2009, ഏപ്രിൽ 10, വെള്ളിയാഴ്‌ച

ദൈവം

ഈ ദൈവത്തെക്കൊണ്ട് തോറ്റു!
സിറിയന്‍ കവിയായ മുഹമ്മദ് അല്‍ മാഗൂതിനു പറ്റിയ
അമളി വായിച്ചറിയൂ. കവിതയുടെ തലക്കെട്ട്
തപാല്‍ക്കാരന്റെ ഭയം.


ലോകത്തിലെമ്പാടുമുള്ള ജയില്‍പ്പുള്ളികളേ
നിങ്ങള്‍ കണ്ട ഭീകരതയും ദുഖവും വിരസതയും
എനിക്കെഴുതിയയ്ക്കുക

സകല കടല്‍ത്തീരത്തുമുള്ള മീന്‍പിടിത്തക്കാരേ
കടല്‍ച്ചുഴികളേയും ഒഴിഞ്ഞ വലകളേയും കുറിച്ച്
നിങ്ങള്‍ക്കറിയാവുന്നതൊക്കെ എനിക്കയച്ചുതരിക

ഭൂമി മുഴുവനുമുള്ള കര്‍ഷകരേ
പൂക്കളേയും
പഴകിക്കീറിയ വസ്ത്രങ്ങളേയും കുറിച്ച്,
പിച്ചിച്ചീന്തിയ മാറിടങ്ങളേയും
തുളഞ്ഞ വയറുകളേയും
പിഴുതെടുക്കപ്പെട്ട വിരല്‍നഖങ്ങളേയും കുറിച്ച്
നിങ്ങള്‍ക്കറിയുന്നതെല്ലാം
ലോകത്തിലെ ഏതെങ്കിലും തെരുവിലുള്ള
ഏതെങ്കിലുമൊരു കാപ്പിക്കടയിലെ
എന്റെ വിലാസത്തില്‍ അയച്ചുതരിക

മനുഷ്യദുരിതങ്ങളുടെ വലിയൊരു കടലാസുകെട്ട്
ഞാന്‍ തയ്യാറാക്കുകയാണ്
വിശക്കുന്നവരുടെ ചുണ്ടുകളാലും
കാത്തിരിക്കുന്നവരുടെ കണ്‍പോളകളാലും
ഒപ്പുവെയ്ക്കപ്പെട്ടാലുടന്‍
ദൈവത്തിനു സമര്‍പ്പിക്കാന്‍.

എന്നാല്‍ ലോകത്തെമ്പാടുമുള്ള ദുഖിതരേ
എനിക്കൊരു ഭയമുണ്ട്
ദൈവം ഒരു പക്ഷേ നിരക്ഷരനായിരിക്കും.

.......................................................
മൊഴിമാറ്റം:സര്‍ജു

4 അഭിപ്രായങ്ങൾ:

Dr.Kanam Sankar Pillai MS DGO പറഞ്ഞു...

good
congrats

Appu Adyakshari പറഞ്ഞു...

നല്ല കവിത

Pongummoodan പറഞ്ഞു...

“ദൈവം ഒരു പക്ഷേ നിരക്ഷരനായിരിക്കും.“ - തീർച്ചയായും അങ്ങനെയായിരിക്കും.

ബയാന്‍ പറഞ്ഞു...

ദൈവത്തെ സാക്ഷരതാ ക്ലാസ്സിലിരുത്തണം, എന്നിട്ടെങ്കിലും അങ്ങേരെകൊണ്ടിത് വായിപ്പിക്കണം.

(പ്രിയ ഗോവിന്ദാ, ‘നിങ്ങള്‍ കണ്ട ഭീകരതയും ദു:ഖവും വിരസതയും എനിക്കെഴുതി അയക്കുക‘ എന്ന വാക്കുകള്‍ ജയില്‍പുള്ളികളോടു പറയുന്നത് അവരെ ശവത്തില്‍ കുത്തുന്നതാവും, അവരനുഭവികുന്നത്, ഇതൊന്നുമല്ല, പച്ചജീവനില്‍ കുന്തം കയറ്റുന്ന നീറ്റലാ.. അനുഭവിച്ചാലേ അറിയൂ.. ലോകത്തെ വെറുത്ത് പോവും.)

ഓഫ്: കുറഞ്ഞകാലം ജയില്‍‌വാസത്തിനയക്കുന്നത് നിയമത്തിനു പഠിക്കുന്നവരുടെ സിലബസിന്റെ ഭാഗമാക്കുന്നതു നിയമവാഴ്ചയുടെ കാര്യക്ഷമതകൂട്ടും.