2009 ഫെബ്രുവരി 13, വെള്ളിയാഴ്‌ച

കണ്ണനും കൻഹനും കൃഷ്ണനും

കണ്ണൻ [മലയാളം] കൻഹ [പ്രാകൃതം] കൃഷ്ണ [ സംസ്കൃതം] അതോ കൃഷ്ണ , കൻഹ, കണ്ണൻ - ഈ പരിണാമ പ്രക്രിയയിൽ എതാണ് ശരി എന്നത് വേണമെങ്കിൽ ഒരു ബുദ്ധി വിനോദമായി കണക്കാക്കാമെങ്കിലും ഇവിടെ തികച്ചും അപ്രസക്തമാണ്. നമുക്ക് കേരളീയർക്ക് ‘കണ്ണൻ തന്നെ യാണ് പ്രധാനം. ‘കണ്ണ്’ നാമരൂപവും ‘കാണുക‘ എന്ന ക്രിയാപദവും മലയാളത്തിനും തമിഴിനും സ്വന്തമാണ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷകളിൽ ഇതേ അർത്ഥമുള്ള,ശബ്ദ സാമ്യമുള്ള പദങ്ങൾ ഉണ്ട് എന്നത് യാദൃശ്ചികമല്ല. ഉദാഹരണത്തിന് ലാറ്റിൻ പദമായ ഗ്നാരസ്സ് [gnarus] ഗ്രീക്കുപദമയ ഗ്നോ-നൈ [gno-nai] സംസ്കൃത പദമായ ജ്നാന [gnana] ഇംഗ്ലീഷ് പദമായ കെൻ [ken meaning to know, to perceive ] ഗോഥിക്ക് [old English] ഭാഷയിൽ cunnan മോഡേൺ ഇംഗ്ലീഷിൽ know ഇവ ശ്രദ്ധിക്കുക. കണ്ണുകൾ വെറുതെ കാണാൻ മാത്രമല്ല ജ്ഞാനം നേടാനുള്ള ഏറ്റവും ശക്തമായ ഉപകരണമായി വേണം കരുതാൻ. എല്ലാം കാണുന്ന, അറിയുന്ന കണ്ണൻ ജ്ഞാനത്തിന്റെ പര്യായമാണ്, ആത്മീയ തേജസ്സ് ആണ്.പ്രപഞ്ചപൌരത്വമുള്ള കണ്ണനെ കണ്ണൻ എന്നല്ലാതെ മറ്റെന്തു പേരു പറഞ്ഞാണ് വിളിക്കുക?. “ഞങ്ങടെ മാർക്സിനേക്കാൾ വലിയവനാണോ ഈ കണ്ണൻ?” നമ്മുടെ കേരളത്തിൽ ഈ ചോദ്യം പ്രതീക്ഷിക്കാവുന്നത് തന്നെ. ഉത്തരം ഒന്നേയുള്ളു: “ശരീരം നശ്വരമാണ് , ആത്മാവ് അനശ്വരവും”

ഞങ്ങളെ പരിചയപ്പെടുത്തുന്നു

ഗൂഗിള്‍ ഡോക്സിലൂടെ പരിപാലിക്കപ്പെടുന്ന ഒരു പോസ്റ്റാണിത്. കൊളോബറേറ്റേഴ്സിന് ഈ പോസ്റ്റ് പരിപാലനത്തില്‍ പങ്കാളിയാകുവാന്‍ സാധിക്കും. അവരവരെക്കുറിച്ചുള്ള കാര്യങ്ങള്‍ അവരവര്‍ രേഖപ്പെടുത്തുന്നതോടൊപ്പം ഗൂഗിള്‍ ഡോക്സിലൂടെ എപ്രകാരമാണ് ബ്ലോഗ് പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത് എന്ന് കണ്ട് മനസിലാക്കുകയും ചെയ്യാം.

കേരളഫാര്‍മര്‍
ഞാന്‍ 60 വയസുള്ള ഒരു വിമുക്തഭടനും കര്‍ഷകനുമായ ചന്ദ്രശേഖരന്‍ നായര്‍ ആണ്. അതിനാല്‍ത്തന്നെ കൂടുതലായും കാര്‍ഷിക വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നു. തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ പേയാട് പോസ്റ്റാഫീസ് പരിധിയില്‍ പെരുകാവ് എന്ന സ്ഥലത്ത് താമസിക്കുന്നു.


ഞാന്‍ വി.കെ എം നായര്‍. 34 വര്‍ഷത്തെ അദ്ധ്യാപനവൃത്തി. റിട്ടയേഡ് ആയിട്ട് ഒരുദശാബ്ദത്തില്‍ ഏറെ ആയി.ഇപ്പോള്‍ അല്പ സ്വല്പവായനയും എഴുത്തും കുറച്ച് യാത്രകളുമായി സമയം ചിലവഴിക്കുന്നു.പലക്കാട് വടക്കുംതറയില്‍ ഹരിശ്രീകോളനിയില്‍ താമസ്സം.


ഗ്രാമീണന്‍

ഞാന്‍ ഡാനിയല്‍ ജോര്‍ജ്ജ്. വയസ് 61. മുപ്പത്തിയാറു വര്‍ഷത്തെ ഗവര്‍മെന്റ് സര്‍വ്വീസിനു (മൃഗസംരക്ഷണവകുപ്പില്‍) ശേഷം ഇപ്പോള്‍ വിശ്രമജീവിതം. വീട് ആലപ്പുഴ ജില്ലയിലെ മാവേലിക്കരയില്‍.



2009 ഫെബ്രുവരി 12, വ്യാഴാഴ്‌ച

യയാതിപുരം

അന്‍പത് വയസിന് മുകളിലുള്ള മലയാളം ബ്ലോഗേഴ്സിനായി ഒരു ചങ്ങാതിക്കൂട്ടം - അതാണ് ‘യയാതിപുരം. ’ മലയാളത്തില്‍ ദിനംപ്രതി വര്‍ദ്ധിക്കുന്ന ബ്ലോഗുകളുടെ എണ്ണവും അതിനോടൊപ്പം ഈ രംഗത്തേക്കു വരുന്ന മുതിര്‍ന്നവരായ ബ്ലോഗരമാരേയും നാം കാണുന്നുണ്ട് - പ്രായം കൊണ്ട് മുതിര്‍ന്നവരെങ്കിലും, മനസ്സില്‍ ഇന്നും യൌവനം സൂക്ഷിക്കുന്നവര്‍. പല നവാഗത വയോജകരും പ്രസിദ്ധീകരിക്കുന്ന ബ്ലോഗുകളുടെ വായനയും പ്രതികരണവും വളരെ കുറവാണ് എന്നതാണ് വാസ്തവം. അതുകൊണ്ട് ബ്ലോഗെഴുത്ത് ഉപേക്ഷിച്ച് പിന്‍‌വലിയുന്നവരും ധാരാളം.

അതിലൊരു മാറ്റമുണ്ടാക്കുവാനും ഇവരെ പരസ്പരം ബന്ധിപ്പിക്കുവാനും ഉള്ള ഒരെളിയ ശ്രമമായി ഈ ചങ്ങാതിക്കൂട്ടത്തെ കണക്കാക്കുക. ഈ കൂട്ടായ്മയില്‍ അംഗമാകുവാനുള്ള ഏക നിബന്ധന അന്‍പത് വയസ് പൂര്‍ത്തിയാക്കിയിരിക്കണം എന്നത് മാത്രമാണ്.

നിര്‍‌ദ്ദേശങ്ങള്‍ക്കും പരിഷ്കാരങ്ങള്‍ക്കുമായി ഈ ബ്ലോഗ് സമര്‍പ്പിക്കുന്നു. ഇവിടുത്തെ അംഗങ്ങള്‍ക്ക്‌ വ്യത്യസ്തവിഷയങ്ങളിലുള്ള വീക്ഷണങ്ങള്‍ ഇവിടെത്തന്നെ ഒരു പോസ്റ്റിലൂടെ പങ്കുവയ്ക്കാവുന്നതാണ്. വിശ്രമജീവിതത്തിനിടയില്‍ വായനക്കായി ധാരാളം സമയമുള്ളവരാണ് നിങ്ങളില്‍ പലരും. നിങ്ങളുടെ ബ്ലോഗ്‌ വായനയ്ക്കിടയില്‍ കണ്ടെത്തിയ നല്ല നല്ല പോസ്റ്റുകളുടെ ഒരു ചെറുവിവരണവും ലിങ്കും തയ്യാറാക്കി ബൂലോകരെ അറിയിക്കാം, ഇവിടെ നിങ്ങള്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുവാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ ബ്ലോഗില്‍ നിങ്ങള്‍ പുതിയതായി പോസ്റ്റു ചെയ്ത കാര്യങ്ങളുടെ ഒരു സംക്ഷിപ്തം ഇവിടെ അവതരിപ്പിച്ച്‌ അവയുടെ ഒറിജിനല്‍ പോസ്റ്റിലേക്കുള്ള ലിങ്കുകള്‍ നല്‍കുകയുമാവാം.

ഇതോടൊപ്പം തന്നെ യായാതിപുരത്തിലെ അംഗങ്ങള്‍ക്കായി ഒരു ഗൂഗിള്‍ ഗ്രൂപ്പും ആരംഭിച്ചിരിക്കുന്നു. ഈ ഗ്രൂപ്പില്‍ നിങ്ങള്‍ അംഗമായതിനു ശേഷം നിങ്ങളുടെ ബ്ലോഗില്‍ നിന്നുള്ള കമന്റുകള്‍, ഈ ബ്ലോഗില്‍ നിന്നുള്ള കമന്റുകള്‍, പൊതു താല്‍പര്യമുള്ള വിഷയങ്ങളില്‍ ഇ-മെയിലുകള്‍ തുടങ്ങിയവ ചങ്ങാതിക്കൂട്ടത്തിലെ അംഗങ്ങളൂമായി പങ്കുവയ്ക്കാവുന്നതുമാണ്‌.

‘ചങ്ങാതിക്കൂട്ടം‘ എന്ന ആശയത്തിനര്‍ത്ഥം, ഇതിലെ അംഗങ്ങള്‍ പൊതുധാരാ ബ്ലോഗുകളില്‍ നിന്ന് വേറിട്ട് രാഷ്ട്രീയപാര്‍ട്ടികളിലെ ഗ്രൂപ്പുകള്‍ പോലെ നില്‍ക്കും എന്നല്ല. ഇതിലെ എല്ലാ അംഗങ്ങള്‍ക്കും അവരവരുടെ ബ്ലോഗുകള്‍ സ്വന്തമായി നിലനിര്‍ത്തിക്കൊണ്ടുതന്നെ ഈ ക്ലബില്‍ ഒരു അംഗമായി കൂടുകയും, അതുവഴി അവരുടെ സുഹൃദ്സംഘം കുറേക്കൂടി വിപുലമാക്കുകയും ചെയ്യാം എന്നതുമാത്രമാണ് ഇതിന്റെ ഉദ്ദേശം.

ഈ ബ്ലോഗില്‍ അംഗങ്ങളാകുവാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട വിലാസം - elderskerala@gmail.com. നിങ്ങളുടെ ഇ-മെയിലിലേക്ക്‌ ഒരു ഇന്‍വിറ്റേഷന്‍ ഞങ്ങള്‍ അയച്ചു തരുന്നതായിരിക്കും. അത്‌ ആക്സെപ്റ്റ്‌ ചെയ്യുക. ഗ്രൂപ്പ്‌ ബ്ലോഗുകള്‍ എന്നാലെന്തെന്നും അവയില്‍ അംഗങ്ങളാകുന്നതിന്റെ സ്റ്റെപ്പുകള്‍ എന്തൊക്കെയെന്നും സംശയങ്ങളുള്ളവര്‍ ഈ പോസ്റ്റ് വായിച്ചു നോക്കുക.