2009, ജൂൺ 26, വെള്ളിയാഴ്‌ച

അസ്തമിക്കാന്‍ മടിക്കുന്ന സൂര്യന്‍റെ നാട്


ബ്രിട്ടന്‍റെ കഥ

പ്രിയ രാജന്‍,

ബ്രിട്ടന്‍,യൂക്കെ,ബ്രിട്ടീഷ് അയര്‍ലണ്ട് ഇവ തമ്മില്‍
എന്താണ് വ്യത്യാസം എന്നു ചോദിച്ചുവല്ലോ?

ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും സാംസ്കാരികമായും
ഇവ തമ്മില്‍ വ്യത്യാസം ഉണ്ട്.
ഗ്രേറ്റ്ബ്രിട്ടന്‍ എന്നു പറഞ്ഞാല്‍
ഇംഗ്ലണ്ട്,സ്കോട്ട്ലണ്ട്,വെയില്‍സ് എന്നിവ മാത്രം.
വടക്കന്‍ അയര്‍ലണ്ട് ഉള്‍പ്പെടുന്നില്ല.
ഗ്രേറ്റ്ബ്രിട്ടനും വടക്കന്‍ അയര്‍ലണ്ടും ചേരുന്നതാണ് യൂണൈറ്റഡ്
കിംഗ്ഡം അഥവാ യൂ.കെ.
യൂക്കെയിലെ പൗരന്മാര്‍ ബ്രിട്ടീഷുകാര്‍.
ആങ്ലിസേ തുടങ്ങിയ നൂറുകണക്കിനുചെറുദ്വീപുകളും സ്കോട്ടീഷ് ഹെബ്രൈഡ്സും
യൂ.കെ യില്‍ ഉള്‍പ്പെടുന്നു.
മൊത്തം ദ്വീപുകളും അയര്‍ ലണ്ടും ചേരുന്നത് ബ്രിട്ടീഷ് ദ്വീപ സമൂഹം.
ഭൂമിശാസ്ത്രപരമായ നിര്‍വ്വചനം മാത്രമാണിത്.
ദ്വീപുകള്‍ മുഴുവന്‍ ബ്രിട്ടീഷ് അധീനതയിലല്ല എന്നു ചുരുക്കം.
വടക്കന്‍ അയര്‍ലണ്ടിലെ പൗരര്‍ബ്രിട്ടീഷുകാരോ ഐറീഷുകാരോ ആകാം.
ഐറീഷ് റിപ്പബ്ലിക് പൗരര്‍ ഐറീഷുകാര്‍ ആണെങ്കില്‍
ചാനല്‍ അയര്‍ലണ്ടിലേയും അയില്‍ ഓഫ് മേനിലേയും പൗരര്‍ ബ്രിട്ടീഷുകാരാണ്.
വ്യത്യാസം ബോധ്യമായി എന്നു കരുതുന്നു.

അസ്തമിക്കാന്‍ മടിക്കുന്ന സൂര്യന്‍റെ നാട്

ജൂണ്‍ 26 നാണ് ഇതെഴുതുന്നത്‌.ബ്രിട്ടനില്‍ സമ്മര്‍.
ഇന്ത്യന്‍ സമയത്തില്‍ നിന്നും അഞ്ചര മണിക്കൂര്‍
പിന്നിലാണ്(-5.5) ബ്രിട്ടനിലെ ഗ്രീന്‍ വിച്ച് സമയം.
സമ്മറില്‍ അത് നാലര(-4.5) ആയിക്കുറയുന്നു.
പകല്‍ സമയം കൂടുന്നു.4.45 നു സൂര്യന്‍ ഉദിക്കുന്നു.
അസ്തമിക്കുന്നത് രാത്രി 9.22 നും.16 മണിക്കൂര്‍
37 മിനിറ്റാണ് പകല്‍സമയം.ധാരാളം സൂര്യപ്രകാശം.

ഇന്നാണിതാണു സ്ഥിതിയെങ്കില്‍ ഒരുകാലത്ത് ബ്രിട്ടന്‍
ഒരുകാലത്ത് സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യമായിരുന്നു.
ഭൂഖണ്ഡത്തിന്‍ റെ ഇരുവശത്തും ധാരാളം കോളനികല്‍
ഉള്ള സാമ്രാജ്യമായിരുന്നതിനാല്‍ ഏതെങ്കിലും ഒരു പ്രദേശത്തെങ്കിലും
സൂര്യന്‍ പ്രകാശിച്ചു തന്നെ നിലകൊണ്ടിരുന്നു.
നിരവധി നൂറ്റാണ്ടുകാലം ശത്രുക്കള്‍ ബ്രിട്ടനെ ആക്രമിച്ചില്ല.
നാലുവശവും കടല്‍ ഉള്ളതാണു കാരണം.അതുകൊണ്ടുതന്നെ
നാവികസഞ്ചാരത്തില്‍ അവര്‍ മുമ്പത്തിയിലുമെത്തി.

1850 ല്‍ലോകത്തിലെ ഏറ്റവും വലിയ ശക്തി ആയി ബ്രിട്ടന്‍.
സൂര്യന്‍ അവരുടെ സാമ്രാജ്യത്തില്‍ അസ്തമിച്ചിരുന്നില്ല.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ വ്യാവസായികമായും സൈനീകമായും
അവര്‍ ഒന്നാം സ്ഥാനത്തെത്തി.ഇന്നു പിന്നോട്ടു പോയെങ്കിലും
നില മുന്നില്‍ തന്നെ.

തങ്ങള്‍ തേര്‍വാഴ്ച് നടത്തിയിരുന്ന കോളനികളിലെ പൗരന്മാരെ
ബ്രിട്ടന്‍ ഇന്നു രണ്ടു കൈയ്യും നീട്ടി സ്വാഗതം ചെയ്തു കടപ്പാട്
തീര്‍ക്കുന്നു.അവരെ കുടിയേറാനും തങ്ങളുടെ പൗരത്വം സ്വീകരിക്കാനും
അനുവധിക്കുന്നു.എല്ലാ വിധ സ്വാതന്ത്ര്യവും അവകാശങ്ങളും
അവര്‍ വിദേശികള്‍ക്കും നല്‍കുന്നു.

ബ്രിട്ടനിലെ ഒരു ചെറു കൂട്ടംആള്‍ക്കാര്‍ ഇന്നും ഇംഗ്ലീഷ് സംസാരിക്കാത്തവരാണ്
എന്ന കാര്യംപരസ്യമായ രഹസ്യമാ​ണ്.അവര്‍ സ്കോട്ട്,വെല്‍ഷ്,ഗേലിക്
തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നു.ഇംഗ്ലീഷ് മനസ്സിലാകാത്ത
ധാരാളം ആള്‍ക്കാര്‍ ബ്രിട്ടനില്‍ ഉണ്ടെന്നു സാരം.മിക്ക വ്യവസായങ്ങളും
നശിച്ചുവെങ്കിലും ബ്രിട്ടനിലെ സാമ്പത്തിക സ്ഥിതി അത്ര മോശമൊന്നുമല്ല.
ദക്ഷിണ പൂര്‍വ്വ പ്രദേശം ഇന്നും സമ്പന്നം.ജീവിതച്ചെലവ് ഇവിടെ ഏറ്റവും
ഉയര്‍ന്നു നില്‍ക്കുന്നു.

ബ്രിട്ടനിലെ യൂണിയന്‍ ഫ്ലാഗ് എന്നറിയപ്പെടുന്ന കൊടിയ്ക്കു യൂണിയന്‍
ജാക്ക് എന്നും പേരുണ്ട്.കപ്പലില്‍ കെട്ടിയിരിക്കുമ്പോള്‍ മാത്രമാണ് ശരിക്കും
യൂണിയന്‍ ജാക്ക് എന്നു വിളിക്കാറ്‌.മൂന്നു കൊടികള്‍ ചേര്‍ന്നതാണിത്.
ഇംഗ്ലണ്ട്,സ്കോട്ട്ലണ്ട്,വെയില്‍സ് എന്നിവയെ പ്രതിനിധാനം ചെയ്യുന്ന
കൊടി.വെള്ള തിരശ്ശീലയില്‍ ചെമ്മന്ന് കുരിശ് ഇംഗ്ലണ്ടിനേയും നീല
പശ്ചാത്തലത്തിലെ വെള്ള ക്കുരിശ് സ്കോട്ട്ലണ്ടിനേയും വെള്ള
പശ്ചാത്തലത്തിലെ ചെമന്ന കുരിശ് അയര്‍ ലണ്ടിനേയും കുറിയ്ക്കുന്നു.
കൊടി രൂപകല്‍പ്പന ചെയ്യുന്ന കാലം വെയില്‍സ് ബ്രിട്ടനില്‍ പെടാതിരുന്നതിനാല്‍
അവരുടെ ഡ്രാഗണ് യൂണിയന്‍ ഫ്ലാഗില്‍ ഇടം കിട്ടാതെ പോയി.

ആഴക്കാടലിനു നടുവിലൊരു സ്വര്‍ഗ്ഗഭൂമി

അലയാഴി മദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ബ്രിട്ടനില്‍ മൃദുവായ കാലാവസ്ഥയും
അതിമനോഹരമായ ഭൂപ്രകൃതിയും ആണുള്ളത്.യൂറോപ്പിന്‍റെ വടക്കു കിഴക്കന്‍
തീരത്തെ ദ്വീപസമൂഹം.സ്കാണ്ടിനേവിയായ്ക്കും അറ്റ്ലാന്‍റ്റിക് സമുദ്രത്തിനു മിടയില്‍.
ഉത്തരധൃവത്തിനോടടുത്തായിട്ടും "ഗള്‍ഫ്സ്ട്രീം" എന്ന ഉഷ്ണജലപ്രവാ​ഹം കരീബിയായില്‍
നിന്നുമെത്തുന്നതിനാല്‍ അതിശൈത്യം ഇവിടെ ഒഴിവാക്കപ്പെടുന്നു.എന്നാല്‍ കാലാവസ്ഥ
തീര്‍ത്തും പ്രവചനാതീതമാണിവിടെ എന്നുമെടുത്തു പറയേണ്ടിയിരിക്കുന്നു.പ്രത്യേകിച്ചും
സന്ദര്‍ശകര്‍ എപ്പോഴും ഈ വസ്തുത ഓര്‍മ്മിക്കേണ്ടതായിട്ടുണ്ട്.തെക്കുനിന്നും മന്ദമാരുതന്‍
വീശുമ്പോള്‍, കിഴക്കുനിന്നും അസഹ്യമായ ശീതക്കാറ്റു വീശാം.അറ്റ്ലാന്‍റിക്കില്‍
നിന്നുംചാറ്റല്‍ മഴയും.ഇവയെല്ലാം ഒരേ ദിവസം തന്നെ അനുഭവപ്പെടാം.

കാലാവസ്ഥ പോലെ തന്നെ പ്രകൃതി ഭംഗിയും.നാടകീയമായ വ്യത്യാസങ്ങള്‍ ഒന്നും ഇല്ല.
എന്നാല്‍ തികച്ചും വ്യത്യസ്ഥമായ ഭൂപ്രകൃതി ദൃശ്യമാണു താനും.വന്‍ നദികളോ പര്‍വ്വതനിരകളോ
ഇവിടില്ല.എന്നാല്‍ അതിമനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ ഏറെ.
തെക്കന്‍ ഇംഗ്ലണ്ടില്‍ ചോക്കുമണ്ണാണ്.
ഡോവറിലെ കൊടുമുടിയില്‍ അതവസാനിക്കുന്നു.ഫലഭുയിഷ്ഠ്മായ മണ്ണാണ്.വന്‍ നഗരങ്ങളുടേയും
മാര്‍ക്കറ്റ് വില്ലേജുകളുടേയും പാര്‍ശ്വങ്ങളില്‍ ഇന്നും അതിമനോഹരങ്ങളായ കര്‍ഷഗ്രാമങ്ങള്‍ പിടിച്ചു
നില്‍ക്കുന്നു.എന്നാള്‍ ജനം പൊതുവേ നഗരവാസം ഇഷ്ടപ്പെടുന്നു.

1994 ല്‍ ബ്രിട്ടന്‍ ഒരു ദ്വീപല്ലാതായിത്തീര്‍ന്നു എന്നു വേണമെങ്കില്‍ പറയാം.
10 ബില്ല്യന്‍ പൗണ്ട്ചെലവില്‍ യൂറോപ്യന്‍ വന്‍ കരയുമായി ബന്ദ്ധിപ്പിക്കുന്ന
"ചാനല്‍ ടണല്‍" ആ വര്‍ഷം തുറക്കപ്പെട്ടു.
50 കിലോമീറ്റര്‍ ദൂരം.ഇംഗ്ലീഷ്ചാനിലിന്‍ റെ അടിത്തട്ടില്‍ നിന്നും 40 മീറ്റര്‍
താഴെയാണ് ഈ ടണല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.ഈ ചാനലാകട്ടെ ഏറ്റവും
തിരക്കേറിയ നാവികമാര്‍ഗ്ഗവും.
മൂന്നുമണിക്കൂര്‍ കൊണ്ട് നമുക്കിന്ന്‍ ലണ്ടനില്‍ നിന്നു പാരീസ്സിലോ ബ്രസ്സല്‍സ്സിലോ
ഈ ടണല്‍ വഴിട്രെയിനില്‍ എത്താം. 30 മിനിറ്റ് കൊണ്ട് വാഹനങ്ങള്‍ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടാനും
സൗകര്യമുണ്ട്.
കടലില്‍ നിന്നും ഏറ്റവും കൂടിയ അകലം ബ്രിട്ടനില്‍ 120 കിലോമീറ്റര്‍ മാത്രമാണ്.
നൂറ്റാണ്ടുകളായി വലിയ നാവികശക്തിയാണ് ബ്രിട്ടന്‍.
ഇംഗ്ലീഷ് തീരം വന്‍ കരയില്‍ നിന്നുംവെറും 35 കിലോമീറ്റര്‍ ദൂരത്തിലാണ് കിടക്കുന്നത്.
യൂറോപ്യന്‍ വന്‍ കരയുമായി വേണോ
ഇംഗ്ലീഷ് സംസാരിക്കുന്ന വടക്കേ അമേരിക്കയുമായി വേണോ കൂടുതല്‍ ബന്ധം എന്ന ആശയ
ക്കുഴപ്പത്തിലാണിപ്പോഴും ബ്രിട്ടീഷ് ജനതയില്‍ ഏറെയും. സ്വതന്ത്രമായി തന്നെ നിന്നാല്‍
മതി എന്നു കരുതുന്നവരും ഇല്ലാതില്ല.

അല്‍പ്പം സ്ഥിതിവിവരക്കണക്കുകള്‍


വിസ്തീര്‍ണ്ണം 244,755 സ്ക്വയര്‍ കിലോമീറ്റര്‍
അതിര്‍ത്തി 360 കിലോമീറ്റര്‍
കടല്‍ത്തീരം 12,429 കിലോമീറ്റര്‍
നീളം കൂടിയ നദി-സാവേണ്‍ 354 കി.മീ.
ഏറ്റവും ഉയര്‍ന്ന സ്ഥലം സ്കോട്ട്ലണ്ടിലെ ബെന്‍ നെവിസ് 1343 കി.മീ
ഏറ്റവും താണ സ്ഥലം ഇംഗ്ലണ്ടിലെ ഫേണ്‍സ്(കടലിനി താഴെ 4 മീ)
മഴ 610 മി.മീ
സമ്മറിലെ താപനില വടക്കന്‍ സ്കോട്ട്ലണ്ട് 11.6 സെല്‍ഷ്യസ്
തെക്കുകിഴക്കന്‍ ഇംഗ്ലണ്ട് 15.3 സെല്‍ഷ്യസ്
വിന്‍റര്‍ താപനില
വ.സ്കോട്ട്ലണ്ട് 4.5 സെല്‍
തെ.കി.ഇംഗ്ലണ്ട് 6.5 സെല്‍


ജനസംഖ്യ(ഏകദേശം)

ലണ്ടന്‍ 71 ലക്ഷം
ബേമിംഗാം 10 ലക്ഷം
ഗ്ലാസ്കോ,സ്കോട്ട്ലണ്ട് 6.5 ലക്ഷം
ലിവെപൂള്‍ 4.6 ലക്ഷം
ലീഡ്സ് 4.5 ലക്ഷം
എഡിന്‍ബറോ 4.3 ലക്ഷ്ം
മാ​ഞ്ചെസ്റ്റര്‍ 4 ലക്ഷം
കാര്‍ഡിഫ് വെയില്‍സ് 3 ലക്ഷം
ബെല്‍ഫാസ്റ്റ് വ.അയര്ലണ്ട് 2.7 ലക്ഷം

2009, ജൂൺ 24, ബുധനാഴ്‌ച

ബ്രിട്ടന്‍റെ ചരിത്രം


ബ്രിട്ടന്‍റെ ചരിത്രം

55 ബി.സിയിലെ റോമന്‍ ആക്രമണം മുതല്‍ ബ്രിട്ടന്‍റെ എഴുതപ്പെട്ട ചരിത്രം തുടങ്ങുന്നു.
എന്നാല്‍ എഴുതപ്പെടാത്ത ചരിത്രാതീതകാലം 5 ലക്ഷം വര്‍ഷം മുമ്പു തുടങ്ങിയിരിക്കാം.
എസ്സക്സിലെ ക്ലാക്ടണ്‍,സസ്സക്സിലെ ബോക്സ്ഗ്രോവ് എന്നിവിടങ്ങളില്‍ നിന്നും പുരാതന
മനുഷ്യരുടേയും മൃഗങ്ങളുടേയും അസ്തികൂടങ്ങളും കല്ലു കൊണ്ടുള്ള ആയുധങ്ങളും
കണ്ടെത്തിയിട്ടുണ്ട്.ഒരുകാലത്തു മഞ്ഞുമൂടിയ പ്രദേശമായിരുന്നു ബ്രിട്ടന്‍.ഇന്നത്തെ ഇംഗ്ലീഷ്
ചാനല്‍ ഉണ്ടായിരുന്നില്ല. ഫ്രാന്‍സും ബ്രിട്ടനും ഒന്നിച്ചു കിടന്നിരുന്നു.ഗുഹകളിലും മൃഗത്തോല്‍
ഉപയോഗിച്ചുണ്ടാക്കിയ ടെന്‍റിനു കീഴിലും താമസ്സിച്ചിരുന്ന അവര്‍ തീയ് കണ്ടെത്തിക്കഴിഞ്ഞിരുന്നു.

കെന്‍റിനു സമീപമുള്ള സ്വാന്‍സ്കോംബ് എന്ന പ്രദേശത്തു നിന്നും 200,000 വര്‍ഷം മുമ്പു ജീവിച്ചിരുന്ന
ഒരു യുവതിയുടെ അവശിഷ്ടങ്ങള്‍ ആര്‍ക്കിയോളജിസ്റ്റുകള്‍ കണ്ടെത്തിയിരിക്കുന്നു.കൂര്‍ത്ത ശിലായുധങ്ങള്‍
ഉപയോഗിച്ചിരുന്ന വേട്ടക്കാരില്‍ ഒരുവള്‍.മീന്‍ പിടുത്തവും അവര്‍ക്കന്യമായിരുന്നില്ല.എന്നാല്‍ റയിന്‍
ഡീയര്‍,കുതിര എന്നിവയെ അവര്‍ വളര്‍ത്തിത്തുടങ്ങിയിരുന്നില്ല.ഫലമൂലങ്ങള്‍ കഴിച്ചു ജീവിച്ച
അവര്‍ കൃഷിയും വശമാക്കിയിരുന്നില്ല.പുരാതന ശിലായുഗത്തില്‍ ചെറു സംഘങ്ങളായി മനുഷ്യര്‍
താമസ്സിച്ചു.തോലുകൊണ്ടവര്‍ വസ്ത്രം നിര്‍മ്മിച്ചിരുന്നു.
മഞ്ഞുമലകള്‍ ഉരുകിയതോടെ ഏതാണ്ട് 6000 ബി.സി കാലത്ത് ബ്രിട്ടനും ഫ്രാന്‍സും വേര്‍പെട്ടു.
എന്നാല്‍ നാവികരും കച്ചവടകാരും നൗകകള്‍ വഴി ബന്ധം തുടര്‍ന്നു.4500 ബി.സി കാലഘട്ടത്തില്‍
നവീനശിലായുഗം തുടങ്ങി.മനുഷ്യര്‍ ഒരിടത്തു തങ്ങി കൃഷി തുടങ്ങി.കച്ചവടകാര്‍ ആടുമാടുകളെ
കൈമാറ്റം ചെയ്തു.ഒപ്പം വിത്തുകളും.ഇക്കാലത്തു കോടാലികളും അരിവാളുകളും നിര്‍മ്മിക്കപ്പെട്ടു.
താമസ്സിയാതെ മണ്‍പാത്രങ്ങളും നിര്‍മ്മിക്കപ്പെട്ടു.ശവശരീരങ്ങള്‍ കുഴിച്ചിടാന്‍ തുടങ്ങിയതും
ഇക്കാലത്തത്രേ.വില്‍ഷയറിലെ വിന്‍ഡ് മില്‍ ഹില്ലില്‍ നവീന ശിലായുഗത്തിലെ കല്ലറകള്‍
കാണപ്പെടുന്നു.അതിപുരാതനഗ്രാമമായി കണക്കാക്കപ്പെടുന്ന സ്കോട്ട്ലണ്ട് ഓര്‍ക്കിനിയിലെ
സ്കാര്‍ബ്രേയിലുംഇത്തരം കല്ലറകള്‍ കാണപ്പെടുന്നു.
1800 ബി.സി യില്‍ ഓട് നിര്‍മ്മിക്കപ്പെട്ടു.തുടര്‍ന്ന്‍ ആയുധങ്ങള്‍ ലഭ്യമായി.ബ്രിട്ടനില്‍
ടിന്നും ചെമ്പും സ്വര്‍ണ്ണവും ധാരാളം ഉണ്ടായിരുന്നു.ടിന്നിന്‍റെ ലോകം (കാസ്സിടെറൈഡ്സ്)
എന്ന പേരിലാണ് ഒരുകാലത്തു ബ്രിട്ടന്‍ ഗ്രീസ്സിലും റോമിലും അറിയപ്പെട്ടത്.ഇക്കാലത്ത് ഗ്രാമങ്ങള്‍ ഉണ്ടായി.
സ്റ്റോണ്‍ ഹെഞ്ചും അവേബറിയും

മനുഷ്യര്‍ താളം കെട്ടിത്തുടങ്ങിയ കാലത്തുണ്ടായതാണ് സ്റ്റോണ്‍ ഹെഞ്ചും അവേബറിയും.വില്‍റ്റ്ഷെയറിലെ
സാലിസ്ബറിയിലാണ് സ്റ്റോണ്‍ ഹെഞ്ച്. ആകാശകൊട്ടാരം എന്ന ലാല്‍ സിനിമ വഴിയും 2009 ലെ ഫെഡറല്‍
ബാങ്ക് കലണ്ടര്‍ വഴിയും മലയാളി മന്‍സ്സില്‍ കുടിയേറിയ ശിലാവൃത്തം.ഭീമാകാരങ്ങളായ 50 ശിലഖണ്ഡങ്ങളുടെ
വൃത്തം.പ്രസെലി മലകളില്‍ നിന്നും കൊണ്ടൗവരപ്പെട്ട കല്‍ക്കൂട്ടങ്ങള്‍.390 കിലോമീറ്റര്‍ അകലെ വെയില്‍സിലാണ്
ആ മല.30 കിലോമീറ്റര്‍ അകലെയുള്ള ആവേബറിയില്‍ ജലമാര്‍ഗ്ഗം എത്തിക്കപ്പെട്ടു.അവിടെ നിന്നും 30 കിലോമീറ്റര്‍ ദൂരം അവ വലിച്ചുകൊണ്ടുവരപ്പെട്ടു.ആവ്വെബറിയിലും ഉണ്ട് ശിലാവൃത്തങ്ങള്‍.അവയ്ക്കാവണം പഴക്കംകൂടുതല്‍.150 കിലോമീറ്റര്‍ വരുന്ന പുരാതന റോഡിന്‍റെ ഏതാനും ഭാഗം ഇന്നും നില നിക്കുന്നു.

സെല്‍റ്റ്സ് വംശം

ഇരുമ്പു കണ്ടെത്തിയ സെല്‍റ്റ്സ് വംശം 700 ബി.സി ആയപ്പോള്‍
ബ്രിട്ടനില്‍ കുടിയേറി. ആണി,കോടാലി,വാള്‍ എന്നിവ ആവരുടെ കൈവശം
ലഭ്യമായിരുന്നു.പോര്‍രഥങ്ങളും പടച്ചട്ടകളും അവര്‍ നിര്‍മ്മിച്ചിരുന്നു.
സംഗീതോപകരണങ്ങളും സ്വര്‍ണ്ണഭരണങ്ങളും അവര്‍ ഉണ്ടാക്കിയിരുന്നതായി
തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.500 ബി.സിയില്‍ പുരാതനപാതയിലൂടെ ഇരുചക്ര
വാഹങ്ങള്‍ പാഞ്ഞു തുടങ്ങി.സെലിറ്റിക് വംശജരുടെ പിന്‍ ഗാമികളാണ്
ബ്രിട്ടന്‍സ് എന്നറിയപ്പെടുന്നത്.അവരുടെ ഭാഷ ഇന്നും സംസാരിക്കപ്പെടുന്നു.
വെല്‍ഷ്,ഐറീഷ്,കോര്‍ണീഷ് ഭാഷകള്‍ എല്ലാം സെലിറ്റിക് ബന്ധം ഉള്ളവയാണ്.
അവര്‍ ചരിത്രം എഴുതി വച്ചില്ല.എന്നാല്‍ പിന്നാലെ വന്ന റോമാക്കാര്‍ ആ
കുറവു നികത്തി,രേഖകളുണ്ടാക്കി.ഡോര്‍സെറ്റിലെ മെയ്ഡന്‍ കാസിലുകള്‍
പോലുള്ള കോട്ടകള്‍ ഇക്കാലത്തു നിര്‍മ്മിക്കപ്പെട്ടു.പിന്നാലെ വന്ന റോമാക്കാര്‍
അവരെ കീഴടക്കി.

റോമാക്കാര്‍
വരുന്നു

100 ബി.സി ആയപ്പോള്‍ മെഡിറ്ററേനിയന്‍ പ്രദേശമൊട്ടാകെ റോമാക്കാരുടെ
അധികാരത്തിന്‍ കീഴിലായി.യൂറോപ്പ്,വടക്കന്‍ ആഫ്രിക്ക,മധ്യപൂര്‍വേഷ്യ
എന്നിവയെല്ലാം അവര്‍ കീഴടക്കി.ഗോള്‍ എന്നറിയപ്പെട്ടിരുന്ന ഫ്രാന്‍സും
കീഴടക്കിയ ശേഷം അവര്‍ ബ്രിട്ടനിലേക്കു തിരിഞ്ഞു.55 ബി.സി യില്‍ കെന്‍റിനു
സമീപമുള്ള ഡോവറിലെ ഡീലില്‍ ആവണം സീസര്‍ എത്തി.10,000 ഭടന്മാര്‍
കൂടെയുണ്ടായിരുന്നുവെങ്കിലും കൊടുങ്കാറ്റില്‍ പെട്ടു കപ്പലുകള്‍ നശിച്ചതിനാല്‍
സീസ്സര്‍ വിജയകരമായി പിന്‍വാങ്ങി.അടുത്തവര്‍ഷം മറ്റൊരാക്രമണം നടത്തി.
കാന്‍റര്‍ ബറിക്കു സമീപമുള്ള ബിഗ്ബറി കൈവശമാക്കി.കാസിവെല്ലാനസ് എന്ന
ഗോത്രത്തലവനായിരുന്നു അന്നു ബ്രിട്ടനിലെ അധിപതി.തേംസ് നദീതീരത്തുള്ള
സെയിന്‍റ്‌ ആല്‍ബന്‍സ് ആയിരുന്നു തലസ്ഥാനം.ഗോളിലെ അട്ടിമറി ശ്രമം കാരണം
സീസര്‍ പിന്നേയും പിന്‍ തിരിയേണ്ടി വന്നു.പിന്നെ ഒരു നൂറു കൊല്ലം എസ്സെക്സിലെ
കോള്‍ചെസ്റ്റര്‍(അന്ന്‍ കാമുലോഡുനം) തലസ്ഥാനമാക്കി ഈ ഗോത്രവര്‍ഗ്ഗം ഭരണം നടത്തി.
ഏ.ഡി 43 ല്‍ ക്ലോഡിയസ് ചക്രവര്‍ത്തി 40,000 ഭടന്മാരെ ബ്രിട്ടന്‍ പിടിച്ചടക്കാന്‍
അയച്ചു.അടുത്തവര്‍ഷം കാമുലോഡുനം റോമന്‍ കൈവശമായി.

ബൗഡികാ എന്ന ഝാന്‍സി റാണി

നോര്‍ഫോക്കിലെ ഐസ്നി രാജാവായിരുന്ന പ്രസുറ്റാഗസ് ഏ.ഡി.60 ല്‍ മരണമടഞ്ഞു.
രണ്ടുപെണ്മക്കള്‍ക്കും റോമാ സാമ്രാജ്യത്തിനും രാജ്യം എഴുതിവച്ചശേഷമായിരുന്നു അന്ത്യം.
രാജ്യം പിടിച്ചടക്കാന്‍ ചെന്ന കാറ്റസ് രാജകുമാരിമാരേയും മാതാവ് ബൗഡികയേയും
പരസ്യമായി അപമാനിച്ചു.'പീഡിപ്പിച്ചു'.കുപിതയായ ബൗഡിക വലിയൊരു ഗോത്രകലാപം
സംഘടിപ്പിച്ചു.കാമുലോഡുനം, വെരുലാമിയം(ഇപ്പോഴത്തെ സെയിന്‍റ്‌ ആല്‍ബന്‍സ്)
എന്നിഅയ്ക്കു പുറമേ ലോണ്ടിനിയം (ഇന്നത്തെ ലണ്ടന്‍)എന്നീ നഗരികള്‍ ബൗഡിക
അഗ്നിക്കിരയാക്കി.പക്ഷേ അവസാനം റോമന്‍ ഗവര്‍ണര്‍ വിജയം വരിച്ചു.ബൗഡിക
ആത്മഹത്യ വരിച്ചു.അങ്ങനെ ബ്രിട്ടന്‍ റോമന്‍ സാമ്രാജ്യത്തിന്‍റെ ഏറ്റവും ദൂരെയുള്ള
പ്രോവിന്‍സായി മാറി.ഡവണിലെ എക്സ്റ്റര്‍ വരെയും വെയില്‍സുവരെയും റോമാസാമ്രാജ്യം
നീണ്ടു.എന്നാല്‍ സ്കോട്ട്ലണ്ടിലെ പിക്റ്റീഷ് ഗോത്രവര്‍ഗ്ഗത്തെ കീഴ്പ്പെടുത്താന്‍ അവര്‍ക്കായില്ല.

ഹാഡ്രിയന്‍ കയ്യാല


ഏ.ഡി 122 ല്‍ ബ്രിട്ടന്‍ സന്ദര്‍ശിച്ച ഹാഡ്രിയന്‍ ചക്രവര്‍ത്തി തന്‍റെ സാമ്രാജ്യത്തിന്‍റെ വടക്കന്‍
അതിര്‍ത്തി സ്ഥിരമാക്കാന്‍ ടൈന്‍ നദിക്കും സോള്‍ വ്വേ ഫിര്‍ത്തിനും ഇടയില്‍ 117 കിലോമീറ്റര്‍
നീളത്തില്‍ ഒരു കല്‍മതില്‍(കയ്യാല) കെട്ടിച്ചു. ഈ ഹാഡ്രിയന്‍ കല്‍ഭിത്തി ഇന്നും സന്ദര്‍ശകരെ
ആകര്‍ഷിക്കുന്നു.7 വര്‍ഷം കൊണ്ടാണിത് പണിയിക്കപ്പെട്ടത്.1.5 കിലോമീറ്റര്‍ ഇടവിട്ട് മൈല്‍കാസ്സില്‍എന്ന ചെറു കോട്ടകള്‍ നിര്‍മ്മിക്കപ്പെട്ടു.അതില്‍ 25-50 ഭടന്മാര്‍ താവളം അടിച്ചിരുന്നു.
മൊത്തം 5000 ഭടന്മാര്‍ ഈ കയ്യാലയുടെ സമ്രക്ഷണത്തിനായി വിന്യസിക്കപ്പെട്ടിരുന്നു.17 വന്‍
കോട്ടകളും ഉണ്ടായിരുന്നു.അവ ചെറു സൈന്യത്താവളങ്ങള്‍ ആയിരുന്നു.ആശുപത്രി സൗകര്യം
പോലുമുണ്ടായിരുന്നു.കംബ്രിയായിലെ ബര്‍ഡോസ്വാളില്‍ 1000 ഭടന്മാര്‍ ഉണ്ടായിരുന്നു.
റോമന്‍ ബ്രിട്ടന്‍ (54 ബി.സി മുതല്‍ ഏ.ഡി 410 വരെ)

ഏ.ഡി 70 മുതല്‍ നൂറുവര്‍ഷക്കാലം റോമന്‍ ഭരണത്തിന്‍ കീഴില്‍
ബ്രിട്ടന്‍ സമാധാനത്തിലും സമൃദ്ധിയിലും കഴിഞ്ഞു.ലാറ്റിന്‍
എന്ന എഴുതാന്‍ കഴിയുന്ന ഭാഷ കിട്ടി എന്നതാണ് അതുകൊണ്ടുണ്ടായ
ഏറ്റവും വലിയ നേട്ടം.ഒപ്പം അക്കങ്ങളും കിട്ടി.ബ്രിട്ടന്‍ റെ ചരിത്രം
താളുകളിലാക്കി സൂക്ഷിക്കാനും കഴിയുമെന്നായി.പത്തുമാസം ഉള്ള
കലണ്ടറും ദിവസത്തിനു സമയം നിസ്ചയിക്കലും റോമന്‍ സംഭാവനകള്‍
തന്നെ.നിരവധി റോഡുകളും റോമാക്കാര്‍ നിര്‍മ്മിച്ചു. ഫോസ്സേ വേയിലും
വാള്‍റ്റിംഗ് സ്റ്റ്രീറ്റിലും അവ ഇന്നും നിലനില്‍ക്കുന്നു.മണ്‍കോരികകള്‍,കൊയ്ത്തരിവാള്‍
ചെടി വെട്ടികള്‍,കൂന്താലികള്‍ എന്നിവയും അവര്‍ നിര്‍മ്മിച്ചു.ചുറ്റിക,മണ്‍ചിരാതുകള്‍,
ഓടിലും ഗ്ലാസിലും സ്വര്‍ണ്ണത്തിലും ആഭരണങ്ങള്‍ എന്നിവയും അവര്‍ തീര്‍ത്തിരുന്നു.
ലണ്ടന്‍,യോര്‍ക്ക്,ലിങ്കണ്‍,സെയിന്‍ റ്‌ ആല്‍ബന്‍സ് എന്നീ നഗരികള്‍ പണിയുകയും
അവ തമ്മില്‍ ആധുനികരീതിയിലുള്ള റോഡുകളാല്‍ ബന്ധിപ്പിക്കയും ചെയ്തു.മദ്ധ്യഭാഗം
ഉയര്‍ന്നും വശങ്ങളിലേക്കു ചാഞ്ഞും ഉള്ള റോഡുകളില്‍ കല്ലുകള്‍ പാകി ഉറപ്പാക്കി.
ഇരുവശങ്ങളിലും ഓടകളും നിര്‍മ്മിച്ചു.ആധുനിക അമേരിക്കന്‍ റോഡുകളുടെ കവലകള്‍
പോലെ 90 ഡിഗ്രിയില്‍ ആയിരുന്നു ഈ റോഡുകളുടെ ക്രോസ്സിംഗ്കള്‍.നഗരമദ്ധ്യത്തില്‍ ചന്തയും
ബസിലിക്കായും പള്ളിയും ക്ഷേത്രവും ടൗണ്‍ ഹാളും കുളിസ്ഥലവും(ബാത്ത്) അവര്‍ നിര്‍മ്മിച്ചു.
ബാത്തുകള്‍ നര്‍മ്മസംഭാഷണവും ചര്‍ച്ചകളും നടത്താനും പറ്റിയവ ആയിരുന്നു.ചെറിയ ഫീസ്
ഈടാക്കിയിരുന്നുവെങ്കിലും ബാത്ത് ഉപയോഗം കുട്ടികള്‍ക്ക് സൗജന്യമായിരുന്നു.തീയേറ്ററുകളും
നാടകശാലകളും അവര്‍ നിര്‍മ്മിച്ചു.ഗ്ലാഡിയേറ്റേര്‍സ് എന്ന ചാവേര്‍പടയുടെ പോരാട്ടം,കാളപ്പോര്‍,
കോഴ്പ്പോര്‍ എന്നിവ അവിടങ്ങളില്‍ അരങ്ങേറി.ഗ്രാമങ്ങളില്‍ വൃത്താകാരത്തിലുള്ള തടി വീടുകള്‍
നിര്‍മ്മിക്കപ്പെട്ടു.റോമന്‍ വില്ലകള്‍ വലുതും ആഡംഭരം നിറഞ്ഞവയും ആയിരുന്നു.വലിയ എസ്റ്റേറ്റുകളില്‍
നിര്‍മ്മിക്കപ്പെട്ട ഇവയ്ക്ക് മൊസൈക് തറകളും ചായം തേച്ച ഭിത്തികളും കണ്ണാടി ജനാലകളും
പതിവായിരുന്നു.നിരവധി കിടപ്പറകളും അടുക്കളകളും ഇവയ്ക്കുണ്ടായിരുന്നു.മുറിക്കടിയിലൂടെ
ചൂടുവെള്ളം ഒഴുകുന്ന കുഴലുകള്‍ പാകിയിരുന്നു.

പതനം
ആയിരക്കണക്കിനു പട്ടാളക്കാരെ റോമാ സാമ്രാജ്യത്തിനു തീറ്റിപോറ്റേണ്ടി വന്നിരുന്നു.ഏ.ഡി 280 മുതല്‍
സാക്സന്‍ കൊള്ളക്കാര്‍(അവര്‍ പിന്നീട് ജര്‍മന്‍ കാരായി)ബ്രിട്ടീഷ് തീരങ്ങളില്‍ ആക്രമണങ്ങള്‍ നടത്തിത്തുടങ്ങി.
വടക്കന്‍ ഭാഗത്താകട്ടെ പിക്റ്റ്സ് ഗോത്രക്കാര്‍ ശല്യം ചെയ്തുകൊണ്ടേ ഇരുന്നു.സാക്സണ്‍ ആക്രമണം തടയാന്‍
റോമാക്കാര്‍ നോര്‍പ്ലോക്സ് മുതല്‍ വൈറ്റ് ദ്വീപ് വരെ കടല്‍ത്തീരങ്ങളില്‍ കോട്ടകള്‍ നിര്‍മ്മിച്ചു.അവയില്‍
പലതും ഇന്നും നിലനില്‍ക്കുന്നു.നോര്‍ഫ്ലോക്സിലെ ബര്‍ കാസ്സില്‍ ഉദാഹരണം.അവയുടെ ചുമതലയ്ക്കായി
ഒരു കൗണ്ടിനെ നിയമിച്ചു.367 ല്‍ പിക്റ്റ്സ്,സാക്സണ്‍സ് എന്നിവരും വെയില്‍സ് പോരാളികളും ഒന്നിച്ചാക്രമണം
നടത്തിയതോടെ റോമാക്കാര്‍ പിന്മാറാന്‍ ഒരുക്കമായി.ഹാഡ്രിയന്‍ ഭിത്തി തകര്‍ക്കപ്പെട്ടു.കൗണ്ട് വധിക്കപ്പെട്ടു.
റോമന്‍ ജനറല്‍മാരുടെ ഇടയില്‍ ആരാകണം അടുത്ത ചക്രവര്‍ത്തി എന്നതിനെച്ചൊല്ലി തര്‍ക്കം ഉണ്ടായതും
ഈ അവസരത്തിലായിരുന്നു.വടക്കന്‍ യൂറോപ്പിലെ അപരിഷ്കൃത വര്‍ഗ്ഗവും റോമ്മായെ ആക്രമിക്കാന്‍ കോപ്പുകൂട്ടി.
അങ്ങനെ ബ്രിട്ടനില്‍ നിന്നും സൈന്യത്തെ തിരിച്ചു വിളിക്കാന്‍ റോമാസാമ്രാജ്യം നിര്‍ബന്ധിതമായി.406 ല്‍ പിന്മാറ്റം
പൂര്‍ണ്ണമായി.430 ആയപ്പോള്‍ റോമന്‍ നാണയം പിന്‍ വലിച്ചു.ഹാഡ്രിയന്‍ കയ്യാല സം രക്ഷണം കിട്ടാതെ തകര്‍ന്നു.
റോമന്‍ വില്ലകളും ബാത്തുകളും നശിച്ചു.അങ്ങനെ 400 വര്‍ഷത്തെ റോമന്‍ ആധിപത്യം അവസാനിച്ചു.

2009, ജൂൺ 18, വ്യാഴാഴ്‌ച

ഒരുവട്ടം കൂടി ഇംഗ്ലണ്ടില്‍.


ഒരുവട്ടം കൂടി ഇംഗ്ലണ്ടില്‍. ഇംഗ്ലണ്ടില്‍.
കഴിഞ്ഞവര്‍ഷം മാര്‍ച്ച് 18 മുതല്‍ മേയ് 17 വരെ രണ്ടുമാസ്സക്കാലം. വരുമ്പോള്‍ നല്ലതണുപ്പായിരുന്നു. നല്ല കാലവസ്ഥയായപ്പോള്‍ മടങ്ങി. ഈ വര്‍ഷം ജൂണ്‍ 13 മുതല്‍ മൂന്നു മാസം.വരുമ്പോള്‍ നല്ല കാലാവസ്ഥ. കോട്ടും കയ്യുറയും തൊപ്പിയും ഒന്നും വേണ്ട. കേരളീയ വേഷം ധാരാളം. ബ്രിട്ടനിലൂടെ സഞ്ചരിക്കുന്നതു ചരിത്രത്തിലൂടെ,പുരുഷാന്തരങ്ങളിലൂടെ സഞ്ചരിക്കുകയാണ്. 1959-60 കാലം.അക്കാലത്തെ സിക്സ്തു ഫോമില്‍ ഉപപാഠപുസ്തകമായി സാക്ഷാല്‍ മുണ്ടശ്ശേരി മാസ്റ്റര്‍ നല്‍കിയത് വയലാര്‍ രാമവര്‍മ്മയുടെ "പുരുഷാന്തരങ്ങളിലൂടെ" എന്ന യാത്രാവിവരണമായിരുന്നു.

ഏതോ സാഹിത്യസമ്മേളനത്തില്‍ പങ്കെടുക്കാന്‍ മൂന്നോനാലോ ദിവസം വയലാര്‍ ഡല്‍ഹിയിലും ആഗ്രയിലും മധുരയിലും ചെലവഴിച്ചതിനെ തുടര്‍ന്നെഴുതിയ വിവരണം. ഡല്‍ഹി ചരിത്രത്തിലേക്കുള്ളഒരു വിഹഗ വീക്ഷണം.പദ്യമോ ഗദ്യമോ എന്നു വേര്‍തിരിക്കാന്‍ പറ്റാത്ത അതിമനോഹര ശൈലി. നിരവധി വര്‍ഷം പുസ്തകം മുഴുവന്‍ കാണാതെ അറിയാമായിരുന്നു. ഇപ്പോള്‍ എല്ലാം മറന്നു.

ദല്‍ഹിയുടെ ചരിത്രം യുദ്ധങ്ങളുടെയും കൊള്ളയടിക്കലുകളുടെയും മാത്രമെങ്കില്‍ ബ്രിട്ടന്‍റെ ചരിത്രം അതിനു പുറമേ മറ്റു പലതും കൂടിയാണ്. നൂറുകണക്കിന് സാഹിത്യകാരന്മാരുടെ,അവരുടെ സ്മാരകങ്ങളുടെ ചരിത്രം, നിരവധി ശാസ്ത്രജ്ഞരുടെ ചരിത്രം,അവരുടെ കണ്ടു പിടുത്തങ്ങളുടെ ചരിത്രം, വ്യാവസായിക വളര്‍ച്ചയുടെ ചരിത്രം,പ്ലേഗ്(ബ്ലാക് ഡത്ത്)കോളറാ തുടങ്ങിയ പകര്‍ച്ചവ്യാധികളുടെ ചരിത്രം, കോളനി വാഴ്ച്ച, പാര്‍ലമെന്‍ററി ജനാധിപത്യം,കമ്മൂണിസം പോലുള്ള തത്വസംഹിതകളുടെ ചരിത്രം, ആധുനിക ചികില്‍സയുടെ ചരിത്രം,ശസ്ത്രക്രിയകളുടെ ചരിത്രം,ടെസ്റ്റ്യൂബ് ശിശു എന്നിങ്ങനെഎത്രയോ വിപുലമാണ് ബ്രിട്ടീഷ് ചരിത്രം. ഇന്ത്യയിലേക്കു വന്നു നമ്മളെ ദ്രോഹിച്ചവരും സഹായിച്ചവരും (ഏ.ഓ.ഹ്യൂം,ബ്രിസ്റ്റോ,ബേക്കര്‍,മര്‍ഫി,ഡോ.സോമര്‍വെല്‍, ഏ.എഫ്.പെയിന്‍റര്‍,നേപ്പിയര്‍)ആയ നിരവധി യൂറോപ്യരുടെ ചരിത്രം പിന്നെയും കിടക്കുന്നു. ഞാനോര്‍ക്കയാണ്, വയലാറിനെപ്പോലെ സര്‍ഗ്ഗധനനായ ഒരെഴുത്തുകാരനായിരുന്നുവെങ്കില്‍ ബ്രിട്ടനെക്കുറിച്ച് എത്രയോ വാള്യങ്ങള്‍ എഴുതുവാന്‍ എനിക്കു കഴിഞ്ഞേനെ.

പ്രാചീന ശിലായുഗത്തിലെന്നോ നിര്‍മ്മിക്കപ്പെട്ടെന്നു കരുതപ്പെടുന്ന സ്റ്റോണ്‍ഹെഞ്ച് മുതല്‍ സ്പേസ് യുഗത്തിലെ ഏഡന്‍ പ്രോജക്ട് വരെ നൂറുനൂറു കാഴ്ചകളാണ് ബ്രിട്ടനില്‍ സന്ദ്രശകരെ കാത്തു കഴിയുന്നത്. 2012 ലെ ഒളിമ്പിക്സിനു വേണ്ടി ലണ്ടന്‍ നഗരിയും ഇംഗ്ളണ്ടും ഒരുക്കം തുടങ്ങിക്കഴിഞ്ഞു.മാഞ്ചസ്റ്റര്‍,ലീഡ്സ്,ന്യൂകാസ്സില്‍ എന്നീ പ്രാചീന നഗരികളും വന്‍പരിവര്‍ത്തനത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു. പുതുപുത്തന്‍ കെട്ടിടസമുച്ചയങ്ങള്‍,ഹൈപ്പര്‍മാര്‍ട്ടുകള്‍,മ്യൂസിക് ക്ലബ്ബുകള്‍ എന്നിവ ദിവസേന പ്രത്യക്ഷപ്പെടുന്നു.ഇംഗ്ലണ്ടിലെത്തിയാല്‍കൂടുതല്‍ കൂടുതല്‍ സ്ഥലങ്ങള്‍ കാണുന്നതിലും താല്‍പര്യം തോന്നുക കണ്ടസ്ഥലങ്ങളെക്കുറിച്ചു കൂടുതല്‍ പഠിക്കാനാണെന്ന ലോണ്‍ലിപ്ലാനറ്റ് പരാമര്‍ശം ശരിയാണെന്നാണനുഭവം.

പെട്ടെന്നു പെട്ടെന്നു മാറുന്ന കാലാവസ്ഥയാണ് ഇംഗ്ലണ്ടില്‍. ഒരു നിമിഷം നല്ല കാലാവസ്ഥയെങ്കില്‍ അടുത്ത നിമിഷം അതു മോശമാകാം. ഏപ്രില്‍മാസം രാവിലെ തെളിഞ്ഞ ആകാശമായിരിക്കാം.ടി.ഷര്‍ട്ടുമായി വെളിയിലേക്കു പോകാമെന്നു തീരുമാനിച്ചാല്‍ ദുഖിക്കേണ്ടി വരാം.ഉച്ചയാകുമ്പോള്‍ ആകാശം കറക്കും.ഉച്ചകഴിയുമ്പോള്‍ മഴ പൊഴിയാം.വകുന്നേരം മഞ്ഞുമഴയും. ജൂണ്‍-ആഗസ്റ്റ് മാസങ്ങളിലെ സമ്മര്‍ മഴകുറഞ്ഞ കാലം.എന്നാല്‍ കാര്‍മേഘം ഇടയ്ക്കിടെ പ്രത്യക്ഷമായെന്നു വരും.നവംബര്‍-ഫെബ്രുവരി കാലത്തെ വിന്‍ററില്‍ മഞ്ഞു മഴകള്‍ക്കിടയില്‍ ഇടയ്ക്കിടെ ആകാശം പുഞ്ചിരിക്കും. മാര്‍ച്ച് -മേയ് കാലത്തെ സ്പ്രിംഗ്,സെപ്റ്റംബര്‍-ഒക്ടോബര്‍ കാലത്തെ ഓട്ടം എന്നിവയാണ് നമ്മെപ്പോലുള്ള സഞ്ചാരികള്‍ക്കു നല്ലത്. തെക്കും വടക്കും തമ്മില്‍ കാലാവസ്ഥയില്‍ വലിയ വ്യത്യാസം കാട്ടും.യാത്രമധ്യേ എന്തിനും തയ്യാറായിരിക്കണം. മഴക്കോട്ടും,അതു പൊതിഞ്ഞ് സൂക്ഷിക്കാനുള്ള ബാഗും കോട്ടും തൊപ്പിയും കയ്യുറകളും എപ്പോഴും കരുതണമെന്നു ചുരുക്കം.

നമ്മുടെ നാടിനും വേണ്ടേ ഒരു ചിഹ്നം(ഐക്കോണ്‍)?


ഒരു ചിഹ്നം നിര്‍ദ്ദേശിക്കുക
നമ്മുടെ നാടിനും വേണ്ടേ ഒരു ചിഹ്നം(ഐക്കോണ്‍)?
http://www.icons.org.uk/introduction
എന്ന വെബ്ബ്സൈറ്റ് വളരെ രസകരമായി തോന്നുന്നു. ഇംഗ്ലണ്ടിലെഓരോ പ്രദേശത്തിനും ചിഹ്നങ്ങള്‍ നിര്‍ദ്ദേശിക്കാം.കൂടുതല്‍ പേര്‍ നിര്‍ദ്ദേശിക്കുന്ന ചിഹ്നം തെരഞ്ഞെടുക്കപ്പെടുന്നു. കേരളത്തിനും (അത്തപ്പൂക്കളം,മഹാബലി,തെങ്ങ്,നെറ്റിപ്പട്ടം കെട്ടിയ ആന), തിരുവനന്തപുരം(സെക്രട്ടറിയേറ്റ്, റ്റെക്നോപാര്‍ക്ക്,ശ്രീപദമനാഭക്ഷേത്രം, പാളയം പള്ളി)കോട്ടയം (പി.ടി.ചാക്കോയുടെ പ്രതിമ), കോഴിക്കോട്(പൊറ്റക്കാടിന്‍റെ പ്രതിമ), കാഞ്ഞങ്ങാട്(പി.സ്മാരകം എന്നിങ്ങനെ http://www.icons.org.uk/introduction

2009, ജൂൺ 15, തിങ്കളാഴ്‌ച

അനന്തപുരിയ്ക്കും കോട്ടയത്തിനും വേണ്ടേ ആത്മകഥകള്‍?

ബേമിങ്ങാമിലെ സെന്‍ട്രല്‍ ലൈബ്രറിയില്‍ നിന്നും ആദ്യമായെടുത്ത പുസ്തകം ജോന്‍ ഈ.ലവിസ് എഡിറ്റ് ചെയ്തിറക്കിയ ലണ്ടന്‍ നഗരിയുടെ ആത്മകഥ ( കോണ്‍സ്റ്റബിള്‍,ലണ്ടന്‍ 2008 സെപ്റ്റംബര്‍) ആണ്. ലണ്ടനിലും ഹെഫോര്‍ഡ്ഷെയറിലും മാറിമാറി താമസ്സിക്കുന്ന എഴുത്തുകാരനാണ് ലവിസ്. വിവിധകാലഘട്ടങ്ങളില്‍ വിവിധ എഴുത്തുകാര്‍ ലണ്ടന്‍ നഗരിയെ കൂറിച്ചെഴുതിയ വിവരങ്ങള്‍ സാമാഹരിച്ചതാണ് ലവിസ്സിന്‍റെ സമാഹാരം.
47 അധ്യായങ്ങള്‍.420 പേജ്.
ഏ.ഡി 60 ലെ ബൗഡികയുടെ രക്തസാക്ഷിത്വം മുതല്‍ 2005 ജൂലൈ 7 ലെ ബോംബിഗ് വരെ ഈ ആത്മകഥയില്‍ വായിക്കാം.ലോകത്തിലെ അതിപ്രശസ്ത നഗരിയുടെ 2000 വര്‍ഷത്തെ കഥയാണിത്. ജനാധിപത്യത്തിന്‍റെ പിള്ളത്തൊട്ടില്‍,ലോകത്തിന്‍റെ സാമ്പത്തിക ഗോപുരം എന്നൊക്കെ അറിയപ്പെടുന്ന ഈ നഗരിയുടെ ചരിത്രത്തിലെ പ്രധാനമുഹൂര്‍ത്തങ്ങള്‍. വൈക്കിംഗ് ആക്രമണം, പ്ലേഗ് ആക്രമണം(ബ്ലാക് ഡത്ത്)ഷേക്സ്പീയര്‍ നാടകങ്ങളുടെ അവതരണം, കേബിള്‍ സ്റ്റ്രീറ്റിലെ യുദ്ധം തുടങ്ങിയവ ഈ ആത്മകഥയില്‍ അടങ്ങിയിരിക്കുന്നു.ടസിറ്റസ്,സാമുവല്‍ പെപിസ് ,ഡോ.ജോണ്‍സണ്‍,ഡോസ്റ്റോവസ്കി, കാറല്‍ മാര്‍ക്സ്,വെര്‍ജീനിയാ വൂള്‍ഫ്,ജോര്‍ജ് ഓര്‍വെല്‍ തുടങ്ങിയവരുടെ വിവരണങ്ങള്‍ ലണ്ടന്‍ നഗരിയുടെ ആത്മകഥയില്‍ വായിക്കാം. വിജിഗീഷുവായ വില്ലമിന്‍റെ സ്ഥാനാരോഹണം,തേംസിലെ വെള്ളപ്പൊക്കം, കുഷ്ഠരോഗിയെ നാടുകടത്തല്‍, എലിസബേത് രാജ്ഞിയുടെ ഗ്രീവിച്ച് സന്ദര്‍ശനം,പ്ലേഗ് ബാധ,ലണ്ടനിലെ അഗ്നിബാധകള്‍,കോഫി ഹൗസുകള്‍, പുരാതന ആശുപത്രികള്‍,കോളറബാധ ( പൈപ്പ് വെള്ളത്തിലൂടെ കോളറ പടരുന്നു എന്ന ജോണ്‍ സ്നോയുടെ കണ്ടുപിടുത്തം 1854), വിക്റ്റോറിയായുടെ സ്ഥാനാരോഹണം,ത പട്ടിണിയെക്കുറിച്ചു മാര്‍ക്സിന്‍റെ കത്ത്, ലണ്ടിനിലെ പുകമഞ്ഞ്,ഹേമാര്‍ക്കറ്റിലെ നളിനി ജമീലമാര്‍,ഹൈഡെ പാര്‍ക്കിലെ പട്ടിണി ജാഥ,സ്പീക്കേര്‍സ് കോര്‍ണറിലെ പ്രഭാഷണങ്ങള്‍,ചര്‍ച്ചിലിന്‍റെ ശവസംസ്കാരം,താച്ചര്‍ കാലഘട്ടം,ഡയാനയുടെ അന്ത്യയാത്ര,അവസാനമായി ബോംബാക്രമണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

London - The Autobiography, acclaimed writer Jon Lewis surveys the history of one of the western world’s most fascinating capital cities. From Boudicca’s savage raid on Roman London in AD 60 to the terrorist bombings of July 7th, this books tells the story of 2000 years in the words of those who were there: London speaks for itself. Cradle of democracy, epicentre of the world’s greatest empire, financial hub of the globe, for a long time the most teeming city on the planet, frontline against Hitler’s Luftwaffe, the birthplace of punk - London is arguably one of the most influential and extraordinary cities in history.
Packed with personality and character, Jon Lewis’ rendering of London is fascinating to both residents and visitors alike. All of the great events that make up London’s colourful past are included such as the invasions of the Vikings, Shakespeare’s plays at the Globe and the Brixton Riots. Woven through these accounts is the everyday life of the city, with tales of medieval fraudsters, the sight of a whale in the Thames, Victorian sewer-hunters and the coming of the yuppies. It features contributions from Tacitus, Dyodor Dostoyevsky, Karl Marx, Virginia Woolfe, George Orwell and many others. Overall, Jon Lewis has produced a work that admirably displays the intricate and colourful tapestry that is London.

തീര്‍ച്ചയായും ഇതു പോലെ ആത്മകഥകള്‍ അനന്തപുരിക്കും അക്ഷരിനഗരിയായ കോട്ടയത്തിനും സാംസ്കാരികനഗരിയായ തൃശ്ശൂരിനും വേണ്ടതല്ലേ?
എം.പി ആകുന്നതിനു മുമ്പു തന്നെ എഴുത്തുകാരനും ഗ്രന്ഥകാരനും കോളമിസ്റ്റും ആയി അറിയപ്പെട്ടു കഴിഞ്ഞ ശശിതരൂരിനു അനന്തപുരിയുടെ കാര്യത്തിലും രവി ഡീസിയ്ക്കു കോട്ടയത്തിന്‍റെ കാര്യത്തിലും താല്‍പര്യം എടുക്കുമെന്നു പ്രത്യാശിക്കാം

2009, ജൂൺ 9, ചൊവ്വാഴ്ച

Twinning of Trivandrum

നഗര ബാന്ധവം അഥവാ സാഹോദര്യം

സൂര്യനുകീഴിലുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും നമ്മുടെ മാധ്യമങ്ങളില്‍ ചര്‍ച്ച കാണാറുണ്ട്.കേള്‍ക്കാറുണ്ട്.ശ്രീ ശശിതരൂര്‍ തിരുവനന്തപുരത്തു മല്‍സരിക്കാന്‍ തീരുമാനിച്ചപ്പോള്‍,അദ്ദേഹം നടപ്പിലാക്കന്‍ ഉദ്ദേശിക്കുന്ന പ്രാധാന പരിപാടികളില്‍ ഒന്നായി എടുത്തു പറഞ്ഞതു നമ്മുടെ തലസ്ഥാനനഗരിയെ, സാദൃശ്യപ്പടെത്താവുന്ന ഒരു വിദേശതലസ്ഥാന നഗരിയുമായി ബാന്ധവം അല്ലെങ്കില്‍ സാഹോദര്യം നേടുക ആണെന്നു പ്രസ്ഥാവിച്ചു. എന്നാല്‍ മാധ്യമങ്ങള്‍ ഒന്നും തന്നെ ഈ പരിപാടിയെ കുറിച്ചു ചര്‍ച്ച ചെയ്തു കണ്ടില്ല ഇനി കാണാതെ,കേള്‍ക്കാതെ പോയതാണോ എന്നറിഞ്ഞുകൂടാ.ലയണ്‍സ്,റോട്ടറി തുടങ്ങിയ അന്തര്‍ദ്ദേശീയ ക്ലബ്ബുകള്‍ വിദേശക്ലബ്ബുകളുമായി ബന്ധം കൂടി യുവാക്കളെ പരസ്പരം അയക്കുന്ന പരിപാടി നമ്മുടെ നാട്ടിലും നടന്നിരുന്നു.ഇന്ത്യയിലെ ചില നഗരികള്‍ വിദേശ നഗരികളുമായി ബാന്ധവത്തില്‍ ആണെങ്കിലും നമ്മുടെ കേരളത്തിലെ നഗരികള്‍‌ക്കൊന്നും തന്നെഅത്തരം സൗഭാഗ്യം കിട്ടിയിട്ടില്ല.

ആധുനികരാഷ്ട്രീയം പഴയകാല രാഷ്ട്രീയത്തില്‍ നിന്നും പലതരത്തില്‍ മുന്നോട്ടു പോയി എന്നതു നാം മനസ്സിലാക്കാതെ പോകുന്നു.ആഗോളഗ്രാമം, സിറ്റിസ്റ്റേറ്റ്, പ്രദേശം.സമൂഹം. അയല്‍ രാജ്യം എന്നതിന്റെയൊക്കെ അര്‍ത്ഥവ്യാപ്തി മാറിക്കഴിഞ്ഞു.ദേശീയം,അന്തര്‍ദേശീയം, ഫെഡറല്‍ എന്നിവയ്ക്കും പുതിയ അര്‍ത്ഥങ്ങള്‍ വരുന്നു.പ്രത്യേകിച്ചും വിവരസാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടംവഴി. പത്തൊമ്പതാം നൂറ്റാണ്‍റ്റിലെ അതിര്‍ത്തികള്‍ക്ക് ഇന്നു വലിയ പ്രാധാന്യം ഒന്നുമില്ല.മനുഷ്യന്‍ ഇന്ന് ആഗോള പൗരന്‍ ആണ്.അവന് ആരുമായും നിമിഷാര്‍ദ്ധത്തില്‍ ബന്ധപ്പെടാം.സംവദിക്കാം.രേഖകളും ചിത്രങ്ങളും വീഡിയോകളും പങ്കു വയ്ക്കാം.സോഷ്യല്‍ നെറ്റ് വര്‍ക്കുകളും റ്റ്വിറ്ററും മറ്റും കുട്ടികള്‍ക്കു പോലും അനായസമായി കൈകാര്യം ചെയ്യാം. അതിര്‍ത്തികളെ അതിലംഘിച്ചുകൊണ്ട് മനുഷ്യര്‍ക്കിന്നു ബന്ധപ്പെടാം. അറിവു കൈമാറാം. അകലെയിരുന്നും പരിശീലനങ്ങള്‍ നടത്താം.സാമ്പത്തിക രാഷ്ട്രീയ മല്‍സരങ്ങള്‍ സഹകരണത്തിനു വഴി മാറുന്നു.വളരെ ദൂരെയുള്ള പ്രദേശങ്ങള്‍ പോലും നഗരബാന്ധവത്തിലൂടെ വികസനകാര്യങ്ങളില്‍ പരസ്പരം സഹായിക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായി.കേരളത്തില്‍ ഇതുവരെ ആരും ഇക്കാര്യത്തില്‍ താല്‍പ്പര്യം കാട്ടിയില്ല.അതു വലിയ നഷ്ടമായിപ്പോയി. പ്രത്യേകിച്ചും വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും.

വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ചയോടെ അകലം ചുരുങ്ങി. വിരല്‍ത്തുമ്പിലൂടെ ആരുമായും ബന്ധപ്പെടാം. വിദൂരങ്ങളിലുള്ള ആരുമായും നിമിഷാര്‍ദ്ധത്തില്‍ നമുക്കു സൗഹൃദം പുലര്‍ത്താം.സറ്റലൈറ്റ് ടി.വി വഴി ലോകത്തെവിടെ നടക്കുന്ന സംഭവവും അപ്പോള്‍ തന്നെ നമൂക്കറിയാം.കേള്‍ക്കാം.കാണാം.ആഗോള താപം,കാലാവസ്ഥാ വ്യതിയാനം, അന്തരീക്ഷ മലിനീകരണം,വരള്‍ച്ച,ക്ഷാമം,യുദ്ധം എന്നിവ പരിഹരിക്കാന്‍,നിയന്ത്രിക്കാന്‍ വിദൂര രാജ്യങ്ങളുമായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുക ഇന്നെളുപ്പമാണ്.നഗരബാന്ധവം അതിനാക്കം കൂട്ടുന്നു.സാങ്കേതികവിദ്യകളും അനുഭവങ്ങളും പരസ്പരം പങ്കു വയ്ക്കാം.ജീവിത നിലവാരം ഉയര്‍ത്താനും തങ്ങളുടെ നേട്ടങ്ങള്‍ സഹോദര നഗരിയുമായി പങ്കു വയ്ക്കാനും നഗരസാഹോദര്യം സഹായിക്കും.

ഭരണകൂടത്തിനും പൊതുജനത്തിനുംഇത്തരം സൗഹൃദം ഗുണം ചെയ്യും.യൂക്കെയിലെ ബ്രിസ്റ്റള്‍ നഗരി,ഫാന്‍സിലെ ബോര്‍ഡേ,ജര്‍മ്മനിയിലെ ഹാ​നോവര്‍ പൊര്‍ട്ടുഗലിലെ ഒപ്പോര്‍ട്ടോ,നിക്വരഗ്വാ,ജോര്‍ജിയ എന്നീ നഗരികളുമായി ബാന്ധവത്തിലായിട്ടു വര്‍ഷങ്ങളായി.യൂക്കേയിലെ ചെസ്റ്റര്‍ നഗരി ഫ്രാന്‍സിലെ സെന്‍സ് യൂ.എസ്സ് ഏയിലെ ചെസ്റ്റര്‍ നഗരിയുമായി സൗഹൃദത്തില്‍.കാനഡയിലെ വിക്ടോറിയാ നഗരി ന്യൂസിലാണ്ടിലെ നേപ്പിയര്‍,ചൈനയിലെ ഷ്യോ ജപ്പാനിലെ മോണൊയോകാറഷ്യയിലെ കാബറോസ്ക് എന്നീ നഗരികളുമായി ബാന്ധവത്തില്‍,ഇങ്ങനെ നോക്കിയാല്‍ എത്രയോ സഹൃദനഗരികള്‍ ഈ പരിപാടിയിലൂടെ നേട്ടം കൊയ്യുന്നു.
ഡല്‍ഹി ചിക്കഗോ.ലണ്ടന്‍,വാഷിങ്ടണ്‍ എന്നീ നഗരികളുമായി ബാന്ധത്തില്‍. അഹമ്മദാബാദ് ബ്രിട്ടനിലെ ബര്‍മിങ്ങാമുമായി. ചെന്നൈപ്പട്ടണം ഫ്രാങ്ക്ഫര്‍ട്ട്,റഷ്യയിലെ വോഗോഗ്രോവ്വ് നഗരികളുമായി സൗഹൃദത്തില്‍. അനന്തപുരി അമേരിക്കയിലെ സാഗരപ്രാന്തനഗരിയായ ബ്രിസ്റ്റോളുമായി ബാന്ധവത്തില്‍ ആകുമെന്നു നമുക്കു പ്രതീക്ഷിക്കാം.

2009, ജൂൺ 8, തിങ്കളാഴ്‌ച

ഇംഗ്ലീഷ് സംസാരിക്കുക

ഇംഗ്ലീഷ് സംസാരിക്കുക
 


കന്നടയേയും പുരാതനഭാഷയായി അംഗീകരിച്ചതുപോലെ
മലയാളത്തേയും പുരാതനം എന്നംഗീകരിച്ച് ഭാഷാവികസനത്തിനായി
ഫണ്ട് അനുവദിക്കണം എന്നു വാദിക്കാന്‍ ,ഹിന്ദുദിനപ്പത്രത്തിലെ
തന്റെ കോളത്തില്‍ എഴുതുന്ന ടി.പി രാജീവന്‍ 7.6.09 ല്‍
എഴുതുന്നു:

മലയാളികള്‍ ആയ കമലാദാസ്,ശശിതരൂര്‍ അരുന്ധതി റോയ്,അനിതാനായര്‍
എന്ന നാഗരീകര്‍മാത്രമല്ല,
സംഗീതാ ശ്രീനിവാസന്‍,ഇന്ദു നായര്‍,ആദിത്യ ശങ്കര്‍,പി.ഏ.നൗഷാദ്
എന്നീ ഗ്രാമീണരും മലയാളത്തില്‍ മാത്രം എഴുതാതെ ഇംഗ്ലീഷില്‍ എഴുതുന്നതിനാല്‍
"കേരളത്തെ ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ മാതൃഭൂമി" എന്നു മേലില്‍
വിശേഷിപ്പിക്കേണ്ടി വരും
എന്നു കളിയാക്കുന്നു.മലയാളത്തിലും ഇംഗ്ലീഷിലും നന്നായി
എഴുതുന്ന രാജീവനെപ്പോലുള്ള
ഒരാള്‍ ഈ വാദം ഉന്നയിക്കുന്നതു വിചിത്രം.
മലയാളഭാഷയ്ക്ക് ആവശ്യത്തിനു വികസനം ആയി.
നമ്മുടെ കുട്ടികള്‍ക്ക് ആംഗ്ലേയ ഭാഷ സംസാരിക്കാനുള്ള നൈപുണ്യം വളരെക്കുറവാണ്.
കമ്മ്യൂണിക്കേഷന്‍ സ്കില്ല്‍ മോശം.ചൈനയില്‍ മൈതാനങ്ങളില്‍ ആളുകളെ കൂട്ടി
അവരെ സ്പോക്കന്‍ ഇംഗ്ലീഷ് പഠിപ്പിക്കയാണ് സര്‍ക്കാര്‍.നമ്മുടെ അടുത്ത തലമുറ
വിദേശരാജ്യങ്ങളില്‍ പോയി രക്ഷപെടണമെങ്കില്‍ ഇംഗ്ലീഷ് സംസാരിക്കാനുള്ള
അവരുടെ കഴിവു കൂട്ടണം.ടോം വടക്കന്റേയും ശശി തരൂരിന്റേയും
മലയാളത്തെ കളിയാക്കാനാണ് സുകുമാര്‍ അഴീക്കോട് ഉള്‍പ്പെടെ നാം മലയാളികള്‍ക്കു
താല്‍പ്പര്യം(കാരാട്ട് എന്ന മലയാളിയുടെ മലയാളത്തെ അവര്‍ കാണുന്നുമില്ല
ശശി തരൂരിനെ കുട്ടികള്‍ മാതൃകയാക്കണം എന്നു ഞാന്‍ പറയാനുള്ള പ്രധാനകാര്യം
ഇംഗ്ലീഷില്‍ സംസാരിക്കാനുള്ള പ്രാവീണ്യമാണ്.കെ.ആര്‍.നാരായണന്‍ എന്തിന്‌,
ഏ.പി.ജെ അബ്ദുല്‍ കലാം പോലും അക്കാര്യത്തില്‍ മോശം.ആന്‍ടണി.വി.എസ്സ്
എന്നിവര്‍ ഇംഗ്ലീഷ് സംസാരിക്കുമ്പോള്‍ കുനിഞ്ഞിരിക്കാന്‍ നമുക്കു തോന്നാറില്ലേ?

മലയാളത്തെ വികസിപ്പിക്കാനല്ല നമ്മുടെ കുട്ടികളുടെ ഇംഗ്ലീഷ് സംസാരം നന്നാക്കി
അവരെ വിശാലലോകത്തില്‍ ജീവിക്കാനും ജോലി ചെയ്യാനും പ്രാപ്തരാക്കയാണ്
വേണ്ടത്.ഇംഗ്ലീഷ്കാരെക്കാള്‍ നന്നായി ഇംഗ്ലീഷ് എഴുതുകയും സംസാരിക്കയും
ചെയ്യുന്നവരുടെ മാതൃഭൂമി എന്നു വിളിക്കപ്പെടാന്‍ വേണ്ട നടപടികളാണ്
കേന്ദ്ര കേരള സര്‍ക്കാരുകള്‍ എടുക്കേണ്ടത്. ഈ വാ​സ്തവം ഏറ്റവും നന്നായി
അറിയാവുന്ന ശശിതരൂര്‍ ഇക്കാര്യത്തില്‍ ബോധവല്‍ക്കരണവും നടപടികളും
സ്വീകരിക്കുമെന്നു കരുതുന്നു.ബോസ്റ്റണ്‍ നഗരിയുമായി തിരുവനന്തപുരത്തിനു
നാഗരികബാന്ധവം(സൗഹൃദം) പ്ലാന്‍ ചെയ്യൂന്ന തരൂരിന്‍ ഇക്കാര്യത്തിലും
കുറേ ചെയ്യാന്‍ കഴിയട്ടെ.അതിനായി കൂട്ടുകാരും ബോധവല്‍ക്കരണം തുടങ്ങുക

2009, ജൂൺ 5, വെള്ളിയാഴ്‌ച

പി.എസ്സ്.നടരാജ പിള്ള (1891-1966)
പി.എസ്സ്.നടരാജ പിള്ള (1891-1966)തിരുക്കൊച്ചിയില്‍ 1954-55 കാലത്തു ധനകാര്യമന്ത്രിയായിരുന്ന പി.എസ്സ്‌ നടരാജപിള്ള സ്വാതന്ത്ര്യ
സമരസേനാനിയും രാഷ്ട്രീയ ചിന്തകനും ധന തത്ത്വശാത്രജ്ഞനും എം.പി യും ആയിരുന്നു.

ധനമന്ത്രിയായിരുന്ന സമയത്തും പോലും ഓലക്കുടിലില്‍ താമസ്സിച്ചിരുന്ന രാജ്യസ്നേഹിയായിരുന്നു
പി.എസ്സ്‌.പിക്കാരനായിരുന്ന പി.എസ്സ്‌.

ജീവിത രേഖ

മനോന്മണീയം പി. സുന്ദരം പിള്ളയുടെ ഏകമകനായി 1891 മാര്‍ച്ച്‌ 10 നു തിരുവനന്തപുരം
പേരൂര്‍ക്കടയില്‍ ജനിച്ചു.ശിവകാമിയമ്മാള്‍ അയിരുനു മാതാവ്‌. പട്ടം താണുപിള്ള
സ്കൂളില്‍ സഹപാഠിയായിരുന്നു.

സ്വതന്ത്ര്യ ഭടന്‍

പട്ടംതാണുപിള്ളയും നടരാജപിള്ളയും ഒന്നിച്ചു സ്വാതന്ത്ര്യ സമരങ്ങളില്‍ പങ്കെടുത്തു.
സി.പി യുടെ വിരോധം സമ്പാദിച്ചതിനാല്‍ പൈതൃകമായി കിട്ടിയ ആയിരമേക്കര്‍(1000) വരുന്ന
ഹാര്‍വിപുരം കുന്നും അതിലെ ഹാര്‍വിപുരം ബഗ്‌ ളാവും കണ്ടുകെട്ടപ്പെട്ടു.
പല തവണ ജയിലില്‍ കിടന്നു

മികച്ച പാര്‍ലമെന്റേറിയന്‍

സര്‍ സി.പി രാമസ്വാമി അയ്യര്‍ അദ്ധ്യക്ഷനായിരുന്ന തിരുവിതാംകൂര്‍ നിയമസഭയില്‍
കോണ്‍ഗ്രസ്സ്‌ പാര്‍ട്ടിയുടെ നേതാവായിരുന്നു.എം.എല്‍ ഏ, മന്ത്രി, എം.പി എന്നീ
മൂന്നു നിലകളിലും ശോഭിച്ചു. ഭൂപരിഷ്കരണത്തിനുള്ള കരടു രേഖ നടരാജ പിള്ളയാണ്‌ തയ്യാറാക്കിയത്‌.

പാര്‍ലമെന്റില്‍ അദ്ദേഹംചെയ്ത ബഡ്ജറ്റ്‌ പ്രസംഗം സവ്വരുടേയും മുക്തകണ്ഠ
പ്രശംസയ്ക്കു കാരണമായി.കേരളം കണ്ട ഏറ്റവും മികച്ച പാര്‍ലമെന്റേറിയനായിരുന്നു പി.എസ്സ്‌.

ബഹുഭാഷാ പണ്ഡിതന്‍

ഇംഗ്ലീഷിലും തമിഴിലും മലയാളത്തിലും ഒരു പോലെ പാണ്ഡിത്യം
ഉണ്ടായിരുന്നു നടരാജപിള്ളയ്ക്ക്‌.

പത്രാധിപര്‍

ദ പോപ്പുലര്‍ ഒപ്പീനിയന്‍ ,വഞ്ചികേസരി എന്നീ പത്രങ്ങളുടെ അധിപനായിരുന്നു.

1966 ജനുവരി 10 ന്‌ അന്തരിച്ചു. എറ്റവും ദരിദ്രനായി അന്തരിക്കേണ്ടി വന്ന ധനമന്ത്രിയായിരുന്നു
പി.എസ്സ്‌. പീരൂര്‍ക്കടയിലെ പി.എസ്സ്‌ നടരാജപിള്ള മെമ്മോറിയല്‍ സ്കൂള്‍
അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നു.
സര്‍ക്കാരിലേയ്ക്കു കണ്ടുകെട്ടിയ ഹാര്‍വ്വിപുരം കുന്നിന്
സുന്ദരനടരാജപുരം എന്ന പേരു നല്‍കേണ്ടതാണ്.അധികൃതര്‍
ശ്രദ്ധിക്കുമോ?

2009, ജൂൺ 3, ബുധനാഴ്‌ച

പേരക്കിടാവിനു കാട്ടിക്കൊടുക്കാന്‍ ഒരു റോള്‍ മോഡല്‍

പേരക്കിടാവിനു കാട്ടിക്കൊടുക്കാന്‍ ഒരു റോള്‍ മോഡല്‍

Son in childhood

with Grandson


ജോലിത്തിരക്കിനാലും സംഘടനാപ്രവര്‍ത്തനം,ആരോഗ്യബോധവല്‍ക്കരണം
എന്നിവയിലെ താല്‍പര്യം എന്നിവയാലും മക്കള്‍ക്കു ശൈശവത്തിലും
കൗമാരത്തിലും വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ സാധിച്ചില്ല.ആ കുറവു
ഒരു പരിധി വരെ വാമഭാഗം ശ്രദ്ധിച്ചതിനാല്‍ മക്കളുടെ കാര്യത്തില്‍
ഇന്നു പശ്ചാത്താപിക്കേണ്ടി വരുന്നില്ല.
മക്കളെ ഡോക്ടറന്മാര്‍ ആകാന്‍ പ്രോല്‍സാഹിപ്പിച്ചില്ല എന്നു പറഞ്ഞുകൂടാ.
ജവഹര്‍ ലാല്‍ നെഹൃവിനെ അനുകരിച്ചെന്നു പറയട്ടെ,
'ഒരു ഡോക്ടര്‍ മകള്‍ച്ചയച്ച കത്തുകള്‍','ഒരു ഡോക്ടര്‍ മകനയച്ച കത്തുകള്‍'
തുടങ്ങി താനെഴുതിയ ലേഖനപരമ്പരകള്‍ തീര്‍ച്ചയായും അവര്‍ വായിച്ചിരിക്കണം.
ആരോഗ്യസേവനം തൊഴിലാക്കാന്‍ അതവരെ പ്രേരിപ്പിച്ചിരിക്കാം.
മെറിറ്റില്‍ തന്നെ പിതാവു പഠിച്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ പഠിച്ചു
തന്നെ അവര്‍ ഡോക്ടറന്മാരായി. ബ്രിട്ടനിലെ റോയല്‍ കോളേജില്‍ നിന്നും മെംബര്‍ഷിപ്
നേടിയ രണ്ടുമക്കളും തന്നെക്കാള്‍ വലിയ ഡോക്ടറന്മാരായിക്കഴിഞ്ഞു.

സ്കൂള്‍-കോളേജു പഠനകാലങ്ങളില്‍ മാതൃകാപുരുഷന്മാര്‍ ഉണ്ടായിരുന്നില്ല.
വാഴൂര്‍ കുതിരവട്ടം സ്കൂളിലെ കവിയൂര്‍ ശിവരാമപിള്ള ,കോട്ടയം സി.എം. എസ്സ്.
കോളേജിലെ അമ്പലപ്പുഴ രാമവര്‍മ്മ എന്നിവര്‍ ഏറെ ഇഷ്ടപ്പെട്ട അധ്യാപകര്‍ ആയിരുന്നു.
അവരെപ്പോലെ മലയാള അദ്ധ്യാപകര്‍ ആകണം എന്നു ചിന്തിച്ചിരുന്നു എന്നു തോന്നുന്നു.
മലയാളഭാഷയോടുള്ള താല്‍പര്യം അവരാണ് ജനിപ്പിച്ചത്.തൊഴില്‍ രംഗത്ത് അതു ഗുണം
ചെയ്തോ ദോഷം ചെയ്തോ എന്നു സംശയം.
മലയാളത്തിനോട് അത്ര താല്‍പര്യം കാട്ടതിരിക്കയും ഇംഗ്ലീഷില്‍കൂടുതല്‍ ശ്രദ്ധിക്കയും ചെയ്തിരുന്നുവെങ്കില്‍ വിദേശരാജ്യങ്ങളില്‍ ഉന്നതപദവിയിലെത്തിയ
ചില സഹപാഠികള്‍ക്കൊപ്പമോ അവരേക്കാള്‍ ഔന്ന്യത്തത്തിലോ എത്തിയേനേ.ഏതായാലും
അതിലും താഴെയാകനിടവരില്ലായിരുന്നു. പുതുതായി തുടങ്ങിയ കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു വൈദ്യശാസ്ത്രപഠനം എന്നതിനാല്‍ മാതൃകയാക്കാന്‍ പറ്റിയ മുതിര്‍ന്ന ഡോക്ടര്‍മാര്‍ചുരുക്കമായിരുന്നു.ഉന്നതപഠനത്തിനായി ഇംഗ്ലണ്ടില്‍ പോയിരുന്നുവെങ്കില്‍ താന്‍ തീര്‍ച്ചയായുംറോള്‍ മോഡല്‍ ആക്കുക യൂക്കെയില്‍ നാഷണല്‍ ഹെല്‍ത്തു സര്‍വ്വീസ് തുടങ്ങിയ
അന്യൂറുന്‍ ബീവാന്‍ എന്ന രാഷ്ട്രീയക്കാരനെ ആയിരുന്നേനെ.വെയില്‍സ്തലസ്ഥനമായ
കാര്‍ഡിഫ് സന്ദര്‍ശിച്ചതു പോലും അദ്ദേഹത്തി പ്രതിമയോടൊപ്പം നിന്നൊരു ഫോട്ടോ

എടുക്കാനായിരുന്നുവല്ലോ.


കൊച്ചുമക്കള്‍ ജനിച്ചു മുത്തഛനായപ്പോള്‍ ജോലിഭാരം കുറഞ്ഞു.കുറച്ചു.ധാരാളം സമയം.
ജീവിതാനുഭവങ്ങള്‍ ഏറെ. ഇംഗ്ലീഷിനു പ്രാധാന്യം കൊടുക്കേണ്ടതി ആവശ്യകത
തികച്ചും ബോധ്യമായി. കൊച്ചുമക്കളുടെ കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ ഏറെ സമയം .
പക്ഷേ പേരക്കിടങ്ങള്‍ രണ്ടും 5200 മൈല്‍ അകലെ യൂക്കെയില്‍.കൊച്ചുമകള്‍ അഞ്ചുവര്‍ഷം
കൂടെയുണ്ടായിരുന്നു.കൊച്ചുമകനാകട്ടെ ഏതാനും ആഴ്ചകളും.9,7 വയസ്സുകാരായ
കൊച്ചുമക്കള്‍ രണ്ടുപേരും ഇന്ന്‍ യൂക്കെയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍. മിക്കദിവസങ്ങളിലും
സ്കൈഫു വഴി നേരില്‍കാണും സംസാരിക്കും.സംവദിക്കും.


മക്കള്‍ക്കു റോള്‍ മോഡലുകളെ കാട്ടിക്കൊടുത്തിരുന്നില്ല.തന്നെ കണ്ടു പഠിക്കൂ എന്നൊരഹന്ത
ആയിരുന്നുവോ ആവോ ?അതോ അക്കാര്യം ശ്രദ്ധയില്‍ പെടാതെ പോയോ?
ഓര്‍ക്കുന്നില്ല. അറിവും പക്വതയും വന്ന കാലത്തു പേരക്കിടാങ്ങള്‍ക്ക്
റോള്‍ മോഡലുകളെ കാട്ടിക്കൊടുക്കുകു മുത്തഛന്‍റെ കടമയെന്നു കരുതുന്നു.
ഡോ.ബാബു പോള്‍ എഞ്ചിനീയറിംഗ് പഠനത്തിനു പോകുന്ന കൊച്ചുമകന്
എഴുതിയ കത്ത് ബ്ലോഗില്‍ കണ്ടപ്പോള്‍ എത്ര നല്ല മുത്തഛന്‍ എന്നു തോന്നി.
വിവരം ഒരു ബ്ലോഗില്‍ ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നു.

1962 ല്‍ മെഡിസിനും എഞ്ചിനീയറിഗിനും ഒന്നിച്ചഡ്മിഷന്‍
കിട്ടുമ്പോള്‍ തിരുവനന്തപുരം എഞ്ചിനീയറിഗ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥി ആയിരുന്നു ഡി.ബാബുപോള്‍.അതിനു മുമ്പു തന്നെ വിദേശയാത്ര നടത്തി കേരളഭൂഷണത്തില്‍ യാത്രാവിവരണം എഴുതിപ്രസിദ്ധനായിരുന്ന ബാബു പോള്‍.എഞ്ചിനീയറിംഗ് പ്രൊഫഷനിലേക്കു സ്വാഗതം ചെയ്തുകൊണ്ടുംയൂണിയന്‍ ചെയര്‍മാന്‍ സ്ഥാനര്‍ത്ഥിയായ തനിക്കു വോട്ടുചെയ്യണം
എന്നഭ്യര്‍ത്ഥിച്ചും ഫൈനല്‍ വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന അദ്ദേഹം
തനിക്കയച്ച കത്ത് ഏറെ നാള്‍ സൂക്ഷിച്ചു വച്ചിരുന്നു.അദ്ദേഹത്തിന്‍റെ
അഭ്യര്‍ത്ഥനകള്‍ രണ്ടും തള്ളേണ്ടി വന്നു.അദ്ദേഹത്തെ റോള്‍ മോഡലാക്കാന്‍ കൊച്ചു മകനെ ഉപദേശിച്ചാലോ?പക്ഷേ,എന്തോ ഒരു പോരായ്മ്മ.

കെ.ആര്‍.നാരായണന്‍.ഏ.പി.ജെ അബ്ദുള്‍കലാം തുടങ്ങിയ വന്ദ്യവയോധികരെ ചൂണ്ടിക്കാട്ടിയാല്‍
ഈ പ്രായത്തില്‍ കുട്ടികള്‍ സ്വീകരിക്കുമോ? അയ്യേ,അപ്പൂപ്പന്മാര്‍ എന്നു പറയുകില്ലേ?
രാജീവ് ഗാന്ധി ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തെ ചൂണ്ട്ക്കാട്ടാമായിരുന്നു. രാഹുല്‍
അതിമാത്രം വളര്‍ന്നു എന്നു പറയാറായിട്ടില്ല താനും.
ലോകാന്തരവലയം ആവിഷ്കരിച്ച ടീം ബര്‍ണര്‍ ലീയെ ആയാലോ എന്നാലോചിച്ചിരുന്നു.

അങ്ങിനെ ഇരിക്കവേ ലോകസഭാ തെരഞ്ഞെടുപ്പുവരുന്നു. അപ്പോഴാ​ണ് സന്തോഷം
തോന്നിയത്.കാത്തിരുന്ന മാതൃകാപുരുഷന്‍ അവതരിക്കുന്നു. കുട്ടികള്‍ക്കെല്ലാം
ഇഷ്ടപ്പെടുന്ന,മാതൃകയാക്കാവുന്ന സുമുഖന്‍,സുന്ദരന്‍,പ്രസന്ന വദനന്‍,സംസാരപ്രിയന്‍
,നെറ്റ്സേവി എല്ലാം എല്ലാമായ ശശി തരൂര്‍ എന്ന മലയാളി പ്രതിഭ.ഇന്‍ഡിപെപ്പിലെ അംഗം.ആര്‍ക്കും കൂട്ടുകൂടാം.റ്റ്വിറ്ററിലൂടെ അനുഗമിക്കാം.ചാറ്റ് ചെയ്യാം.
തിരുവനന്തപുരം കാരുടെ പുതിയ എം.പി.ഇന്ത്യാക്കരുടെ വിദേശകാര്യ സഹമന്ത്രി.

ഗാന്ധിയോ നെഹൃവോ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമ്പോള്‍ വിദേശവിദ്യാഭ്യാസം
കിട്ടിയിരൂന്നുവെങ്കിലും ആഗോള പൗരന്മാരായിരുന്നില്ല.
കൃഷ്ണമേനോനും കെ.ആര്‍.നാരായണനും മാത്രം അവകാശപ്പെടാവുന്ന യോഗ്യതയാണത്.
ഇപ്പോള്‍ ശശിതരൂരുരിനും.ഇന്ത്യയില്‍ മടങ്ങി എത്തിയ ശേഷമാണ് നെഹൃ എഴുതിത്തുടങ്ങിയത്.
തരൂരാകട്ടെ,രാഷ്ട്രീയത്തില്‍ കയറും മുമ്പേ ആഗോള പ്രസിദ്ധനായ എഴുത്തുകാരനും കോളമിസ്റ്റും
ബ്ലോഗറും ആയിക്കഴിഞ്ഞിരുന്നു. ഇരുപത്തിരണ്ടാം വയസ്സില്‍ പി.എച്ച്.ഡി നേടിയ അതി സമര്‍ത്ഥന്‍.

ലണ്ടന്‍ സന്ദര്‍ശനവേളയില്‍ കൊച്ചുമക്കളെ നെഹൃ പഠിച്ചിരുന്ന ഹാരോ പബ്ലിക് സ്കൂളും
ഗാന്ധിജി പഠിച്ചിരുന്ന കിംഗ്സ് കോളേജും നെഹൃവും കെ.ആര്‍.നാരായണനു പഠിച്ചിരുന്ന
ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സും പഠനം നടത്തിയ എഡിന്‍ബറോ യൂണിവേര്‍സിറ്റിയും
രാജീവും സോണിയായും വഞ്ചി തുഴഞ്ഞിരുന്ന കേംബ്രിഡ്ജിലെ കാം നദിയും സര്‍ ഐസക് ന്യൂടന്റെ
തലയില്‍ ആപ്പിള്‍ വീഴ്ത്തിയ ആപ്പ്ഈല്‍ മരം നിന്ന സ്ഥലവും ജെ.കെ.റോളിഗ് മുലകുടി മാറാത്ത
കുഞ്ഞുമായി ഇരുന്നെഴുതിത്തുടങ്ങിയ കോഫിഹൗസ് ടേബിളും
കൃഷ്ണ മേനോന്‍ പ്രസംഗിച്ചു പഠിച്ച സ്പീക്കേര്‍സ് കോര്‍ണറും ഷേക്സ്പീയര്‍ വസതിയും
വേര്‍ഡ്സ്വര്‍ത്ത് വസതിയും സ്കോട്ട് സ്മാരകവും
ഒക്കെ കാണിച്ചു കൊടുക്കാന്‍ കഴിഞ്ഞതു വലിയൊരു ഭാഗ്യം തന്നെ.

അവരുടെ മാതാപിതാക്കള്‍ക്ക് അതിനുള്ള സമയവും സാവകാശവും
കിട്ടിയിരുന്നില്ല . അവര്‍ക്കു മക്കള്‍ ഡോക്ടറന്മാര്‍ ആവണം എന്നു കണ്ടേക്കാം
മുത്തഛനായ തനിക്കങ്ങനെ ഒരാഗ്രഹം ഇല്ല. എന്നാല്‍ ഇതുവരെ അവര്‍ക്കു ഒരു
റോള്‍ മോഡലിനെ കാട്ടിക്കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇപ്പോള്‍ ആ ദുഖവും ഇല്ലാതായി.മിടുക്കരായ കുട്ടികളുടെ മാതാപിതാക്കല്‍ എല്ലാം
വോട്ടു ചെയ്കവഴി വന്‍ഭൂരിപക്ഷം നേടിയ തരൂര്‍ തീര്‍ച്ചയായും അവര്‍ക്കൊരു
മാതൃകാപുരുഷന്‍ തന്നെ. എത്രയോ വര്‍ഷത്തിനു ശേഷമാണ് മലയാളിയായ
ഒരു മാതൃകാപുരുഷനെ നമുക്കു കിട്ടുന്നത്.
 
Posted by Picasa
(റഡ്കാര്‍ ബീച്ചില്‍ മണല്‍ക്കൊട്ടാരം കെട്ടുന്ന പേരക്കിടാവിനോടൊപ്പം 2008 ജൂണ്‍

നന്ദി ശ്രീ തരൂര്‍.
ആഗോള മലയാളിയായ അങ്ങേയ്ക്കു നമോവാകം.ഇനിയും ഉയരങ്ങിളിലെത്തി
ഞങ്ങളുടെ പേരക്കിടാങ്ങളുടെ ആദരവു നേടുക.അമ്മ മലയാളത്തിനഭിമാനമാവുക.

2009, ജൂൺ 1, തിങ്കളാഴ്‌ച

മനോന്മണീയം സുന്ദരനാര്‍


മനോന്മണീയം സുന്ദരനാര്‍

മനോന്മണീയം സുന്ദരനാര്‍ എന്നു തമിഴരും പ്രൊഫ. സുന്ദരംപിള്ള എം.ഏ എന്നു മലയാളികളും വിളിച്ചിരുന്ന
തത്വശാസ്ത്രപ്രൊഫസറെക്കുറിച്ച് പി.ഗോവിന്ദപ്പിള്ള 1760 ലക്കംപേജ് കലാകൗമുദിയില്‍ 'ഡാര്‍വിനും മലയാളനാടും' എന്ന
ലേഖനത്തില്‍ എഴുതിയ ഭാഗത്തിന് അല്‍പം കൂട്ടിച്ചേര്‍ക്കല്‍.


തിരുവിതാംകൂറില്‍ നിന്നും ആദ്യമായി എ.ഏ ബിരുദം(തത്വശാസ്ത്രം)
നേടിയ ആളായിരുന്നതിനാല്‍ അദ്ദേഹം എം.ഏ.സുന്ദരന്‍ പിള്ള (1855-1897)എന്നാണറിയപ്പെട്ടിരുന്നത്.

ശിവരാജയോഗി തൈക്കാട് അയ്യസ്വാമികളുമൊത്ത് തിരുവനന്തപുരത്ത് അദ്ദേഹം ശൈവപ്രകാശ സഭതുടങ്ങി.
അദ്ദേഹത്തെ സ്വാമി വിവേകാനന്ദന്‍ ഇങ്ങോട്ടു വന്നു സന്ദര്‍ശിക്കയായിരുന്നു. പ്രൊഫസറുടെ ഗുരുവായിരുന്ന
ഹാര്‍വ്വി സായിപ്പിന്‍റെ സ്മരണക്കായി പേരൂര്‍ക്കടയിലെ ആയിരമേക്കര്‍ വരുന്ന കുന്നില്‍ അതിമനോഹരമായ
ഒരു ബങ്ലാവ്(ഹാര്‍വ്വി ബങ്ലാവ്)പണിയിച്ച് അതിലായിരുന്നു അദ്ദേഹം താമസ്സിച്ചിരുന്നത്.മരുതിമൂട് എന്നായിരുന്നു
അക്കാലത്തെ സ്ഥലനാമം. നാണുവും(പില്‍ക്കാലത്തു ശ്രീനാരായണഗുരു)കുഞ്ഞന്‍ ചട്ടമ്പിയും(പില്‍ക്കാലത്തു ചട്ടമ്പി സ്വാമികള്‍)
ഹാര്‍വ്വി ബങ്ലാവിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു.പ്രൊഫസ്സറുടെ പത്നി ശിവകാമി അമ്മ
അവര്‍ രണ്ടുപേരുടേയും പോറ്റമ്മയും ആയിരുന്നു.

സി.വി.രാമന്‍ പിള്ള,ആര്‍ ഈശ്വരപിള്ള, കെ.പി ശങ്കര മേനോന്‍, പോള്‍ ഡാനിയല്‍ എന്നിവര്‍ സുന്ദരന്‍ പിള്ളയുടെ
ശിഷ്യരായിരുന്നു.തിരുവിതാംകൂറിലെ ആര്‍ക്കിയോളജി വകുപ്പു സ്ഥാപിച്ചത്
അതിന്‍റെ ആദ്യ മേധാവിയായിത്തീര്‍ന്ന സുന്ദരന്‍ പിള്ളയാണ്.പേരൂര്‍ക്കടയില്‍ അഞ്ചലാഫീസ്സും പോലീസ് സ്റ്റേഷനും
തുടങ്ങാന്‍ കാരണം പ്രൊഫസ്സറായിരുന്നു.

തമിഴ്നാട്ടിലെ ദേശീയഗാനം അദ്ദേഹത്തിന്‍റെ മനോന്മണീയത്തിലെ ആദ്യഗാനമാണ്.പത്തു പാട്ട്,തിരുവിതാംകൂറിലെ ചില പുരാതന രാജാക്കന്മാര്‍ ,
ന്നൂറ്റൊകൈ വിളക്കം എന്നിവയും പ്രസിദ്ധം.ലണ്ടന്‍ ഹിസ്റ്റോറിക്കല്‍ സൊസ്സൈറ്റിയിലെ അംഗമായിരുന്നു.
ഏക മകന്‍ തിരുക്കൊച്ചി ധനമന്ത്രിയായി ത്തീര്‍ന്ന പി.എസ്.നടരാജപിള്ളയാണ്
സി.പി രാമസ്വാമി അയ്യരെ ആദ്യമായി തിരുവിതാംകൂറില്‍കൊണ്ടുവന്നത്.സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായതോടെ
പി.എസ്സ് നടരാജപിള്ളയുടെ ശത്രുവായി മാറിയ സി.പി,പിതാവ് ആര്‍ജ്ജിച്ചു നല്‍കിയ ആയിരമേക്കര്‍ ഹാര്‍വ്വിപുരം
കുന്നും അതിലെ ബങ്ലാവും സര്‍ക്കാരിലേക്കു കണ്ടുകെട്ടി. പേരൂര്‍ക്കറ്റയിലെ ഏഴുസെന്‍റിലെ
ഓലപ്പുരയില്‍ മന്ത്രിയായിരുന്നപ്പോഴും താമസ്സിച്ചിരുന്ന നടരാജപിള്ളയാണ് നമ്മുടെ ബഡ്ജറ്റുകള്‍ക്കു
അടിസ്ഥാനമിട്ടതും ഭൂപരിഷ്കരണം നടപ്പിലാക്കന്‍ ശ്രമിച്ചതും.കണ്ണന്‍ ദേവന്‍ കമ്പനി ഏറ്റെടുക്കാനും ആരാജ്യസ്നേഹി ശ്രമിച്ചു.
ചര്‍ച്ചയ്ക്കായി അങ്ങോട്ടു ചെന്ന പി.എസ്സിനെ ജനറല്‍ മാനേജരായിരുന്ന വാട്ടര്‍മാന്‍ എന്ന സായിപ്പ് അധിക്ഷേപിക്കാന്‍ ശ്രമിച്ചതും
ക്ഷമാപൂര്‍വ്വം പെരുമാറി സായിപ്പിന്‍റെ ആദരവ് സമ്പാദിച് ച്പി.എസ്സ് മടങ്ങിയതിന് അന്നത്തെ കോട്ടയം സബ്കളക്ടര്‍
(പിന്നീട് പ്രധാനമന്ത്രി ഓഫീസ്സിലെ പ്രധാനി)പി.സി.അലക്സാണ്ടര്‍ സാക്ഷി.ഒപ്പം കളക്ടര്‍ ആയിരുന്ന ഗോവിന്ദമേനോനും.

ഇന്ന്‍ ഹാര്‍വ്വിപുരം ഒരു കോളനിയാണ്.'ബ്രിട്ടോ ഇന്‍ഡ'ക്സ് നോക്കി ചിക്കന്‍ഗുനിയായെ പ്രതിരോധിച്ചു
വാര്‍ത്താപ്രാധാന്യം നേടിയ ഹാര്‍വ്വിപുരം കോളനി പി.എസ്സ്.നടരാജപിള്ളയുടെ പിത്രുസ്വത്താണെന്നറിയാവുന്നവര്‍
വിരളമായിരിക്കും.
ആലപ്പുഴയില്‍ ജനിച്ചു തിരുവനന്തപുരത്തു ജീവിച്ചു മണ്ണടിഞ്ഞ
മനോന്മണീയം സുന്ദരന്‍ പിള്ളയ്ക്കോ മകന്‍ നടരാജപിള്ളയ്ക്കോ തിരുവനന്തപുരത്തു സ്മാരകമില്ല.Manonmaniam Sundaranar Univesity,Thirunelveli,Tamil Nadu
അവരുടെ വകയായിരുന്ന ഹാര്‍വ്വിപുരം എന്ന കോളനിയ്ക്കെങ്കിലും അവരുടെ പേര്‍
'സുന്ദരനടരാജപുരം' എന്നു പേരിടാന്‍ അധികൃതര്‍ ശ്രദ്ധിക്കുമോ?'