2009, ജൂൺ 24, ബുധനാഴ്‌ച

ബ്രിട്ടന്‍റെ ചരിത്രം


ബ്രിട്ടന്‍റെ ചരിത്രം

55 ബി.സിയിലെ റോമന്‍ ആക്രമണം മുതല്‍ ബ്രിട്ടന്‍റെ എഴുതപ്പെട്ട ചരിത്രം തുടങ്ങുന്നു.
എന്നാല്‍ എഴുതപ്പെടാത്ത ചരിത്രാതീതകാലം 5 ലക്ഷം വര്‍ഷം മുമ്പു തുടങ്ങിയിരിക്കാം.
എസ്സക്സിലെ ക്ലാക്ടണ്‍,സസ്സക്സിലെ ബോക്സ്ഗ്രോവ് എന്നിവിടങ്ങളില്‍ നിന്നും പുരാതന
മനുഷ്യരുടേയും മൃഗങ്ങളുടേയും അസ്തികൂടങ്ങളും കല്ലു കൊണ്ടുള്ള ആയുധങ്ങളും
കണ്ടെത്തിയിട്ടുണ്ട്.ഒരുകാലത്തു മഞ്ഞുമൂടിയ പ്രദേശമായിരുന്നു ബ്രിട്ടന്‍.ഇന്നത്തെ ഇംഗ്ലീഷ്
ചാനല്‍ ഉണ്ടായിരുന്നില്ല. ഫ്രാന്‍സും ബ്രിട്ടനും ഒന്നിച്ചു കിടന്നിരുന്നു.ഗുഹകളിലും മൃഗത്തോല്‍
ഉപയോഗിച്ചുണ്ടാക്കിയ ടെന്‍റിനു കീഴിലും താമസ്സിച്ചിരുന്ന അവര്‍ തീയ് കണ്ടെത്തിക്കഴിഞ്ഞിരുന്നു.

കെന്‍റിനു സമീപമുള്ള സ്വാന്‍സ്കോംബ് എന്ന പ്രദേശത്തു നിന്നും 200,000 വര്‍ഷം മുമ്പു ജീവിച്ചിരുന്ന
ഒരു യുവതിയുടെ അവശിഷ്ടങ്ങള്‍ ആര്‍ക്കിയോളജിസ്റ്റുകള്‍ കണ്ടെത്തിയിരിക്കുന്നു.കൂര്‍ത്ത ശിലായുധങ്ങള്‍
ഉപയോഗിച്ചിരുന്ന വേട്ടക്കാരില്‍ ഒരുവള്‍.മീന്‍ പിടുത്തവും അവര്‍ക്കന്യമായിരുന്നില്ല.എന്നാല്‍ റയിന്‍
ഡീയര്‍,കുതിര എന്നിവയെ അവര്‍ വളര്‍ത്തിത്തുടങ്ങിയിരുന്നില്ല.ഫലമൂലങ്ങള്‍ കഴിച്ചു ജീവിച്ച
അവര്‍ കൃഷിയും വശമാക്കിയിരുന്നില്ല.പുരാതന ശിലായുഗത്തില്‍ ചെറു സംഘങ്ങളായി മനുഷ്യര്‍
താമസ്സിച്ചു.തോലുകൊണ്ടവര്‍ വസ്ത്രം നിര്‍മ്മിച്ചിരുന്നു.
മഞ്ഞുമലകള്‍ ഉരുകിയതോടെ ഏതാണ്ട് 6000 ബി.സി കാലത്ത് ബ്രിട്ടനും ഫ്രാന്‍സും വേര്‍പെട്ടു.
എന്നാല്‍ നാവികരും കച്ചവടകാരും നൗകകള്‍ വഴി ബന്ധം തുടര്‍ന്നു.4500 ബി.സി കാലഘട്ടത്തില്‍
നവീനശിലായുഗം തുടങ്ങി.മനുഷ്യര്‍ ഒരിടത്തു തങ്ങി കൃഷി തുടങ്ങി.കച്ചവടകാര്‍ ആടുമാടുകളെ
കൈമാറ്റം ചെയ്തു.ഒപ്പം വിത്തുകളും.ഇക്കാലത്തു കോടാലികളും അരിവാളുകളും നിര്‍മ്മിക്കപ്പെട്ടു.
താമസ്സിയാതെ മണ്‍പാത്രങ്ങളും നിര്‍മ്മിക്കപ്പെട്ടു.ശവശരീരങ്ങള്‍ കുഴിച്ചിടാന്‍ തുടങ്ങിയതും
ഇക്കാലത്തത്രേ.വില്‍ഷയറിലെ വിന്‍ഡ് മില്‍ ഹില്ലില്‍ നവീന ശിലായുഗത്തിലെ കല്ലറകള്‍
കാണപ്പെടുന്നു.അതിപുരാതനഗ്രാമമായി കണക്കാക്കപ്പെടുന്ന സ്കോട്ട്ലണ്ട് ഓര്‍ക്കിനിയിലെ
സ്കാര്‍ബ്രേയിലുംഇത്തരം കല്ലറകള്‍ കാണപ്പെടുന്നു.
1800 ബി.സി യില്‍ ഓട് നിര്‍മ്മിക്കപ്പെട്ടു.തുടര്‍ന്ന്‍ ആയുധങ്ങള്‍ ലഭ്യമായി.ബ്രിട്ടനില്‍
ടിന്നും ചെമ്പും സ്വര്‍ണ്ണവും ധാരാളം ഉണ്ടായിരുന്നു.ടിന്നിന്‍റെ ലോകം (കാസ്സിടെറൈഡ്സ്)
എന്ന പേരിലാണ് ഒരുകാലത്തു ബ്രിട്ടന്‍ ഗ്രീസ്സിലും റോമിലും അറിയപ്പെട്ടത്.ഇക്കാലത്ത് ഗ്രാമങ്ങള്‍ ഉണ്ടായി.
സ്റ്റോണ്‍ ഹെഞ്ചും അവേബറിയും

മനുഷ്യര്‍ താളം കെട്ടിത്തുടങ്ങിയ കാലത്തുണ്ടായതാണ് സ്റ്റോണ്‍ ഹെഞ്ചും അവേബറിയും.വില്‍റ്റ്ഷെയറിലെ
സാലിസ്ബറിയിലാണ് സ്റ്റോണ്‍ ഹെഞ്ച്. ആകാശകൊട്ടാരം എന്ന ലാല്‍ സിനിമ വഴിയും 2009 ലെ ഫെഡറല്‍
ബാങ്ക് കലണ്ടര്‍ വഴിയും മലയാളി മന്‍സ്സില്‍ കുടിയേറിയ ശിലാവൃത്തം.ഭീമാകാരങ്ങളായ 50 ശിലഖണ്ഡങ്ങളുടെ
വൃത്തം.പ്രസെലി മലകളില്‍ നിന്നും കൊണ്ടൗവരപ്പെട്ട കല്‍ക്കൂട്ടങ്ങള്‍.390 കിലോമീറ്റര്‍ അകലെ വെയില്‍സിലാണ്
ആ മല.30 കിലോമീറ്റര്‍ അകലെയുള്ള ആവേബറിയില്‍ ജലമാര്‍ഗ്ഗം എത്തിക്കപ്പെട്ടു.അവിടെ നിന്നും 30 കിലോമീറ്റര്‍ ദൂരം അവ വലിച്ചുകൊണ്ടുവരപ്പെട്ടു.ആവ്വെബറിയിലും ഉണ്ട് ശിലാവൃത്തങ്ങള്‍.അവയ്ക്കാവണം പഴക്കംകൂടുതല്‍.150 കിലോമീറ്റര്‍ വരുന്ന പുരാതന റോഡിന്‍റെ ഏതാനും ഭാഗം ഇന്നും നില നിക്കുന്നു.

സെല്‍റ്റ്സ് വംശം

ഇരുമ്പു കണ്ടെത്തിയ സെല്‍റ്റ്സ് വംശം 700 ബി.സി ആയപ്പോള്‍
ബ്രിട്ടനില്‍ കുടിയേറി. ആണി,കോടാലി,വാള്‍ എന്നിവ ആവരുടെ കൈവശം
ലഭ്യമായിരുന്നു.പോര്‍രഥങ്ങളും പടച്ചട്ടകളും അവര്‍ നിര്‍മ്മിച്ചിരുന്നു.
സംഗീതോപകരണങ്ങളും സ്വര്‍ണ്ണഭരണങ്ങളും അവര്‍ ഉണ്ടാക്കിയിരുന്നതായി
തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.500 ബി.സിയില്‍ പുരാതനപാതയിലൂടെ ഇരുചക്ര
വാഹങ്ങള്‍ പാഞ്ഞു തുടങ്ങി.സെലിറ്റിക് വംശജരുടെ പിന്‍ ഗാമികളാണ്
ബ്രിട്ടന്‍സ് എന്നറിയപ്പെടുന്നത്.അവരുടെ ഭാഷ ഇന്നും സംസാരിക്കപ്പെടുന്നു.
വെല്‍ഷ്,ഐറീഷ്,കോര്‍ണീഷ് ഭാഷകള്‍ എല്ലാം സെലിറ്റിക് ബന്ധം ഉള്ളവയാണ്.
അവര്‍ ചരിത്രം എഴുതി വച്ചില്ല.എന്നാല്‍ പിന്നാലെ വന്ന റോമാക്കാര്‍ ആ
കുറവു നികത്തി,രേഖകളുണ്ടാക്കി.ഡോര്‍സെറ്റിലെ മെയ്ഡന്‍ കാസിലുകള്‍
പോലുള്ള കോട്ടകള്‍ ഇക്കാലത്തു നിര്‍മ്മിക്കപ്പെട്ടു.പിന്നാലെ വന്ന റോമാക്കാര്‍
അവരെ കീഴടക്കി.

റോമാക്കാര്‍
വരുന്നു

100 ബി.സി ആയപ്പോള്‍ മെഡിറ്ററേനിയന്‍ പ്രദേശമൊട്ടാകെ റോമാക്കാരുടെ
അധികാരത്തിന്‍ കീഴിലായി.യൂറോപ്പ്,വടക്കന്‍ ആഫ്രിക്ക,മധ്യപൂര്‍വേഷ്യ
എന്നിവയെല്ലാം അവര്‍ കീഴടക്കി.ഗോള്‍ എന്നറിയപ്പെട്ടിരുന്ന ഫ്രാന്‍സും
കീഴടക്കിയ ശേഷം അവര്‍ ബ്രിട്ടനിലേക്കു തിരിഞ്ഞു.55 ബി.സി യില്‍ കെന്‍റിനു
സമീപമുള്ള ഡോവറിലെ ഡീലില്‍ ആവണം സീസര്‍ എത്തി.10,000 ഭടന്മാര്‍
കൂടെയുണ്ടായിരുന്നുവെങ്കിലും കൊടുങ്കാറ്റില്‍ പെട്ടു കപ്പലുകള്‍ നശിച്ചതിനാല്‍
സീസ്സര്‍ വിജയകരമായി പിന്‍വാങ്ങി.അടുത്തവര്‍ഷം മറ്റൊരാക്രമണം നടത്തി.
കാന്‍റര്‍ ബറിക്കു സമീപമുള്ള ബിഗ്ബറി കൈവശമാക്കി.കാസിവെല്ലാനസ് എന്ന
ഗോത്രത്തലവനായിരുന്നു അന്നു ബ്രിട്ടനിലെ അധിപതി.തേംസ് നദീതീരത്തുള്ള
സെയിന്‍റ്‌ ആല്‍ബന്‍സ് ആയിരുന്നു തലസ്ഥാനം.ഗോളിലെ അട്ടിമറി ശ്രമം കാരണം
സീസര്‍ പിന്നേയും പിന്‍ തിരിയേണ്ടി വന്നു.പിന്നെ ഒരു നൂറു കൊല്ലം എസ്സെക്സിലെ
കോള്‍ചെസ്റ്റര്‍(അന്ന്‍ കാമുലോഡുനം) തലസ്ഥാനമാക്കി ഈ ഗോത്രവര്‍ഗ്ഗം ഭരണം നടത്തി.
ഏ.ഡി 43 ല്‍ ക്ലോഡിയസ് ചക്രവര്‍ത്തി 40,000 ഭടന്മാരെ ബ്രിട്ടന്‍ പിടിച്ചടക്കാന്‍
അയച്ചു.അടുത്തവര്‍ഷം കാമുലോഡുനം റോമന്‍ കൈവശമായി.

ബൗഡികാ എന്ന ഝാന്‍സി റാണി

നോര്‍ഫോക്കിലെ ഐസ്നി രാജാവായിരുന്ന പ്രസുറ്റാഗസ് ഏ.ഡി.60 ല്‍ മരണമടഞ്ഞു.
രണ്ടുപെണ്മക്കള്‍ക്കും റോമാ സാമ്രാജ്യത്തിനും രാജ്യം എഴുതിവച്ചശേഷമായിരുന്നു അന്ത്യം.
രാജ്യം പിടിച്ചടക്കാന്‍ ചെന്ന കാറ്റസ് രാജകുമാരിമാരേയും മാതാവ് ബൗഡികയേയും
പരസ്യമായി അപമാനിച്ചു.'പീഡിപ്പിച്ചു'.കുപിതയായ ബൗഡിക വലിയൊരു ഗോത്രകലാപം
സംഘടിപ്പിച്ചു.കാമുലോഡുനം, വെരുലാമിയം(ഇപ്പോഴത്തെ സെയിന്‍റ്‌ ആല്‍ബന്‍സ്)
എന്നിഅയ്ക്കു പുറമേ ലോണ്ടിനിയം (ഇന്നത്തെ ലണ്ടന്‍)എന്നീ നഗരികള്‍ ബൗഡിക
അഗ്നിക്കിരയാക്കി.പക്ഷേ അവസാനം റോമന്‍ ഗവര്‍ണര്‍ വിജയം വരിച്ചു.ബൗഡിക
ആത്മഹത്യ വരിച്ചു.അങ്ങനെ ബ്രിട്ടന്‍ റോമന്‍ സാമ്രാജ്യത്തിന്‍റെ ഏറ്റവും ദൂരെയുള്ള
പ്രോവിന്‍സായി മാറി.ഡവണിലെ എക്സ്റ്റര്‍ വരെയും വെയില്‍സുവരെയും റോമാസാമ്രാജ്യം
നീണ്ടു.എന്നാല്‍ സ്കോട്ട്ലണ്ടിലെ പിക്റ്റീഷ് ഗോത്രവര്‍ഗ്ഗത്തെ കീഴ്പ്പെടുത്താന്‍ അവര്‍ക്കായില്ല.

ഹാഡ്രിയന്‍ കയ്യാല


ഏ.ഡി 122 ല്‍ ബ്രിട്ടന്‍ സന്ദര്‍ശിച്ച ഹാഡ്രിയന്‍ ചക്രവര്‍ത്തി തന്‍റെ സാമ്രാജ്യത്തിന്‍റെ വടക്കന്‍
അതിര്‍ത്തി സ്ഥിരമാക്കാന്‍ ടൈന്‍ നദിക്കും സോള്‍ വ്വേ ഫിര്‍ത്തിനും ഇടയില്‍ 117 കിലോമീറ്റര്‍
നീളത്തില്‍ ഒരു കല്‍മതില്‍(കയ്യാല) കെട്ടിച്ചു. ഈ ഹാഡ്രിയന്‍ കല്‍ഭിത്തി ഇന്നും സന്ദര്‍ശകരെ
ആകര്‍ഷിക്കുന്നു.7 വര്‍ഷം കൊണ്ടാണിത് പണിയിക്കപ്പെട്ടത്.1.5 കിലോമീറ്റര്‍ ഇടവിട്ട് മൈല്‍കാസ്സില്‍എന്ന ചെറു കോട്ടകള്‍ നിര്‍മ്മിക്കപ്പെട്ടു.അതില്‍ 25-50 ഭടന്മാര്‍ താവളം അടിച്ചിരുന്നു.
മൊത്തം 5000 ഭടന്മാര്‍ ഈ കയ്യാലയുടെ സമ്രക്ഷണത്തിനായി വിന്യസിക്കപ്പെട്ടിരുന്നു.17 വന്‍
കോട്ടകളും ഉണ്ടായിരുന്നു.അവ ചെറു സൈന്യത്താവളങ്ങള്‍ ആയിരുന്നു.ആശുപത്രി സൗകര്യം
പോലുമുണ്ടായിരുന്നു.കംബ്രിയായിലെ ബര്‍ഡോസ്വാളില്‍ 1000 ഭടന്മാര്‍ ഉണ്ടായിരുന്നു.
റോമന്‍ ബ്രിട്ടന്‍ (54 ബി.സി മുതല്‍ ഏ.ഡി 410 വരെ)

ഏ.ഡി 70 മുതല്‍ നൂറുവര്‍ഷക്കാലം റോമന്‍ ഭരണത്തിന്‍ കീഴില്‍
ബ്രിട്ടന്‍ സമാധാനത്തിലും സമൃദ്ധിയിലും കഴിഞ്ഞു.ലാറ്റിന്‍
എന്ന എഴുതാന്‍ കഴിയുന്ന ഭാഷ കിട്ടി എന്നതാണ് അതുകൊണ്ടുണ്ടായ
ഏറ്റവും വലിയ നേട്ടം.ഒപ്പം അക്കങ്ങളും കിട്ടി.ബ്രിട്ടന്‍ റെ ചരിത്രം
താളുകളിലാക്കി സൂക്ഷിക്കാനും കഴിയുമെന്നായി.പത്തുമാസം ഉള്ള
കലണ്ടറും ദിവസത്തിനു സമയം നിസ്ചയിക്കലും റോമന്‍ സംഭാവനകള്‍
തന്നെ.നിരവധി റോഡുകളും റോമാക്കാര്‍ നിര്‍മ്മിച്ചു. ഫോസ്സേ വേയിലും
വാള്‍റ്റിംഗ് സ്റ്റ്രീറ്റിലും അവ ഇന്നും നിലനില്‍ക്കുന്നു.മണ്‍കോരികകള്‍,കൊയ്ത്തരിവാള്‍
ചെടി വെട്ടികള്‍,കൂന്താലികള്‍ എന്നിവയും അവര്‍ നിര്‍മ്മിച്ചു.ചുറ്റിക,മണ്‍ചിരാതുകള്‍,
ഓടിലും ഗ്ലാസിലും സ്വര്‍ണ്ണത്തിലും ആഭരണങ്ങള്‍ എന്നിവയും അവര്‍ തീര്‍ത്തിരുന്നു.
ലണ്ടന്‍,യോര്‍ക്ക്,ലിങ്കണ്‍,സെയിന്‍ റ്‌ ആല്‍ബന്‍സ് എന്നീ നഗരികള്‍ പണിയുകയും
അവ തമ്മില്‍ ആധുനികരീതിയിലുള്ള റോഡുകളാല്‍ ബന്ധിപ്പിക്കയും ചെയ്തു.മദ്ധ്യഭാഗം
ഉയര്‍ന്നും വശങ്ങളിലേക്കു ചാഞ്ഞും ഉള്ള റോഡുകളില്‍ കല്ലുകള്‍ പാകി ഉറപ്പാക്കി.
ഇരുവശങ്ങളിലും ഓടകളും നിര്‍മ്മിച്ചു.ആധുനിക അമേരിക്കന്‍ റോഡുകളുടെ കവലകള്‍
പോലെ 90 ഡിഗ്രിയില്‍ ആയിരുന്നു ഈ റോഡുകളുടെ ക്രോസ്സിംഗ്കള്‍.നഗരമദ്ധ്യത്തില്‍ ചന്തയും
ബസിലിക്കായും പള്ളിയും ക്ഷേത്രവും ടൗണ്‍ ഹാളും കുളിസ്ഥലവും(ബാത്ത്) അവര്‍ നിര്‍മ്മിച്ചു.
ബാത്തുകള്‍ നര്‍മ്മസംഭാഷണവും ചര്‍ച്ചകളും നടത്താനും പറ്റിയവ ആയിരുന്നു.ചെറിയ ഫീസ്
ഈടാക്കിയിരുന്നുവെങ്കിലും ബാത്ത് ഉപയോഗം കുട്ടികള്‍ക്ക് സൗജന്യമായിരുന്നു.തീയേറ്ററുകളും
നാടകശാലകളും അവര്‍ നിര്‍മ്മിച്ചു.ഗ്ലാഡിയേറ്റേര്‍സ് എന്ന ചാവേര്‍പടയുടെ പോരാട്ടം,കാളപ്പോര്‍,
കോഴ്പ്പോര്‍ എന്നിവ അവിടങ്ങളില്‍ അരങ്ങേറി.ഗ്രാമങ്ങളില്‍ വൃത്താകാരത്തിലുള്ള തടി വീടുകള്‍
നിര്‍മ്മിക്കപ്പെട്ടു.റോമന്‍ വില്ലകള്‍ വലുതും ആഡംഭരം നിറഞ്ഞവയും ആയിരുന്നു.വലിയ എസ്റ്റേറ്റുകളില്‍
നിര്‍മ്മിക്കപ്പെട്ട ഇവയ്ക്ക് മൊസൈക് തറകളും ചായം തേച്ച ഭിത്തികളും കണ്ണാടി ജനാലകളും
പതിവായിരുന്നു.നിരവധി കിടപ്പറകളും അടുക്കളകളും ഇവയ്ക്കുണ്ടായിരുന്നു.മുറിക്കടിയിലൂടെ
ചൂടുവെള്ളം ഒഴുകുന്ന കുഴലുകള്‍ പാകിയിരുന്നു.

പതനം
ആയിരക്കണക്കിനു പട്ടാളക്കാരെ റോമാ സാമ്രാജ്യത്തിനു തീറ്റിപോറ്റേണ്ടി വന്നിരുന്നു.ഏ.ഡി 280 മുതല്‍
സാക്സന്‍ കൊള്ളക്കാര്‍(അവര്‍ പിന്നീട് ജര്‍മന്‍ കാരായി)ബ്രിട്ടീഷ് തീരങ്ങളില്‍ ആക്രമണങ്ങള്‍ നടത്തിത്തുടങ്ങി.
വടക്കന്‍ ഭാഗത്താകട്ടെ പിക്റ്റ്സ് ഗോത്രക്കാര്‍ ശല്യം ചെയ്തുകൊണ്ടേ ഇരുന്നു.സാക്സണ്‍ ആക്രമണം തടയാന്‍
റോമാക്കാര്‍ നോര്‍പ്ലോക്സ് മുതല്‍ വൈറ്റ് ദ്വീപ് വരെ കടല്‍ത്തീരങ്ങളില്‍ കോട്ടകള്‍ നിര്‍മ്മിച്ചു.അവയില്‍
പലതും ഇന്നും നിലനില്‍ക്കുന്നു.നോര്‍ഫ്ലോക്സിലെ ബര്‍ കാസ്സില്‍ ഉദാഹരണം.അവയുടെ ചുമതലയ്ക്കായി
ഒരു കൗണ്ടിനെ നിയമിച്ചു.367 ല്‍ പിക്റ്റ്സ്,സാക്സണ്‍സ് എന്നിവരും വെയില്‍സ് പോരാളികളും ഒന്നിച്ചാക്രമണം
നടത്തിയതോടെ റോമാക്കാര്‍ പിന്മാറാന്‍ ഒരുക്കമായി.ഹാഡ്രിയന്‍ ഭിത്തി തകര്‍ക്കപ്പെട്ടു.കൗണ്ട് വധിക്കപ്പെട്ടു.
റോമന്‍ ജനറല്‍മാരുടെ ഇടയില്‍ ആരാകണം അടുത്ത ചക്രവര്‍ത്തി എന്നതിനെച്ചൊല്ലി തര്‍ക്കം ഉണ്ടായതും
ഈ അവസരത്തിലായിരുന്നു.വടക്കന്‍ യൂറോപ്പിലെ അപരിഷ്കൃത വര്‍ഗ്ഗവും റോമ്മായെ ആക്രമിക്കാന്‍ കോപ്പുകൂട്ടി.
അങ്ങനെ ബ്രിട്ടനില്‍ നിന്നും സൈന്യത്തെ തിരിച്ചു വിളിക്കാന്‍ റോമാസാമ്രാജ്യം നിര്‍ബന്ധിതമായി.406 ല്‍ പിന്മാറ്റം
പൂര്‍ണ്ണമായി.430 ആയപ്പോള്‍ റോമന്‍ നാണയം പിന്‍ വലിച്ചു.ഹാഡ്രിയന്‍ കയ്യാല സം രക്ഷണം കിട്ടാതെ തകര്‍ന്നു.
റോമന്‍ വില്ലകളും ബാത്തുകളും നശിച്ചു.അങ്ങനെ 400 വര്‍ഷത്തെ റോമന്‍ ആധിപത്യം അവസാനിച്ചു.