നാല്പത് വയസ്സിലധികം പ്രായമായ പലരിലും പ്രത്യക്ഷപ്പെടുന്ന രണ്ട് രോഗങ്ങളാണ് ബ്ലഡ്‌പ്രഷറും കൊളസ്ട്രോളിന്റെ ആധിക്യവും. അവയ്ക്ക് ആയുഷ്കാലം ഭക്ഷിക്കുവാന്‍ അലോപ്പതി മരുന്നുകള്‍ ഒന്നൊന്നായി മാറിമാറി ഭക്ഷിച്ച് നിത്യരോഗികളായി കാലം തള്ളിനീക്കുന്നവരാണ് പലരും. ആയുര്‍വ്വേദത്തിലും ഇവയ്ക്ക് ഇപ്പോള്‍ ഫലപ്രദമായ ചികിത്സകള്‍ ലഭ്യമാണ് എന്ന് പറയപ്പെടുന്നു. നമ്മുടെ വീട്ടുമുറ്റത്ത് വളര്‍ത്താന്‍ കഴിയുന്ന പുളിഞ്ചിയും കാന്താരിമുളകും ഈ രോഗങ്ങള്‍ക്ക് പരിഹാരമായി നമുക്ക് ഭക്ഷിക്കുന്നതിലൂടെ നിയന്ത്രിക്കാമെന്നും പറയപ്പെടുന്നു. അവയെപ്പറ്റി കിട്ടിയ അറിവുകള്‍ പങ്കുവെയ്ക്കുകയാണിവിടെ.
ഇത് പുളിഞ്ചി എന്ന് അറിയപ്പെടുന്ന വൃക്ഷമാണ്. പുളിഞ്ചിയുടെ കായും കാന്താരി മുളകും പുളിയ്ക്കാത്ത തൈരും മിക്സിയില്‍ അടിച്ചെടുത്ത് ഭക്ഷിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം കുറയും എന്ന് അനുഭവസ്ഥര്‍ പറയുന്നു. അതേസമയം ആയുര്‍വ്വേദ എം.ഡിക്ക് പഠിക്കുന്ന ഡോ. ജിജു പറയുന്നത് ഇത്തരത്തില്‍ ഒരു പരീക്ഷണത്തിന് മുതിരുമ്പോള്‍ മൂന്നുനാലു ദിവസത്തിലൊരിക്കല്‍ രക്തസമ്മര്‍ദ്ദം പരിശോധിക്കുകയും വേണം എന്നാണ്. ഇപ്പോള്‍ വിപണിയില്‍ കയ്യില്‍ ചുറ്റിക്കെട്ടി രക്തസമ്മര്‍ദ്ദം അളക്കുവാന്‍ കഴിയുന്ന ഉപകരണം ലഭ്യമാണ് എന്നും പറയപ്പെടുന്നു.
(ഈ അറിവിന് കടപ്പാട് - ശ്രീ മധുസൂധനന്‍ നായര്‍, ശ്രീകണ്ഠേശ്വരം, തിരുവനന്തപുരം)
കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍
മൂപ്പെത്തിയ പുളിഞ്ചിക്കായ് പറിച്ചെടുത്ത് കഴുകി വൃത്തിയുള്ള ഉണങ്ങിയ തുണികൊണ്ട് തുടച്ചശേഷം ഒരു മണ്‍ഭരണിയില്‍ മുക്കാല്‍ ഭാഗം നിറയ്ക്കുക. ബാക്കിഭാഗത്ത് ശര്‍ക്കര ചെത്തിയിട്ട് അടപ്പുകൊണ്ട് അടച്ചശേഷം നല്ലവണ്ണം തുണികൊണ്ട് മൂടിക്കെട്ടി പതിനാല് ദിവസത്തോളം അനക്കാതെ വെയ്ക്കുക. പതിനാല് ദിവസത്തിന് ശേഷം അരിപ്പയില്‍ അരിച്ചെടുത്ത് ദിവസവും കുറേശ്ശെ ഭക്ഷിക്കാം. ഒരു കാരണവശാലും പിഴിഞ്ഞെടുക്കാന്‍ പാടില്ല. കൊളസ്ട്രോളിന് നല്ല ഒരു പരിഹാരമാണ് ഇതെന്ന് പറയപ്പെടുന്നു. ഇതും നിലവില്‍ ലഭ്യമായ കൊളസ്ട്രോള്‍ പരിശോധനകള്‍ക്ക് വിധേയമായി വേണം തുടരുവാന്‍.
(ഈ അറിവിന് കടപ്പാട് - ശ്രീ ബേബിച്ചന്‍, തണല്‍, തിരുവനന്തപുരം)