കെ ഗോവിന്ദൻ കുട്ടി
കല്പന ഗോപിയെ ക്വെസ്റ്റ്യന്‍ പേപർ ഗോപി എന്നും വിളിക്കുമായിരുന്നു--അദ്ദേഹത്തിന്റെ ഇഷ്ടത്തോടെ. ചോദ്യക്കടലാസ് ചോർത്താൻ മാത്രമല്ല, ഉത്തരം എഴുതിപ്പിച്ച് ഹാളിൽ ഒളിച്ചുകൊണ്ടുപോകാനും വിരുതൻ. “അല്ലാതെ, ഞാൻ എഴുതിയാൽ ഒന്നാം ക്ലാസ് കിട്ടുമോ?” എന്ന് പല്ലവി പോലെ ഗോപിയുടെ ആത്മഗതം. ഒന്നാം ക്ലാസോടെത്തന്നെ തത്വശാസ്ത്രത്തിലോ ഇംഗ്ലിഷ് സാഹിത്യത്തിലോ ബിരുദം നേടി.
പലതരം കരാർ പണി ഏറ്റെടുത്തൂ. ഒടുവിലത്തെ കരാർ പഴയ കൂട്ടുകാരൻ ആർ ബാലകൃഷ്ണ പിള്ളയെ
തോല്പിക്കാനായിരുന്നു, എന്തു വില കൊടുത്തും.
കരാർ ആയാലും അല്ലെങ്കിലും, ഗോപി കമിഴ്ന്നുവീഴാതെത്തന്നെ കാൽ പണം കൈക്കലാക്കുന്ന ആളെന്നാണ് ചീഫ് എൻജിനീർ ഭരതൻ പറയാറ്. അതു കേട്ടാൽ ഗോപി ചിരിക്കുകയേ ഉള്ളു--സംഗതി മുഴുവൻ ബോധ്യമല്ലെങ്കിലും. അഹങ്കാരം ലവലേശം കലരാത്ത ഒരുതരം പുഛമായിരുന്നു എപ്പോഴും ഗോപിയുടെ പതിഞ്ഞ
വാക്കുകളിലെ ഈണം. ഏത് സ്ഥപനവുമായി ബന്ധപ്പെടുന്നുവോ, ആ സ്ഥാപനത്തിൽ അദ്ദേഹമറിയാതെ ഈച്ച അനങ്ങില്ല. താങ്ങാൻ വയ്യാത്ത ചില കരാർ ഗോപിയെ ഏല്പിച്ച വൈദ്യുതി ബോർഡ് അങ്ങനെയൊരു സ്ഥാപനമായിരുന്നു.
ഏതോ വനകന്യകയുടെ ശാപമേറ്റതുപോലെയാണ് വൈദ്യുതി ബോർഡിന്റെ ഇടമലയാർ പദ്ധതി. അബദ്ധങ്ങളും ആരോപണങ്ങളുമായി അത് നീണ്ടുനീണ്ടങ്ങനെ പോയി. ഒടുവിൽ അണക്കെട്ടിൽനിന്ന് വൈദ്യുതനിലയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന തുരങ്കം ആദ്യമായി തുറന്നപ്പോഴോ, ദാ നശിച്ച ഒരു ചോർച്ച! ചോർച്ചയുടെ വിവരം പുറത്തുനിന്ന് അറിഞ്ഞ ആദ്യത്തെ ആൾ ഗോപിയായിരുന്നു. രണ്ടാമത്തെ ആൾ ഞാനും--തീർച്ചയായും, ഗോപി വഴി. രാത്രി ഇന്ത്യൻ എക്സ്പ്രസിന്റെ ആദ്യത്തെ എഡിഷൻ അടിക്കാറായപ്പോഴായിരുന്നു ഗോപിയുടെ വിളി:
“നിങ്ങളറിഞ്ഞോ, ഇടമലയാർ ടണൽ അല്പം മുമ്പ് തുറന്നു, ചോർന്നു, അടച്ചു.. ......”
അടുത്ത നിമിഷം ഗോപി തന്നെ തന്ന ഒരു നമ്പറിൽ വിളിച്ചുനോക്കി. പിന്നെ ബോർഡ് മെംബർ ഗണേശ പിള്ളയെ. ഇടമാലയാറിലേക്ക് പുറപ്പെടുകയായിരുന്നു എന്തുകൊണ്ടും സാധുവായ ഗണേശ പിള്ള. ചോർച്ചയുടെ കാരണമോ കാര്യമോ അറിയാത്തതുകൊണ്ട്, അതിന്റെ വിപത്ത് മാത്രം അറിയാവുന്നതുകൊണ്ട്, പിള്ള പരിഭ്രാന്തനായിരുന്നു. ആ പരിഭ്രാന്തി ആവാഹിച്ചുകൊണ്ടെഴുതിയ റിപോർടിൽ വിവരം കുറച്ചേ ഉണ്ടായിരുന്നുള്ളു. അത്രതന്നെയേ ഉണ്ടായിരുന്നുള്ളു പിറ്റേന്ന് വൈദ്യുതമന്ത്രിയുടെ ചുമതല വഹിച്ചിരുന്ന കെ എം മാണി
നിയമസഭയിൽ നടത്തിയ പ്രസ്താവനയിലും.
ഇടമലയാറിൽ ചോർച്ച. പ്രതിപക്ഷത്തിന് നല്ല കോളായി. ഓരോരുത്തരും ഭാവനാവിലാസം പോലെ ചോർച്ചയുടെ കാരണവും വരാനിരിക്കുന്ന വിപത്തിന്റെ വൈപുല്യവും അപഗ്രഥിച്ചു. അണക്കെട്ടിലാണ് ചോർച്ചയെന്ന് ചിലർ ഉത്സാഹപൂർവം തട്ടിമൂളിച്ചു. അണക്കെട്ട് പൊട്ടിയാൽ എറണാകുളം പട്ടണം വരെ വെള്ളത്തിലാകാമെന്ന് ആരും ധരിച്ചില്ല. എല്ലാവരും ധരിച്ച ഒരു കാര്യം ഇതായിരുന്നു: ഈ ചോർച്ചക്കും ഉത്തരവാദി ആർ ബാലകൃഷ്ണ പിള്ള തന്നെ. എന്താരോപണവും ചാർത്തിക്കൊടുത്താാൽ വാഴുമെന്ന പരുവത്തിൽ ആയിവരികയായിരുന്നു അതുവരെ
വൈദ്യുതമന്ത്രി ആയിരുന്ന ബാലകൃഷ്ണ പിള്ള. ഒരുകാലത്ത് മീഡിയയുടെ ഇഷ്ടമന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ പതനം നോക്കണേ!
തുരങ്കത്തിൽ ചോർച്ച കണ്ടതോടെ, ബാലകൃഷ്ണ പിള്ള വീണ്ടും വട്ടത്തിലായി--കുറ്റം ആരുടേതായാലും. പതിവുപോലെ ഒരു ജഡ്ജിയെ, കെ സുകുമാരനെ, അന്വേഷണത്തിനു വെച്ചു. അന്വേഷണം അഗാധവും അതിവിപുലവും ആയിരുന്നു. രാവിലെ ഒരു കപ് ചായയുമായി ഗൃഹനാഥന്റെ അരികിൽ എത്തുന്നത് സ്ത്രീയാണെന്ന ഒരൊറ്റ ന്യായത്തിന്മേൽ, വൈദ്യുതി ബോർഡിൽ ഒരു സ്ത്രീ അംഗം കൂടി ഉണ്ടാകണമെന്നുവരെ അദ്ദേഹം പറഞ്ഞുവെച്ചു. അതോടേ ബാലകൃഷ്ണ പിള്ള ഇടമലയാറിനെപ്പറ്റി പറഞ്ഞതും പ്രവർത്തിച്ചതുമെല്ലാം വിമർശിക്കപ്പെട്ടുതുടങ്ങി. ഭൂചലനത്തിനു സാധ്യതയുള്ള ഇടത്ത് പദ്ധതി തുടങ്ങിയത് ആദിമപാപം. പിന്നെ കരാർ കൊടുത്തതിലെ ക്രമക്കേട്. പന്ത്രണ്ടു കിലോമീറ്റർ നീളമുള്ള ഊർജ്ജതുരങ്കം ഉണ്ടാക്കാൻ,
അതിന് പ്രാപ്തി ഇല്ലാത്ത ഒരു സിൽബന്തിയെ ഏല്പിച്ചു എന്നായിരുന്നു ബാലകൃഷ്ണ പിള്ളക്കെതിരെ ഉയർന്ന ഒരു ആരോപണം. ചോർച്ച അതിന് ഉറപ്പേകി. അങ്ങനെ ബാലകൃഷ്ണ പിള്ള ഒരു തരം ഇടമലയാർ വീരനായി. വേറൊരു തരം ഇടമലയാർ വീരനും ആ ചരിത്രസന്ധിയിൽ അവതരിച്ചു: വി എസ് അച്യുതാനന്ദൻ.
സുകുമാരന്റെ വിധിസദൃശമായ റിപോർട് വന്നപ്പോൾ ദേശാഭിമാനി ആഘോഷപൂർവം എഴുതി: വി എസിന്റെ
വിജയം. ശരിയായിരുന്നു; കുറേക്കാലമായി, തുരങ്കം ചോരുന്നതിനും എത്രയോ മുമ്പുമുതൽ, ഇടമലയാറിലെ
തിരിമറികളെപ്പറ്റി വി എസ് പ്രസ്താവന ഇറക്കിവരികയായിരുന്നു. ആ പരമ്പരയിലെ ആദ്യത്തെ പ്രസ്താവന
രചിക്കപ്പെട്ട സ്ഥലമായിരുന്നു ശാന്തിനഗറിലെ പതിനേഴാം നമ്പർ വീട്. അത് കേട്ടെഴുതിയത് ഇപ്പോൾ പ്രസ്
അക്കാഡമി അധ്യക്ഷനായ എസ് ആർ ശക്തിധരൻ. പറഞ്ഞുകൊടുത്തത് ഞാൻ. കർതൃത്വം സന്തോഷപൂർവം
വഹിച്ചത് വി എസ് തന്നെ.
അതിനുശേഷം മൂന്നുനാലു പ്രസ്താവനകളുടെ കൂടി പിന്നിൽ ഞാൻ പ്രേതവേഷം കെട്ടീ. അതൊന്നും വി എസ് ഇപ്പോൾ ഓർക്കാതിരിക്കാനാണ് സാധ്യത. ശക്തിക്കും അതായിരിക്കും സൌകര്യം. അതോർത്തിരിക്കുന്നവർ
രണ്ടുപേർ കാണും: ഇടമലായാറിലെ വൈദ്യുതവിശേഷം എനിക്ക് ആദ്യം പറഞ്ഞുതന്ന വി ജി കെ മേനോനും അദ്ദേഹത്തെ എനിക്കു പരിചയപ്പെടുത്തിത്തന്ന വി വിശ്വനാഥ മേനോനും. രണ്ടുപേരും കൊച്ചി മേയറായിരുന്ന
ബാലചന്ദ്രൻ വഴി ബന്ധുക്കൾ.
സായുധവിപ്ലവത്തിന്റെ നാളുകളിൽ ഇടപ്പള്ളി പൊലിസ് സ്റ്റേഷൻ ആക്രമിച്ച വിശനാഥ മേനോൻ, അലസനും സരസനും ആയി, സൌഹൃദങ്ങളിലും സംഭാഷണങ്ങളിലും അഭിരമിച്ച്, ട്രാൻസ്പോർട് തൊഴിലാളി യൂണിയന്റെ പ്രസിഡന്റായി, മൂവാറ്റുപുഴയിൽനിന്ന് ആാവശ്യമനുസരിച്ച് മാഞ്ഞാലിക്കുളത്തെ ഓഫീസിൽ വന്നുപോകുന്ന കാലം.
ഒരു ദിവസം സൊറ പറയുന്ന കൂട്ടത്തിൽ വിശ്വനാഥ മേനോൻ പറഞ്ഞു, “വി ജി കെ മേനോൻ അവിടെ വരും, എന്തോ സംസാരിക്കാൻ. ഇടമലയാറിൽ അസിസ്റ്റന്റ് എഗ്സിക്യുടിവ് എഞ്ചിനീർ. ബാലകൃഷ്ണ പിള്ളയുടെ നോട്ടപ്പുള്ളി. എന്റെ ബന്ധു. കഥ കേൾക്കുക. പിന്നെ എന്തെങ്കിലും പറ്റുമോ എന്നു നോക്കുക.”
വി ജി കെ മേനോൻ വന്നു, കണ്ടു, കഥ പറഞ്ഞു. കഥയുടെ ഭാവവും വികാരത്തിന്റെ വേഗവുമുള്ള കഥ, വാർത്തയായി അച്ചടിക്കാൻ വിഷമം തോന്നിയ കഥ. വാസ്തവമാണെങ്കിലും വെളിപാടായി തോന്നാവുന്ന കാര്യം വാർത്തയായി അവതരിപ്പിക്കാൻ പറ്റില്ലല്ലോ. പണ്ടേക്കുപണ്ടേ ഉള്ളതാണ് വാർത്ത വാസ്തവം ആകണമെന്നില്ലെന്ന തോന്നൽ. ആദ്യം അത് തുറന്നടിച്ചത് ധർമപുത്രനായിരുന്നു. യുദ്ധത്തിനുതൊട്ടുമുമ്പ്, വാർത്ത അറിയാനും പറയാനുമൊക്കെയായി സഞ്ജയന്‍ അദ്ദേഹത്തെ ചെന്നുകണ്ടപ്പോൾ, ധർമപുത്രൻ ചോദിച്ചു: “വാർത്തകൾ എന്തൊന്നുള്ളു? വാസ്തവം പറകെടോ.”
ലേഖകന്റെ വെളിപാടുപോലെ മുഴങ്ങാതെ, വാസ്തവം ആയി തോന്നിക്കുന്ന രീതിയിൽ വാർത്ത അവതരിപ്പിക്കണമെന്നുണ്ടെങ്കിൽ, വി ജി കെ മേനോന്റെ കഥ പറയാൻ പറ്റില്ല. നാലാൽ കേൾക്കെ അത് പറയണമെങ്കിൽ, കുറേ തെളിവും വെളിച്ചവുമൊക്കെ വേണ്ടിവരും. അതിനുവേണ്ടീ കത്തിരുന്നാൽ, പക്ഷേ, കഥ പറയപ്പെടാതെ കിടക്കുകയും ചെയ്യും. ആ ഘട്ടത്തിൽ, നിർഭീകനായി, പോരിനുറച്ച്, മാധ്യമങ്ങൾക്ക് പൊതുവേ അധൃഷ്യനായ, ഹാസവും പരിഹാസം സ്വരത്തിന്റെ ഏറ്റിറക്കത്തിൽ മാത്രം ഒതുക്കിക്കളയുന്ന, അന്നത്തെ സി പി എം സംസ്ഥനസെക്രടറിയായ വി എസ് അച്യുതാനന്ദൻ രംഗത്ത് പ്രവേശിക്കുന്നു.
വാർത്ത വിതരണം ചെയ്യുമ്പോൾ ദീക്ഷിക്കേണ്ട വാസ്തവബോധവും പൊതുപ്രശ്നം ഉന്നയിക്കുന്ന രാഷ്ട്രീയപ്രവർത്തകന്റെ സത്യസങ്കല്പവും രണ്ടൂം ഒന്നല്ല. തെളിവ് കാര്യമായില്ലതെ, സംശയത്തിന്റെ വെളിച്ചത്തിൽ ആരോപണം(സി എച് മുഹമ്മദ് കോയ ആ വാക്കിനെ രണ്ടായിപ്പിരിച്ച് “ആരോ പണം” എന്ന് ഉച്ചരിച്ചിരുന്നു) ഉന്നയിക്കുന്നത് രാഷ്ട്രീയത്തിലെ അംഗീകരിക്കപ്പെട്ട ഒരു ആചാരക്രമമാകുന്നു. വായിൽ തോന്നിയതെല്ലാം വിളിച്ചുപറയാമെന്നായാൽ മാധ്യമരംഗം അധമവും രാഷ്ട്രീയം കുളവുമാകുമെന്നു മാത്രം. ഏതായാലൂം വി എസിന്റെ ആ സംഗരം അങ്ങനെയായില്ല.
ഇടമലയാറിലെ ഓളങ്ങൾ പോലെ കഥകളും കാര്യങ്ങളും അങ്ങനെ പുറത്തുവന്നുകൊണ്ടിരുന്നു. കേസുകളുടെ ഊരാക്കുടുക്കിൽ പെട്ട ബാലകൃഷ്ണ പിള്ളക്കുവേണ്ടി ഒരു നിമിഷം ഫലമൊന്നുമില്ലാതെ കോടതിയിൽ എഴുന്നേറ്റുനിൽക്കാൻ മാത്രം ജി രാമസ്വാമിയെ വരുത്തിയ ഇനത്തിൽ ഏഴെട്ടുലക്ഷമെങ്കിലും പൊട്ടിയിരിക്കുമെന്ന് ഒരു കഥ. വേലിയേറ്റത്തിൽ വാങ്ങുകയും വേലിയിറക്കത്തിൽ കാണാതാവുകയും ചെയ്ത മാലിദ്വീപിലെ തുരുത്തിനെപ്പറ്റി ഒരിക്കൽ അന്വേഷണോദ്യോഗസ്ഥനായിരുന്ന യൂസഫ് കുഞ്ഞ് കേട്ടുകേട്ടുപറഞ്ഞ വെറൊരു കഥ.
കഥാസരിത്സാഗരം അങ്ങനെ പരന്നൊഴുകുമ്പോൾ, അതിൽ രക്ഷകനെപ്പോലെ ഒരു രാഷ്ട്രീയപേടകത്തിൽ അച്യുതാനന്ദൻ മുന്നേറിയപ്പോൾ, കഥയിൽ ആദ്യം വെടിപൊട്ടിയ സന്ദർഭം ഓർത്ത്, ഒരിക്കലും വരാത്ത ചിരി ചിരിച്ച്, കല്പന ഗോപി കണ്ണിറൂക്കി. “ഇതൊക്കെ എത്ര കണ്ടിരിക്കുന്നു” എന്ന് അർഥം പകരും മട്ടിൽ വിശ്വനാഥ മേനോന്റെ ശബ്ദം മുഴaങ്ങി. സൂപ്രണ്ടിംഗ് എഞ്ചിനീർ ആയി വിരമിച്ച വി ജി കെ മേനോൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് ആവുകയും, പിന്നെ ആചാരപ്രകാരം ചില്ലറ ചില ആരോപനങ്ങൾക്ക് വിധേയനാവുകയും ചെയ്തു.
[ലേഖകന്‍ ശ്രി.ഗോവിന്ദന്‍ കുട്ടി യയാതികൂട്ടത്തിലെ അംഗമാണ്]
[ലേഖകന്‍ ശ്രി.ഗോവിന്ദന്‍ കുട്ടി യയാതികൂട്ടത്തിലെ അംഗമാണ്]