്‍ക്കഥ

പകര്‍ച്ചപ്പനി ഒരു തുടര്‍ക്കഥ

1980-85

ഈഡിസ് ഈജിപറ്റൈ എന്നയിനം കൊതുകു പരത്തുന്ന
ഡങ്കിപ്പനി കേരളത്തില്‍ പടര്‍ന്നു പിടിക്കുന്നു.ടെറസ്സ്,
ചിരട്ട,പ്ലാസ്റ്റിക് കപ്പ്-സ്പൂണ്‍, പൂപ്പാത്രം,വാട്ടര്‍ കൂളര്‍
എന്നിവയിലെ ചെറിയ അളവു ശുദ്ധവെള്ളത്തില്‍ മുട്ടയിട്ടു
വളരുന്ന കൊതുകുകളാണ് ഈഡിസ് ഇനം


1987

എലിയുടെ മൂത്രം വഴി പകരുന്ന ലെപ്റ്റോസ്പൈറോസ്സിസ്
(വീല്‍സ് രോഗം) കേരളത്തില്‍ പടര്‍ന്നു പിടിക്കുന്നു.
പത്രങ്ങള്‍ ഇതിനു "എലിപ്പനി" എന്ന പേരു നല്‍കുന്നു
.പക്ഷേ,1999 ല്‍
മാത്രമാണ് കേരളസര്‍ക്കാര്‍ ഈ രോഗത്തിന്‍റെ കേരള സാന്നിദ്ധ്യം
അംഗീകരിക്കുന്നുള്ളു.

1995-96

ആലപ്പുഴ ജില്ലയില്‍ കോളറ പടര്‍ന്നു പിടിക്കുന്നു.
കാസര്‍ഗോഡ് ജില്ലയില്‍ അനനോഫലീസ് കൊതുകു
പരത്തുന്ന മലമ്പനി പടരുന്നു.
ആലപ്പുഴ ജില്ലയിലെ നൂറനാട്ടും കോട്ടയം ജില്ലയിലെ ചില
സ്ഥലങ്ങളിലും ദേശാടനക്കിളികളും ക്യൂലക്സ് കൊതുകും
പരത്തുന്ന ജപ്പാന്‍ ജ്വരം(ജാപ്പനീസ് എന്‍സെഫലൈറ്റിസ്)
പടര്‍ന്നു പിടിക്കുന്നു.

കേരളസര്‍ക്കാര്‍ പകര്‍ച്ചപ്പനികളെക്കുറിച്ചു പഠിക്കാന്‍ ഒരു
കമ്മറ്റിയെ നിയമിക്കുന്നു.
തുടര്‍ന്നു ആലപ്പുഴയില്‍ വൈറോളജി ഇന്‍സ്റ്റ്യിട്യൂട്ട് തുടങ്ങാന്‍
അനുമതി നല്‍കപ്പെടുന്നു.

ലോകാരോഗ്യസംഘടനയുടെ ഉപദേഷ്ടാവും മലയാളിയുമായ
ഡോ.ജേക്കബ് ജോണ്‍ അതിന്റെ ഉപദേശാവായി നിയമിക്കപ്പെടുന്നു.
പകര്‍ച്ചപ്പനിയുടെ ആരംഭദശയില്‍ വൈറോളജി ഇന്‍സ്റ്റ്യിട്യൂട്ടിന്‍റെ
സഹായം കിട്ടാന്‍ വിവരം അറിയിക്കാന്‍ എല്ലാ​‍ ആതുരാലയങ്ങളിലും
മേല്‍ വിലാസം അടിച്ച പോസ്റ്റല്‍ കാര്‍ഡുകള്‍ നല്‍കപ്പെടുന്നു.

ആദ്യസിഗ്നല്‍ കാണുമ്പോള്‍ ഉടന്‍ രോഗനിര്‍ണ്‍നയം നടത്താന്‍ ഉള്ള
റാഡാര്‍ സംവിധാനം എന്നാണ് ഡോ ജേക്കബ് ജോണ്‍ ഈ പരിപാടിയെ
വിശേഷിപ്പിച്ചത്.

24 മണിക്കൂറുനുള്ളില്‍ വിദഗ്ധസേവനം ഉറപ്പാക്കാന്‍ ആയിരുന്നു
ഈ റാഡാര്‍ സംവിധാനം

2000 ജനുവരി

കോട്ടയം ജില്ലയില്‍ കോളറാ പടര്‍ന്നു പിടിക്കുന്നു.
ഉടനടി അതു നിയന്ത്രിക്കപ്പെട്ടു.

2002

തുടര്‍ച്ചയായ രാഷ്ട്രീയ ഇടപെടലുകളെത്തുടര്‍ന്നു ഡോ ജേക്കബ് ജോണ്‍
വൈറോളജി ഇന്‍സ്റ്റ്യിട്യൂട്ട് മേധാവി സ്ഥാനം രാജിവയ്ക്കുന്നു.
ഒരു തരം പുകച്ചു പുറത്താക്കല്‍.

ഡി.എം.എസ്സ് കോര്‍സ്സ് തുടങ്ങാനനാരോഗ്യമന്ത്രി
കെ.എം ജോര്‍ജ് ഡോ.തങ്കവേലുവിനെ
പുകച്ചു പുറത്താക്കിയതു പോലെയും
ഡോ.രാമചന്ദ്രന്‍ നായരുടെ പാര്‍ട്ടി എയിഡ്സ് നിയന്ത്രണ സെല്ലില്‍ നിന്നും
വിദേശ പരിശീലനം നേടിയ ഡോ.മേബല്‍ ഗ്രിഗോറിയെ പുകച്ചു
പുറത്താക്കിയതു പോലെയും.
രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകാഞ്ഞതിനാല്‍ മാത്രം ഡോ.വലിയത്താന്‍
ശ്രീചിത്രയെ വന്‍സ്ഥാപനമായി ഉയര്‍ത്തി.
മറ്റുള്ളവര്‍ക്കാഭാഗ്യം കിട്ടിയില്ല. സാങ്കേതിക വിദഗ്ദര്‍ക്കു സ്വാതന്ത്ര്യം
കൊടുത്താലെ സ്ഥാപങ്ങള്‍ക്കു വളര്‍ച്ച ഉണ്‍റ്റാകൂ എന്ന കാര്യം
രാഷ്ട്രീയക്കാര്‍ മറന്നു പോകുന്നതിനു കേരളത്തില്‍ നിരവധി ഉദാഹരണങ്ങള്‍.
അതിലൊന്നായി വൈറോളജി ലാബും.

2003 ജൂണ്‍

പകര്‍ച്ചപ്പനിയാല്‍ കേരളത്തില്‍ നിരവധി മരണം.
പടരുന്നതു ഡങ്കി ഹീമറേജിക് പനി ആവാന്‍
സാധ്യത എന്നു ജൂണ്‍ 30 നു ഡോ.ജേക്കബ്ജോണ്‍.
Drjji


ഡങ്കി ഹീമറേജിക് പനിയെ നേരിടാന്‍ വേണ്ട ദീര്‍ഘകാല
പദ്ധതിയെ കുറിച്ചു ഡോ.ജേക്കബ് ജോണിന്‍റെ ലേഖനം
മനോരമപത്രത്തില്‍

2003 ജൂലൈ 15

മനോരമ ലീഡര്‍ പേജില്‍
"കേരളം കരുതിയിരിക്കുക ഡങ്കി ആവര്‍ത്തിക്കും"
Djj3
എന്ന പേരില്‍ ഡോ.ജേക്കബ് ജോണിന്‍റെ വിശദലേഖനം

2004 സെപ്റ്റംബര്‍

ആര്‍പ്പൂക്കര മെഡിക്കല്‍ കോളേജ് പരിസരങ്ങളില്‍ മഞ്ഞപ്പിത്തം
പടര്‍ന്നു പിടിക്കുന്നു.170 പേര്‍ക്കു രോഗം. 2 ഡോക്ടറന്മാര
മരിക്കുന്നു.
മെഡിക്കല്‍ കോളേജില്‍ നിന്നുള്ള രോഗബാധ
എന്ന വിവരം മറച്ചു വയ്ക്കുന്നു.4 മാസം കഴിഞ്ഞു
2005 ജനുവരിയിലാണു ഹെപ്പറ്റൈറ്റിസ് ബാധ എന്നു
സ്ഥിരീകരിക്കുന്നത്."ആദ്യ സിഗ്നല്‍" അവഗണിക്കപ്പെട്ടു.
ശാസ്ത്രീയ പ്രതിരോഢം നടപ്പാക്കിയില്ല.
എപ്പിഡമോളജിക്കല്‍ ഇന്റലിജന്‍സ് നഷ്ടപ്പെടുത്തി.

രോഗവ്യാപനം മനുഷനില്‍ നിന്നു മനുഷനിലേക്കോ
(ഉദാഹരണം:എയിഡ്സ്)
കൊതുകില്‍ നിന്നു മനുഷനിലേക്കോ
(ഡങ്കിപ്പനി)
ജീവികളില്‍ നിന്നു മനുഷനിലേക്കോ
(ഉദാഹരണം:എലിപ്പനി എന്നറിയപ്പെടുന്ന വീല്‍സ് രോഗം)
അന്തരീക്ഷം വഴിയോ
(എഡിനോ,റൈനോ വൈറസ്സുകള്‍ ഉണ്ടാക്കുന്ന വൈറല്‍പനികള്‍)
എന്ന കണ്ടു പിടുത്തമാണ് എപ്പിഡമോളജിക്കല്‍ ഇന്റലിജന്‍സ്
എന്നതു കൊണ്ടര്‍ത്ഥമാക്കുന്നത്.

ഡങ്കിപ്പനി കേരളത്തില്‍ പടരും എന്നു ഇന്ത്യന്‍ മെഡിക്കല്‍
അസ്സോസ്സിയേഷന്‍ മുന്നറിയിപ്പു നല്‍കുന്നു.
സര്‍കാരിനു ഹോമിയോ പ്രതിരോധത്തില്‍ മാത്രം താല്‍പര്യം.
തുടര്‍ന്നു സുനാമിയുടെ വരവ്.പ്രതിരോധ നടപടികള്‍
അവഗണിക്കപ്പെടുന്നു.

2006 ജൂണ്‍

കന്യാകുമാരി ജില്ലയില്‍ നിന്നും ചിക്കന്‍ ഗുനിയാബാധ
കേരളത്തിന്‍റെ തെക്കന്‍ ജില്ലകളില്‍ പടരും എന്നു നെയ്യാറ്റികര
ഐ.എം ഏ .സെക്രട്ടറി സര്‍ക്കാരിനെ അറിയിക്കുന്നു.

ത്രിതലപഞ്ചായത്ത്,പൊതുജനാരോഗ്യവകുപ്പ്,സര്‍ക്കാര്‍
എന്നിവര്‍ മുന്നറിയിപ്പ് അവഗണിക്കുന്നു.

2006 ജൂലൈ 27

ചേര്‍ത്തല വെട്ടിക്കലെ കടക്കരപ്പള്ളിയിലെ ജൂലിയറ്റ്
ചിക്കന്‍ ഗുനിയാബാധ എന്നു സംശയിക്കപ്പെടുന്ന
പനിയാല്‍ മരണമടയുന്നു.

2006 ഒക്ടോബര്‍ 1

പത്തനംതിട്ടയിലെ സ്കൂള്‍ ഓഫ് അപ്ലൈഡ് സയന്‍സ്സിലെ
ഡോ.കെ.സി.ജോണ്‍
കോട്ടയം,പത്തനംതിട്ട,ഇടുക്കി ജില്ലകളിലെ റബര്‍ തോട്ടം മേഖലകളില്‍
അല്‍ബോപിക്റ്റസ് അഥവാ ഏഷ്യന്‍ കടുവാ എന്നയിനം പകല്‍ കൊതുകിന്‍റെ
പ്രജനത്തോത് വളരെകൂടുതലാണെന്നു അറിയിച്ചതായി മനോരമ റിപ്പോര്‍ട്ട്
ചെയ്യുന്നു.Djj6

പ്രസ്തുത ജില്ലകളില്‍ ചിക്കന്‍ ഗുനിയാ പടര്‍ന്നു പിടിക്കാം
എന്ന മുന്നറിയിപ്പു പ്രസ്തുത വിദഗ്ദ്ധന്‍ നല്‍കുന്നു.
അദ്ദേഹം പഠനം നടത്തിയ പ്രദേശങ്ങളില്‍ ആളോഹരി
150 കൊതുകുകള്‍ വീതമുണ്ട് എന്നദ്ദേഹം വെളിപ്പെടുത്തി.

അതേ ദിവസം കോട്ടയം ജില്ലയിലെ ആദ്യ ചിക്കന്‍ഗുനിയാമരണം.
8 വയസ്സുകാരന്‍ വിവേക്.

2006 ഒക്ടോബര്‍ 10

ആധുനികവൈദ്യത്തില്‍ ചിക്കന്‍ ഗുനിയായ്ക്കു പ്രതിരോധകുത്തിവയ്പ്പില്ല
എന്നറിഞ്ഞ ഹോമിയോ ചികില്‍സകര്‍ ഈ അവസരം മുതലെടുത്തു തങ്ങള്‍ക്കു
പ്രതിരോധമരുന്നുണ്ടെന്നു സര്‍ക്കാരിനേയും സംഘടനകളേയും ജനത്തേയും
തെറ്റിദ്ധരിപ്പിച്ചു.ഹോമിയോപ്പൊതികള്‍ വിതരണം നടത്തി ആളുകളില്‍
തെറ്റായ സംരക്ഷണബോധം വളര്‍ത്തി.മുണ്ടക്കയത്തു മാത്രം 40,000
പൊതികള്‍ വിതരണം ചെയ്തു. എന്തു മരുന്നെന്നോ ആരു നിര്‍മ്മിച്ച
മരുന്നെന്നോ എത്ര തവണ കഴിക്കണമെന്നോ ഒന്നും അറിഞ്ഞുകൂടാത്ത
ഏതോ പൊതി മരുന്ന്‍. യാതൊരംഗീകാരവുമില്ലാത്ത മരുന്നായിരുന്നുവത്രേ.
Photobucket

2006 ഒക്ടോബര്‍ 28


മനോരമ ലീഡര്‍ പേജില്‍ ഡോ.ജേക്കബ് ജോണിന്‍റെ
അടുത്ത മുന്നറിയിപ്പ്:
"മാപ്പര്‍ഹിക്കാത്ത ഉദാസീനത"
Djj5
ആരോഗ്യവകുപ്പും സര്‍ക്കാരും ത്രിതലപഞ്ചായത്തുകളും പൊതു ജനവും
മുന്നറിയിപ്പ് അവഗണിക്കുന്നു.
പകര്‍ച്ചപ്പനി

2006 നവംബര്‍

ഐ.സി.എം ആര്‍ മധുര ഡിവിഷന്‍ ഡയറക്ടര്‍ ഡോ.ത്യാഗിയുടെ
പഠ്നറിപ്പോര്‍ട്ട് പത്രങ്ങളില്‍.
കേരളത്തിലെ റബ്ബര്‍ മേഖലകളില്‍
"അല്‍ബോപിക്റ്റസ്" കൊതുകുകളുടെ സാന്ദ്രത കൂടുതല്‍.
80 കൂത്താടികളേയും കണ്ടെത്തിയതു വലിച്ചെറിയപ്പെട്ട
പ്ലാസ്റ്റിക് കുപ്പികളിലും റബര്‍ തോട്ടങ്ങളിലെ ചിരട്ടകളിലും.
70 ശതമാനവും പകരുന്നത് അല്‍ബോപിക്റ്റസ് വഴി.
12 സംസ്ഥാനഗ്ങളില്‍ 197 ജില്ലകളില്‍ ചിക്കന്‍ ഗുനിയാ പടര്‍ന്നു പിടിക്കുന്നു.
കര്‍ണ്ണാടകയില്‍ 7.5 ലക്ഷം.മഹാരാഷ്ട്രയില്‍ 2.5 ലക്ഷം.
അടുത്ത സ്ഥാനം നമ്മുടെ കേരളത്തിന്.

12 ശതമാനം രോഗികളില്‍ വേദനയും നീരും 3 വര്‍ഷം വരെ
അനുഭവപ്പെടാവുന്ന രോഗം.എന്നാല്‍ തടയാവുന്ന രോഗം.
തടയുന്നതില്‍ നാം പരാജയപ്പെട്ടു

2007 ഏപ്രില്‍

പത്തനംതിട്ട ചിറ്റാറില്‍ ചിക്കന്‍ ഗുനിയാ പടരുന്നു. ജനുവരി-ജൂലൈ
മാസ്സങ്ങള്‍ക്കിടയില്‍ കേരളത്തില്‍ 286474 പനിബാധകള്‍.111 എണ്ണം
സ്ഥിരീകരിക്കപ്പെട്ട ചിക്കന്‍ ഗുനിയാ.10557 സംശയിക്കപ്പെട്ടവ.
സ്ഥിരീകരിക്കപ്പെട്ട മരണം ഒന്നു പോലുമില്ല.
ഡങ്കി കാരണം ഒരു മരണം.എലിപ്പനി കാരണം 3 മരണം.
കോട്ടയം പത്തനംതിട്ട ജില്ലകളില്‍ 31.88 ലക്ഷം ജനങ്ങള്‍
അവരില്‍ 40 ശതമാനത്തിനും പനിബാധിച്ചു എന്നു കണക്കാക്കപ്പെടുന്നു.

2007 ജൂണ്‍

കേരളത്തില്‍ ഏഷ്യന്‍ കടുവാക്കൊതുകുകള്‍ വ്യാപകം എന്നു ഐ.സി എം ആര്‍
ഡയറക്ടര്‍ ഡോ. ത്യാഗി വീണ്ടും വെളിപ്പെടുത്തുന്നു.70 ശതമാനം പനികളും
അവയുടെ കടികാരണം എന്നും അദ്ദേഹം മാദ്ധ്യമങ്ങളോടു പറയുന്നു.

കോട്ടയം മെഡിക്കല്‍ കോളേജിലെ പഠനം

14പഞ്ചായത്തുകളിലെ 770 വീടുകളിലെ
3276 പേരില്‍ നടത്തിയ പഠനം.
1472(44.9%)ചിക്കന്‍ ഗുനിയാ
667(18.5%)വൈറല്‍ പനി
1197 പനി പിടിപെട്ടില്ല
35 % 5 വയസ്സില്‍ താഴെ
62 % 60 നു മുകളില്‍
83% ഒറ്റത്തവണ മാത്രം
3% 3 തവണ
2-10 ദിവസം നീണ്ട പനി
62.5% സന്ധി വേദന
27.6 % തടിപ്പ്
46.1% ചൊറിച്ചില്‍
15% വായില്‍ കുരു'
13.4 % കഴുത്തില്‍ മുഴ(ഗ്ലാന്‍ഡ്)
13 % കറുത്ത പാട്

ചികില്‍സ
50% വേദനാസംഹാരികള്‍ മാത്രം
16% ആന്റിബിയോട്ടിക്സ്
9% കിടന്നു ചികില്‍സ
54% കുത്തിവയ്പ്പുകള്‍ നല്‍കപ്പെട്ടു
റബ്ബര്‍മേഖലയില്‍ 50% ആള്‍ക്കാര്‍ക്കു പനി
പാടശേഖരങ്ങളില്‍ മൂന്നിലൊന്നിനു മാത്രം

2007 ആഗസ്റ്റ്

ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസ്സിയേഷന്‍ പഠനം
6 തെക്കന്‍ ജില്ലകളിലെ 142 ഡോക്ടറന്മാര്‍
(ഇവരില്‍ 70% സ്വകാര്യഡോക്ടറന്മാര്‍)
നേരില്‍ കണ്ട 180892 പനിബാധകളെ വിശദമായി
വിശകലനം ചെയ്തു റിപ്പോര്‍ട്ട് ചെയ്തു.

ദിവസേന ഓ.പിയില്‍ 255 രോഗികള്‍ വീതം എത്തി.
73% പനിബാധിതര്‍.
68.94 % 3 ദിവസത്തിനുള്ളില്‍ ചികില്‍സ തേടി.
50.74 % പുരുഷന്മാര്‍
26 % 25 വയസ്സിനു താഴെയുള്ളവര്‍.
52 % 25-55 പ്രായക്കാര്‍.
22% 55 മേല്‍ പ്രായമുള്ളവര്‍.

ലക്ഷണങ്ങള്‍

16 % പനി മാത്രം.
34 % പനിയും സന്ധിവേദനയും.
16 % പനി,തടിപ്പ്.
24% പനി,തടിപ്പ്,സന്ധി വേദന
12% ദേഹവേദന,സന്ധിവേദന
22 % അടുത്ത ബന്ധുക്കള്‍ക്കും പനി പിടിച്ചു.



സംശയിക്കപ്പെട്ട രോഗങ്ങള്‍


ചിക്കന്‍ ഗുനിയാ67.89 %
ഡങ്കി 4%
എലിപ്പനി 2.5%
മലമ്പനി 0.2%
ടൈഫോയിഡ് 1.38%
വൈറല്‍പ്പനി 29.22%
മറ്റിനം 4.8%
അനുബന്ധരോഗങ്ങള്‍
രക്തസ്രാവം 1.5%
മസ്തിഷ്കജ്വരം 1.8%
ന്യൂമോണിയാ 0.7%
മയോകാര്‍ഡൈറ്റിസ് .015%
മരണനിരക്ക് 180092 ല്‍ 36
അതായത് 0.02 %

വൈദ്യശാസ്ത്രഗ്രന്ഥങ്ങളില്‍ ചിക്കന്‍ ഗുനിയായുടേതായി
പറയപ്പെടാത്ത ഒരു ലക്ഷണവും കേരളത്തിലെ പനിബാധകളില്‍
കണ്ടില്ല.

2007സെപ്തംബര്‍ ലക്കം മലയാളം വാരികയില്‍
ഫ്ലോറിഡയില്‍ നിന്നും ഡോ.ടി.എം ജോസഫ് എഴുതിയ
വലിയ രോഗത്തിന്‍റെ ചെറിയ ലക്ഷണം
എന്ന ലേഖനത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍:
ശാസ്ത്രസാഹിത്യപരരിഷത്തും യുവജന്‍സംഘടനകളും
പനി പടര്‍ന്നപ്പോള്‍ നിഷ്ക്രിയരായി നോക്കി നിന്നു.
വ്യക്തികള്‍ മുതല്‍ മുഖ്യമന്ത്രിവരെയുള്ളവര്‍ വീഴ്ച വരുത്തി.
പള്ളികള്‍ ഉപവാസപ്രാര്‍ഥനകള്‍ നടത്താനും രൂപം എഴുന്നെള്ളിക്കാനുമാണ്
ശ്രദ്ധിച്ചത്.
 


പനിയുടെ കാരണം ചിക്കന്‍ ഗുനിയാ അല്ല എന്നു സ്ഥാപിക്കാനായിരുന്നു
എല്ലാവരുടേയും താല്‍പ്പര്യം.
ചട്ടന്‍ ഗുനിയാ എന്ന പേരും ഡോക്ടര്‍ നല്‍കി.
1824 മുതല്‍ സാദൃശ്യലക്ഷണങ്ങളോടു കൂടിയ പനി ഉത്തരേന്ത്യയില്‍
ഉണ്ടായിരുന്നു.കാരണമായ വൈറസ്സിനെ കണ്ടെത്തിയത് 1952- 53 കാലത്തു
ടാന്‍സാനിയായില്‍ ആയിരുന്നു എന്നു മാത്രം.
1964 ല്‍ കല്‍ക്കട്ടയില്‍ പടര്‍ന്നു.
7-20 വര്‍ഷത്തെ ഇടവേളയില്‍ പുനരാക്രമണം.
അപൂര്‍വ്വരോഗമോ പുത്തന്‍ രോഗമോ അല്ല ചിക്കന്‍ ഗുനിയാ.
കേരളത്തില്‍ വന്നതു കഴിഞ്ഞ വര്‍ഷം ആണെന്നു മാത്രം.
ആഫ്രിക്കന്‍ ,ഏഷ്യന്‍ എന്നിങ്ങനെ രണ്ടിനം.
കേരളത്തില്‍ വന്ന്ത് ആഫ്രിക്കന്‍ ഇനം.
ടൂറിസ്റ്റുകള്‍ കൊണ്ടു വന്നു.
രോഗപ്രതിരോധശക്തിയുള്ളവര്‍ ഇല്ലായിരുന്നതിനാല്‍
പെട്ടെന്നു പടര്‍ന്നു.
കഴിഞ്ഞവര്‍ഷം തീരദേശത്തു പടര്‍ന്നു. ഈ വര്‍ഷം
മറ്റു പ്രദേസങ്ങളില്‍ വരും എന്നു മന്‍സ്സിലാക്കി
പ്രതിരോധനടപടികള്‍ എടുക്കേണ്ടിയിരുന്നു.
അതു നാം ചെയ്തില്ല.

33% ആള്‍ക്കാരില്‍ 4 മാസവും
15% ആള്‍ക്കാരില്‍ 20 മാസവും
10% ആള്‍ക്കാരില്‍ 3-5 വര്‍ഷവും
വിഷമതകള്‍ നിലനില്‍ക്കുന്ന രോഗം
 

ഗവേഷണമെന്ന പേരില്‍ ഒരു തട്ടിപ്പ്

2007 ജൂലൈ 17 ലെ പത്രങ്ങളില്‍
കോട്ടയത്തെ ഡോ.പുന്നന്‍ കുര്യന്‍ വേങ്കടത്തിന്‍റെ
ട്രോപ്പിക്കല്‍ ഇന്‍സ്റ്റ്യിറ്റ്യൂട്ട് ഓഫ് എക്കോളജിക്കല്‍ സയന്‍സിന്‍റേതായി
വിചിത്രമായ ഒരു റിപ്പോര്‍ട്ട് വന്നു.കേരളത്തില്‍ പടര്‍ന്നത് ചിക്കന്‍ ഗുനിയാ
അല്ല എന്നായിരുന്നു അവരുടെ നിഗമനം. രോഗനിര്‍ണ്ണയം നടത്തുകയും
ചികല്‍സ നടത്തുകയും ചെയ്യുന്ന ഡോക്ടറന്മാരെ പൂര്‍ണ്ണമായും ഒഴിവാക്കി
പി.എച്ച്.ഡി ഡോക്ടറന്മാരും ഗവേഷണവിദ്യാര്‍ഥികളും
നടത്തിയ ശാത്രാഭാസ പഠനറിപ്പോര്‍ട്ട്.
കോട്ടയം പത്തനംതിട്ട ജില്ലകളില്‍ റബ്ബര്‍മേഖലയില്‍ പനി വന്നു മാറിയവരുടെ
വീടുകളില്‍ ചെന്നു ചോദ്യാവലി നല്‍കി ഉത്തരം വാങ്ങി അവളൊകനം
ചെയ്ത പഠനം.
പകല്‍ വീടുകളില്‍ സ്ത്രീകള്‍ മാത്രം കണ്ടതാവാം ഏറിയകൂറും(61%) വീട്ടമ്മമാരില്‍
നടത്തിയ പഠനം.

96.22 % അലോപ്പതി ചികില്‍സ സ്വീകരിച്ചപ്പോള്‍ 2.34 ഹോമിയൊയുംവെറും
1.01മാത്രം ആയുര്‍വേദവും സ്വീകരിച്ചു.0.43 % സ്വയം ചികില്‍സ നടത്തി.
68.73 % സ്വകാര്യ ചികില്‍സ സ്വീകരിച്ചു.

പനി,തലവേദന,സന്ധിവേദന,ശരീര വേദന എന്നിവ മാത്രം തോന്നിയവരെ
-അവര്‍ 79.42 % വരും- ചിക്കന്‍ഗുനിയാ അല്ലാത്ത ഏതോ രോഗം ബാധിച്ചവരായി
വേങ്കടംപി.എച്ച്.ഡി ടീം കണക്കാക്കി.

ഛര്‍ദ്ദില്‍, ചൊറിച്ചില്‍,തടിപ്പ്,തൊലി പൊള്ളല്‍,ഇന്‍ഫ്ലമേഷന്‍ എന്നിവ കണ്ടവരെ
മാത്രം ചിക്കന്‍ ഗുനിയാ ബാധിതരാക്കി.അത്തരക്കാര്‍ വെറും 3.71 %

രോഗപ്പകര്‍ച്ച ഏതുവിധമായിരുന്നു എന്നു കണ്ടെത്താന്‍ ഈ അഭിനവ ഗവേഷകര്‍
ഉപയോഗിച്ച മാര്‍ഗ്ഗം അതി വിചിത്രം ആയിരുന്നു:
രോഗികളോടും ബന്ധുക്കളോടും ചോദിക്കുക.
19 % കൊതുകു വഴി എന്നു പറഞ്ഞു.27% മറ്റു രോഗികളില്‍ നിന്നെന്നു പറഞ്ഞു.
2% വായ്‌വഴി എന്നും.38%കൈ മലര്‍ത്തി.
കൊതുകിന്‍റെ സാന്ദ്രത കുറഞ്ഞ സ്ഥലത്തു നിന്നാണു പനി തുടങ്ങിയത്
എന്ന നിഗമനം എങ്ങിനെ കിട്ടി എന്നു മനസ്സിലാകുന്നില്ല.
കൊതുകുസാന്ദ്രത കണ്ടെത്തിയതെങ്ങിനെ എന്നും വ്യക്തമല്ല.
കൊതുകു-കൂത്താടി സൂചകപഠനം നടത്തിയതായി പറയുന്നുമില്ല.
കൊതുകടിയല്ല കാരണം എന്ന നിഗമനത്തിലെത്തുന്നവര്‍
രോഗികളില്‍ എത്രപേര്‍ കൊതുകു കടി കൊള്ളാത്തവര്‍,എത്ര പേര്‍
കടി കൊണ്ടവര്‍ എന്നു വ്യക്തമാക്കുന്നില്ല.
പാരസെറ്റമോള്‍ ഉപയോഗിക്കരുത്
രോഗനിര്‍ണ്‍നയത്തിനു ലാബ് പരിശോധന ആവശ്യമല്ല.
അതു ആശുപത്രികള്‍ക്ക് അമിത വരുമാനം ഉണ്ടാക്കാനാണ്
തുടങ്ങിയ രാഷ്ട്രീയചുവയുള്ള നിഗമങ്ങളും വിമര്‍ശനങളും
അവരുടെ തട്ടിപ്പു റിപ്പോര്‍ട്ടിലുണ്ട്.
കൊതുകല്ല പനിക്കു കാരണം
എന്നു സ്ഥാപിക്കുകയാണ് വേങ്കടലക്ഷ്യം എന്നു മനസ്സിലാകും.
എന്തിനു വേണ്ടി? അവോ ആര്‍ക്കറിയാം?





2009 April-May

Photobucket
കള്ളന്‍ കപ്പലില്‍ തന്നെ
കൂത്താടി അടുക്കളയില്‍ തന്നെ

Photobucket

2009, മേയ് 1, വെള്ളിയാഴ്‌ച

ശിവരാജ യോഗി തൈക്കാട്‌ അയ്യാ സ്വാമികള്‍

ശിവരാജ യോഗി തൈക്കാട്‌ അയ്യാ സ്വാമികള്‍(1814-1909)


2009 ജൂലൈ 24 അയ്യാ സമാധിശതവാര്‍ഷികം


അടിമത്തത്തില്‍ ആണ്ടു കിടന്നിരുന്ന ഭാരതീയരില്‍
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ആത്മീയ ഉണര്‍വുണ്ടാക്കിയ
നവോത്ഥാന നായകരില്‍ രാജറാം മോഹന്‍ റോയി(൧൭൪൪-൧൮൩൨,)
ദയാനന്ദ സരസ്വതി(1824-1883), ശ്രീരാമ പരമഹംസര്‍
(1832-1886), രാമലിംഗര്‍ (1823-1883) എന്നിവരോടൊപ്പം
എടുത്തു കാട്ടേണ്ട നാമമാണു ശിവരാജ യോഗി തൈക്കാട്‌ അയ്യാ സ്വാമികളുടേയും.
ആത്മീയതക്കും ഭൌതീകതക്കും തുല്യ പ്രാധാന്യം നല്‍കി, ജാതി മത വര്‍ഗ്ഗ വര്‍ണ്ണ
ലിംഗഭേദമന്യേ സാധാരണക്കാരുടെ ഇടയിലേക്കു ഇറങ്ങി ചെല്ലുകയും
താഴ്ന്ന വിഭാഗങ്ങളില്‍ ഉള്ളവര്‍ക്കും ബ്രാഹ്മണരോടും ഉന്നതകുല ജാതനായ
തന്നോടും ഒപ്പം തുല്യസ്ഥാനം നല്‍കുകയും ചെയ്ത യോഗിവര്യനായിരുന്നു
ശിവരാജയോഗി തൈക്കാടു അയ്യാ സ്വാമികള്‍.130 വര്‍ഷം മുന്‍പു
തിരുവനന്തപുരത്തെ തൈക്കാടു വച്ചു തൈപ്പൂയ സദ്യക്കു
ബ്രാഹ്മണരോടും തന്നോടും ഒപ്പം പുലയ സമുദായത്തില്‍ ജനിച്ച
അയ്യങ്കാളിയെ ഒപ്പമിരുത്തി അയിത്തോച്ചാടനത്തിനായി "പന്തി ഭോജനം"
ലോകത്തില്‍ തന്നെ ആദ്യമായി ആരംഭിച്ചതു അയ്യാ സാമികളായിരുന്നു.
സവര്‍ണ്ണര്‍ അദ്ദേഹത്തെ ആക്ഷേപിച്ചു. "പാണ്ടിപ്പറയന്‍"," മ്ലേഛന്‍"
എന്നെല്ലാം വിളിച്ചു. "ഇന്ത ഉലകത്തിലെ ഒരേ ഒരു മതം താന്‍,
ഒരേ ഒരു ജാതി താന്‍, ഒരേ ഒരു കടവുള്‍ താന്‍"
എന്നായിരുന്നു
അയ്യാ സ്വാമികളുടെ മറുപടി.
 
Posted by Picasa


അയ്യാ ജീവചരിത്രം

നവോത്ഥന കാലഘട്ടത്തില്‍ കേരളം കണ്ട ആദ്യത്തെ
സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു
ശിവരാജ യോഗി തൈക്കാട്‌ അയ്യാ സ്വാമികള്‍.


മലബാറിലെ കവളപ്പാറയില്‍ നിന്നും തമിഴ്‌നാട്ടിലെ
ചെങ്കല്‍പ്പേട്‌ ജില്ലയിലെ നാകലാപുരത്തേക്കു കുടിയേറിയ
മുത്തുകുമാരന്‍റെയും കൊല്ലംകാരി ശൈവ വെള്ളാള
കുലജാതയായ രുഗ്മിണിയമ്മാളിന്‍റെയും മകനായി
1814 ലെ അശ്വതി നക്ഷത്രത്തില്‍ ജാതനായ സുബ്ബയ്യനാണ്‌
പില്‍ക്കാലത്ത്‌ ശിവരാജയോഗി അയ്യാ സ്വാമികളായി തീര്‍ന്നത്‌.

ശിശുവിന്‍റെ ഗ്രഹനില കണ്ട ജ്യോത്സര്‍, ജാതകന്‍
ശങ്കരാചാര്യരെപ്പോലെ ശിഷ്യപരമ്പര സ്ഥാപിക്കുമെന്നും
ഭരണാധികാരികള്‍ ശിഷ്യരായുണ്ടാകുമെന്നും പ്രവചിച്ചു.
ബാലനു 12 വയസ്സുള്ളപ്പോല്‍ സച്ചിദാനന്ദ ഗുരു,ചിട്ടി പരദേശി
എന്നെ അവധൂതര്‍ വീട്ടിലെത്തി സുബ്ബയ്യന്‍റെ കാതില്‍ ഒരു
മന്ത്രമോതി, നാലു വര്‍ഷം കഴിഞ്ഞു വീണ്ടുമെത്തുമെന്നു
പറഞ്ഞിട്ടു പോയി.
4 വര്‍ഷം കഴിഞ്ഞെത്തിയ അവര്‍ സുബ്ബയ്യനുമായി ബര്‍മ്മ ,
സിംഗപ്പൂര്‍,പെനാംഗ്‌, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളില്‍
ചുറ്റി സഞ്ചരിച്ചു.
ഇരുപതാമത്തെ വയസ്സില്‍ നാട്ടില്‍ തിരിച്ചെത്തി.
കുറച്ചുകാലം കഴിഞ്ഞു ഗൃഹസ്ഥാശ്രമിയാകണമെന്നും
ദിവസേന രണ്ടുനേരവും ശിവപൂജ ചെയ്യണമെന്നും
ഉപദേശിച്ചിട്ട്‌ അവധൂതര്‍ മടങ്ങിപ്പോയി.

പിതാവ്‌ ഹൃഷികേശന്‍ തനിക്കു നല്‍കിയ ,
രസവാദനിര്‍മ്മിതമായ
സുബ്രഹ്മണ്യവിഗ്രഹം സുബ്ബയ്യനു നല്‍കി പൂജ
ചെയ്തുകൊള്ളുവന്‍ നിര്‍ദ്ദേശ്ശിച്ചിട്ട്‌ മുത്തുകുമാരന്‍
കാശിയിലേക്കു തീര്‍ത്ഥാടനത്തിനു പോയി.സുബ്ബയ്യന്‍
കൊടുങ്ങല്ലൂരും വില്ലിപുരത്തും പോയി ഭജനമിരുന്നു.

സുബ്ബയ്യന്‍റെ ഒരു മാതുലന്‍ ഓതുവാര്‍ ചിദംബരം പിള്ള
തിരുവനന്തപുരം രാജകൊട്ടാരത്തിലെ ഉദ്യോഗസ്ഥനായിരുന്നു.

സ്വാതി തിരുനാള്‍ മഹാരാജാവ് സുബ്ബയ്യനെ ഗുരുവായി വരിച്ചു.

ജയിലില്‍ കിടന്നിരുന്ന മുത്തുകുമരന്‍ എന്ന വൈകുണ്‌ഠ
സന്യാസിയെ, അയ്യാവിന്‍റെ ആവശ്യപ്രകാരം
സ്വാതിതിരുനാള്‍ മോചിപ്പിച്ചു. അയ്യാ ശിഷ്യനായിതീര്‍ന്ന
"അയ്യാ" വൈകുണ്‌ഠന്‍ അതോടെ ശിവഭക്തനായിമാറി.

തൈക്കാട്‌ വഴിയമ്പലത്തിനു സമീപം ദേവി പ്രത്യക്ഷപ്പെട്ടപ്പോള്‍
അയ്യാ ചൊല്ലിയതാണ് "ഉജ്ജൈന്‍ മഹാകാളിപഞ്ചരത്ന സ്തോത്രം".

മദ്രാസില്‍ നിന്നും 30 മെയില്‍ അകലെയുള്ള പൊന്നേരി
ഗ്രാമത്തിലെ കമലമ്മാളെന്ന ശൈവ വെള്ളാള യുവതിയെ
അയ്യാ വിവാഹം കഴിച്ചു. താമസ്സിയാതെ മലബാറില്‍
കോഴിക്കോട്ട്‌ മിലിട്ടറി സപ്പൈ്ളസ്‌ വകുപ്പില്‍
സെക്രട്ടറിയായി ജോലി കിട്ടി. സീനിയര്‍ ഓഫീസ്സറായിരുന്ന
മഗ്രിഗര്‍ സായിപ്പ്‌
അയ്യാവിന്‍റെ ശിഷ്യനാകയും അദ്ദേഹത്തില്‍ നിന്നും തമിഴ്‌ ഭാഷ
പഠിക്കയും ചെയ്തു.

മഗ്രിഗര്‍ മലബാര്‍ കളക്ടര്‍ ആയപ്പോഴും
തിരുവനന്തപുരത്ത്‌ റസിഡന്‍ഡ്‌ ആയപ്പോഴും,
അയ്യാ അദ്ദേഹത്തെ അനുഗമിച്ചു. തിരുവനന്തപുരത്ത്‌
അയ്യാ തൈക്കാട്‌ റസിഡന്‍സി മാനേജരായി നിയമിക്കപ്പെട്ടു.
തുടര്‍ന്നദ്ദേഹം
"തൈക്കാട്ട്‌ അയ്യാ"
എന്നറിയപ്പെട്ടു.

ശിവരാജ യോഗി തൈക്കാട് അയ്യാ സ്വാമിജി
അയിത്തം പാപമാണെന്നു പറയാറുണ്ടായിരുന്നു.
ഇദ്ദേഹത്തിന്‌ ബ്രാഹ്മണര്‍ മുതല്‍ പുലയര്‍ വരെയുള്ളവര്‍
ശിഷ്യരായുണ്ടായിരുന്നു.
തൈപ്പൂയം തുടങ്ങിയ വിശേഷദിവസങ്ങളില്‍ "പന്തിഭോജനം"
നടത്തി വന്നതില്‍ നാനാജാതിമതസ്ഥരും പങ്കെടുത്തിരുന്നു.
ഗാന്ധിജിയുടെ ഹരിജനോദ്ധാരണത്തിനു മുന്‍പ് തന്നെ
ശ്രീ അയ്യാ സ്വാമി മനുഷ്യനെ മനുഷ്യനായി കാണാന്‍
ലോകരെ പഠിപ്പിച്ചു. ജാതിയുടേയോ മതത്തിന്‍റേയോ
വര്‍ണ്ണവര്‍ഗ്ഗത്തിന്‍റേയോ പേരില്‍ നടന്ന എല്ലാ ചൂഷണങ്ങളേയും
അദ്ദേഹം വെല്ലു വിളിച്ചു. അന്നത്തെ ഭരണകാലത്ത്
സവര്‍ണ്ണരുടെ ജാതിഭ്രാന്ത് അതിഭയങ്കരമായിരുന്നു.
എന്തായാലും സ്വാമി സമാധിയാകുന്നതു വരെ അദ്ദേഹത്തെ
എതിര്‍ക്കാനാര്‍ക്കും കഴിഞ്ഞില്ല.

അയ്യാസ്വാമിയെ മേല്‍ജാതിക്കാര്‍ "പറയന്‍,പാണ്ടിപ്പറയന്‍"
എന്നെല്ലാം വിളിച്ച് ആക്ഷേപിക്കുകയും ഇതില്‍ വിഷമം
തോന്നിയ മൂത്ത പുത്രന്‍ ലോകനാഥപണിക്കര്‍ വിമര്‍ശിച്ചവരുടെ
പേരില്‍ കേസ്സു കോടുക്കുകയും മദ്രാസ്സില്‍ നിന്നും ചെമ്പുപട്ടയം
ഹാജരാക്കി തെളിവു നല്‍കി കോടതിയില്‍ നിന്നു "വെള്ളാളര്‍"
എന്നു വിധി വാങ്ങുകയും ചെയ്തു.എന്തായാലും എതിര്‍ത്ത
ഒരു കുഞ്ഞു പോലും അവരുടെ ഒരു പിടി ചാമ്പല്‍ പോലും
ഇന്നവശേഷിക്കുന്നില്ല.
"ഇന്ത ഉലകത്തിലേ ഒരേ ഒരു ജാതി താന്‍,
ഒരേ ഒരു മതം താന്‍,ഒരേ ഒരു കടവുള്‍ താന്‍"
എന്നു ശിഷ്യരോട് അദ്ദേഹം പറയുമായിരുന്നു.
സംസ്കൃതത്തിലെ വജ്രസൂചികോപനിഷത്തിന്‍റെ
വ്യാഖാനം എല്ലാ ശിഷ്യരേയും പഠിപ്പിച്ചിരുന്നു.

അദ്ദേഹം തന്‍റെ സിദ്ധാന്തം ശിഷ്യരില്‍ കൂടിയും ലോകത്തെ പഠിപ്പിച്ചു.
ശിഷ്യപ്രമുഖനായ ശ്രീ ചട്ടമ്പിസ്വാമികളുടെ "വേദാധികാര നിരൂപണം"
ഇതിനൊരുദാഹരണമാണ് .ശ്രീനാരയണഗുരു ആകട്ടെ അയിത്തത്തിനെതിരായി
പടപൊരുതി.കുളത്തൂര്‍ സ്വയം പ്രകാശയോഗിനിഅമ്മയും ഹരിജനോദ്ധാരണം
ചെയ്തു. മേല്‍ജാതിക്കാരില്‍ നിന്നും കഠിനമായ എതിര്‍പ്പുണ്ടായിട്ടും
അയ്യാ സ്വാമിയുടെ സിദ്ധാന്തം ശിഷ്യര്‍ ലോകരെ
പഠിപ്പിച്ചു.
പുലയ മഹാസഭയുടെ സംഘാടകനായ ശ്രീ വെങ്ങാലൂര്‍ അയ്യങ്കാളിയും
തൈക്കാട്ടെത്തി തൈപ്പൂയ സ്ദ്യയ്ക്കു ബ്രഹ്മണരോടൊപ്പം പങ്കെടുത്തിരുന്നു.
1960 ല്‍ പുറത്തിറക്കിയ "ശിവരാജയോഗി അയ്യാ സ്വാമി തിരുവടികള്‍"
എന്ന ഗ്രന്ഥത്തിലെ114-15 പേജുകള്‍. 1997 ലിറങ്ങിറങ്ങിയ
അടുത്ത പതിപ്പില്‍ ഈ അദ്ധ്യായം കാണുന്നില്ല.


അയ്യാസ്വാമികളുടെ പ്രവചങ്ങള്‍
ആയിരത്തി എണ്‍പത്തിനാല്‌ മിഥുനമാസത്തിലെ അവസാന
ചൊവ്വാഴ്ച (1909 ജൂലൈ 13) പതിവു പോലെ ശ്രീമൂലം
തിരുനാളിനെ മുഖം കാണിക്കാന്‍ അയ്യസ്വാമികള്‍ പോയി.
അടുത്ത ചൊവ്വാഴ്ച്ച താന്‍ സമാധി ആവാന്‍ തീരുന്മാനിച്ചു
എന്നറിയിച്ചു. "മാറ്റിവയ്ക്കാന്‍ പാടില്ലേ?"എന്നു ചോദിച്ചപ്പോള്‍
"ഇല്ല. നിശ്ചയിച്ചു പോയി" എന്നായിരുന്നു മരുപടി.
താന്‍ ആവശ്യപ്പെട്ട രണ്ടൂ കാര്യങ്ങള്‍ മറന്നു പോയിരിക്കാം
എന്നു മഹാരാജാവു പറഞ്ഞപ്പോള്‍ ഇളയ തമ്പുരാട്ടി
(സേതുപാര്വ്വതി ഭായ്) നാലു വര്‍ഷം കഴിഞ്ഞ് ഒരു
ആണ്‍കുട്ടിക്കു ജന്മം നല്‍കുമെന്നും ആ കുട്ടി നല്ല മഹാരാജാവാകുമെന്നും
എന്നാല്‍ "കടശ്ശിരാചാ" ആയിരിക്കുമെന്നും പ്രവചിച്ചു.
(അന്‍പതു കൊല്ലത്തിനു ശേഷം രാജാവില്ലാതാകുമെന്ന്‌
സ്വാമികള്‍ മുന്‍ കൂട്ടി കണ്ടു)ആ രാജകുമാരന്‍റെ
പന്ത്രണ്ടാം വയസ്സില്‍ കര്‍ക്കിടകത്തിലെ അമാവാസി
കഴിഞ്ഞ്‌ ഒരാഴ്ച ആലസ്യമായിക്കിടന്ന്‌ മഹാരാജാവ്
`നാടു നീങ്ങുമെന്നും സ്വാമികള്‍ പ്രവചിച്ചു.
തുടര്‍ന്നു താഴെപ്പറയുന്ന പാട്ട് ചൊല്ലി:

"ഭാരതത്തില്‍ കറ്റാഴനാര്‍ പട്ടെനെ‌വെ പരവുകാലം
കന്നിയര്‍കള്‍ വാസമില്ലാ കാട്ടുമലര്‍ ചൂടും കാലം
വന്മാരി പെയ്താലും മഴ കോപിക്ക
വന്‍ കൊലയും വഴി പറയും മികവുണ്ടാം
കട്ടത്തുണിക്കും കഞ്ചിക്കും മക്കള്‍ കൈയേന്തിനിര്‍പ്പാര്‍
വടനാട് വേറ്റുരിമൈയാകും തിട്ടംതാനെ"


(ഭാരതത്തില്‍ കറ്റാഴ നാര്‍ പട്ടെന്ന പേരില്‍ പ്രചരിക്കും.
കന്യകമാര്‍ വാസനയില്ലാത്ത കാട്ടുപൂക്കള്‍ ചൂടും.
വന്മാരി പെയ്താലും മണ്ണിനു പുഴ്ടിയുണ്ടാകില്ല.
മഴ കോപിക്കും. വലിയ തോതില്‍ കൊലപാതകങ്ങള്‍
നടക്കും. വഴികളില്‍ പിടിച്ചുപറി സാധാരണമാകും.
ഉടുതുണിക്കും എരിവയര്‍ കഞ്ഞിക്കും ജനങ്ങള്‍ യാചിക്കും.
ഉത്തര ഭാരതം വേര്‍പെട്ടു പോകും. ഇതു നിശ്ചയം).

കൊട്ടാരത്തില്‍ നിന്നും മടങ്ങുമ്പോള്‍ പുത്തരിക്കണ്ടം
വരമ്പില്‍ വച്ച്‌ അയ്യങ്കാളിയെ കണ്ടു."ഉന്നുടെയ ഫോട്ടൊ
രാജാക്കള്‍ വയ്ക്കിറേന്‍.. ശ്രീമൂലം സഭയിലും ഉനക്കു പോകലാം"
എന്നനുഗ്രഹിച്ചു. രണ്ടും ശരിയായി. അയ്യങ്കാളി പില്‍ക്കാലത്തു
ശ്രീമൂലം അസംബ്ലി മെംബറായി.അദ്ദേഹത്തിന്‍റെ പ്രതിമ അനാഛാദനം
ചെയ്തത്‌ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും.

അയ്യാ സ്വാമികളുടെ കൃതികള്‍

ബ്രഹ്മോത്തര കാണ്ഡം
പഴനി വൈഭവം,
രാമായണം പാട്ട്‌,
മഹാകാളി പഞ്ചരത്നം,
തിരുവാരൂര്‍ മുരുകന്‍,
കുമാര കോവില്‍ കുറവന്‍,
ഉള്ളൂരമര്‍ന്ന ഗുഹന്‍,
രാമായണം സുന്ദര കാണ്ഡം
ഹനുമാന്‍ പാമലൈ,
എന്‍റെ കാശി യാത്ര

അയ്യാ സ്വാമികളുടെ ശിഷ്യര്‍

സ്വാതി തിരുനാള്‍, അയ്യാ വൈകുണ്‌ഠന്‍,
ചട്ടമ്പി സ്വാമികള്‍, ശ്രീ നാരായണ ഗുരു,

കൊല്ലത്ത്‌ അമ്മ,അയ്യന്‍കാളി ,കേരള വര്‍മ്മ
കോയിത്തമ്പുരാന്‍, പേഷ്കാര്‍ മീനക്ഷി അയ്യര്‍ ,
ചാല സൂര്യ നാരായണ അയ്യര്‍,ചാല അറുമുഖ
വാധ്യാര്‍ ,ചാല മണിക്ക വാചകര്‍ ,കുമാരസ്വാമി
വാധ്യാര്‍,മുത്തുകുമാര സ്വാമിപ്പിള്ള, പേഷ്കാര്‍
പെരിയ പെരുമാള്‍ പിള്ള, അപ്പാവു വക്കീല്‍,
തൈക്കാട്ട്‌ ചിദംബരം പിള്ള,കൊട്ടരം ഡോക്ടര്‍
കൃഷ്ണപിള്ള, കമ്പൌണ്ടര്‍ പദ്മനാഭ പിള്ള,
അയ്യപ്പന്‍ പിള്ള വാധ്യാര്‍,തോട്ടത്തില്‍ രാമന്‍
കണിയാര്‍, കല്‍പട കണിയാര്‍ ,മണക്കാട്‌ ഭവാനി ,
പേട്ട ഫെര്‍ണാണ്ടസ്സ്‌, തക്കല പീര്‍ മുഹമ്മദ്‌,
ശങ്കരലിംഗം പിള്ള തുടങ്ങി 51 പേര്‍.

റഫറന്‍സ്

1.കാലടി പരമേശ്വരന്‍ പിള്ള,ശിവരാജയോഗി തൈക്കാട് അയ്യ സ്വാമി തിരുവടികള്‍,അയ്യാമിഷന്‍ 1960
2.ഡോ.രവികുമാര്‍, ബ്രഹ്മശ്രീ തൈക്കാട്ട് അയ്യസ്വാമികള്‍,അയ്യാമിഷന്‍ 1977
3.ഈ.കെ സുഗതന്‍, തൈക്കാട്ട് അയ്യഗുരുസ്വാമി,അയ്യാമിഷന്‍ 2005
4.അയ്യാഗുരു മഹാസമാധി വാര്‍ഷികസ്മരണിക, അയ്യാമിഷന്‍ 2003
4.ഫ്രൊഫ.ജെ ലളിത& രാജീവ് ഇരിങ്ങാലക്കുട,സച്ചിദാനന്ദസാഗരം,സ്വയം പ്രകാശ ആശ്രമം 2008
5.പറവൂര്‍ കെ.ഗോപാലപിള്ള,പരമഭട്ടാരക ചട്ടമ്പിസ്വാമി തിരുവടികള്‍ 1110
6.പി.കെ.പരമേശ്വരന്‍ നായര്‍, ചട്ടമ്പിസ്വാമി ശതാബ്ദി സ്മാരകഗ്രന്ഥം 1953
7.പ്രൊഫ.ജി.സുകുമാരന്‍ നായര്‍,നവഭാരതശില്‍പ്പികള്‍ 1982
8.മണക്കാടു സുകുമാരന്‍ നായര്‍,ശ്രീവിദ്യാധിരാജന്‍ 1986
9.എന്‍.ഗോപിനാഥന്‍ നായ,ര്‍ ചട്ടമ്പിസ്വാമികള്‍ 1983
10.സല്‍ക്കവി പി.കെ കേശവന്‍, ഉപഹാരമാലിക 1950
11.പി.പരമേശ്വരന്‍,ശ്രീനാരായണഗുരുസ്വാമികള്‍ 1971
12.കെ.സുരേന്ദരന്‍, ഗുരു(നോവല്‍) എന്‍.ബി.എസ്സ് 1996
13 .ശൂരനാടു കുഞ്ഞന്‍ പിള്ള, തിരുവിതാംകൂറിലെ മഹാന്‍മാര്‍ 1946
14.എം. കെ സാനു,നാരായണഗുരു(ഇംഗ്ലീഷ്) 1978
15. വി.ആര്‍. പരമേശ്വരന്‍ പിള്ള്‍ "ദ്രാവിഡ സംസ്കാരം സഹ്യാദ്രി സാനുക്കളില്‍"അഞ്ജലി
പബ്ളിക്കേഷന്‍സ്‌ പൊന്‍കുന്നം 1987