2009 ജൂൺ 26, വെള്ളിയാഴ്‌ച

അസ്തമിക്കാന്‍ മടിക്കുന്ന സൂര്യന്‍റെ നാട്


ബ്രിട്ടന്‍റെ കഥ

പ്രിയ രാജന്‍,

ബ്രിട്ടന്‍,യൂക്കെ,ബ്രിട്ടീഷ് അയര്‍ലണ്ട് ഇവ തമ്മില്‍
എന്താണ് വ്യത്യാസം എന്നു ചോദിച്ചുവല്ലോ?

ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും സാംസ്കാരികമായും
ഇവ തമ്മില്‍ വ്യത്യാസം ഉണ്ട്.
ഗ്രേറ്റ്ബ്രിട്ടന്‍ എന്നു പറഞ്ഞാല്‍
ഇംഗ്ലണ്ട്,സ്കോട്ട്ലണ്ട്,വെയില്‍സ് എന്നിവ മാത്രം.
വടക്കന്‍ അയര്‍ലണ്ട് ഉള്‍പ്പെടുന്നില്ല.
ഗ്രേറ്റ്ബ്രിട്ടനും വടക്കന്‍ അയര്‍ലണ്ടും ചേരുന്നതാണ് യൂണൈറ്റഡ്
കിംഗ്ഡം അഥവാ യൂ.കെ.
യൂക്കെയിലെ പൗരന്മാര്‍ ബ്രിട്ടീഷുകാര്‍.
ആങ്ലിസേ തുടങ്ങിയ നൂറുകണക്കിനുചെറുദ്വീപുകളും സ്കോട്ടീഷ് ഹെബ്രൈഡ്സും
യൂ.കെ യില്‍ ഉള്‍പ്പെടുന്നു.
മൊത്തം ദ്വീപുകളും അയര്‍ ലണ്ടും ചേരുന്നത് ബ്രിട്ടീഷ് ദ്വീപ സമൂഹം.
ഭൂമിശാസ്ത്രപരമായ നിര്‍വ്വചനം മാത്രമാണിത്.
ദ്വീപുകള്‍ മുഴുവന്‍ ബ്രിട്ടീഷ് അധീനതയിലല്ല എന്നു ചുരുക്കം.
വടക്കന്‍ അയര്‍ലണ്ടിലെ പൗരര്‍ബ്രിട്ടീഷുകാരോ ഐറീഷുകാരോ ആകാം.
ഐറീഷ് റിപ്പബ്ലിക് പൗരര്‍ ഐറീഷുകാര്‍ ആണെങ്കില്‍
ചാനല്‍ അയര്‍ലണ്ടിലേയും അയില്‍ ഓഫ് മേനിലേയും പൗരര്‍ ബ്രിട്ടീഷുകാരാണ്.
വ്യത്യാസം ബോധ്യമായി എന്നു കരുതുന്നു.

അസ്തമിക്കാന്‍ മടിക്കുന്ന സൂര്യന്‍റെ നാട്

ജൂണ്‍ 26 നാണ് ഇതെഴുതുന്നത്‌.ബ്രിട്ടനില്‍ സമ്മര്‍.
ഇന്ത്യന്‍ സമയത്തില്‍ നിന്നും അഞ്ചര മണിക്കൂര്‍
പിന്നിലാണ്(-5.5) ബ്രിട്ടനിലെ ഗ്രീന്‍ വിച്ച് സമയം.
സമ്മറില്‍ അത് നാലര(-4.5) ആയിക്കുറയുന്നു.
പകല്‍ സമയം കൂടുന്നു.4.45 നു സൂര്യന്‍ ഉദിക്കുന്നു.
അസ്തമിക്കുന്നത് രാത്രി 9.22 നും.16 മണിക്കൂര്‍
37 മിനിറ്റാണ് പകല്‍സമയം.ധാരാളം സൂര്യപ്രകാശം.

ഇന്നാണിതാണു സ്ഥിതിയെങ്കില്‍ ഒരുകാലത്ത് ബ്രിട്ടന്‍
ഒരുകാലത്ത് സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യമായിരുന്നു.
ഭൂഖണ്ഡത്തിന്‍ റെ ഇരുവശത്തും ധാരാളം കോളനികല്‍
ഉള്ള സാമ്രാജ്യമായിരുന്നതിനാല്‍ ഏതെങ്കിലും ഒരു പ്രദേശത്തെങ്കിലും
സൂര്യന്‍ പ്രകാശിച്ചു തന്നെ നിലകൊണ്ടിരുന്നു.
നിരവധി നൂറ്റാണ്ടുകാലം ശത്രുക്കള്‍ ബ്രിട്ടനെ ആക്രമിച്ചില്ല.
നാലുവശവും കടല്‍ ഉള്ളതാണു കാരണം.അതുകൊണ്ടുതന്നെ
നാവികസഞ്ചാരത്തില്‍ അവര്‍ മുമ്പത്തിയിലുമെത്തി.

1850 ല്‍ലോകത്തിലെ ഏറ്റവും വലിയ ശക്തി ആയി ബ്രിട്ടന്‍.
സൂര്യന്‍ അവരുടെ സാമ്രാജ്യത്തില്‍ അസ്തമിച്ചിരുന്നില്ല.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ വ്യാവസായികമായും സൈനീകമായും
അവര്‍ ഒന്നാം സ്ഥാനത്തെത്തി.ഇന്നു പിന്നോട്ടു പോയെങ്കിലും
നില മുന്നില്‍ തന്നെ.

തങ്ങള്‍ തേര്‍വാഴ്ച് നടത്തിയിരുന്ന കോളനികളിലെ പൗരന്മാരെ
ബ്രിട്ടന്‍ ഇന്നു രണ്ടു കൈയ്യും നീട്ടി സ്വാഗതം ചെയ്തു കടപ്പാട്
തീര്‍ക്കുന്നു.അവരെ കുടിയേറാനും തങ്ങളുടെ പൗരത്വം സ്വീകരിക്കാനും
അനുവധിക്കുന്നു.എല്ലാ വിധ സ്വാതന്ത്ര്യവും അവകാശങ്ങളും
അവര്‍ വിദേശികള്‍ക്കും നല്‍കുന്നു.

ബ്രിട്ടനിലെ ഒരു ചെറു കൂട്ടംആള്‍ക്കാര്‍ ഇന്നും ഇംഗ്ലീഷ് സംസാരിക്കാത്തവരാണ്
എന്ന കാര്യംപരസ്യമായ രഹസ്യമാ​ണ്.അവര്‍ സ്കോട്ട്,വെല്‍ഷ്,ഗേലിക്
തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നു.ഇംഗ്ലീഷ് മനസ്സിലാകാത്ത
ധാരാളം ആള്‍ക്കാര്‍ ബ്രിട്ടനില്‍ ഉണ്ടെന്നു സാരം.മിക്ക വ്യവസായങ്ങളും
നശിച്ചുവെങ്കിലും ബ്രിട്ടനിലെ സാമ്പത്തിക സ്ഥിതി അത്ര മോശമൊന്നുമല്ല.
ദക്ഷിണ പൂര്‍വ്വ പ്രദേശം ഇന്നും സമ്പന്നം.ജീവിതച്ചെലവ് ഇവിടെ ഏറ്റവും
ഉയര്‍ന്നു നില്‍ക്കുന്നു.

ബ്രിട്ടനിലെ യൂണിയന്‍ ഫ്ലാഗ് എന്നറിയപ്പെടുന്ന കൊടിയ്ക്കു യൂണിയന്‍
ജാക്ക് എന്നും പേരുണ്ട്.കപ്പലില്‍ കെട്ടിയിരിക്കുമ്പോള്‍ മാത്രമാണ് ശരിക്കും
യൂണിയന്‍ ജാക്ക് എന്നു വിളിക്കാറ്‌.മൂന്നു കൊടികള്‍ ചേര്‍ന്നതാണിത്.
ഇംഗ്ലണ്ട്,സ്കോട്ട്ലണ്ട്,വെയില്‍സ് എന്നിവയെ പ്രതിനിധാനം ചെയ്യുന്ന
കൊടി.വെള്ള തിരശ്ശീലയില്‍ ചെമ്മന്ന് കുരിശ് ഇംഗ്ലണ്ടിനേയും നീല
പശ്ചാത്തലത്തിലെ വെള്ള ക്കുരിശ് സ്കോട്ട്ലണ്ടിനേയും വെള്ള
പശ്ചാത്തലത്തിലെ ചെമന്ന കുരിശ് അയര്‍ ലണ്ടിനേയും കുറിയ്ക്കുന്നു.
കൊടി രൂപകല്‍പ്പന ചെയ്യുന്ന കാലം വെയില്‍സ് ബ്രിട്ടനില്‍ പെടാതിരുന്നതിനാല്‍
അവരുടെ ഡ്രാഗണ് യൂണിയന്‍ ഫ്ലാഗില്‍ ഇടം കിട്ടാതെ പോയി.

ആഴക്കാടലിനു നടുവിലൊരു സ്വര്‍ഗ്ഗഭൂമി

അലയാഴി മദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ബ്രിട്ടനില്‍ മൃദുവായ കാലാവസ്ഥയും
അതിമനോഹരമായ ഭൂപ്രകൃതിയും ആണുള്ളത്.യൂറോപ്പിന്‍റെ വടക്കു കിഴക്കന്‍
തീരത്തെ ദ്വീപസമൂഹം.സ്കാണ്ടിനേവിയായ്ക്കും അറ്റ്ലാന്‍റ്റിക് സമുദ്രത്തിനു മിടയില്‍.
ഉത്തരധൃവത്തിനോടടുത്തായിട്ടും "ഗള്‍ഫ്സ്ട്രീം" എന്ന ഉഷ്ണജലപ്രവാ​ഹം കരീബിയായില്‍
നിന്നുമെത്തുന്നതിനാല്‍ അതിശൈത്യം ഇവിടെ ഒഴിവാക്കപ്പെടുന്നു.എന്നാല്‍ കാലാവസ്ഥ
തീര്‍ത്തും പ്രവചനാതീതമാണിവിടെ എന്നുമെടുത്തു പറയേണ്ടിയിരിക്കുന്നു.പ്രത്യേകിച്ചും
സന്ദര്‍ശകര്‍ എപ്പോഴും ഈ വസ്തുത ഓര്‍മ്മിക്കേണ്ടതായിട്ടുണ്ട്.തെക്കുനിന്നും മന്ദമാരുതന്‍
വീശുമ്പോള്‍, കിഴക്കുനിന്നും അസഹ്യമായ ശീതക്കാറ്റു വീശാം.അറ്റ്ലാന്‍റിക്കില്‍
നിന്നുംചാറ്റല്‍ മഴയും.ഇവയെല്ലാം ഒരേ ദിവസം തന്നെ അനുഭവപ്പെടാം.

കാലാവസ്ഥ പോലെ തന്നെ പ്രകൃതി ഭംഗിയും.നാടകീയമായ വ്യത്യാസങ്ങള്‍ ഒന്നും ഇല്ല.
എന്നാല്‍ തികച്ചും വ്യത്യസ്ഥമായ ഭൂപ്രകൃതി ദൃശ്യമാണു താനും.വന്‍ നദികളോ പര്‍വ്വതനിരകളോ
ഇവിടില്ല.എന്നാല്‍ അതിമനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ ഏറെ.
തെക്കന്‍ ഇംഗ്ലണ്ടില്‍ ചോക്കുമണ്ണാണ്.
ഡോവറിലെ കൊടുമുടിയില്‍ അതവസാനിക്കുന്നു.ഫലഭുയിഷ്ഠ്മായ മണ്ണാണ്.വന്‍ നഗരങ്ങളുടേയും
മാര്‍ക്കറ്റ് വില്ലേജുകളുടേയും പാര്‍ശ്വങ്ങളില്‍ ഇന്നും അതിമനോഹരങ്ങളായ കര്‍ഷഗ്രാമങ്ങള്‍ പിടിച്ചു
നില്‍ക്കുന്നു.എന്നാള്‍ ജനം പൊതുവേ നഗരവാസം ഇഷ്ടപ്പെടുന്നു.

1994 ല്‍ ബ്രിട്ടന്‍ ഒരു ദ്വീപല്ലാതായിത്തീര്‍ന്നു എന്നു വേണമെങ്കില്‍ പറയാം.
10 ബില്ല്യന്‍ പൗണ്ട്ചെലവില്‍ യൂറോപ്യന്‍ വന്‍ കരയുമായി ബന്ദ്ധിപ്പിക്കുന്ന
"ചാനല്‍ ടണല്‍" ആ വര്‍ഷം തുറക്കപ്പെട്ടു.
50 കിലോമീറ്റര്‍ ദൂരം.ഇംഗ്ലീഷ്ചാനിലിന്‍ റെ അടിത്തട്ടില്‍ നിന്നും 40 മീറ്റര്‍
താഴെയാണ് ഈ ടണല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.ഈ ചാനലാകട്ടെ ഏറ്റവും
തിരക്കേറിയ നാവികമാര്‍ഗ്ഗവും.
മൂന്നുമണിക്കൂര്‍ കൊണ്ട് നമുക്കിന്ന്‍ ലണ്ടനില്‍ നിന്നു പാരീസ്സിലോ ബ്രസ്സല്‍സ്സിലോ
ഈ ടണല്‍ വഴിട്രെയിനില്‍ എത്താം. 30 മിനിറ്റ് കൊണ്ട് വാഹനങ്ങള്‍ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടാനും
സൗകര്യമുണ്ട്.
കടലില്‍ നിന്നും ഏറ്റവും കൂടിയ അകലം ബ്രിട്ടനില്‍ 120 കിലോമീറ്റര്‍ മാത്രമാണ്.
നൂറ്റാണ്ടുകളായി വലിയ നാവികശക്തിയാണ് ബ്രിട്ടന്‍.
ഇംഗ്ലീഷ് തീരം വന്‍ കരയില്‍ നിന്നുംവെറും 35 കിലോമീറ്റര്‍ ദൂരത്തിലാണ് കിടക്കുന്നത്.
യൂറോപ്യന്‍ വന്‍ കരയുമായി വേണോ
ഇംഗ്ലീഷ് സംസാരിക്കുന്ന വടക്കേ അമേരിക്കയുമായി വേണോ കൂടുതല്‍ ബന്ധം എന്ന ആശയ
ക്കുഴപ്പത്തിലാണിപ്പോഴും ബ്രിട്ടീഷ് ജനതയില്‍ ഏറെയും. സ്വതന്ത്രമായി തന്നെ നിന്നാല്‍
മതി എന്നു കരുതുന്നവരും ഇല്ലാതില്ല.

അല്‍പ്പം സ്ഥിതിവിവരക്കണക്കുകള്‍


വിസ്തീര്‍ണ്ണം 244,755 സ്ക്വയര്‍ കിലോമീറ്റര്‍
അതിര്‍ത്തി 360 കിലോമീറ്റര്‍
കടല്‍ത്തീരം 12,429 കിലോമീറ്റര്‍
നീളം കൂടിയ നദി-സാവേണ്‍ 354 കി.മീ.
ഏറ്റവും ഉയര്‍ന്ന സ്ഥലം സ്കോട്ട്ലണ്ടിലെ ബെന്‍ നെവിസ് 1343 കി.മീ
ഏറ്റവും താണ സ്ഥലം ഇംഗ്ലണ്ടിലെ ഫേണ്‍സ്(കടലിനി താഴെ 4 മീ)
മഴ 610 മി.മീ
സമ്മറിലെ താപനില വടക്കന്‍ സ്കോട്ട്ലണ്ട് 11.6 സെല്‍ഷ്യസ്
തെക്കുകിഴക്കന്‍ ഇംഗ്ലണ്ട് 15.3 സെല്‍ഷ്യസ്
വിന്‍റര്‍ താപനില
വ.സ്കോട്ട്ലണ്ട് 4.5 സെല്‍
തെ.കി.ഇംഗ്ലണ്ട് 6.5 സെല്‍


ജനസംഖ്യ(ഏകദേശം)

ലണ്ടന്‍ 71 ലക്ഷം
ബേമിംഗാം 10 ലക്ഷം
ഗ്ലാസ്കോ,സ്കോട്ട്ലണ്ട് 6.5 ലക്ഷം
ലിവെപൂള്‍ 4.6 ലക്ഷം
ലീഡ്സ് 4.5 ലക്ഷം
എഡിന്‍ബറോ 4.3 ലക്ഷ്ം
മാ​ഞ്ചെസ്റ്റര്‍ 4 ലക്ഷം
കാര്‍ഡിഫ് വെയില്‍സ് 3 ലക്ഷം
ബെല്‍ഫാസ്റ്റ് വ.അയര്ലണ്ട് 2.7 ലക്ഷം

2009 ജൂൺ 24, ബുധനാഴ്‌ച

ബ്രിട്ടന്‍റെ ചരിത്രം


ബ്രിട്ടന്‍റെ ചരിത്രം

55 ബി.സിയിലെ റോമന്‍ ആക്രമണം മുതല്‍ ബ്രിട്ടന്‍റെ എഴുതപ്പെട്ട ചരിത്രം തുടങ്ങുന്നു.
എന്നാല്‍ എഴുതപ്പെടാത്ത ചരിത്രാതീതകാലം 5 ലക്ഷം വര്‍ഷം മുമ്പു തുടങ്ങിയിരിക്കാം.
എസ്സക്സിലെ ക്ലാക്ടണ്‍,സസ്സക്സിലെ ബോക്സ്ഗ്രോവ് എന്നിവിടങ്ങളില്‍ നിന്നും പുരാതന
മനുഷ്യരുടേയും മൃഗങ്ങളുടേയും അസ്തികൂടങ്ങളും കല്ലു കൊണ്ടുള്ള ആയുധങ്ങളും
കണ്ടെത്തിയിട്ടുണ്ട്.ഒരുകാലത്തു മഞ്ഞുമൂടിയ പ്രദേശമായിരുന്നു ബ്രിട്ടന്‍.ഇന്നത്തെ ഇംഗ്ലീഷ്
ചാനല്‍ ഉണ്ടായിരുന്നില്ല. ഫ്രാന്‍സും ബ്രിട്ടനും ഒന്നിച്ചു കിടന്നിരുന്നു.ഗുഹകളിലും മൃഗത്തോല്‍
ഉപയോഗിച്ചുണ്ടാക്കിയ ടെന്‍റിനു കീഴിലും താമസ്സിച്ചിരുന്ന അവര്‍ തീയ് കണ്ടെത്തിക്കഴിഞ്ഞിരുന്നു.

കെന്‍റിനു സമീപമുള്ള സ്വാന്‍സ്കോംബ് എന്ന പ്രദേശത്തു നിന്നും 200,000 വര്‍ഷം മുമ്പു ജീവിച്ചിരുന്ന
ഒരു യുവതിയുടെ അവശിഷ്ടങ്ങള്‍ ആര്‍ക്കിയോളജിസ്റ്റുകള്‍ കണ്ടെത്തിയിരിക്കുന്നു.കൂര്‍ത്ത ശിലായുധങ്ങള്‍
ഉപയോഗിച്ചിരുന്ന വേട്ടക്കാരില്‍ ഒരുവള്‍.മീന്‍ പിടുത്തവും അവര്‍ക്കന്യമായിരുന്നില്ല.എന്നാല്‍ റയിന്‍
ഡീയര്‍,കുതിര എന്നിവയെ അവര്‍ വളര്‍ത്തിത്തുടങ്ങിയിരുന്നില്ല.ഫലമൂലങ്ങള്‍ കഴിച്ചു ജീവിച്ച
അവര്‍ കൃഷിയും വശമാക്കിയിരുന്നില്ല.പുരാതന ശിലായുഗത്തില്‍ ചെറു സംഘങ്ങളായി മനുഷ്യര്‍
താമസ്സിച്ചു.തോലുകൊണ്ടവര്‍ വസ്ത്രം നിര്‍മ്മിച്ചിരുന്നു.
മഞ്ഞുമലകള്‍ ഉരുകിയതോടെ ഏതാണ്ട് 6000 ബി.സി കാലത്ത് ബ്രിട്ടനും ഫ്രാന്‍സും വേര്‍പെട്ടു.
എന്നാല്‍ നാവികരും കച്ചവടകാരും നൗകകള്‍ വഴി ബന്ധം തുടര്‍ന്നു.4500 ബി.സി കാലഘട്ടത്തില്‍
നവീനശിലായുഗം തുടങ്ങി.മനുഷ്യര്‍ ഒരിടത്തു തങ്ങി കൃഷി തുടങ്ങി.കച്ചവടകാര്‍ ആടുമാടുകളെ
കൈമാറ്റം ചെയ്തു.ഒപ്പം വിത്തുകളും.ഇക്കാലത്തു കോടാലികളും അരിവാളുകളും നിര്‍മ്മിക്കപ്പെട്ടു.
താമസ്സിയാതെ മണ്‍പാത്രങ്ങളും നിര്‍മ്മിക്കപ്പെട്ടു.ശവശരീരങ്ങള്‍ കുഴിച്ചിടാന്‍ തുടങ്ങിയതും
ഇക്കാലത്തത്രേ.വില്‍ഷയറിലെ വിന്‍ഡ് മില്‍ ഹില്ലില്‍ നവീന ശിലായുഗത്തിലെ കല്ലറകള്‍
കാണപ്പെടുന്നു.അതിപുരാതനഗ്രാമമായി കണക്കാക്കപ്പെടുന്ന സ്കോട്ട്ലണ്ട് ഓര്‍ക്കിനിയിലെ
സ്കാര്‍ബ്രേയിലുംഇത്തരം കല്ലറകള്‍ കാണപ്പെടുന്നു.
1800 ബി.സി യില്‍ ഓട് നിര്‍മ്മിക്കപ്പെട്ടു.തുടര്‍ന്ന്‍ ആയുധങ്ങള്‍ ലഭ്യമായി.ബ്രിട്ടനില്‍
ടിന്നും ചെമ്പും സ്വര്‍ണ്ണവും ധാരാളം ഉണ്ടായിരുന്നു.ടിന്നിന്‍റെ ലോകം (കാസ്സിടെറൈഡ്സ്)
എന്ന പേരിലാണ് ഒരുകാലത്തു ബ്രിട്ടന്‍ ഗ്രീസ്സിലും റോമിലും അറിയപ്പെട്ടത്.ഇക്കാലത്ത് ഗ്രാമങ്ങള്‍ ഉണ്ടായി.
സ്റ്റോണ്‍ ഹെഞ്ചും അവേബറിയും

മനുഷ്യര്‍ താളം കെട്ടിത്തുടങ്ങിയ കാലത്തുണ്ടായതാണ് സ്റ്റോണ്‍ ഹെഞ്ചും അവേബറിയും.വില്‍റ്റ്ഷെയറിലെ
സാലിസ്ബറിയിലാണ് സ്റ്റോണ്‍ ഹെഞ്ച്. ആകാശകൊട്ടാരം എന്ന ലാല്‍ സിനിമ വഴിയും 2009 ലെ ഫെഡറല്‍
ബാങ്ക് കലണ്ടര്‍ വഴിയും മലയാളി മന്‍സ്സില്‍ കുടിയേറിയ ശിലാവൃത്തം.ഭീമാകാരങ്ങളായ 50 ശിലഖണ്ഡങ്ങളുടെ
വൃത്തം.പ്രസെലി മലകളില്‍ നിന്നും കൊണ്ടൗവരപ്പെട്ട കല്‍ക്കൂട്ടങ്ങള്‍.390 കിലോമീറ്റര്‍ അകലെ വെയില്‍സിലാണ്
ആ മല.30 കിലോമീറ്റര്‍ അകലെയുള്ള ആവേബറിയില്‍ ജലമാര്‍ഗ്ഗം എത്തിക്കപ്പെട്ടു.അവിടെ നിന്നും 30 കിലോമീറ്റര്‍ ദൂരം അവ വലിച്ചുകൊണ്ടുവരപ്പെട്ടു.ആവ്വെബറിയിലും ഉണ്ട് ശിലാവൃത്തങ്ങള്‍.അവയ്ക്കാവണം പഴക്കംകൂടുതല്‍.150 കിലോമീറ്റര്‍ വരുന്ന പുരാതന റോഡിന്‍റെ ഏതാനും ഭാഗം ഇന്നും നില നിക്കുന്നു.

സെല്‍റ്റ്സ് വംശം

ഇരുമ്പു കണ്ടെത്തിയ സെല്‍റ്റ്സ് വംശം 700 ബി.സി ആയപ്പോള്‍
ബ്രിട്ടനില്‍ കുടിയേറി. ആണി,കോടാലി,വാള്‍ എന്നിവ ആവരുടെ കൈവശം
ലഭ്യമായിരുന്നു.പോര്‍രഥങ്ങളും പടച്ചട്ടകളും അവര്‍ നിര്‍മ്മിച്ചിരുന്നു.
സംഗീതോപകരണങ്ങളും സ്വര്‍ണ്ണഭരണങ്ങളും അവര്‍ ഉണ്ടാക്കിയിരുന്നതായി
തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.500 ബി.സിയില്‍ പുരാതനപാതയിലൂടെ ഇരുചക്ര
വാഹങ്ങള്‍ പാഞ്ഞു തുടങ്ങി.സെലിറ്റിക് വംശജരുടെ പിന്‍ ഗാമികളാണ്
ബ്രിട്ടന്‍സ് എന്നറിയപ്പെടുന്നത്.അവരുടെ ഭാഷ ഇന്നും സംസാരിക്കപ്പെടുന്നു.
വെല്‍ഷ്,ഐറീഷ്,കോര്‍ണീഷ് ഭാഷകള്‍ എല്ലാം സെലിറ്റിക് ബന്ധം ഉള്ളവയാണ്.
അവര്‍ ചരിത്രം എഴുതി വച്ചില്ല.എന്നാല്‍ പിന്നാലെ വന്ന റോമാക്കാര്‍ ആ
കുറവു നികത്തി,രേഖകളുണ്ടാക്കി.ഡോര്‍സെറ്റിലെ മെയ്ഡന്‍ കാസിലുകള്‍
പോലുള്ള കോട്ടകള്‍ ഇക്കാലത്തു നിര്‍മ്മിക്കപ്പെട്ടു.പിന്നാലെ വന്ന റോമാക്കാര്‍
അവരെ കീഴടക്കി.

റോമാക്കാര്‍
വരുന്നു

100 ബി.സി ആയപ്പോള്‍ മെഡിറ്ററേനിയന്‍ പ്രദേശമൊട്ടാകെ റോമാക്കാരുടെ
അധികാരത്തിന്‍ കീഴിലായി.യൂറോപ്പ്,വടക്കന്‍ ആഫ്രിക്ക,മധ്യപൂര്‍വേഷ്യ
എന്നിവയെല്ലാം അവര്‍ കീഴടക്കി.ഗോള്‍ എന്നറിയപ്പെട്ടിരുന്ന ഫ്രാന്‍സും
കീഴടക്കിയ ശേഷം അവര്‍ ബ്രിട്ടനിലേക്കു തിരിഞ്ഞു.55 ബി.സി യില്‍ കെന്‍റിനു
സമീപമുള്ള ഡോവറിലെ ഡീലില്‍ ആവണം സീസര്‍ എത്തി.10,000 ഭടന്മാര്‍
കൂടെയുണ്ടായിരുന്നുവെങ്കിലും കൊടുങ്കാറ്റില്‍ പെട്ടു കപ്പലുകള്‍ നശിച്ചതിനാല്‍
സീസ്സര്‍ വിജയകരമായി പിന്‍വാങ്ങി.അടുത്തവര്‍ഷം മറ്റൊരാക്രമണം നടത്തി.
കാന്‍റര്‍ ബറിക്കു സമീപമുള്ള ബിഗ്ബറി കൈവശമാക്കി.കാസിവെല്ലാനസ് എന്ന
ഗോത്രത്തലവനായിരുന്നു അന്നു ബ്രിട്ടനിലെ അധിപതി.തേംസ് നദീതീരത്തുള്ള
സെയിന്‍റ്‌ ആല്‍ബന്‍സ് ആയിരുന്നു തലസ്ഥാനം.ഗോളിലെ അട്ടിമറി ശ്രമം കാരണം
സീസര്‍ പിന്നേയും പിന്‍ തിരിയേണ്ടി വന്നു.പിന്നെ ഒരു നൂറു കൊല്ലം എസ്സെക്സിലെ
കോള്‍ചെസ്റ്റര്‍(അന്ന്‍ കാമുലോഡുനം) തലസ്ഥാനമാക്കി ഈ ഗോത്രവര്‍ഗ്ഗം ഭരണം നടത്തി.
ഏ.ഡി 43 ല്‍ ക്ലോഡിയസ് ചക്രവര്‍ത്തി 40,000 ഭടന്മാരെ ബ്രിട്ടന്‍ പിടിച്ചടക്കാന്‍
അയച്ചു.അടുത്തവര്‍ഷം കാമുലോഡുനം റോമന്‍ കൈവശമായി.

ബൗഡികാ എന്ന ഝാന്‍സി റാണി

നോര്‍ഫോക്കിലെ ഐസ്നി രാജാവായിരുന്ന പ്രസുറ്റാഗസ് ഏ.ഡി.60 ല്‍ മരണമടഞ്ഞു.
രണ്ടുപെണ്മക്കള്‍ക്കും റോമാ സാമ്രാജ്യത്തിനും രാജ്യം എഴുതിവച്ചശേഷമായിരുന്നു അന്ത്യം.
രാജ്യം പിടിച്ചടക്കാന്‍ ചെന്ന കാറ്റസ് രാജകുമാരിമാരേയും മാതാവ് ബൗഡികയേയും
പരസ്യമായി അപമാനിച്ചു.'പീഡിപ്പിച്ചു'.കുപിതയായ ബൗഡിക വലിയൊരു ഗോത്രകലാപം
സംഘടിപ്പിച്ചു.കാമുലോഡുനം, വെരുലാമിയം(ഇപ്പോഴത്തെ സെയിന്‍റ്‌ ആല്‍ബന്‍സ്)
എന്നിഅയ്ക്കു പുറമേ ലോണ്ടിനിയം (ഇന്നത്തെ ലണ്ടന്‍)എന്നീ നഗരികള്‍ ബൗഡിക
അഗ്നിക്കിരയാക്കി.പക്ഷേ അവസാനം റോമന്‍ ഗവര്‍ണര്‍ വിജയം വരിച്ചു.ബൗഡിക
ആത്മഹത്യ വരിച്ചു.അങ്ങനെ ബ്രിട്ടന്‍ റോമന്‍ സാമ്രാജ്യത്തിന്‍റെ ഏറ്റവും ദൂരെയുള്ള
പ്രോവിന്‍സായി മാറി.ഡവണിലെ എക്സ്റ്റര്‍ വരെയും വെയില്‍സുവരെയും റോമാസാമ്രാജ്യം
നീണ്ടു.എന്നാല്‍ സ്കോട്ട്ലണ്ടിലെ പിക്റ്റീഷ് ഗോത്രവര്‍ഗ്ഗത്തെ കീഴ്പ്പെടുത്താന്‍ അവര്‍ക്കായില്ല.

ഹാഡ്രിയന്‍ കയ്യാല


ഏ.ഡി 122 ല്‍ ബ്രിട്ടന്‍ സന്ദര്‍ശിച്ച ഹാഡ്രിയന്‍ ചക്രവര്‍ത്തി തന്‍റെ സാമ്രാജ്യത്തിന്‍റെ വടക്കന്‍
അതിര്‍ത്തി സ്ഥിരമാക്കാന്‍ ടൈന്‍ നദിക്കും സോള്‍ വ്വേ ഫിര്‍ത്തിനും ഇടയില്‍ 117 കിലോമീറ്റര്‍
നീളത്തില്‍ ഒരു കല്‍മതില്‍(കയ്യാല) കെട്ടിച്ചു. ഈ ഹാഡ്രിയന്‍ കല്‍ഭിത്തി ഇന്നും സന്ദര്‍ശകരെ
ആകര്‍ഷിക്കുന്നു.7 വര്‍ഷം കൊണ്ടാണിത് പണിയിക്കപ്പെട്ടത്.1.5 കിലോമീറ്റര്‍ ഇടവിട്ട് മൈല്‍കാസ്സില്‍എന്ന ചെറു കോട്ടകള്‍ നിര്‍മ്മിക്കപ്പെട്ടു.അതില്‍ 25-50 ഭടന്മാര്‍ താവളം അടിച്ചിരുന്നു.
മൊത്തം 5000 ഭടന്മാര്‍ ഈ കയ്യാലയുടെ സമ്രക്ഷണത്തിനായി വിന്യസിക്കപ്പെട്ടിരുന്നു.17 വന്‍
കോട്ടകളും ഉണ്ടായിരുന്നു.അവ ചെറു സൈന്യത്താവളങ്ങള്‍ ആയിരുന്നു.ആശുപത്രി സൗകര്യം
പോലുമുണ്ടായിരുന്നു.കംബ്രിയായിലെ ബര്‍ഡോസ്വാളില്‍ 1000 ഭടന്മാര്‍ ഉണ്ടായിരുന്നു.
റോമന്‍ ബ്രിട്ടന്‍ (54 ബി.സി മുതല്‍ ഏ.ഡി 410 വരെ)

ഏ.ഡി 70 മുതല്‍ നൂറുവര്‍ഷക്കാലം റോമന്‍ ഭരണത്തിന്‍ കീഴില്‍
ബ്രിട്ടന്‍ സമാധാനത്തിലും സമൃദ്ധിയിലും കഴിഞ്ഞു.ലാറ്റിന്‍
എന്ന എഴുതാന്‍ കഴിയുന്ന ഭാഷ കിട്ടി എന്നതാണ് അതുകൊണ്ടുണ്ടായ
ഏറ്റവും വലിയ നേട്ടം.ഒപ്പം അക്കങ്ങളും കിട്ടി.ബ്രിട്ടന്‍ റെ ചരിത്രം
താളുകളിലാക്കി സൂക്ഷിക്കാനും കഴിയുമെന്നായി.പത്തുമാസം ഉള്ള
കലണ്ടറും ദിവസത്തിനു സമയം നിസ്ചയിക്കലും റോമന്‍ സംഭാവനകള്‍
തന്നെ.നിരവധി റോഡുകളും റോമാക്കാര്‍ നിര്‍മ്മിച്ചു. ഫോസ്സേ വേയിലും
വാള്‍റ്റിംഗ് സ്റ്റ്രീറ്റിലും അവ ഇന്നും നിലനില്‍ക്കുന്നു.മണ്‍കോരികകള്‍,കൊയ്ത്തരിവാള്‍
ചെടി വെട്ടികള്‍,കൂന്താലികള്‍ എന്നിവയും അവര്‍ നിര്‍മ്മിച്ചു.ചുറ്റിക,മണ്‍ചിരാതുകള്‍,
ഓടിലും ഗ്ലാസിലും സ്വര്‍ണ്ണത്തിലും ആഭരണങ്ങള്‍ എന്നിവയും അവര്‍ തീര്‍ത്തിരുന്നു.
ലണ്ടന്‍,യോര്‍ക്ക്,ലിങ്കണ്‍,സെയിന്‍ റ്‌ ആല്‍ബന്‍സ് എന്നീ നഗരികള്‍ പണിയുകയും
അവ തമ്മില്‍ ആധുനികരീതിയിലുള്ള റോഡുകളാല്‍ ബന്ധിപ്പിക്കയും ചെയ്തു.മദ്ധ്യഭാഗം
ഉയര്‍ന്നും വശങ്ങളിലേക്കു ചാഞ്ഞും ഉള്ള റോഡുകളില്‍ കല്ലുകള്‍ പാകി ഉറപ്പാക്കി.
ഇരുവശങ്ങളിലും ഓടകളും നിര്‍മ്മിച്ചു.ആധുനിക അമേരിക്കന്‍ റോഡുകളുടെ കവലകള്‍
പോലെ 90 ഡിഗ്രിയില്‍ ആയിരുന്നു ഈ റോഡുകളുടെ ക്രോസ്സിംഗ്കള്‍.നഗരമദ്ധ്യത്തില്‍ ചന്തയും
ബസിലിക്കായും പള്ളിയും ക്ഷേത്രവും ടൗണ്‍ ഹാളും കുളിസ്ഥലവും(ബാത്ത്) അവര്‍ നിര്‍മ്മിച്ചു.
ബാത്തുകള്‍ നര്‍മ്മസംഭാഷണവും ചര്‍ച്ചകളും നടത്താനും പറ്റിയവ ആയിരുന്നു.ചെറിയ ഫീസ്
ഈടാക്കിയിരുന്നുവെങ്കിലും ബാത്ത് ഉപയോഗം കുട്ടികള്‍ക്ക് സൗജന്യമായിരുന്നു.തീയേറ്ററുകളും
നാടകശാലകളും അവര്‍ നിര്‍മ്മിച്ചു.ഗ്ലാഡിയേറ്റേര്‍സ് എന്ന ചാവേര്‍പടയുടെ പോരാട്ടം,കാളപ്പോര്‍,
കോഴ്പ്പോര്‍ എന്നിവ അവിടങ്ങളില്‍ അരങ്ങേറി.ഗ്രാമങ്ങളില്‍ വൃത്താകാരത്തിലുള്ള തടി വീടുകള്‍
നിര്‍മ്മിക്കപ്പെട്ടു.റോമന്‍ വില്ലകള്‍ വലുതും ആഡംഭരം നിറഞ്ഞവയും ആയിരുന്നു.വലിയ എസ്റ്റേറ്റുകളില്‍
നിര്‍മ്മിക്കപ്പെട്ട ഇവയ്ക്ക് മൊസൈക് തറകളും ചായം തേച്ച ഭിത്തികളും കണ്ണാടി ജനാലകളും
പതിവായിരുന്നു.നിരവധി കിടപ്പറകളും അടുക്കളകളും ഇവയ്ക്കുണ്ടായിരുന്നു.മുറിക്കടിയിലൂടെ
ചൂടുവെള്ളം ഒഴുകുന്ന കുഴലുകള്‍ പാകിയിരുന്നു.

പതനം
ആയിരക്കണക്കിനു പട്ടാളക്കാരെ റോമാ സാമ്രാജ്യത്തിനു തീറ്റിപോറ്റേണ്ടി വന്നിരുന്നു.ഏ.ഡി 280 മുതല്‍
സാക്സന്‍ കൊള്ളക്കാര്‍(അവര്‍ പിന്നീട് ജര്‍മന്‍ കാരായി)ബ്രിട്ടീഷ് തീരങ്ങളില്‍ ആക്രമണങ്ങള്‍ നടത്തിത്തുടങ്ങി.
വടക്കന്‍ ഭാഗത്താകട്ടെ പിക്റ്റ്സ് ഗോത്രക്കാര്‍ ശല്യം ചെയ്തുകൊണ്ടേ ഇരുന്നു.സാക്സണ്‍ ആക്രമണം തടയാന്‍
റോമാക്കാര്‍ നോര്‍പ്ലോക്സ് മുതല്‍ വൈറ്റ് ദ്വീപ് വരെ കടല്‍ത്തീരങ്ങളില്‍ കോട്ടകള്‍ നിര്‍മ്മിച്ചു.അവയില്‍
പലതും ഇന്നും നിലനില്‍ക്കുന്നു.നോര്‍ഫ്ലോക്സിലെ ബര്‍ കാസ്സില്‍ ഉദാഹരണം.അവയുടെ ചുമതലയ്ക്കായി
ഒരു കൗണ്ടിനെ നിയമിച്ചു.367 ല്‍ പിക്റ്റ്സ്,സാക്സണ്‍സ് എന്നിവരും വെയില്‍സ് പോരാളികളും ഒന്നിച്ചാക്രമണം
നടത്തിയതോടെ റോമാക്കാര്‍ പിന്മാറാന്‍ ഒരുക്കമായി.ഹാഡ്രിയന്‍ ഭിത്തി തകര്‍ക്കപ്പെട്ടു.കൗണ്ട് വധിക്കപ്പെട്ടു.
റോമന്‍ ജനറല്‍മാരുടെ ഇടയില്‍ ആരാകണം അടുത്ത ചക്രവര്‍ത്തി എന്നതിനെച്ചൊല്ലി തര്‍ക്കം ഉണ്ടായതും
ഈ അവസരത്തിലായിരുന്നു.വടക്കന്‍ യൂറോപ്പിലെ അപരിഷ്കൃത വര്‍ഗ്ഗവും റോമ്മായെ ആക്രമിക്കാന്‍ കോപ്പുകൂട്ടി.
അങ്ങനെ ബ്രിട്ടനില്‍ നിന്നും സൈന്യത്തെ തിരിച്ചു വിളിക്കാന്‍ റോമാസാമ്രാജ്യം നിര്‍ബന്ധിതമായി.406 ല്‍ പിന്മാറ്റം
പൂര്‍ണ്ണമായി.430 ആയപ്പോള്‍ റോമന്‍ നാണയം പിന്‍ വലിച്ചു.ഹാഡ്രിയന്‍ കയ്യാല സം രക്ഷണം കിട്ടാതെ തകര്‍ന്നു.
റോമന്‍ വില്ലകളും ബാത്തുകളും നശിച്ചു.അങ്ങനെ 400 വര്‍ഷത്തെ റോമന്‍ ആധിപത്യം അവസാനിച്ചു.

2009 ജൂൺ 18, വ്യാഴാഴ്‌ച

ഒരുവട്ടം കൂടി ഇംഗ്ലണ്ടില്‍.


ഒരുവട്ടം കൂടി ഇംഗ്ലണ്ടില്‍. ഇംഗ്ലണ്ടില്‍.
കഴിഞ്ഞവര്‍ഷം മാര്‍ച്ച് 18 മുതല്‍ മേയ് 17 വരെ രണ്ടുമാസ്സക്കാലം. വരുമ്പോള്‍ നല്ലതണുപ്പായിരുന്നു. നല്ല കാലവസ്ഥയായപ്പോള്‍ മടങ്ങി. ഈ വര്‍ഷം ജൂണ്‍ 13 മുതല്‍ മൂന്നു മാസം.വരുമ്പോള്‍ നല്ല കാലാവസ്ഥ. കോട്ടും കയ്യുറയും തൊപ്പിയും ഒന്നും വേണ്ട. കേരളീയ വേഷം ധാരാളം. ബ്രിട്ടനിലൂടെ സഞ്ചരിക്കുന്നതു ചരിത്രത്തിലൂടെ,പുരുഷാന്തരങ്ങളിലൂടെ സഞ്ചരിക്കുകയാണ്. 1959-60 കാലം.അക്കാലത്തെ സിക്സ്തു ഫോമില്‍ ഉപപാഠപുസ്തകമായി സാക്ഷാല്‍ മുണ്ടശ്ശേരി മാസ്റ്റര്‍ നല്‍കിയത് വയലാര്‍ രാമവര്‍മ്മയുടെ "പുരുഷാന്തരങ്ങളിലൂടെ" എന്ന യാത്രാവിവരണമായിരുന്നു.

ഏതോ സാഹിത്യസമ്മേളനത്തില്‍ പങ്കെടുക്കാന്‍ മൂന്നോനാലോ ദിവസം വയലാര്‍ ഡല്‍ഹിയിലും ആഗ്രയിലും മധുരയിലും ചെലവഴിച്ചതിനെ തുടര്‍ന്നെഴുതിയ വിവരണം. ഡല്‍ഹി ചരിത്രത്തിലേക്കുള്ളഒരു വിഹഗ വീക്ഷണം.പദ്യമോ ഗദ്യമോ എന്നു വേര്‍തിരിക്കാന്‍ പറ്റാത്ത അതിമനോഹര ശൈലി. നിരവധി വര്‍ഷം പുസ്തകം മുഴുവന്‍ കാണാതെ അറിയാമായിരുന്നു. ഇപ്പോള്‍ എല്ലാം മറന്നു.

ദല്‍ഹിയുടെ ചരിത്രം യുദ്ധങ്ങളുടെയും കൊള്ളയടിക്കലുകളുടെയും മാത്രമെങ്കില്‍ ബ്രിട്ടന്‍റെ ചരിത്രം അതിനു പുറമേ മറ്റു പലതും കൂടിയാണ്. നൂറുകണക്കിന് സാഹിത്യകാരന്മാരുടെ,അവരുടെ സ്മാരകങ്ങളുടെ ചരിത്രം, നിരവധി ശാസ്ത്രജ്ഞരുടെ ചരിത്രം,അവരുടെ കണ്ടു പിടുത്തങ്ങളുടെ ചരിത്രം, വ്യാവസായിക വളര്‍ച്ചയുടെ ചരിത്രം,പ്ലേഗ്(ബ്ലാക് ഡത്ത്)കോളറാ തുടങ്ങിയ പകര്‍ച്ചവ്യാധികളുടെ ചരിത്രം, കോളനി വാഴ്ച്ച, പാര്‍ലമെന്‍ററി ജനാധിപത്യം,കമ്മൂണിസം പോലുള്ള തത്വസംഹിതകളുടെ ചരിത്രം, ആധുനിക ചികില്‍സയുടെ ചരിത്രം,ശസ്ത്രക്രിയകളുടെ ചരിത്രം,ടെസ്റ്റ്യൂബ് ശിശു എന്നിങ്ങനെഎത്രയോ വിപുലമാണ് ബ്രിട്ടീഷ് ചരിത്രം. ഇന്ത്യയിലേക്കു വന്നു നമ്മളെ ദ്രോഹിച്ചവരും സഹായിച്ചവരും (ഏ.ഓ.ഹ്യൂം,ബ്രിസ്റ്റോ,ബേക്കര്‍,മര്‍ഫി,ഡോ.സോമര്‍വെല്‍, ഏ.എഫ്.പെയിന്‍റര്‍,നേപ്പിയര്‍)ആയ നിരവധി യൂറോപ്യരുടെ ചരിത്രം പിന്നെയും കിടക്കുന്നു. ഞാനോര്‍ക്കയാണ്, വയലാറിനെപ്പോലെ സര്‍ഗ്ഗധനനായ ഒരെഴുത്തുകാരനായിരുന്നുവെങ്കില്‍ ബ്രിട്ടനെക്കുറിച്ച് എത്രയോ വാള്യങ്ങള്‍ എഴുതുവാന്‍ എനിക്കു കഴിഞ്ഞേനെ.

പ്രാചീന ശിലായുഗത്തിലെന്നോ നിര്‍മ്മിക്കപ്പെട്ടെന്നു കരുതപ്പെടുന്ന സ്റ്റോണ്‍ഹെഞ്ച് മുതല്‍ സ്പേസ് യുഗത്തിലെ ഏഡന്‍ പ്രോജക്ട് വരെ നൂറുനൂറു കാഴ്ചകളാണ് ബ്രിട്ടനില്‍ സന്ദ്രശകരെ കാത്തു കഴിയുന്നത്. 2012 ലെ ഒളിമ്പിക്സിനു വേണ്ടി ലണ്ടന്‍ നഗരിയും ഇംഗ്ളണ്ടും ഒരുക്കം തുടങ്ങിക്കഴിഞ്ഞു.മാഞ്ചസ്റ്റര്‍,ലീഡ്സ്,ന്യൂകാസ്സില്‍ എന്നീ പ്രാചീന നഗരികളും വന്‍പരിവര്‍ത്തനത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു. പുതുപുത്തന്‍ കെട്ടിടസമുച്ചയങ്ങള്‍,ഹൈപ്പര്‍മാര്‍ട്ടുകള്‍,മ്യൂസിക് ക്ലബ്ബുകള്‍ എന്നിവ ദിവസേന പ്രത്യക്ഷപ്പെടുന്നു.ഇംഗ്ലണ്ടിലെത്തിയാല്‍കൂടുതല്‍ കൂടുതല്‍ സ്ഥലങ്ങള്‍ കാണുന്നതിലും താല്‍പര്യം തോന്നുക കണ്ടസ്ഥലങ്ങളെക്കുറിച്ചു കൂടുതല്‍ പഠിക്കാനാണെന്ന ലോണ്‍ലിപ്ലാനറ്റ് പരാമര്‍ശം ശരിയാണെന്നാണനുഭവം.

പെട്ടെന്നു പെട്ടെന്നു മാറുന്ന കാലാവസ്ഥയാണ് ഇംഗ്ലണ്ടില്‍. ഒരു നിമിഷം നല്ല കാലാവസ്ഥയെങ്കില്‍ അടുത്ത നിമിഷം അതു മോശമാകാം. ഏപ്രില്‍മാസം രാവിലെ തെളിഞ്ഞ ആകാശമായിരിക്കാം.ടി.ഷര്‍ട്ടുമായി വെളിയിലേക്കു പോകാമെന്നു തീരുമാനിച്ചാല്‍ ദുഖിക്കേണ്ടി വരാം.ഉച്ചയാകുമ്പോള്‍ ആകാശം കറക്കും.ഉച്ചകഴിയുമ്പോള്‍ മഴ പൊഴിയാം.വകുന്നേരം മഞ്ഞുമഴയും. ജൂണ്‍-ആഗസ്റ്റ് മാസങ്ങളിലെ സമ്മര്‍ മഴകുറഞ്ഞ കാലം.എന്നാല്‍ കാര്‍മേഘം ഇടയ്ക്കിടെ പ്രത്യക്ഷമായെന്നു വരും.നവംബര്‍-ഫെബ്രുവരി കാലത്തെ വിന്‍ററില്‍ മഞ്ഞു മഴകള്‍ക്കിടയില്‍ ഇടയ്ക്കിടെ ആകാശം പുഞ്ചിരിക്കും. മാര്‍ച്ച് -മേയ് കാലത്തെ സ്പ്രിംഗ്,സെപ്റ്റംബര്‍-ഒക്ടോബര്‍ കാലത്തെ ഓട്ടം എന്നിവയാണ് നമ്മെപ്പോലുള്ള സഞ്ചാരികള്‍ക്കു നല്ലത്. തെക്കും വടക്കും തമ്മില്‍ കാലാവസ്ഥയില്‍ വലിയ വ്യത്യാസം കാട്ടും.യാത്രമധ്യേ എന്തിനും തയ്യാറായിരിക്കണം. മഴക്കോട്ടും,അതു പൊതിഞ്ഞ് സൂക്ഷിക്കാനുള്ള ബാഗും കോട്ടും തൊപ്പിയും കയ്യുറകളും എപ്പോഴും കരുതണമെന്നു ചുരുക്കം.