2010, ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

സമരകേരളം - ബ്ലോഗിലൂടെ സമരം തുടങ്ങാം

മാറിമാറി അധികാരം കയ്യാളുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എടുത്ത തെറ്റായ തീരുമാനങ്ങളുടെ ഫലമായുണ്ടായ ദുരിതങ്ങളാണ് ചിലത്. യഥാകാലം തീരുമാനങ്ങള്‍ എടുക്കാത്തതിന്റെ ഫലമായി അവശേഷിക്കുന്ന ദുരിതങ്ങളാണ് മറ്റ് ചിലത്. ചില സമരങ്ങള്‍ ചിലപ്പോള്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. എന്നാല്‍ മുഖ്യധാരാ മാധ്യമങ്ങള്‍ സാധാരണയായി അവയെ അവഗണിക്കുകയൊ തമസ്കരിക്കുകയൊ ആണ് ചെയ്യുന്നത്. പ്രമുഖ പത്രപ്രവര്‍ത്തകനും ബ്ലോഗറുമായ ശ്രീ ബി.ആര്‍.പി ഭാസ്കറിന്റെ സമരകേരളത്തിന്റെ മുഖപത്രം എന്നപോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കും തോന്നി ഒരു സമരം തുടങ്ങണമെന്ന്. വര്‍ഷങ്ങളായി പ്രസിദ്ധീകരിക്കുന്ന റബ്ബര്‍ മേഖലയിലെ പ്രശ്നങ്ങള്‍ തന്നെയാണ് വീണ്ടും അവതരിപ്പിക്കുവാനുള്ളത്. റോഡിലിറങ്ങി സമരം ചെയ്യാനോ, സെക്രട്ടേറിയറ്റ് നടയില്‍ ധര്‍ണ നടത്താനോ, മുഖ്യധാരാമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനോ, ബ്ലോഗര്‍ - ബ്ലോഗിനികളുടെ പിന്തുണ ആര്‍ജിക്കുവാനോ, പൊതുമുതല്‍ നശിപ്പിക്കാനോ, പത്തുപേരെ ഒപ്പം സംഘടിപ്പിക്കാനോ കഴിയാത്തതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുവേണ്ടി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന പത്രങ്ങള്‍ക്ക് ഒരു മുന്നറിയിപ്പാകട്ടെ ഈ പോസ്റ്റ്.
റബ്ബര്‍ ബോര്‍ഡ് പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ അതേപടി പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ ഏറെയുണ്ട്. റബ്ബര്‍ സ്ഥിതിവിവര കണക്കുകളിലെ ചതിക്കുഴികള്‍ കണ്ടെത്താന്‍ ശ്രമിക്കാതെ പല റിപ്പോര്‍ട്ടര്‍മാരും അവര്‍ക്ക് തോന്നിയത് അവതരിപ്പിക്കുന്നു. മൂന്ന് മാസം മുന്‍പുള്ള പ്രതിമാസ സ്ഥിതിവിവരക്കണക്ക് വാര്‍ത്തയായി റബ്ബര്‍ ബോര്‍ഡ് ലഭ്യമാക്കുമ്പോള്‍ പലഭാഷാ മാധ്യമങ്ങളും നാളിതുവരെയുള്ള പ്രസിദ്ധീകരിക്കാത്ത സ്ഥിതിവിവരക്കണക്ക് റബ്ബര്‍ ബോര്‍ഡിന്റെ പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്നും മറ്റും പറഞ്ഞ് പ്രസിദ്ധീകരിക്കുന്നു. റബ്ബര്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ തന്നെ വരും വര്‍ഷത്തെ ഉല്പാദനവും ഉപഭോഗവും മുന്‍കൂട്ടി പ്രചരിപ്പിക്കുന്നു. അതിനനുസൃതമായി പിന്നീട് പ്രത്യക്ഷപ്പെടുന്ന സ്ഥിതിവിവര കണക്കുകളും വലിയ മാറ്റങ്ങളില്ലാതെ പ്രത്യക്ഷപ്പെടുകയാണ് ചെയ്യുന്നത്.
റബ്ബറിന്റെ വരവും, ചെലവും, മിച്ചവും ടാലിയാകാത്ത കള്ളക്കണക്കുകള്‍ പ്രചരിപ്പിച്ചും, വിപണിയില്‍ തോന്നിയ ഗ്രേഡില്‍ വാങ്ങാനും വില്‍ക്കാനും ഗ്രീന്‍ബുക്കെന്ന ഗ്രേഡിംഗ് മാനദണ്ഡം പ്രദര്‍ശിപ്പിക്കാതെയും, ഭാരതത്തിലെ ഏറ്റവും വലിയ ഉത്പന്ന നിര്‍മ്മാതാവിന്റെ ഗ്രൂപ്പ് മാധ്യമത്തില്‍ പലപ്പോഴും ആര്‍എസ്എസ് 4 ഉം വ്യാപാരിവിലയും തമ്മിലുള്ള അന്തരം കൂട്ടിയും കുറച്ചും പ്രസിദ്ധീകരിച്ച് വിപണിവില നിയന്ത്രിച്ചും, ആര്‍എസ്എസ് 1x ഉം 1ഉം (ആര്‍.എസ്‌.എസ്‌ 1x - ഈ ഗ്രേഡിലുള്ള ഷീറ്റുകള്‍ നല്ലതുപോലെ ഉണങ്ങിയതും യാതൊരുവിധ കരടോ മാലിന്യങ്ങളോ ഇല്ലാത്തതും, ബലമുള്ളതും, ഒരേ അളവില്‍ പുകച്ചതും, സുതാര്യവും ആയിരിക്കണം. തേനിന്റെ നിറമോ സ്വര്‍ണനിറമുള്ളതോ, ആയ ഷീറ്റുകളാണ് ഈ ഗ്രേഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. മങ്ങിയ നിറത്തിലുള്ള ഷീറ്റുകള്‍, അമിതമായി പുകകൊണ്ട ഭാഗങ്ങള്‍ ഇവ്യൊന്നും തന്നെ ഈ ഗ്രേഡില്‍പ്പെട്ട ഷീറ്റില്‍ ഉണ്ടായിരിക്കരുത്‌. ജാരണം മൂലമുള്ള ഉരുകല്‍, ഒട്ടല്‍, ബലക്കുറവ്‌, കുമിളകള്‍, തുരുമ്പ്‌, റീപ്പര്‍ പാടുകള്‍, കത്തിയ ഭാഗങ്ങള്‍ ഇവയൊന്നുംതന്നെ ഈ ഗ്രേഡ്‌ ഷീറ്റില്‍ കാണാന്‍ പാടില്ല.

ആര്‍.എസ്‌.എസ്‌ 1 - ഈ ഗ്രേഡില്‍പ്പെട്ട ഷീറ്റുകള്‍ സ്വര്‍ണനിറമുള്ളതോ തേനിന്റെ നിറമുള്ളതോ ആയിരിക്കണം. കരടോ മറ്റു മാലിന്യങ്ങളോ ഒന്നുംതന്നെ കാണാന്‍ പാടില്ല. ഷീറ്റുകള്‍ ബലമുള്ളതും, പുകച്ചതും സുതാര്യവും ആയിരിക്കണം. മങ്ങിയ നിറത്തിലുള്ളതും അമിതമായി പുകച്ച ഷീറ്റുകളും ഈ ഗ്രേഡില്‍ അനുവദനീയമല്ല. ജാരണം മൂലമുള്ള ഉരുകല്‍, ഒട്ടല്‍, ബലക്കുറവുള്ള ഭാഗങ്ങള്‍, കുമിളകള്‍, തുരുമ്പ്‌, റീപര്‍ പാടുകള്‍, ഉണങ്ങാത്ത ഭാഗങ്ങള്‍, കത്തിയ ഭാഗങ്ങള്‍ ഇവയൊന്നും തന്നെ ഈ ഗ്രേഡിലുള്ള ഷീറ്റില്‍ ഉണ്ടായിരിക്കുവാന്‍ പാടുള്ളതല്ല. മുകളില്‍ കൊടുത്തിരിക്കുന്ന ഗ്രേഡില്‍‌പ്പെട്ട റബ്ബര്‍ ഷെറ്റുകളുടെ കെട്ടിന് പുറത്ത്‌ പൂപ്പലോ മണല്‍‌ത്തരികളോ ഉണ്ടായിരിക്കരുത്‌. ഭംഗിയായി പായ്ക്ക്‌ ചെയ്തിരിക്കണം.)നാലാംതരത്തിന്റെ വിലപോലും ലഭ്യമാക്കാതെ വ്യാപാരിവിലയ്ക്ക് കര്‍ഷകരെക്കൊണ്ട് വില്‍പ്പിച്ചും, മണ്ണിനെ കുട്ടിച്ചോറാക്കിയുള്ള വളപ്രയോഗരീതി പ്രചരിപ്പിച്ചും, ടാപ്പിംഗ് ദിനങ്ങളുടെ എണ്ണം കുറയ്ക്കാം വിളവൊട്ടും കുറയാതെ എന്ന മുദ്രാവാക്യവുമായി ഉത്തേജക ഔഷധപ്രയോഗത്തിലൂടെ റബ്ബര്‍ മരങ്ങളെ നശിപ്പിച്ചും, ഉല്പാദന വര്‍ദ്ധനവിനായി മരത്തിലെയും മണ്ണിലേയും ന്യൂട്രിയന്റ് മൈനിംഗ് നടത്തിയും, 60% ഡിആര്‍സിയുള്ള ലാറ്റെക്സിന്റെ പ്രതിദിന വിലകളേക്കാള്‍ വളരെക്കൂടിയ പ്രതിമാസ ശരാശരി വില പ്രസിദ്ധീകരിച്ച് 40% റബ്ബറേതരവസ്തുക്കളെയും റബ്ബറായി കണക്കാക്കിയും, അന്താരാഷ്ട്ര വിലയേക്കാള്‍ 20 രൂപയില്‍ കൂടിയ വില കിട്ടുമ്പോള്‍ കര്‍ഷകര്‍ സ്റ്റോക്ക് പിടിച്ചുവെയ്ക്കുന്നു എന്ന്കാട്ടി ഇല്ലാത്ത ഉയര്‍ന്ന റബ്ബര്‍ സ്റ്റോക്ക് പ്രസിദ്ധീകരിച്ചും, കയറ്റുമതിക്കാനുപാതികമായി പൂജ്യം ശതമാനം ഇറക്കുമതി തീരുവയില്‍ 98% ത്തോളം വന്‍ ഇറക്കുമതി ചെയ്തും, റബ്ബര്‍കിട്ടാനില്ല എന്ന് പറഞ്ഞ് നിലവിലുള്ള ഇറക്കുമതി തീരുവ കുറപ്പിച്ച് വരാന്‍പോകുന്ന മുന്തിയ ഉല്പാദന സീസണ് മുന്നോടിയായി ഇറക്കുമതി ചെയ്യിച്ചും, നാട്ടറിവുകള്‍ ഗവേഷണശാലയിലേയ്ക്ക് എന്ന മുദ്രാവാക്യവുമായി ഇന്നൊവേറ്റീവായ കര്‍ഷകരെ വിളിച്ചുവരുത്തി കേരളമൊട്ടുക്കും നാനൂറ് പരമ്പരയുടെ പ്രചാരണം നടത്തിയും, മറ്റ് കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവില്‍ സഹികെട്ട കര്‍ഷകരെക്കൊണ്ട് തെങ്ങും, മരച്ചീനിയും, വാഴയും മറ്റും വെട്ടിമാറ്റി റബ്ബര്‍ നടാന്‍ അനുവദിച്ചും, നെല്‍പ്പാടങ്ങള്‍ പണകോരി റബ്ബര്‍ നടാന്‍ പ്രേരിപ്പിച്ചും, ലൈസന്‍സില്ലാത്ത ഡീലര്‍മാരെ പ്രോത്സാഹിപ്പിച്ചും ഭാരതത്തിലെ 92% സ്വാഭാവിക റബ്ബര്‍ ഉല്പാദിപ്പിക്കുന്ന കേരളത്തിലെ കര്‍ഷകരെ കബളിപ്പിക്കുകയാണ് കച്ചവടക്കാരും, കക്ഷിരാഷ്ട്രീയക്കാരും, ഉല്പന്ന നിര്‍മ്മാതാക്കളും, റബ്ബര്‍ബോര്‍ഡും മാധ്യമങ്ങളും ചേര്‍ന്ന കൂട്ടായ്മ. റബ്ബര്‍ ബോര്‍ഡറിയാതെ ഒരു കിലോപോലും കയറ്റുമതി ചെയ്യാന്‍ കഴിയില്ല എന്നിരിക്കെ താണവിലയ്ക്ക് കയറ്റുമതി ചെയ്ത് അന്താരാഷ്ട്ര വിലയിടിക്കുമ്പോള്‍ വിവരാവകാശ നിയമപ്രകാരം രേഖകള്‍ ആവശ്യപ്പെട്ടാല്‍ തരാന്‍ മടി കാണിക്കുകയും യഥാര്‍ത്ഥ രേഖകള്‍ക്ക് പകരം തന്ന രേഖകളില്‍ പേജെണ്ണം തികക്കാന്‍ വേണ്ടി കവറിംഗ് ലറ്ററും മറ്റും ഉള്‍ക്കൊള്ളിച്ച് കബളിപ്പിക്കുകയും ചെയ്യുന്നു.

ഉല്പന്ന നിര്‍മ്മാതാക്കളുടെ അസോസിയേഷനായ ആത്മയാണ് പല വാര്‍ഷിക രേഖകളും റബ്ബര്‍ ബോര്‍ഡിന് പ്രസിദ്ധീകരിക്കാനായി നല്‍കുന്നത്. റബ്ബര്‍ ബോര്‍ഡിന്റെ പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ആര്‍പിഎസ് ബൈലകള്‍ അവരുടെ സാന്നിധ്യം കര്‍ഷകരുടെ ചലനങ്ങള്‍ അറിയാനും നിയന്ത്രിക്കാനും പ്രയോജനപ്പെടുത്തുന്നു.


ഇതാ കണക്കിലെ കളികളുടെ തെളിവുകള്‍
പ്രതിദിനവിലകള്‍ | കണക്കിലെ തിരിമറികള്‍ | വിവരാവകാശത്തിലൂടെ ലഭിച്ചത് | വിവരാവകാശത്തിലൂടെ ലഭിച്ച കവറിംഗ് ലറ്റര്‍ | സ്ഥിതിവിവര കണക്ക് ഒരു വിശകലനം | നിര്‍മ്മാതാക്കളുടെ പക്കലുള്ള റബ്ബര്‍ ശേഖരം | പാലാ റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ കയറ്റുമതി | രാജ്യത്തിന് സാമ്പത്തിക നഷ്ടം വരുത്തുന്ന റബ്ബര്‍ വിപണി ഇതുപോലെ എന്തെല്ലാം കളികള്‍