2009, ഏപ്രിൽ 12, ഞായറാഴ്‌ച

ഒന്നിനു പകരം രണ്ട്


ഒന്നിനു പകരം രണ്ട്
അഥവാ മൂന്നിനു പകരം രണ്ട്

എം.ബി.ബി.എസ്സ് പാസ്സായി ഹൗസ് സര്‍ജന്‍സിയും കഴിഞ്ഞാല്‍
ഒന്നുകില്‍ മെഡിക്കല്‍ കോളേജില്‍ അധ്യാപനത്തിനു കയറുക
അല്ലാത്തപക്ഷം ഈ.സി.എഫ്.എം.ജി എന്ന പരീക്ഷ എഴുതി
അമേര്‍ക്കയ്ക്കു കടക്കുക എന്നതായിരുന്നു 1968 ലെ സ്ഥിതി.

രണ്ടും എനിക്കു കാമ്യമായി തോന്നിയില്ല.സോഷ്യല്‍ ആന്‍ഡ്
പ്രവന്‍റീവ് മെഡിസിന്‍ തലവനായിരുന്ന പ്രൊഫ.ഐസ്സക് ജോസഫിന്‍റെ
സ്വാധീനമാവാം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറായി
സേവനം അനുഷ്ഠിക്കാനായിയിരുന്നു താല്‍പര്യം. അവര്‍ക്കാണ്
സമൂഹത്തോടുള്ള ബാധ്യത നിറവേറ്റാന്‍ കഴിയുക എന്ന "തെറ്റായ"
ധാരണ അന്നുണ്ടായിരുന്നു.

അധ്യാപകന്‍ ആകണമെന്നായിരുന്നു സ്കൂള്‍ പഠനകാലത്തെ മോഹം.
അതു സാധിക്കാതെ പോയ വിഷമം ഡോക്ടര്‍ ആയതോടെ ഇല്ലാതായി.
ഡോക്ടര്‍ എന്ന പദത്തിന്‍റെ ഉറവിടം "ഡോക്രി" എന്ന ലാറ്റിന്‍ പദമാണെന്നും
ടു ടീച്ച് (പഠിപ്പിക്കുക,ബോധവല്‍ക്കരുക്കുക)എന്നാണര്‍ഥമെന്നും
ഇതിനിടയില്‍ മനസ്സിലാക്കിയിരുന്നു.അതിനാല്‍ രോഗങ്ങളെക്കുറിച്ചും
അവയുടെ പ്രതിരോധത്തെ കുറിച്ചും ലേഖനം എഴുതാനും
റേഡിയോ പ്രഭാഷണം നടത്താനും ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും
തുടങ്ങി.

ആദ്യത്തെ 6 കൊല്ലം മുണ്ടങ്കുന്ന്‍,എരുമേലി എന്നീ ആരോഗ്യ കേന്ദ്രങ്ങളില്‍
ജോലി നോക്കി.മടുപ്പു തോന്നി.അങ്ങനെയാ​ണ് ഗൈനക്കോളജിയില്‍
ഉന്നതു പഠനത്തിനു പോയത്.കോട്ടയത്തെ ആദ്യ ബാച്ചില്‍(1976) അഡ്മിഷനും കിട്ടി.
വൈക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ ആയിരുന്നു ആദ്യ പോസ്റ്റിംഗ്.
പോകാന്‍ മടിയായിരുന്നു.
ഡി.എം ഓ ആയിരുന്ന അന്നാ ഡാന്‍ കളരിക്കല്‍
(പ്രശസ്ത കാര്‍ഡിയാക് സര്‍ജന്‍ സാം മാത്യു കളരിക്കലിന്‍റെ ആന്‍റി)
നിര്‍ബന്ധിച്ചാണ് വൈക്കത്തിനു വിട്ടത്.പോകാതിരുന്നുവെങ്കില്‍ മണ്ടത്തരം ആയേനെ
എന്നു പിന്നീടു മനസ്സിലായി.

വൈക്കത്തെ ആദ്യ ഗൈനക്കോളജിസ്റ്റ് ആയിരുന്നു.വന്ധ്യതാപരിഹാരത്തിനായി നിരവധി
രോഗികള്‍ എന്നെ തേടി വന്നിരുന്നു.ജനയുഗം വാരികയിലെ പംക്തി അതിനു സഹായകമായി.
മറക്കാന്‍ കഴിയാത്ത നിരവധി കേസുകള്‍.

അണ്ഡവിസര്‍ജ്ജനം നടക്കാത്താതിനാല്‍ പല സ്ത്രീകളും മലടികളായി കഴിഞ്ഞിരുന്ന കാലം.
അണ്ഡവിസര്‍ജ്ജനം നടത്തുവാനുള്ള പുത്തന്‍ മരുന്ന്‍ കണ്ടു പിടിച്ചതേ ഉള്ളായിരുന്നു.
അതിനാല്‍ കൃത്യമായ ഔഷധ അളവ് നിര്‍ണ്ണയിക്കപ്പെട്ടിരുന്നില്ല.
ഏറ്റുമാനൂര്‍ റയില്‍ വേയിലെ ഒരു ലാസ്റ്റ് ഗ്രേഡ് ജോലിക്കാരന്‍ 9 വര്‍ഷമായി
അനപത്യദുഖത്തിലായിരുന്നു. പരിശോധനയില്‍ ഭാര്യ,നാരായണിയ്ക്ക് ,
അണ്ഡവിസര്‍ജ്ജനം നടക്കുന്നില്ല എന്നു മനസ്സിലായി.
ഔഷധം നല്‍കി.ഏതാണ്ട് ഇരുപതില്‍ താഴെ രൂപ ചിലവ്.
അവര്‍ ഗര്‍ഭിണിയായി. ഒന്നല്ല.നാലു കുഞ്ഞുങ്ങള്‍.ഒരെണ്ണം-അവന്‍ ഒരാണായിരുന്നു-
ഗര്‍ഭാശയത്തില്‍ തന്നെ മരിച്ചു.മറ്റുള്ളവര്‍ പെണ്‍കുഞ്ഞുങ്ങള്‍.അവര്‍ ആണ്‍കുഞ്ഞിനെ
അടിച്ചു പരത്തി പേപ്പര്‍ പരുവത്തിലാക്കി.ഫീറ്റസ് പപ്പൈറേഷ്യസ് എന്നു പറയുന്ന
അപൂര്‍വ്വ പ്രതിഭാസം. മൂന്നു പെണ്‍കുട്ടികളും രക്ഷ പെട്ടു.

കഥ അവിടെ തീരുന്നില്ല. ഏതാനും മാസ്സങ്ങള്‍ക്കുള്ളില്‍ നാരായണിയുടെ
സഹോദരി വീണ്ടും ഗര്‍ഭിണിയായി.അവള്‍ക്കു രണ്ടു കുട്ടികളുണ്ട്.
ഇപ്പോള്‍ തന്നെ അഞ്ചു പൊടിക്കുഞ്ഞുങ്ങള്‍.
അവളും കൂടി വേണം അനുജത്തിയുടെ കുട്ടികളെ നോക്കാന്‍.
അതിനാല്‍ ഇപ്പോഴത്തെ ഗര്‍ഭം വേണ്ട.
അബോര്‍ഷന്‍ നിയമവിധേയമാക്കിയ സമയം.
മടിച്ചു മടിച്ചാണെങ്കിലും ഞാനതു സമ്മതിച്ചു.
നല്ലൊരു കാര്യം ചെയ്തതിന് ഒരു ചീത്ത കാര്യം കൂടി.
സമാധാനിച്ചു.ഇനി ചെയ്യില്ല.പക്ഷേ ഏതാനും മാസം കഴിഞ്ഞപ്പോള്‍
നാരായണി ചികില്‍സയൊന്നും ഇല്ലാതെ തന്നെ വീണ്ടും ഗര്‍ഭിണി.
ഇനിയത്തേതും ഒന്നില്‍ കൂടുതല്‍ എങ്കില്‍?
അവസ്സാനം അതും അലസിപ്പിക്കേണ്ടി വന്നു.പിന്നീടു മടി മാറി.
സ്ര്‍ക്കാര്‍ ഡോക്ടര്‍.സര്‍ക്കാര്‍ പറയും പോലെ കേള്‍ക്കുക.
ഒരു പുണ്യത്തിനു രണ്ടു പാപം.

ശങ്കു-ശങ്കര-ശങ്കര്‍ ചരിതം

ശങ്കര മാഹാത്മ്യം

എം.ബി.ബി.എസ്സ് പാസ്സാകുമ്പോഴേക്കും നൂറ്റിരുപതില്‍പ്പരം പരീക്ഷകള്‍
എഴുതിയിട്ടുണ്ടാവും.
ഏതാണ്ട് അതിനടുത്ത് ഓറല്‍ അഥവാ വൈവയും പ്രാക്ടിക്കല്‍ പരീക്ഷകളും.
അക്ഷര മാലാ ക്രമത്തിനാണ്പരീക്ഷിക്കപ്പടാറ്.പേരിന്‍റെ ആദ്യാക്ഷരമായ
" എസ്സ്" അക്ഷരക്രമത്തില്‍ അവസ്സാനത്തോടടുപ്പിച്ചായതിനാല്‍
എല്ലാത്തവണയും ഏറെനേരം കാത്തിരിക്കേണ്ടി വരുമായിരുന്നു.
വലിയ ടെന്‍ഷന്‍ ആയിരുക്കും ഏറെ സമയം.

99 കാരനായ പിതാവ് ചൊള്ളാത്ത് ശങ്കുപ്പിള്ള അയ്യപ്പന്‍പിള്ള
പൂര്‍ണ്ണാരോഗ്യവാനായി ഇപ്പോഴും
ഓടിച്ചാടി, പരസഹായം കൂടാതെ,നടക്കുമ്പോള്‍ നാല്‍പ്പതില്‍
എനിക്കു രക്തസമ്മര്‍ദ്ദം തുടങ്ങി.
കുറേകൊല്ലം മുമ്പു വരെ ഞങ്ങള്‍ മൂന്നു തലമുറ-അഛന്‍,ഞാന്‍,മകന്‍-
എന്നിവര്‍ ശബരിമലക്കു തുടര്‍ച്ചയായി പോയിരുന്നു കരിമല കയറുമ്പോള്‍
ഏറ്റവും മുമ്പില്‍ പിതാവ്.രണ്ടാമത് ഏറെ പിന്നിലായി,
ഞാന്‍.അതിനും ഏറെ പിന്നില്‍ മകനും.

മക്കള്‍ അഥവാ മെഡിക്കല്‍ പഠനതിനാണു ചേരുന്നതെങ്കില്‍ കാത്തിരുന്നു
ടെന്‍ഷന്‍ അടിക്കേണ്ട എന്നു കരുതി
രണ്ടു പേരുടേയും പേരുകള്‍ മലയാളത്തില്‍ "അ"യിലും ഇംഗ്ലീഷില്‍
"ഏ" യിലും വരത്തക്ക വിധം
അജേഷ് എന്നും അഞ്ജു എന്നും നല്‍കി.
മലയാളം മീഡിയത്തില്‍ പോയാലും ഇംഗ്ലീഷ് മീഡിയത്തില്‍ പോയാലും
മുന്‍ പന്തിയില്‍ വരണം.രാജേഷ് ഖന്ന ഹിന്ദിചലച്ചിത്ര വേദിയില്‍ തിളങ്ങി നിന്ന കാലം.
ആദ്യത്തെ കണ്മണി,മകന്‍ 10.7.70 എന്നു പ്രാസമൊപ്പിച്ചുള്ള ദിനത്തില്‍ ജാതനാകുന്നു.

രാജേഷിലെ ആര്‍ നിഷ്കരുണംവെട്ടി മാറ്റി "അജേഷ്" എന്ന പേരുണ്ടാക്കി.
പുതിയ പേര്‍.
ആര്‍ക്കുമില്ലാത്ത പേര്‍.ശാന്തയും ഞാനും അഹങ്കരിച്ചു.
വിചിത്രമെന്നു പറയട്ടെ,കാനത്തിലും പൊന്‍‌കുന്നത്തുമുണ്ടായിരുന്ന
പല മാതാപിതാക്കളം
അവരുടെ കുട്ടികളുടെ പഴഞ്ചന്‍ പേര്‍ മാറ്റി ഞങ്ങളുടെ സൃഷ്ടിയായ
അജേഷ് കൈക്കലാക്കി ഞങ്ങളെ നിരാശരാക്കി.
ഇന്ന്‍ ഓട്ടോയ്ക്കും ബസ്സിനും ലോറിക്കും
എല്ലാം ആ പേര്‍.പേറ്റന്‍റ് എടുക്കാന്‍ സാധിച്ചില്ല.ഓര്‍ക്കുട് കമ്മ്യൂണിറ്റിയിലാകട്ടേ
അജേഷ് എന്ന പേരില്‍ 4 എണ്ണം.
ഓരോന്നിലും നിരവധി അംഗങ്ങള്‍.
കൃത്യം 5 വര്‍ഷം കഴിഞ്ഞുണ്ടായ മകള്‍ക്ക്
അഞ്ജു എന്നു പേരിട്ടു.പക്ഷേ
മോളായാല്‍ ദേവി എന്നു വിളിച്ചു കൊള്ളാം എന്നു ശാന്ത ദേവി കന്യാകുമാരിക്കു
ഞാന്‍ അറിയാതെ വക്കു കൊടുത്തിരുന്നു.
അവസാനം ഒത്തു തീര്‍പ്പായി അജ്ഞു ദേവി എന്നു പേരിട്ടു.
എനിക്കു പിന്നാലെ, ഞാന്‍ പഠിച്ച കോട്ടയം മെഡിക്കല്‍ കോളേജില്‍
തന്നെ പഠിക്കാന്‍ ഭാഗ്യം കിട്ടിയ മക്കള്‍ക്കു രണ്ടു പേര്‍ക്കും,
അജേഷ് ശങ്കറിനും അഞ്ജുദേവി ശങ്കറിനും പേര്‍ ആദ്യം വന്നതില്‍
ആയിരുന്നു ടെന്‍ഷന്‍.തുടക്കത്തില്‍
പരീക്ഷകനും പരിശൊധകനും വാം അപ് ആയിരിക്കില്ല.
അതിനാല്‍ സ്റ്റാര്‍ട്ടിംഗ് ട്രബിളുകള്‍.
അതുകൊണ്ടാവാം മകള്‍ അഞ്ജു അവളുടെ മകള്‍ക്കു "എന്‍"
അക്ഷരത്തില്‍ തുടങ്ങുന്ന മധ്യവര്‍ത്തി പേരാണ് കണ്‍റ്റെത്തിയത്.
മകന്‍ പിതാവിന്‍ കാലടിപ്പാടുകള്‍ പിന്‍ തുടര്‍ന്ന്‍ "അഭിജിത്" എന്ന പേര്‍ കണ്ടെത്തി.
ഇരുവരും ഇന്നു ബ്രിട്ടനില്‍ സ്കൂള്‍ കുട്ടികള്‍.
ഇംഗ്ലണ്ടിലെ റോയല്‍ കോളേജ് ഓഫ് ഓബ്& ഗൈനക്കില്‍ നിന്നു എം.ആര്‍ സി.ഓ.ജി
എടുത്ത അജേഷും
റോയല്‍ കോളേജ് ഓഫ് ഫിസ്ഷ്യനില്‍ നിന്നു എം.ആര്‍.സി.പി എടുത്ത അഞ്ജുവും
യൂക്കെയിലെ എന്‍.എച്.എസ്സ് ഡോക്ടറന്മാര്‍.
ഇരുവരും അവിടെ "ശങ്കര്‍" എന്നപേരില്‍ അറിയപ്പെടുന്നു.

(വിചിത്രമായി തോന്നുന്നു
മകളുടെ ഭര്‍ത്താവ് ഡോ.ശ്രീജിത് പൊന്‍കുന്നത്തെ
ഡോ.സി.പി.എസ്സ് പിള്ളയുടെ മകന്‍,
അവിടെ വിളിക്കപ്പെടുന്നതും
പിതൃനാമത്തില്‍ ഡോ.ശങ്കരപ്പിള്ള.)

ചുരുക്കത്തില്‍ കുടുംബത്തില്‍ ഇരുപതില്‍പ്പരം
ശങ്കരന്മാര്‍.
എല്ലാം മുത്തഛന്‍ ചൊള്ളത്ത് ശങ്കുപ്പിള്ളയില്‍ നിന്നും തുടങ്ങി.

കുടലുവള്ളി നമ്പൂതിരിയില്‍ നിന്നും 70 വെള്ളിപ്പണത്തിനു
കാനം വിലയ്ക്കു വാങ്ങിയ
തുണ്ടത്തില്‍ ശിവരാമപിള്ളയുടെ മൂന്നാമത്തെ മകന്‍
ചൊള്ളാത്ത് ശങ്കുപ്പിള്ള,
കാടുപിടിച്ചു " കാനനം" ആയിക്കിടന്നിരുന്ന
" കാനം" വെട്ടിത്തെളിച്ചു കുരുമുളക് എന്ന കറുത്ത കനകം
വിളയുന്ന ഭൂവിഭാഗമാക്കി.
പില്‍ക്കാലത്തു വന്ന ഏ.എഫ് . പെയിന്‍ററെ പോലുള്ള
വിദേശമിഷണറികള്‍ക്കു
കാനം സാക്ഷാല്‍ "കാനാന്‍ ദേശം" ആയിത്തോന്നുകയാല്‍
അവിടെ അവര്‍ പള്ളിയും,
പുറകേ പള്ളിക്കൂടവും കെട്ടി.
ചൊള്ളാത്തു ശങ്കുപ്പിള്ളയുടെ നാമം മൂന്നാം തലമുറയില്‍
"ശങ്കരപ്പിള്ള" ആയും
നാലാം തലമുറയില്‍ "ശങ്കര്‍"
ആയും പരിണമിച്ചു വിദേശങ്ങളിലും അറിയപ്പെടുന്നു.

ആമ്നിയോട്ടിക് ദ്രവം

ആമ്നിയോട്ടിക് ദ്രവം

ഗര്‍ഭാശയത്തിനുള്ളില്‍ ഒരു സഞ്ചിയിലാണ് ഗര്‍ഭസ്ഥശിശു കിടക്കുന്നത്.
ആമ്നിയോട്ടിക് സഞ്ചി എന്നാണതിനു പേര്‍.സഞ്ചിയില്‍ ആമ്നിയോട്ടിക്
അഥവാ ഉല്‍ബം എന്ന ദ്രവം കാണപ്പെടുന്നു. മാതവിന്‍റെ ഉദരത്തില്‍
തട്ടല്‍,മുട്ടല്‍ തുടങ്ങിയ ക്ഷതങ്ങള്‍ ഉണ്ടായാല്‍, കുഞ്ഞിന് അതു തട്ടാതിരിക്കാന്‍
സഹായിക്കുന്നത് ഈ ദ്രവമാണ്.അതൊരു കുഷ്യനായി പ്രവര്‍ത്തിക്കുന്നു.

ഗര്‍ഭസ്ഥ ശിശുവിന് അനങ്ങുവാനും മറിയുവാനും തിരിയുവാനും
കഴിയുന്നത് ഈ ദ്രവത്തില്‍ കിടക്കുന്നതിനാലാണ്.ശിശുവിന്‍റെ ശരീര താപനില
വിവിധ ശരീര ഭാഗങ്ങളില്‍ ഒരുപോലെ നിലനിര്‍ത്തുന്നതും ഈ ദ്രവമാണ്.
ഹോര്‍മോണുകള്‍ ലണങ്ങള്‍ എന്നിവ ഈ ദ്രവം വഴി കൈമാറ്റം ചെയ്യപ്പെടുന്നു.
ഗര്‍ഭസ്ഥ ശിശുവിന്‍റെ ആരോഗ്യസ്ഥിതി, വളര്‍ച്ച എന്നിവ വിലയിരുത്താന്‍
ഈ ദ്രവം കുത്തിയെടുത്തു പരിശോധിക്കാറുണ്ട്.ആമ്നിയോ സെന്‍റസിസ്
എന്നാണീ പരിശോധനയ്ക്കു പേര്‍.

ഗര്‍ഭകാലത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ ആമ്നിഓട്ടിക് ദ്രവത്തിന്‍റെ അളവില്‍
വ്യതിയാനം വരുന്നു.12 ആഴ്ചയെത്തുമ്പോള്‍ 50 മില്ലിലിറ്റര്‍, 20 ആഴ്ചയില്‍
400 മില്ലിലിറ്റര്‍, 36-38 ആഴ്ചകളില്‍ ഒരു ലിറ്റര്‍ എന്നിങ്ങനെ.38 ആഴ്ച കഴിഞ്ഞാല്‍
അളവു കുറഞ്ഞു തുടങ്ങും.പൂര്‍ണ്ണവളര്‍ച്ച(280 ദിവസം) കഴിഞാല്‍ ദ്രവത്തിന്‍റെ
അളവും കുറഞ്ഞു തുടങ്ങും.43 ആഴ്ചയില്‍ അത് വെറും 200 മില്ലിലിറ്റര്‍ ആവും.

16-18 ആഴ്ചകഴിഞ്ഞാല്‍ ഗര്‍ഭസ്ഥ ശിശു ഒഴിക്കുന്ന മൂത്രം ഈ ദ്രവത്തില്‍ കലരും.
ശ്വാസകോശങ്ങളില്‍ നിന്നുള്ള സ്രവങ്ങള്‍ ,ഗര്‍ഭസ്ഥ ശിശുവിന്‍റെ തൊലിയില്‍
നിന്നും കൊഴിയുന്ന പൊറ്റകള്‍,രോമം,മുടി,ശിശുവിന്‍റെ ശരീരത്തെ
പൊതിയുന്ന വെര്‍ണിക്സ് കേസിയോസാ എന്ന കുഴമ്പ് ഇവയെല്ലാം
ആമ്നിയോട്ടിക്ദ്രവത്തില്‍ കലരും. ഗര്‍ഭസ്ഥശിശു ഇടയ്ക്കിടെ
ഈ ദ്രവം കുടിക്കും.
കുഞ്ഞു കുടിക്കുന്നതു കുറവായാല്‍ ദ്രാവകത്തിന്‍റെ അളവു കൂടും.
അപ്പോള്‍ ഹൈഡ്രാമ്നിയോസ് എന്ന സ്ഥിതി വിശേഷം ഉടലെടുക്കും.

ശിശുവിന്‍റെ അന്നനാളത്തില്‍ വൈകല്യം ഉണ്ടെങ്കില്‍ അളവു കൂടും.
ഈസോഫാജിയല്‍ അട്രേസിയാ എന്ന വൈകല്യം ഉദാഹരണം..
ഹൈഡ്രാമ്നിയോസ് എന്ന അവസ്ഥ.
ശിശു വിസര്‍ജ്ജിക്കുന്ന മൂത്രം കുറഞ്ഞാല്‍ ദ്രവത്തിന്‍റെ അളവു കുറയും.
ഒളിഗോ ഹൈഡ്രാമ്നിയോസ് എന്നു പറയും.ശിശുവിന്‍റെ മൂത്രമാര്‍ഗ്ഗത്തില്‍
വൈകല്യം ഉണ്ടെങ്കില്‍ അങ്ങിനെ സംഭവിക്കാം.
ചുരുക്കത്തില്‍ അളവുകൂടിയാലും കുറഞ്ഞാലും ജന്മ വൈകല്യം സംശയിക്കണം.
അള്‍ട്രാ സൗണ്ട് പരിശോധന ഇവിടെ ഡോക്ടറുടെ സഹായിത്തിനെത്തുന്നു.