2009, ഏപ്രിൽ 12, ഞായറാഴ്‌ച

ഒന്നിനു പകരം രണ്ട്


ഒന്നിനു പകരം രണ്ട്
അഥവാ മൂന്നിനു പകരം രണ്ട്

എം.ബി.ബി.എസ്സ് പാസ്സായി ഹൗസ് സര്‍ജന്‍സിയും കഴിഞ്ഞാല്‍
ഒന്നുകില്‍ മെഡിക്കല്‍ കോളേജില്‍ അധ്യാപനത്തിനു കയറുക
അല്ലാത്തപക്ഷം ഈ.സി.എഫ്.എം.ജി എന്ന പരീക്ഷ എഴുതി
അമേര്‍ക്കയ്ക്കു കടക്കുക എന്നതായിരുന്നു 1968 ലെ സ്ഥിതി.

രണ്ടും എനിക്കു കാമ്യമായി തോന്നിയില്ല.സോഷ്യല്‍ ആന്‍ഡ്
പ്രവന്‍റീവ് മെഡിസിന്‍ തലവനായിരുന്ന പ്രൊഫ.ഐസ്സക് ജോസഫിന്‍റെ
സ്വാധീനമാവാം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറായി
സേവനം അനുഷ്ഠിക്കാനായിയിരുന്നു താല്‍പര്യം. അവര്‍ക്കാണ്
സമൂഹത്തോടുള്ള ബാധ്യത നിറവേറ്റാന്‍ കഴിയുക എന്ന "തെറ്റായ"
ധാരണ അന്നുണ്ടായിരുന്നു.

അധ്യാപകന്‍ ആകണമെന്നായിരുന്നു സ്കൂള്‍ പഠനകാലത്തെ മോഹം.
അതു സാധിക്കാതെ പോയ വിഷമം ഡോക്ടര്‍ ആയതോടെ ഇല്ലാതായി.
ഡോക്ടര്‍ എന്ന പദത്തിന്‍റെ ഉറവിടം "ഡോക്രി" എന്ന ലാറ്റിന്‍ പദമാണെന്നും
ടു ടീച്ച് (പഠിപ്പിക്കുക,ബോധവല്‍ക്കരുക്കുക)എന്നാണര്‍ഥമെന്നും
ഇതിനിടയില്‍ മനസ്സിലാക്കിയിരുന്നു.അതിനാല്‍ രോഗങ്ങളെക്കുറിച്ചും
അവയുടെ പ്രതിരോധത്തെ കുറിച്ചും ലേഖനം എഴുതാനും
റേഡിയോ പ്രഭാഷണം നടത്താനും ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും
തുടങ്ങി.

ആദ്യത്തെ 6 കൊല്ലം മുണ്ടങ്കുന്ന്‍,എരുമേലി എന്നീ ആരോഗ്യ കേന്ദ്രങ്ങളില്‍
ജോലി നോക്കി.മടുപ്പു തോന്നി.അങ്ങനെയാ​ണ് ഗൈനക്കോളജിയില്‍
ഉന്നതു പഠനത്തിനു പോയത്.കോട്ടയത്തെ ആദ്യ ബാച്ചില്‍(1976) അഡ്മിഷനും കിട്ടി.
വൈക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ ആയിരുന്നു ആദ്യ പോസ്റ്റിംഗ്.
പോകാന്‍ മടിയായിരുന്നു.
ഡി.എം ഓ ആയിരുന്ന അന്നാ ഡാന്‍ കളരിക്കല്‍
(പ്രശസ്ത കാര്‍ഡിയാക് സര്‍ജന്‍ സാം മാത്യു കളരിക്കലിന്‍റെ ആന്‍റി)
നിര്‍ബന്ധിച്ചാണ് വൈക്കത്തിനു വിട്ടത്.പോകാതിരുന്നുവെങ്കില്‍ മണ്ടത്തരം ആയേനെ
എന്നു പിന്നീടു മനസ്സിലായി.

വൈക്കത്തെ ആദ്യ ഗൈനക്കോളജിസ്റ്റ് ആയിരുന്നു.വന്ധ്യതാപരിഹാരത്തിനായി നിരവധി
രോഗികള്‍ എന്നെ തേടി വന്നിരുന്നു.ജനയുഗം വാരികയിലെ പംക്തി അതിനു സഹായകമായി.
മറക്കാന്‍ കഴിയാത്ത നിരവധി കേസുകള്‍.

അണ്ഡവിസര്‍ജ്ജനം നടക്കാത്താതിനാല്‍ പല സ്ത്രീകളും മലടികളായി കഴിഞ്ഞിരുന്ന കാലം.
അണ്ഡവിസര്‍ജ്ജനം നടത്തുവാനുള്ള പുത്തന്‍ മരുന്ന്‍ കണ്ടു പിടിച്ചതേ ഉള്ളായിരുന്നു.
അതിനാല്‍ കൃത്യമായ ഔഷധ അളവ് നിര്‍ണ്ണയിക്കപ്പെട്ടിരുന്നില്ല.
ഏറ്റുമാനൂര്‍ റയില്‍ വേയിലെ ഒരു ലാസ്റ്റ് ഗ്രേഡ് ജോലിക്കാരന്‍ 9 വര്‍ഷമായി
അനപത്യദുഖത്തിലായിരുന്നു. പരിശോധനയില്‍ ഭാര്യ,നാരായണിയ്ക്ക് ,
അണ്ഡവിസര്‍ജ്ജനം നടക്കുന്നില്ല എന്നു മനസ്സിലായി.
ഔഷധം നല്‍കി.ഏതാണ്ട് ഇരുപതില്‍ താഴെ രൂപ ചിലവ്.
അവര്‍ ഗര്‍ഭിണിയായി. ഒന്നല്ല.നാലു കുഞ്ഞുങ്ങള്‍.ഒരെണ്ണം-അവന്‍ ഒരാണായിരുന്നു-
ഗര്‍ഭാശയത്തില്‍ തന്നെ മരിച്ചു.മറ്റുള്ളവര്‍ പെണ്‍കുഞ്ഞുങ്ങള്‍.അവര്‍ ആണ്‍കുഞ്ഞിനെ
അടിച്ചു പരത്തി പേപ്പര്‍ പരുവത്തിലാക്കി.ഫീറ്റസ് പപ്പൈറേഷ്യസ് എന്നു പറയുന്ന
അപൂര്‍വ്വ പ്രതിഭാസം. മൂന്നു പെണ്‍കുട്ടികളും രക്ഷ പെട്ടു.

കഥ അവിടെ തീരുന്നില്ല. ഏതാനും മാസ്സങ്ങള്‍ക്കുള്ളില്‍ നാരായണിയുടെ
സഹോദരി വീണ്ടും ഗര്‍ഭിണിയായി.അവള്‍ക്കു രണ്ടു കുട്ടികളുണ്ട്.
ഇപ്പോള്‍ തന്നെ അഞ്ചു പൊടിക്കുഞ്ഞുങ്ങള്‍.
അവളും കൂടി വേണം അനുജത്തിയുടെ കുട്ടികളെ നോക്കാന്‍.
അതിനാല്‍ ഇപ്പോഴത്തെ ഗര്‍ഭം വേണ്ട.
അബോര്‍ഷന്‍ നിയമവിധേയമാക്കിയ സമയം.
മടിച്ചു മടിച്ചാണെങ്കിലും ഞാനതു സമ്മതിച്ചു.
നല്ലൊരു കാര്യം ചെയ്തതിന് ഒരു ചീത്ത കാര്യം കൂടി.
സമാധാനിച്ചു.ഇനി ചെയ്യില്ല.പക്ഷേ ഏതാനും മാസം കഴിഞ്ഞപ്പോള്‍
നാരായണി ചികില്‍സയൊന്നും ഇല്ലാതെ തന്നെ വീണ്ടും ഗര്‍ഭിണി.
ഇനിയത്തേതും ഒന്നില്‍ കൂടുതല്‍ എങ്കില്‍?
അവസ്സാനം അതും അലസിപ്പിക്കേണ്ടി വന്നു.പിന്നീടു മടി മാറി.
സ്ര്‍ക്കാര്‍ ഡോക്ടര്‍.സര്‍ക്കാര്‍ പറയും പോലെ കേള്‍ക്കുക.
ഒരു പുണ്യത്തിനു രണ്ടു പാപം.

അഭിപ്രായങ്ങളൊന്നുമില്ല: