ശിവരാജ യോഗി തൈക്കാട് അയ്യാ സ്വാമികള്‍(1814-1909)
2009 ജൂലൈ 24 അയ്യാ സമാധിശതവാര്‍ഷികം
അടിമത്തത്തില്‍ ആണ്ടു കിടന്നിരുന്ന ഭാരതീയരില്‍
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ആത്മീയ ഉണര്‍വുണ്ടാക്കിയ
നവോത്ഥാന നായകരില്‍ രാജറാം മോഹന്‍ റോയി(൧൭൪൪-൧൮൩൨,)
ദയാനന്ദ സരസ്വതി(1824-1883), ശ്രീരാമ പരമഹംസര്‍
(1832-1886), രാമലിംഗര്‍ (1823-1883) എന്നിവരോടൊപ്പം
എടുത്തു കാട്ടേണ്ട നാമമാണു ശിവരാജ യോഗി തൈക്കാട് അയ്യാ സ്വാമികളുടേയും.
ആത്മീയതക്കും ഭൌതീകതക്കും തുല്യ പ്രാധാന്യം നല്‍കി, ജാതി മത വര്‍ഗ്ഗ വര്‍ണ്ണ
ലിംഗഭേദമന്യേ സാധാരണക്കാരുടെ ഇടയിലേക്കു ഇറങ്ങി ചെല്ലുകയും
താഴ്ന്ന വിഭാഗങ്ങളില്‍ ഉള്ളവര്‍ക്കും ബ്രാഹ്മണരോടും ഉന്നതകുല ജാതനായ
തന്നോടും ഒപ്പം തുല്യസ്ഥാനം നല്‍കുകയും ചെയ്ത യോഗിവര്യനായിരുന്നു
ശിവരാജയോഗി തൈക്കാടു അയ്യാ സ്വാമികള്‍.130 വര്‍ഷം മുന്‍പു
തിരുവനന്തപുരത്തെ തൈക്കാടു വച്ചു തൈപ്പൂയ സദ്യക്കു
ബ്രാഹ്മണരോടും തന്നോടും ഒപ്പം പുലയ സമുദായത്തില്‍ ജനിച്ച
അയ്യങ്കാളിയെ ഒപ്പമിരുത്തി അയിത്തോച്ചാടനത്തിനായി "പന്തി ഭോജനം"
ലോകത്തില്‍ തന്നെ ആദ്യമായി ആരംഭിച്ചതു അയ്യാ സാമികളായിരുന്നു.
സവര്‍ണ്ണര്‍ അദ്ദേഹത്തെ ആക്ഷേപിച്ചു. "പാണ്ടിപ്പറയന്‍"," മ്ലേഛന്‍"
എന്നെല്ലാം വിളിച്ചു. "ഇന്ത ഉലകത്തിലെ ഒരേ ഒരു മതം താന്‍,
ഒരേ ഒരു ജാതി താന്‍, ഒരേ ഒരു കടവുള്‍ താന്‍" എന്നായിരുന്നു
അയ്യാ സ്വാമികളുടെ മറുപടി.
അയ്യാ ജീവചരിത്രം
നവോത്ഥന കാലഘട്ടത്തില്‍ കേരളം കണ്ട ആദ്യത്തെ
സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു
ശിവരാജ യോഗി തൈക്കാട് അയ്യാ സ്വാമികള്‍.
മലബാറിലെ കവളപ്പാറയില്‍ നിന്നും തമിഴ്‌നാട്ടിലെ
ചെങ്കല്‍പ്പേട് ജില്ലയിലെ നാകലാപുരത്തേക്കു കുടിയേറിയ
മുത്തുകുമാരന്‍റെയും കൊല്ലംകാരി ശൈവ വെള്ളാള
കുലജാതയായ രുഗ്മിണിയമ്മാളിന്‍റെയും മകനായി
1814 ലെ അശ്വതി നക്ഷത്രത്തില്‍ ജാതനായ സുബ്ബയ്യനാണ്
പില്‍ക്കാലത്ത് ശിവരാജയോഗി അയ്യാ സ്വാമികളായി തീര്‍ന്നത്.
ശിശുവിന്‍റെ ഗ്രഹനില കണ്ട ജ്യോത്സര്‍, ജാതകന്‍
ശങ്കരാചാര്യരെപ്പോലെ ശിഷ്യപരമ്പര സ്ഥാപിക്കുമെന്നും
ഭരണാധികാരികള്‍ ശിഷ്യരായുണ്ടാകുമെന്നും പ്രവചിച്ചു.
ബാലനു 12 വയസ്സുള്ളപ്പോല്‍ സച്ചിദാനന്ദ ഗുരു,ചിട്ടി പരദേശി
എന്നെ അവധൂതര്‍ വീട്ടിലെത്തി സുബ്ബയ്യന്‍റെ കാതില്‍ ഒരു
മന്ത്രമോതി, നാലു വര്‍ഷം കഴിഞ്ഞു വീണ്ടുമെത്തുമെന്നു
പറഞ്ഞിട്ടു പോയി.
4 വര്‍ഷം കഴിഞ്ഞെത്തിയ അവര്‍ സുബ്ബയ്യനുമായി ബര്‍മ്മ ,
സിംഗപ്പൂര്‍,പെനാംഗ്, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളില്‍
ചുറ്റി സഞ്ചരിച്ചു.
ഇരുപതാമത്തെ വയസ്സില്‍ നാട്ടില്‍ തിരിച്ചെത്തി.
കുറച്ചുകാലം കഴിഞ്ഞു ഗൃഹസ്ഥാശ്രമിയാകണമെന്നും
ദിവസേന രണ്ടുനേരവും ശിവപൂജ ചെയ്യണമെന്നും
ഉപദേശിച്ചിട്ട് അവധൂതര്‍ മടങ്ങിപ്പോയി.
പിതാവ് ഹൃഷികേശന്‍ തനിക്കു നല്‍കിയ ,
രസവാദനിര്‍മ്മിതമായ
സുബ്രഹ്മണ്യവിഗ്രഹം സുബ്ബയ്യനു നല്‍കി പൂജ
ചെയ്തുകൊള്ളുവന്‍ നിര്‍ദ്ദേശ്ശിച്ചിട്ട് മുത്തുകുമാരന്‍
കാശിയിലേക്കു തീര്‍ത്ഥാടനത്തിനു പോയി.സുബ്ബയ്യന്‍
കൊടുങ്ങല്ലൂരും വില്ലിപുരത്തും പോയി ഭജനമിരുന്നു.
സുബ്ബയ്യന്‍റെ ഒരു മാതുലന്‍ ഓതുവാര്‍ ചിദംബരം പിള്ള
തിരുവനന്തപുരം രാജകൊട്ടാരത്തിലെ ഉദ്യോഗസ്ഥനായിരുന്നു.
സ്വാതി തിരുനാള്‍ മഹാരാജാവ് സുബ്ബയ്യനെ ഗുരുവായി വരിച്ചു.
ജയിലില്‍ കിടന്നിരുന്ന മുത്തുകുമരന്‍ എന്ന വൈകുണ്‌ഠ
സന്യാസിയെ, അയ്യാവിന്‍റെ ആവശ്യപ്രകാരം
സ്വാതിതിരുനാള്‍ മോചിപ്പിച്ചു. അയ്യാ ശിഷ്യനായിതീര്‍ന്ന
"അയ്യാ" വൈകുണ്‌ഠന്‍ അതോടെ ശിവഭക്തനായിമാറി.
തൈക്കാട് വഴിയമ്പലത്തിനു സമീപം ദേവി പ്രത്യക്ഷപ്പെട്ടപ്പോള്‍
അയ്യാ ചൊല്ലിയതാണ് "ഉജ്ജൈന്‍ മഹാകാളിപഞ്ചരത്ന സ്തോത്രം".
മദ്രാസില്‍ നിന്നും 30 മെയില്‍ അകലെയുള്ള പൊന്നേരി
ഗ്രാമത്തിലെ കമലമ്മാളെന്ന ശൈവ വെള്ളാള യുവതിയെ
അയ്യാ വിവാഹം കഴിച്ചു. താമസ്സിയാതെ മലബാറില്‍
കോഴിക്കോട്ട് മിലിട്ടറി സപ്പൈ്ളസ് വകുപ്പില്‍
സെക്രട്ടറിയായി ജോലി കിട്ടി. സീനിയര്‍ ഓഫീസ്സറായിരുന്ന
മഗ്രിഗര്‍ സായിപ്പ്
അയ്യാവിന്‍റെ ശിഷ്യനാകയും അദ്ദേഹത്തില്‍ നിന്നും തമിഴ് ഭാഷ
പഠിക്കയും ചെയ്തു.
മഗ്രിഗര്‍ മലബാര്‍ കളക്ടര്‍ ആയപ്പോഴും
തിരുവനന്തപുരത്ത് റസിഡന്‍ഡ് ആയപ്പോഴും,
അയ്യാ അദ്ദേഹത്തെ അനുഗമിച്ചു. തിരുവനന്തപുരത്ത്
അയ്യാ തൈക്കാട് റസിഡന്‍സി മാനേജരായി നിയമിക്കപ്പെട്ടു.
തുടര്‍ന്നദ്ദേഹം
"തൈക്കാട്ട് അയ്യാ" എന്നറിയപ്പെട്ടു.
ശിവരാജ യോഗി തൈക്കാട് അയ്യാ സ്വാമിജി
അയിത്തം പാപമാണെന്നു പറയാറുണ്ടായിരുന്നു.
ഇദ്ദേഹത്തിന് ബ്രാഹ്മണര്‍ മുതല്‍ പുലയര്‍ വരെയുള്ളവര്‍
ശിഷ്യരായുണ്ടായിരുന്നു.
തൈപ്പൂയം തുടങ്ങിയ വിശേഷദിവസങ്ങളില്‍ "പന്തിഭോജനം"
നടത്തി വന്നതില്‍ നാനാജാതിമതസ്ഥരും പങ്കെടുത്തിരുന്നു.
ഗാന്ധിജിയുടെ ഹരിജനോദ്ധാരണത്തിനു മുന്‍പ് തന്നെ
ശ്രീ അയ്യാ സ്വാമി മനുഷ്യനെ മനുഷ്യനായി കാണാന്‍
ലോകരെ പഠിപ്പിച്ചു. ജാതിയുടേയോ മതത്തിന്‍റേയോ
വര്‍ണ്ണവര്‍ഗ്ഗത്തിന്‍റേയോ പേരില്‍ നടന്ന എല്ലാ ചൂഷണങ്ങളേയും
അദ്ദേഹം വെല്ലു വിളിച്ചു. അന്നത്തെ ഭരണകാലത്ത്
സവര്‍ണ്ണരുടെ ജാതിഭ്രാന്ത് അതിഭയങ്കരമായിരുന്നു.
എന്തായാലും സ്വാമി സമാധിയാകുന്നതു വരെ അദ്ദേഹത്തെ
എതിര്‍ക്കാനാര്‍ക്കും കഴിഞ്ഞില്ല.
അയ്യാസ്വാമിയെ മേല്‍ജാതിക്കാര്‍ "പറയന്‍,പാണ്ടിപ്പറയന്‍"
എന്നെല്ലാം വിളിച്ച് ആക്ഷേപിക്കുകയും ഇതില്‍ വിഷമം
തോന്നിയ മൂത്ത പുത്രന്‍ ലോകനാഥപണിക്കര്‍ വിമര്‍ശിച്ചവരുടെ
പേരില്‍ കേസ്സു കോടുക്കുകയും മദ്രാസ്സില്‍ നിന്നും ചെമ്പുപട്ടയം
ഹാജരാക്കി തെളിവു നല്‍കി കോടതിയില്‍ നിന്നു "വെള്ളാളര്‍"
എന്നു വിധി വാങ്ങുകയും ചെയ്തു.എന്തായാലും എതിര്‍ത്ത
ഒരു കുഞ്ഞു പോലും അവരുടെ ഒരു പിടി ചാമ്പല്‍ പോലും
ഇന്നവശേഷിക്കുന്നില്ല.
"ഇന്ത ഉലകത്തിലേ ഒരേ ഒരു ജാതി താന്‍,
ഒരേ ഒരു മതം താന്‍,ഒരേ ഒരു കടവുള്‍ താന്‍"
എന്നു ശിഷ്യരോട് അദ്ദേഹം പറയുമായിരുന്നു.
സംസ്കൃതത്തിലെ വജ്രസൂചികോപനിഷത്തിന്‍റെ
വ്യാഖാനം എല്ലാ ശിഷ്യരേയും പഠിപ്പിച്ചിരുന്നു.
അദ്ദേഹം തന്‍റെ സിദ്ധാന്തം ശിഷ്യരില്‍ കൂടിയും ലോകത്തെ പഠിപ്പിച്ചു.
ശിഷ്യപ്രമുഖനായ ശ്രീ ചട്ടമ്പിസ്വാമികളുടെ "വേദാധികാര നിരൂപണം"
ഇതിനൊരുദാഹരണമാണ് .ശ്രീനാരയണഗുരു ആകട്ടെ അയിത്തത്തിനെതിരായി
പടപൊരുതി.കുളത്തൂര്‍ സ്വയം പ്രകാശയോഗിനിഅമ്മയും ഹരിജനോദ്ധാരണം
ചെയ്തു. മേല്‍ജാതിക്കാരില്‍ നിന്നും കഠിനമായ എതിര്‍പ്പുണ്ടായിട്ടും
അയ്യാ സ്വാമിയുടെ സിദ്ധാന്തം ശിഷ്യര്‍ ലോകരെ
പഠിപ്പിച്ചു.
പുലയ മഹാസഭയുടെ സംഘാടകനായ ശ്രീ വെങ്ങാലൂര്‍ അയ്യങ്കാളിയും
തൈക്കാട്ടെത്തി തൈപ്പൂയ സ്ദ്യയ്ക്കു ബ്രഹ്മണരോടൊപ്പം പങ്കെടുത്തിരുന്നു.
1960 ല്‍ പുറത്തിറക്കിയ "ശിവരാജയോഗി അയ്യാ സ്വാമി തിരുവടികള്‍"
എന്ന ഗ്രന്ഥത്തിലെ114-15 പേജുകള്‍. 1997 ലിറങ്ങിറങ്ങിയ
അടുത്ത പതിപ്പില്‍ ഈ അദ്ധ്യായം കാണുന്നില്ല.
അയ്യാസ്വാമികളുടെ പ്രവചങ്ങള്‍
ആയിരത്തി എണ്‍പത്തിനാല് മിഥുനമാസത്തിലെ അവസാന
ചൊവ്വാഴ്ച (1909 ജൂലൈ 13) പതിവു പോലെ ശ്രീമൂലം
തിരുനാളിനെ മുഖം കാണിക്കാന്‍ അയ്യസ്വാമികള്‍ പോയി.
അടുത്ത ചൊവ്വാഴ്ച്ച താന്‍ സമാധി ആവാന്‍ തീരുന്മാനിച്ചു
എന്നറിയിച്ചു. "മാറ്റിവയ്ക്കാന്‍ പാടില്ലേ?"എന്നു ചോദിച്ചപ്പോള്‍
"ഇല്ല. നിശ്ചയിച്ചു പോയി" എന്നായിരുന്നു മരുപടി.
താന്‍ ആവശ്യപ്പെട്ട രണ്ടൂ കാര്യങ്ങള്‍ മറന്നു പോയിരിക്കാം
എന്നു മഹാരാജാവു പറഞ്ഞപ്പോള്‍ ഇളയ തമ്പുരാട്ടി
(സേതുപാര്വ്വതി ഭായ്) നാലു വര്‍ഷം കഴിഞ്ഞ് ഒരു
ആണ്‍കുട്ടിക്കു ജന്മം നല്‍കുമെന്നും ആ കുട്ടി നല്ല മഹാരാജാവാകുമെന്നും
എന്നാല്‍ "കടശ്ശിരാചാ" ആയിരിക്കുമെന്നും പ്രവചിച്ചു.
(അന്‍പതു കൊല്ലത്തിനു ശേഷം രാജാവില്ലാതാകുമെന്ന്
സ്വാമികള്‍ മുന്‍ കൂട്ടി കണ്ടു)ആ രാജകുമാരന്‍റെ
പന്ത്രണ്ടാം വയസ്സില്‍ കര്‍ക്കിടകത്തിലെ അമാവാസി
കഴിഞ്ഞ് ഒരാഴ്ച ആലസ്യമായിക്കിടന്ന് മഹാരാജാവ്
`നാടു നീങ്ങുമെന്നും സ്വാമികള്‍ പ്രവചിച്ചു.
തുടര്‍ന്നു താഴെപ്പറയുന്ന പാട്ട് ചൊല്ലി:
"ഭാരതത്തില്‍ കറ്റാഴനാര്‍ പട്ടെനെവെ പരവുകാലം
കന്നിയര്‍കള്‍ വാസമില്ലാ കാട്ടുമലര്‍ ചൂടും കാലം
വന്മാരി പെയ്താലും മഴ കോപിക്ക
വന്‍ കൊലയും വഴി പറയും മികവുണ്ടാം
കട്ടത്തുണിക്കും കഞ്ചിക്കും മക്കള്‍ കൈയേന്തിനിര്‍പ്പാര്‍
വടനാട് വേറ്റുരിമൈയാകും തിട്ടംതാനെ"
(ഭാരതത്തില്‍ കറ്റാഴ നാര്‍ പട്ടെന്ന പേരില്‍ പ്രചരിക്കും.
കന്യകമാര്‍ വാസനയില്ലാത്ത കാട്ടുപൂക്കള്‍ ചൂടും.
വന്മാരി പെയ്താലും മണ്ണിനു പുഴ്ടിയുണ്ടാകില്ല.
മഴ കോപിക്കും. വലിയ തോതില്‍ കൊലപാതകങ്ങള്‍
നടക്കും. വഴികളില്‍ പിടിച്ചുപറി സാധാരണമാകും.
ഉടുതുണിക്കും എരിവയര്‍ കഞ്ഞിക്കും ജനങ്ങള്‍ യാചിക്കും.
ഉത്തര ഭാരതം വേര്‍പെട്ടു പോകും. ഇതു നിശ്ചയം).
കൊട്ടാരത്തില്‍ നിന്നും മടങ്ങുമ്പോള്‍ പുത്തരിക്കണ്ടം
വരമ്പില്‍ വച്ച് അയ്യങ്കാളിയെ കണ്ടു."ഉന്നുടെയ ഫോട്ടൊ
രാജാക്കള്‍ വയ്ക്കിറേന്‍.. ശ്രീമൂലം സഭയിലും ഉനക്കു പോകലാം"
എന്നനുഗ്രഹിച്ചു. രണ്ടും ശരിയായി. അയ്യങ്കാളി പില്‍ക്കാലത്തു
ശ്രീമൂലം അസംബ്ലി മെംബറായി.അദ്ദേഹത്തിന്‍റെ പ്രതിമ അനാഛാദനം
ചെയ്തത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും.
അയ്യാ സ്വാമികളുടെ കൃതികള്‍
ബ്രഹ്മോത്തര കാണ്ഡം
പഴനി വൈഭവം,
രാമായണം പാട്ട്,
മഹാകാളി പഞ്ചരത്നം,
തിരുവാരൂര്‍ മുരുകന്‍,
കുമാര കോവില്‍ കുറവന്‍,
ഉള്ളൂരമര്‍ന്ന ഗുഹന്‍,
രാമായണം സുന്ദര കാണ്ഡം
ഹനുമാന്‍ പാമലൈ,
എന്‍റെ കാശി യാത്ര
അയ്യാ സ്വാമികളുടെ ശിഷ്യര്‍
സ്വാതി തിരുനാള്‍, അയ്യാ വൈകുണ്‌ഠന്‍,
ചട്ടമ്പി സ്വാമികള്‍, ശ്രീ നാരായണ ഗുരു,
കൊല്ലത്ത് അമ്മ,അയ്യന്‍കാളി ,കേരള വര്‍മ്മ
കോയിത്തമ്പുരാന്‍, പേഷ്കാര്‍ മീനക്ഷി അയ്യര്‍ ,
ചാല സൂര്യ നാരായണ അയ്യര്‍,ചാല അറുമുഖ
വാധ്യാര്‍ ,ചാല മണിക്ക വാചകര്‍ ,കുമാരസ്വാമി
വാധ്യാര്‍,മുത്തുകുമാര സ്വാമിപ്പിള്ള, പേഷ്കാര്‍
പെരിയ പെരുമാള്‍ പിള്ള, അപ്പാവു വക്കീല്‍,
തൈക്കാട്ട് ചിദംബരം പിള്ള,കൊട്ടരം ഡോക്ടര്‍
കൃഷ്ണപിള്ള, കമ്പൌണ്ടര്‍ പദ്മനാഭ പിള്ള,
അയ്യപ്പന്‍ പിള്ള വാധ്യാര്‍,തോട്ടത്തില്‍ രാമന്‍
കണിയാര്‍, കല്‍പട കണിയാര്‍ ,മണക്കാട് ഭവാനി ,
പേട്ട ഫെര്‍ണാണ്ടസ്സ്, തക്കല പീര്‍ മുഹമ്മദ്,
ശങ്കരലിംഗം പിള്ള തുടങ്ങി 51 പേര്‍.
റഫറന്‍സ്
1.കാലടി പരമേശ്വരന്‍ പിള്ള,ശിവരാജയോഗി തൈക്കാട് അയ്യ സ്വാമി തിരുവടികള്‍,അയ്യാമിഷന്‍ 1960
2.ഡോ.രവികുമാര്‍, ബ്രഹ്മശ്രീ തൈക്കാട്ട് അയ്യസ്വാമികള്‍,അയ്യാമിഷന്‍ 1977
3.ഈ.കെ സുഗതന്‍, തൈക്കാട്ട് അയ്യഗുരുസ്വാമി,അയ്യാമിഷന്‍ 2005
4.അയ്യാഗുരു മഹാസമാധി വാര്‍ഷികസ്മരണിക, അയ്യാമിഷന്‍ 2003
4.ഫ്രൊഫ.ജെ ലളിത& രാജീവ് ഇരിങ്ങാലക്കുട,സച്ചിദാനന്ദസാഗരം,സ്വയം പ്രകാശ ആശ്രമം 2008
5.പറവൂര്‍ കെ.ഗോപാലപിള്ള,പരമഭട്ടാരക ചട്ടമ്പിസ്വാമി തിരുവടികള്‍ 1110
6.പി.കെ.പരമേശ്വരന്‍ നായര്‍, ചട്ടമ്പിസ്വാമി ശതാബ്ദി സ്മാരകഗ്രന്ഥം 1953
7.പ്രൊഫ.ജി.സുകുമാരന്‍ നായര്‍,നവഭാരതശില്‍പ്പികള്‍ 1982
8.മണക്കാടു സുകുമാരന്‍ നായര്‍,ശ്രീവിദ്യാധിരാജന്‍ 1986
9.എന്‍.ഗോപിനാഥന്‍ നായ,ര്‍ ചട്ടമ്പിസ്വാമികള്‍ 1983
10.സല്‍ക്കവി പി.കെ കേശവന്‍, ഉപഹാരമാലിക 1950
11.പി.പരമേശ്വരന്‍,ശ്രീനാരായണഗുരുസ്വാമികള്‍ 1971
12.കെ.സുരേന്ദരന്‍, ഗുരു(നോവല്‍) എന്‍.ബി.എസ്സ് 1996
13 .ശൂരനാടു കുഞ്ഞന്‍ പിള്ള, തിരുവിതാംകൂറിലെ മഹാന്‍മാര്‍ 1946
14.എം. കെ സാനു,നാരായണഗുരു(ഇംഗ്ലീഷ്) 1978
15. വി.ആര്‍. പരമേശ്വരന്‍ പിള്ള്‍ "ദ്രാവിഡ സംസ്കാരം സഹ്യാദ്രി സാനുക്കളില്‍"അഞ്ജലി
പബ്ളിക്കേഷന്‍സ് പൊന്‍കുന്നം 1987
മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...
8 മാസം മുമ്പ്
4 അഭിപ്രായങ്ങൾ:
എനിക്ക് തീര്‍ച്ചയായും പുത്തനറിവുകള്‍.
അയ്യങ്കാളിയെപറ്റി ധാരാളം ബ്ലോഗ്പോസ്റ്റുകള്‍ കണ്ടിട്ടുണ്ട്. പക്ഷേ അയ്യാ സ്വാമികളെപറ്റിയുള്ള പരാമര്‍ശം അവിടെങ്ങും കണ്ടില്ല.
ധാരാളം റിസേര്‍ച്ച് ചെയ്തെഴുതിയ ഈ പോസ്റ്റിനഭിവാദനങ്ങള്‍.
ഗൌരവമായ വായന അര്‍ഹിക്കുന്ന സൃഷ്ടി...
വളരെ നല്ല പോസ്റ്റ്. നന്ദി, അഭിനന്ദനങ്ങള്‍
ഇപ്പോഴെങ്കിലും ഇതൊക്കെ അറിയാനായല്ലോ
അഭിനന്ദനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ