2009, ഏപ്രിൽ 26, ഞായറാഴ്‌ച

രാമചന്ദ്രന്‍റെ രണ്ടു പൊന്‍മണികളും.....


രാമചന്ദ്രന്‍റെ രണ്ടു പൊന്‍മണികളും
പ്രാകൃത കാഞ്ഞിരപ്പള്ളിയും

സുധാമണിയ്ക്കു മുമ്പു റാണി രാസാമണി എന്നൊരു മുക്കവസ്ത്രീ ആത്മീയതയിലൂന്നി
സാമ്രാജ്യം കെട്ടിപ്പടുത്തിരുന്നു എന്നു ചരിത്രാനേഷണത്തിലൂടെ കണ്ടെത്തുന്ന രാമചന്ദ്രന്‍
(കലാകൗമുദി ലക്കം 1752. 2009 ഏപ്രില്‍ 5, പേജ് 28-33 പാരാശരനെ മോഹിപ്പിച്ച്,
ഭാരത സൃഷ്ടികര്‍ത്താവ്‌ സാക്ഷാല്‍ വേദവ്യാസനു ജന്മം നല്‍കിയ,മല്‍സ്യഗന്ധി
എന്ന ആദ്യ മുക്കവത്തരുണിയെ രാമചന്ദ്രന്‍ സ്മരിക്കാതെ പോയി.

അതു പോകട്ടെ.
യാതൊരാവശ്യവുമില്ലാതെ ലേഖനത്തില്‍ കുരുമുളക് എന്ന കറുത്ത
പൊന്നു വിളയിച്ച് വിദേശികളെ കേരളത്തിലേയ്ക്ക് ആകര്‍ഷിച്ച
കര്‍ഷകശ്രേഷ്ഠരായ കാഞ്ഞിരപ്പള്ളിക്കാരെ 'പ്രാകൃതരും അടിതടവുകാരും
കൂക്കുവിളിക്കാരു'മാക്കി.

"പ്രാകൃതത്തെ തടയാന്‍ വിദ്യാഭ്യാസമാണ് നല്ല മരുന്ന്‍.
കാഞ്ഞിരപ്പള്ളിയില്‍ അടികലശലും കൂക്കുവിളിയും അസഹ്യമായപ്പോഴാണ്
അവിടെ സര്‍ സി.പി.
രാമസ്വാമി അയ്യര്‍ പള്ളിക്കൂടം അനുവദിച്ചതെന്നു കേള്‍വിയുണ്ട്.
"(പേജ് 30)

ഏതു രാമചന്ദ്രനാണ് ഈ പമ്പര വിഢിത്തം എഴുതിയതെന്നു ലേഖനത്തില്‍
നിന്നു വ്യകതമല്ല.മറ്റുള്ളവര്‍ ഈ-മെയില്‍,മൊബൈല്‍ വെബ്സൈറ്റ് എന്നിവ
നല്‍കുമ്പോള്‍ രാമചന്ദ്രന്‍ ഒന്നും നല്‍കുന്നില്ല.അതിനാല്‍ നേരിട്ടു സംവദിക്കാന്‍
സാധിക്കുന്നില്ല.

സര്‍ സി. തിരുവിതാം കൂറില്‍ ദിവാന്‍ ആയിരുന്നത് 1931 മുതല്‍ 1947 വരെ.

കാഞ്ഞിരപ്പള്ളിയിലെ ആദ്യ പള്ളിക്കൂടം 1863 ല്‍ തുടങ്ങി.
അതിനു മുമ്പുതന്നെ വെട്ടിയാങ്കല്‍
ആശാന്‍ കുടിപ്പള്ളിക്കൂടം നടത്തിയിരുന്നു.
പങ്ങപ്പാട്ടു പപ്പുപിള്ള പ്രവര്‍ത്തിപള്ളിക്കൂടവും നടത്തിയിരുന്നു.
1863 ല്‍ പള്ളിവക വി.എം സ്കൂള്‍ തുടങ്ങി.
1849 തന്നെ ഹെന്‍റി ബേക്കര്‍ സായിപ്പ് തൊട്ടടുത്തു മുണ്ടക്കയത്തു സ്കൂള്‍ തുടങ്ങിയിരുന്നു.
പിന്നീടതു സര്‍ക്കാര്‍ സഹായമുള്ള സി.എം.എസ്സ് എല്‍.പി സ്കൂള്‍ ആയി.

1884 ല്‍ കാഞ്ഞിരപ്പള്ളിയില്‍ ആദ്യ മലയാളം പ്രവര്‍ത്തി പള്ളിക്കൂടം
തുടങ്ങി.1893 ല്‍ കുറേക്കാലം മന്നത്തു പദ്മനാഭന്‍ ഈ സ്കൂളില്‍ അദ്ധ്യാപകനായിരുന്നു.
1907 ല്‍ അത് മലയാളം മിഡില്‍ സ്കൂളായി.പിന്നേയും എത്രയോ കഴിഞ്ഞ്
1936 ല്‍ മാത്രമാണ് സി.പി തിരുവിതാം കൂറില്‍ എത്തുന്നത്.
എന്തേ രാമചന്ദ്രനു തെറ്റുപറ്റാന്‍ കാരണം. 20 കിലോമീറ്റര്‍ അകലെയുള്ള
കൂട്ടം കൂടി കുടിച്ചാല്‍ നറുക്കിട്ട് അവരില്‍ ഒരാളെത്തന്നെ കുത്തിക്കൊന്നിരുന്ന
മറ്റൊരു നാടുമായി കാഞ്ഞിരപ്പള്ളിയെ തെറ്റിദ്ധരിച്ചതാവാം.


കൂടുതലറിയാന്‍:കാഞ്ഞിരപ്പള്ളി ചരിത്രത്തിലൂടെ.എം.എന്‍ മുഹമ്മദ് കാസ്സിം 2008.