2009, ഫെബ്രുവരി 21, ശനിയാഴ്‌ച

യുദ്ധത്തിന്റെ ചിരി


ക്രിസ്തുവിനുമുമ്പ് മൂന്നാം നൂറ്റാണ്ടില്‍, ടരേണ്ടം എന്ന യവനനഗരത്തില്‍
റോമന്‍ ദൌത്യസംഘവും നാട്ടുകാരും തമ്മില്‍ സമധാനസംഭാഷണം
നടക്കുകയായിരുന്നു. റോമയുടെ മുഖ്യസ്ഥാനപതി ആയിരുന്നു പോസ്റ്റുമിയസ്.
അദ്ദേഹത്തിന്റെ ഗ്രീക് ഭാഷാസ്വാധീനം തീരെ കുറഞ്ഞതായിരുന്നു. ഉച്ചാരണം
വളരെ വളരെ മോശം. അതുകേട്ട് ടരേണ്ടം നിവാസികള്‍ ഊറിച്ചിരിച്ചു.
റോമന്‍ സ്ഥാനപതി കുപിതനായി.

റോമന്‍ വേഷവിധാനത്തെയും യവനര്‍ പരിഹസിച്ചു. പുഛം ഏറിയ ഒരാള്‍
ഒരു സ്ഥാനപതിയുടെ ഉടുപ്പില്‍ മലം വാരിയെറിഞ്ഞ് ആര്‍ത്തുചിരിച്ചു. പോസ്റ്റുമിയസ്
കൂടുതല്‍ ക്രുദ്ധനാ‍യി. അദ്ദേഹം പറഞ്ഞു:

“ചിരിക്കുക. ചിരിക്കാന്‍ ആകുമ്പോള്‍ ചിരിക്കുക.
കാരണം, നിങ്ങള്‍ക്ക് ഏറെ കരയാനുള്ള നേരം ഇതാ വരുന്നു.”

എത്രയോ കാലം നീണ്ടുനിന്ന യുദ്ധത്തിന്റെ--വേദനയുടെയും
രോദനത്തിന്റേയും--നാന്ദി ആയിരുന്നു ആ യവനഹാസം.
വേറൊരു രീതിയില്‍ പറഞ്ഞാല്‍, ഹാസവും പരിഹാസവുമാകുന്നു
യുദ്ധത്തിന്റെ കാരണം.

സമാന്തരമായ ഒരു ഇന്ത്യന്‍ കഥ. ധര്‍മപുത്രന്റെ രാജസൂയത്തിനെത്തിയ
ദുര്യോധനെ കൃഷണന്‍ വിഡ്ഢിയാക്കി. സ്ഥലജലഭ്രമം പിടിപെട്ട ദുര്യോധനന്‍
മുണ്ട് പൊക്കി മണ്ടനെപ്പോലെ രാജസഭയില്‍ തെറിച്ചുനടന്നു. എല്ലാവരും
ചിരിച്ചു. അവരില്‍ പാഞ്ചാലിയുടെ ചിരി കൂടുതല്‍ മുഴങ്ങിക്കേട്ടു. ദുര്യോധനന്
ഏറ്റവും ദുസ്സഹമായതും അതായിരുന്നു.

ആ ചിരിയും കളിയാക്കലുമായിരുന്നില്ലേ കുരുക്ഷേത്രയുദ്ധത്തിന്റേയും നിദാനം?