വേലിക്കകത്തെ അച്യുതാനന്ദന്‍ പുറത്ത്
പഴമക്കാര്‍ പറയുന്നതു പോലെ, ഭവിതവ്യത തന്നെ ബലവതി. ഇപ്പോള്‍ ഉണ്ടായിരിക്കുന്നതൊക്കെത്തന്നെ ആയിരുന്നു വി എസ് അച്യുതാനന്ദന്റെ കാര്യത്തില്‍ ഭവിതവ്യത. “ഞാന്‍ അന്നേ പറഞ്ഞില്ലേ, ഇങ്ങനെയേ കലാശിക്കൂ,” എന്നു പറഞ്ഞ് സര്‍വജ്ഞപീഠത്തില്‍ ഞെളിയുകയല്ല. വരാനിരുന്ന ചുവന്ന സംഭവങ്ങളുടെ കറുത്ത നിഴലുകള്‍ കണ്ണു തുറന്നിരിക്കുന്നവര്‍ക്കെല്ലാം നേരത്തേ കാണാമായിരുന്നതേ ഉള്ളു.
അച്ചടക്കമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലനില്പിന്റെ നിദാനവും രഹസ്യവും. പണ്ടുപണ്ട് ബോള്‍ഷെവിക്കുകളും മെന്‍ഷെവിക്കുകളും തമ്മിലുണ്ടായ സമരത്തിലെ ഒരു പ്രശനം ഇതായിരുന്നു: കഠിനമായ അച്ചടക്കം വേണമോ അയഞ്ഞ പാര്‍ട്ടി വേണമോ? ലെനിന്‍ ബോള്‍ഷെവിക്കുകളുടെ ഒപ്പം ചേര്‍ന്നു. മറുചേരിയിലുണ്ടായിരുന്ന ട്രോട്സ്കിക്ക് പിന്നീട് വന്ന ദുര്‍ഗ്ഗതി പഴയ ചരിത്രം. എന്നേ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്, ശത്രുക്കള്‍ സദാ വലയം ചെയ്തിരിക്കുമ്പോള്‍ ഉള്ളൊതുക്കം വേണം, ഇല്ലെങ്കില്‍ രക്ഷയില്ല.
അതുകൊണ്ടുതന്നെ, വര്‍ഗ്ഗശത്രുക്കള്‍ കാട്ടുന്ന ദ്രോഹത്തെക്കാള്‍ ഘോരമാകുന്നു സഖാക്കളുടെ അച്ചടക്കലംഘനം. അച്യുതാനന്ദന്‍ പോലും ഇക്കാര്യം ഊന്നിപ്പറയും, നടപടി നേരിടുന്നത് അദ്ദേഹമല്ലെങ്കില്‍. അച്ചടക്കലംഘനത്തിലും വലുതല്ല ഒരു പാതകവും. അഴിമതിയോ അച്ചടക്കലംഘനമോ കൂടുതല്‍ ഗുരുതരമെന്നു ചോദിച്ചാല്‍, ഉത്തരം പറയാതെത്തന്നെ വ്യക്തം. ഇവിടെയാണെങ്കില്‍, അങ്ങനെ ഒരു ചോദ്യമേ വന്നില്ല. അഴിമതി ഇല്ലെന്ന് പൊളിറ്റ് ബ്യൂറോ നേരത്തെ വിധിച്ചതാണല്ലോ.
പിണറായി വിജയന്‍ ലാവലിന്‍ ഇടപാടില്‍ അഴിമതി കാണിച്ചിട്ടില്ല, കവിഞ്ഞാല്‍ എന്തെങ്കിലും നടപടിക്രമം തെറ്റിച്ചിരിക്കാം, എന്നതാണ് പൊളിറ്റ് ബ്യൂറോവിന്റെ പ്രാചീനമായ സമീപനം. അച്യുതാനന്ദന്‍ കൂടി ഉള്‍പ്പെട്ട സി പി എം സംസഥന സെക്രട്ടേറിയറ്റ് അങ്ങനെ തുടക്കത്തിലേ പറഞ്ഞിരുന്നുവെന്ന വാദം ശരിയായാലും അല്ലെങ്കിലും, പൊളീറ്റ് ബ്യൂറോ വിജയന് സ്വഭാവസാക്ഷ്യപത്രം നല്‍കിയതോടെ, ഒരു പാര്‍ട്ടിക്കാരനും വേറൊരു നിലപാട് എടുക്കാന്‍ അര്‍ഹതയില്ലാതായി. അഴിമതിയെപ്പറ്റി നാട്ടുകാരും പാര്‍ട്ടിക്കാരും തമ്മില്‍, പാര്‍ട്ടിക്കാരും സി ബി ഐക്കാരും തമ്മില്‍, ഭിന്നാഭിപ്രായം ഉണ്ടാകാം; പക്ഷെ പാര്‍ട്ടിക്കാര്‍ തമ്മില്‍ അങ്ങനെയൊന്നില്ല. അങ്ങനെയൊന്ന് ഉണ്ടാക്കാന്‍ ശ്രമിച്ചത് അച്യുതാനന്ദന്റെ ധീരത. ഒപ്പം നില്‍ക്കാന്‍ പാര്‍ട്ടിക്കാരെ കിട്ടാത്തത് അദ്ദേഹത്തിന്റെ അന്തിമമായ പരാജയം. നല്ലൊരു ചെങ്കൂട്ടം അദ്ദേഹത്തിന്റെ പിന്നില്‍ ഉണ്ടായിരുന്നെങ്കില്‍, അച്ചടക്കത്തെപ്പറ്റിയും ലംഘനത്തെപ്പറ്റിയും ദ്വന്ദ്വാത്മകമായ തിയറി അവതരിപ്പിച്ച്, വിപ്ലവത്തിന്റെ ചിത്രം മറിച്ചു വരക്കാമായിരുന്നു.
അച്യുതാനന്ദനു സുഖിക്കുന്ന മട്ടില്‍, വിജയനെ വീഴ്ത്തുമെന്ന് അവസാന നിമിഷം വരെയും വാര്‍ത്ത പ്രചരിപ്പിച്ചിരുന്നവര്‍ ഒന്നോര്‍ത്തില്ല: വിജയനെ വീഴ്ത്തിയാല്‍, തുടക്കം മുതലേ അദ്ദേഹത്തെ താങ്ങിനിര്‍ത്തിയിരുന്നവരും ഒപ്പം വീഴും. അങ്ങനെ സ്വയം റദ്ദാക്കുന്ന ഒരു പൊളിറ്റ് ബ്യൂറോ ഏതോ നിരര്‍ത്ഥകനോവലിലെ സ്ഥാപനകഥാപാത്രം മാത്രമേ ആകൂ. പൊളിറ്റ് ബ്യൂറോയെ അപ്പാടെ തള്ളിപ്പറയുന്ന കേന്ദ്രക്കമ്മിറ്റി കമ്യൂണിസത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിക്കാണില്ല. അങ്ങനെയൊന്നുണ്ടാകുമ്പോള്‍ പാര്‍ട്ടി കീഴ്മേല്‍ മറിയും. പാര്‍ട്ടി എന്നും ജയിച്ചിട്ടേയുള്ളു. ചുരുങ്ങിയത് അതാകണം വിശ്വാസം.
പൊളിറ്റ് ബ്യൂറോ പാര്‍ട്ടിയുടേതാക്കിയ അഭിപ്രായം അച്യുതാനന്ദന്‍ കൈക്കൊണ്ടില്ല എന്നു മാത്രമല്ല, താന്‍ തന്റെ വഴിക്ക് എന്നു തോന്നുന്ന മട്ടില്‍ പെരുമാറുകയും ചെയ്തു. മലയാള കവിത പാടിക്കേട്ടിട്ടില്ലാത്ത പിണറായി വിജയന്‍ ഒന്നാന്തരമൊരു ഉര്‍ദു ശേര്‍ ഉദ്ധരിച്ചത് ആ പശ്ചാത്തലത്തിലായിരുന്നു. കടലിലെ തിരയിളക്കം കുടത്തിലേക്ക് വെട്ടിവീഴ്ത്താന്‍ പറ്റില്ലെന്ന് വിജയനോളമെങ്കിലും വി എസ്സിന് അറിയാം. എന്നിട്ടും അദ്ദേഹം കടലിനെക്കാള്‍ വലുതാകുകയാണെന്ന് ആര്‍ക്കൊക്കെയോ ഭ്രമചിന്ത ഉണ്ടായി. ശരിയായാലും തെറ്റായാലും, പാര്‍ട്ടി പറഞ്ഞിടത്ത് നിന്നാലേ പാര്‍ട്ടിക്കാരന്, അണിക്കും നേതാവിനും, നിലനില്പുള്ളു. നേരത്തേ സ്ഥാപിച്ചതുപോലെ, പ്രശ്നം ധാര്‍മ്മികതയല്ല, പ്രശ്നം അച്ചടക്കമാകുന്നു, അച്ചടക്കലംഘനമാകുന്നു. എന്നെന്നും മറ്റാരെക്കാളുമേറെ അച്യുതാനന്ദന്‍ ഉയര്‍ത്തിപ്പിടിച്ച ആ പ്രമാണം അദ്ദേഹത്തിനു തന്നെ, ഇതാ, കൃപാണമായിരിക്കുന്നു.
പ്രകാശ് കാരാട്ട്, തന്റെ അക്കാദമിക പ്രതിഭയെല്ലാം വിനിയോഗിച്ച്, ലാവലിന്‍ ഫയലുകള്‍ പരിശോധിച്ച്, സര്‍വം ഭദ്രം എന്ന നിഗമനത്തില്‍ എത്തിയതു മുതല്‍ വിജയന്റെ വഴി ക്ലിയര്‍ ആയിരുന്നു. വിജയനെതിരെ പറയാമായിരുന്ന ഒരേ ഒരു കാര്യം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ കുളത്തിലിറക്കിയ കൂട്ടുകെട്ടിന് നേതൃത്വം നല്‍കിയെന്നും, ഒരു പക്ഷെ, അച്യുതാനന്ദനെ ഇടക്കും തലക്കും ചൊടിപ്പിക്കുന്ന വാക്കുകള്‍ പറയുകയും നീക്കങ്ങള്‍ നടത്തുകയും ചെയ്തുവെന്നാകും. അതൊഴിച്ചാല്‍, അച്ചടക്കമുള്ള നല്ല കുട്ടി തന്നെ വിജയന്‍. അങ്ങനത്തെയൊരാള്‍ക്കെതിരെ എങ്ങനെ നടപടി എടുക്കാന്‍? അടവിന്റെയും നയത്തിന്റെയും സാധ്യത നോക്കുമ്പോള്‍, സംസ്ഥാനത്തെ പാര്‍ട്ടി സംഘടനയില്‍ പിടി നന്നേ മുറുക്കിയിരിക്കുന്ന അദ്ദേഹത്തിനെതിരെ ഒന്നും ചെയ്യാതിരിക്കുകയാവും വിപ്ലവബുദ്ധി.
പ്രായത്തിലും രാഷ്ട്രീയപരാജയത്തിലും അച്യുതാനന്ദന്‍ ഏറെ മുന്നോട്ടെത്തിയിരിക്കുന്നു. ഇനി മുന്നില്‍ തുറന്ന വഴി അധികം നീളുന്നില്ല. ഏതു നിറമുള്ള ഓന്തായാലും, ഓടിയാല്‍ എവിടെ വരെ എത്തുമെന്ന് അറിയുന്നതുകൊണ്ടാകണം, ഡല്‍ഹിയില്‍ എത്തിയതു മുതല്‍ അച്യുതാനന്ദന് ജീവിതം ഒരു ബോറ് ആയതുപോലെ തോന്നി. യോഗത്തിനു വൈകിച്ചെന്നതും, പിന്നെ പോകാതിരുന്നതും ഒക്കെ, അതുകൊണ്ടായിരുന്നു എന്നുവേണം അനുമാനിക്കാന്‍. ഒടുവില്‍ രക്തസമ്മര്‍ദ്ദം കൂടിയതുകൊണ്ട് യോഗത്തില്‍ നിന്ന് വിട്ടുനിന്നുവോ, വിട്ടുനില്‍ക്കാന്‍ വേണ്ടി രക്തസമ്മര്‍ദ്ദം ഉണ്ടായോ എന്നൊരു ഉല്‍്പ്രേക്ഷയുടെ അവസരം ഇതല്ല. പക്ഷെ അത്തരം എന്തെങ്കിലും പ്രയാസം ഇനിയും ഉണ്ടാകുകയും, മുഖ്യമന്ത്രിപദം വഹിക്കാന്‍ വയ്യാത്ത ഭാരമായിത്തീരുകയും ചെയ്യാവുന്നതേ ഉള്ളു.
ജയിച്ചുനില്‍ക്കുന്ന വിജയനും പാര്‍ട്ടിക്കും അതാകും ഹിതം. പക്ഷെ ആരും ആരെയും നിര്‍ബ്ബന്ധിക്കാതെ വേണം ജയിക്കുന്നവര്‍ക്കു സുഖിക്കുന്ന തിരക്കഥ എഴുതാന്‍. പിന്നെ അച്യുതാനന്ദനാണെങ്കില്‍, ചുമ്മാ എല്ലാം അങ്ങനെ ഇട്ടെറിഞ്ഞുപോകാനും പറ്റില്ല. മുഖ്യമന്ത്രിയായി തുടരാനാണ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം. അത് ലംഘിച്ചാല്‍ വീണ്ടും അച്ചടക്കലംഘനമാകും. സത്യസന്ധമായ ആ ഒഴിവുകഴിവില്‍, “എന്റെ പാര്‍ട്ടിക്ക് എന്നെ തിരുത്താം” എന്നു വിളംബരം ചെയ്തുകൊണ്ട് മുഖ്യമന്ത്രിപദം വഹിച്ചുകൊണ്ടുപോകുകയും ചെയ്യാം. അതായിരിക്കും അദ്ദേഹത്തെ നമ്പിക്കൊണ്ടു നില്‍ക്കുന്നവരുടെ താല്പര്യം. അവരില്‍ പലരും, പേടിച്ചോ പുതിയ തുരുത്ത് തേടിയോ, വഴി മാറാന്‍ തുടങ്ങിയിരിക്കും.
വിജയന് ഇനി വില്ലുകുലച്ചു മുന്നേറാം. എതിരാളി വീണിരിക്കുന്നു. ഒരു അക്ഷൌഹിണിപ്പട മുഴുവന്‍ പിന്നില്‍ നിരന്നിരിക്കുന്നു.
അഴിമതിയെന്ന് സി ബി ഐ തെറ്റിയെഴുതിയത് മ്ലേഛമായ ഒരു രാഷ്ട്രീയാരോപണം മാത്രമാണെന്ന് പൊളിറ്റ് ബ്യൂറോ മാത്രമല്ല, പാര്‍ട്ടി ഒന്നടങ്കം തീര്‍പ്പ് കല്പിച്ചിരിക്കുന്നു. അപ്പോള്‍ പിന്നെ ഒന്നിനും വിഷമം വരില്ല, നമുക്ക് പാടാം, സഖാക്കളേ, മുന്നോട്ട്--
കോടതിയിലേക്ക്, ബൂര്‍ഷ്വ കോടതിയിലേക്ക്.
(ജുലൈ പതിമൂന്നിന് മലയാളമനോരമയില്‍ പ്രസിദ്ധീകരിച്ചത്)
മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...
9 മാസം മുമ്പ്