2009, ഫെബ്രുവരി 27, വെള്ളിയാഴ്‌ച

ആനന്ദം: ഒരു ചരിത്രപഠനം

പണ്ടേക്കുപണ്ടേ നാം അന്വേഷിച്ചുനടന്നിരുന്നതാണ് ആനന്ദം.
കാട്ടിലും കോവിലിലും കൊട്ടാരത്തിലും കളിസ്ഥലത്തുംഒന്നൊഴിയാതെ
എല്ലാവരും എപ്പോഴും തിരക്കിക്കൊണ്ടിരിക്കുന്നതും അതുതന്നെ.
ഇയ്യിടെയായി പാശ്ചാത്യചിന്തകര്‍ ആനന്ദത്തിന്റെ സ്വഭാവത്തെപ്പറ്റി
മാത്രമല്ല, അതിന്റെ ചരിത്രത്തെപ്പറ്റിയും പഠനം തുടങ്ങിയിരിക്കുന്നു.

റിച്ചര്‍ഡ് ലയാര്‍ഡ് എന്നൊരു ധനശാസ്ത്രപ്രൊഫസറാണെന്നു തോന്നുന്നു
ആദ്യമായി ഒരു ആനന്ദപഠനം ഒരുക്കിയത്. ധനം കൂടുതല്‍ കിട്ടുന്നതുകൊണ്ട്
ആനന്ദം കൂടുകയില്ലെന്നു സമര്‍ഥിക്കാന്‍അദ്ദേഹത്തിന് ഒരു പുസ്തകം തന്നെ
വേണ്ടിവന്നു. അത്യാവശ്യമെല്ലാം നടക്കുമെന്നുവന്നാല്‍, പിന്നീടു കൈവരുന്ന
പണംകൊണ്ട് പഴയ അനുപാതത്തില്‍ ആനന്ദം ഉണ്ടാകുന്നില്ല എന്ന് ലയാര്‍ഡ്
തികഞ്ഞ ബുദ്ധിവ്യായാമത്തോടെ തെളിയിക്കുന്നു. ആ ജനുസ്സില്പെട്ട പുസ്തകങ്ങള്‍
വേറെയും കുറെ വന്നിട്ടുണ്ട്. ഇപ്പോഴിതാ സര്‍ കീത് തോമസ് എന്ന ഒരു ചരിത്രകാരന്‍
ആധുനിക ഇംഗ്ലണ്ടിന്റെ ആദ്യകാലത്ത് ആനന്ദസങ്കല്പം എന്തായിരുന്നു എന്നതിനെപ്പറ്റി
ഒരു പുസ്തകവുമായി എത്തിയിരിക്കുന്നു.

സുവിശേഷത്തില്‍ പരിശുദ്ധ പൌലോസ് പറയുന്നത് ധര്‍മം ആണ് ആനന്ദം എന്നത്രേ.
സ്നേഹം ആണ് ആനന്ദം എന്ന് വേറെ ചിലര്‍. സ്നേഹമാണഖിലസാരമൂഴിയില്‍ എന്ന് പറഞ്ഞ
ആശാനും അവരില്‍ പെടും. അദ്ദേഹത്തിനുമുമ്പ് നാരായണഗുരു പാടിയിരുന്നു,
അവനവനാത്മഗുണത്തിനാചരിക്കു-
ന്നവയപരന്നുഗുണത്തിനായ് വരേണം.

ആനന്ദം അങ്ങനെ അന്വേഷിച്ചുപോയപ്പോള്‍, ചിലപ്പോള്‍ മാത്രം
നര്‍മ്മം ചേര്‍ത്തെഴുതുന്ന വൈലോപ്പിള്ളിയുടെ ഈ ശ്ലോകം കണ്ടെത്തി:

ഹാ കഷ്ടം! നരജീവിതം ദുരിതമീ ശോകം മറക്കാന്‍ സുഖോ-
ദ്രേകം ചീട്ടുകളീക്കയാം ചിലര്‍, ചിലര്‍ക്കാകണ്ഠപാനം പ്രിയം,
മൂകം മൂക്കിനുനേര്‍ക്കു കാണ്മു ചിലരിന്നേകം ശിവം സുന്ദരം,
ശ്ലോകം ചൊല്ലിയിരിപ്പു ഞങ്ങള്‍ ചിലരീ ലോകം വിഭിന്നോത്സവം.

2009, ഫെബ്രുവരി 21, ശനിയാഴ്‌ച

യുദ്ധത്തിന്റെ ചിരി


ക്രിസ്തുവിനുമുമ്പ് മൂന്നാം നൂറ്റാണ്ടില്‍, ടരേണ്ടം എന്ന യവനനഗരത്തില്‍
റോമന്‍ ദൌത്യസംഘവും നാട്ടുകാരും തമ്മില്‍ സമധാനസംഭാഷണം
നടക്കുകയായിരുന്നു. റോമയുടെ മുഖ്യസ്ഥാനപതി ആയിരുന്നു പോസ്റ്റുമിയസ്.
അദ്ദേഹത്തിന്റെ ഗ്രീക് ഭാഷാസ്വാധീനം തീരെ കുറഞ്ഞതായിരുന്നു. ഉച്ചാരണം
വളരെ വളരെ മോശം. അതുകേട്ട് ടരേണ്ടം നിവാസികള്‍ ഊറിച്ചിരിച്ചു.
റോമന്‍ സ്ഥാനപതി കുപിതനായി.

റോമന്‍ വേഷവിധാനത്തെയും യവനര്‍ പരിഹസിച്ചു. പുഛം ഏറിയ ഒരാള്‍
ഒരു സ്ഥാനപതിയുടെ ഉടുപ്പില്‍ മലം വാരിയെറിഞ്ഞ് ആര്‍ത്തുചിരിച്ചു. പോസ്റ്റുമിയസ്
കൂടുതല്‍ ക്രുദ്ധനാ‍യി. അദ്ദേഹം പറഞ്ഞു:

“ചിരിക്കുക. ചിരിക്കാന്‍ ആകുമ്പോള്‍ ചിരിക്കുക.
കാരണം, നിങ്ങള്‍ക്ക് ഏറെ കരയാനുള്ള നേരം ഇതാ വരുന്നു.”

എത്രയോ കാലം നീണ്ടുനിന്ന യുദ്ധത്തിന്റെ--വേദനയുടെയും
രോദനത്തിന്റേയും--നാന്ദി ആയിരുന്നു ആ യവനഹാസം.
വേറൊരു രീതിയില്‍ പറഞ്ഞാല്‍, ഹാസവും പരിഹാസവുമാകുന്നു
യുദ്ധത്തിന്റെ കാരണം.

സമാന്തരമായ ഒരു ഇന്ത്യന്‍ കഥ. ധര്‍മപുത്രന്റെ രാജസൂയത്തിനെത്തിയ
ദുര്യോധനെ കൃഷണന്‍ വിഡ്ഢിയാക്കി. സ്ഥലജലഭ്രമം പിടിപെട്ട ദുര്യോധനന്‍
മുണ്ട് പൊക്കി മണ്ടനെപ്പോലെ രാജസഭയില്‍ തെറിച്ചുനടന്നു. എല്ലാവരും
ചിരിച്ചു. അവരില്‍ പാഞ്ചാലിയുടെ ചിരി കൂടുതല്‍ മുഴങ്ങിക്കേട്ടു. ദുര്യോധനന്
ഏറ്റവും ദുസ്സഹമായതും അതായിരുന്നു.

ആ ചിരിയും കളിയാക്കലുമായിരുന്നില്ലേ കുരുക്ഷേത്രയുദ്ധത്തിന്റേയും നിദാനം?

2009, ഫെബ്രുവരി 16, തിങ്കളാഴ്‌ച

യാത്ര


ഇത് നീണ്ട യാത്രകളുടെ കാലമാകുന്നു.
യാത്ര പഴയ ഒരു പാരമ്പര്യം ആയതുകൊണ്ടാകാം
എല്ലാ യാത്രികരും അവരുടെ വ്യായാമത്തെ
നവമെന്ന് , പുതിയതെന്ന്, വിളിക്കുന്നു.
ചിലരുടേത് നവകേരളമാണെങ്കില്‍,
ചിലരുടേത് നവസന്ദേശമാണെന്നു മാത്രം.
യാത്ര തീരുമ്പോള്‍ സന്യാസം തുടങ്ങുമോ
എന്നാണെന്റെ ഇപ്പോഴത്തെ രസകരമായ ചിന്ത.
പണ്ടൊക്കെ നീണ്ട ഒരു യാത്ര കഴിഞ്ഞാലേ സന്യാസംതുടങ്ങാറുള്ളൂ.
പരിവ്രാജകര്‍ പൂര്‍ണ്ണസന്യാസിമാര്‍ ആയി മാറുന്നു.
താരതമ്യേന പ്രായം കുറഞ്ഞ മുരളീധരനും രമേശും
അല്പം കൂടി പ്രായമായ വിജയനും സന്യസിക്കുമെന്നോ?
ഞാന്‍ വിശ്വ്വസിക്കുന്നില്ല. യാത്ര കഴിഞ്ഞാല്‍ അവര്‍ക്കു
കയറ്റമാകും. കയറ്റമേ ഉള്ളു, ഇറക്കമില്ല, വേണ്ട.

2009, ഫെബ്രുവരി 15, ഞായറാഴ്‌ച

അപകടകാരിയായ ജനിതകമാറ്റം വരുത്തിയ വഴുതനയെ തിരിച്ചറിയൂ

അപകടകാരിയായ ജനിതകമാറ്റം വരുത്തിയ വഴുതന കൃഷിവ്യാപനത്തിലൂടെ ജനത്തിന്റെ ആരോഗ്യത്തിന് ഭീഷണിയാകുന്നു എന്ന പഠന റിപ്പോര്‍ട്ടുകള്‍ അവഗണിച്ചുകൊണ്ട് നടപ്പിലാക്കുന്ന കൃഷിയെ എന്തു വിലകൊടുത്തും ചെറുത്ത് തോല്പിക്കേണ്ട അവസരമാണിത്. Iamnolabrat എന്ന വെബ് സൈറ്റ് കൂടുകല്‍ വിവരങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നുണ്ട്.
ജിഎം പരുത്തി കൃഷിചെയ്തിരുന്ന സ്ഥലത്ത് മേഞ്ഞു നടന്ന കാലികള്‍ ചാകാനിടയായത് നാം കണ്ടതാണ്. അതോപോലെ ലോകമെമ്പാടും പല നിരീക്ഷണ ഫലങ്ങളും വെളിയില്‍ വരുന്ന സമയത്താണ് ഭാരതത്തില്‍ പ്രസ്തുത കൃഷി വ്യാപനത്തിനുള്ള നീക്കം നടക്കുന്നത്. നമ്മുടെ തനതായ വിവിധ ഇനം വഴുതനകളെ നശിപ്പിക്കുവാനുതകുന്ന ഈ ജനിതകമാറ്റം വരുത്തിയ കൃഷി മനുഷ്യനിലും പക്ഷിമൃഗാദികളിലും മണ്ണിലും ദോഷമാണെന്നറിഞ്ഞിട്ടും ഇത്തരത്തിലൊരു നീക്കം അപലപനീയം തന്നെയാണ്.
എങ്ങിനെയാണ് നമുക്ക് ജനിതകമാറ്റം വരുത്താത്ത ഭക്ഷ്യ വസ്തുക്കള്‍ തെരഞ്ഞെടുക്കാം എന്നത് ആംഗലേയത്തിലുള്ള ഒരു പിഡിഎഫ് ഫയല്‍ ആയി വായിക്കാം.
ഇവ ആരോഗ്യത്തിന് അപകടമാണോ എന്ന ചില ആംഗലേയ ചോദ്യോത്തരങ്ങള്‍ ഇവിടെ കാണാം.
കേന്ദ്ര മന്ത്രി ഡോ. അന്‍പുമണി രാംദാസ്


ഇത് പ്രൈം ടൈം വാര്‍ത്ത

2009, ഫെബ്രുവരി 13, വെള്ളിയാഴ്‌ച

കണ്ണനും കൻഹനും കൃഷ്ണനും

കണ്ണൻ [മലയാളം] കൻഹ [പ്രാകൃതം] കൃഷ്ണ [ സംസ്കൃതം] അതോ കൃഷ്ണ , കൻഹ, കണ്ണൻ - ഈ പരിണാമ പ്രക്രിയയിൽ എതാണ് ശരി എന്നത് വേണമെങ്കിൽ ഒരു ബുദ്ധി വിനോദമായി കണക്കാക്കാമെങ്കിലും ഇവിടെ തികച്ചും അപ്രസക്തമാണ്. നമുക്ക് കേരളീയർക്ക് ‘കണ്ണൻ തന്നെ യാണ് പ്രധാനം. ‘കണ്ണ്’ നാമരൂപവും ‘കാണുക‘ എന്ന ക്രിയാപദവും മലയാളത്തിനും തമിഴിനും സ്വന്തമാണ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷകളിൽ ഇതേ അർത്ഥമുള്ള,ശബ്ദ സാമ്യമുള്ള പദങ്ങൾ ഉണ്ട് എന്നത് യാദൃശ്ചികമല്ല. ഉദാഹരണത്തിന് ലാറ്റിൻ പദമായ ഗ്നാരസ്സ് [gnarus] ഗ്രീക്കുപദമയ ഗ്നോ-നൈ [gno-nai] സംസ്കൃത പദമായ ജ്നാന [gnana] ഇംഗ്ലീഷ് പദമായ കെൻ [ken meaning to know, to perceive ] ഗോഥിക്ക് [old English] ഭാഷയിൽ cunnan മോഡേൺ ഇംഗ്ലീഷിൽ know ഇവ ശ്രദ്ധിക്കുക. കണ്ണുകൾ വെറുതെ കാണാൻ മാത്രമല്ല ജ്ഞാനം നേടാനുള്ള ഏറ്റവും ശക്തമായ ഉപകരണമായി വേണം കരുതാൻ. എല്ലാം കാണുന്ന, അറിയുന്ന കണ്ണൻ ജ്ഞാനത്തിന്റെ പര്യായമാണ്, ആത്മീയ തേജസ്സ് ആണ്.പ്രപഞ്ചപൌരത്വമുള്ള കണ്ണനെ കണ്ണൻ എന്നല്ലാതെ മറ്റെന്തു പേരു പറഞ്ഞാണ് വിളിക്കുക?. “ഞങ്ങടെ മാർക്സിനേക്കാൾ വലിയവനാണോ ഈ കണ്ണൻ?” നമ്മുടെ കേരളത്തിൽ ഈ ചോദ്യം പ്രതീക്ഷിക്കാവുന്നത് തന്നെ. ഉത്തരം ഒന്നേയുള്ളു: “ശരീരം നശ്വരമാണ് , ആത്മാവ് അനശ്വരവും”

ഞങ്ങളെ പരിചയപ്പെടുത്തുന്നു

ഗൂഗിള്‍ ഡോക്സിലൂടെ പരിപാലിക്കപ്പെടുന്ന ഒരു പോസ്റ്റാണിത്. കൊളോബറേറ്റേഴ്സിന് ഈ പോസ്റ്റ് പരിപാലനത്തില്‍ പങ്കാളിയാകുവാന്‍ സാധിക്കും. അവരവരെക്കുറിച്ചുള്ള കാര്യങ്ങള്‍ അവരവര്‍ രേഖപ്പെടുത്തുന്നതോടൊപ്പം ഗൂഗിള്‍ ഡോക്സിലൂടെ എപ്രകാരമാണ് ബ്ലോഗ് പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത് എന്ന് കണ്ട് മനസിലാക്കുകയും ചെയ്യാം.

കേരളഫാര്‍മര്‍
ഞാന്‍ 60 വയസുള്ള ഒരു വിമുക്തഭടനും കര്‍ഷകനുമായ ചന്ദ്രശേഖരന്‍ നായര്‍ ആണ്. അതിനാല്‍ത്തന്നെ കൂടുതലായും കാര്‍ഷിക വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നു. തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ പേയാട് പോസ്റ്റാഫീസ് പരിധിയില്‍ പെരുകാവ് എന്ന സ്ഥലത്ത് താമസിക്കുന്നു.


ഞാന്‍ വി.കെ എം നായര്‍. 34 വര്‍ഷത്തെ അദ്ധ്യാപനവൃത്തി. റിട്ടയേഡ് ആയിട്ട് ഒരുദശാബ്ദത്തില്‍ ഏറെ ആയി.ഇപ്പോള്‍ അല്പ സ്വല്പവായനയും എഴുത്തും കുറച്ച് യാത്രകളുമായി സമയം ചിലവഴിക്കുന്നു.പലക്കാട് വടക്കുംതറയില്‍ ഹരിശ്രീകോളനിയില്‍ താമസ്സം.


ഗ്രാമീണന്‍

ഞാന്‍ ഡാനിയല്‍ ജോര്‍ജ്ജ്. വയസ് 61. മുപ്പത്തിയാറു വര്‍ഷത്തെ ഗവര്‍മെന്റ് സര്‍വ്വീസിനു (മൃഗസംരക്ഷണവകുപ്പില്‍) ശേഷം ഇപ്പോള്‍ വിശ്രമജീവിതം. വീട് ആലപ്പുഴ ജില്ലയിലെ മാവേലിക്കരയില്‍.



2009, ഫെബ്രുവരി 12, വ്യാഴാഴ്‌ച

യയാതിപുരം

അന്‍പത് വയസിന് മുകളിലുള്ള മലയാളം ബ്ലോഗേഴ്സിനായി ഒരു ചങ്ങാതിക്കൂട്ടം - അതാണ് ‘യയാതിപുരം. ’ മലയാളത്തില്‍ ദിനംപ്രതി വര്‍ദ്ധിക്കുന്ന ബ്ലോഗുകളുടെ എണ്ണവും അതിനോടൊപ്പം ഈ രംഗത്തേക്കു വരുന്ന മുതിര്‍ന്നവരായ ബ്ലോഗരമാരേയും നാം കാണുന്നുണ്ട് - പ്രായം കൊണ്ട് മുതിര്‍ന്നവരെങ്കിലും, മനസ്സില്‍ ഇന്നും യൌവനം സൂക്ഷിക്കുന്നവര്‍. പല നവാഗത വയോജകരും പ്രസിദ്ധീകരിക്കുന്ന ബ്ലോഗുകളുടെ വായനയും പ്രതികരണവും വളരെ കുറവാണ് എന്നതാണ് വാസ്തവം. അതുകൊണ്ട് ബ്ലോഗെഴുത്ത് ഉപേക്ഷിച്ച് പിന്‍‌വലിയുന്നവരും ധാരാളം.

അതിലൊരു മാറ്റമുണ്ടാക്കുവാനും ഇവരെ പരസ്പരം ബന്ധിപ്പിക്കുവാനും ഉള്ള ഒരെളിയ ശ്രമമായി ഈ ചങ്ങാതിക്കൂട്ടത്തെ കണക്കാക്കുക. ഈ കൂട്ടായ്മയില്‍ അംഗമാകുവാനുള്ള ഏക നിബന്ധന അന്‍പത് വയസ് പൂര്‍ത്തിയാക്കിയിരിക്കണം എന്നത് മാത്രമാണ്.

നിര്‍‌ദ്ദേശങ്ങള്‍ക്കും പരിഷ്കാരങ്ങള്‍ക്കുമായി ഈ ബ്ലോഗ് സമര്‍പ്പിക്കുന്നു. ഇവിടുത്തെ അംഗങ്ങള്‍ക്ക്‌ വ്യത്യസ്തവിഷയങ്ങളിലുള്ള വീക്ഷണങ്ങള്‍ ഇവിടെത്തന്നെ ഒരു പോസ്റ്റിലൂടെ പങ്കുവയ്ക്കാവുന്നതാണ്. വിശ്രമജീവിതത്തിനിടയില്‍ വായനക്കായി ധാരാളം സമയമുള്ളവരാണ് നിങ്ങളില്‍ പലരും. നിങ്ങളുടെ ബ്ലോഗ്‌ വായനയ്ക്കിടയില്‍ കണ്ടെത്തിയ നല്ല നല്ല പോസ്റ്റുകളുടെ ഒരു ചെറുവിവരണവും ലിങ്കും തയ്യാറാക്കി ബൂലോകരെ അറിയിക്കാം, ഇവിടെ നിങ്ങള്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുവാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ ബ്ലോഗില്‍ നിങ്ങള്‍ പുതിയതായി പോസ്റ്റു ചെയ്ത കാര്യങ്ങളുടെ ഒരു സംക്ഷിപ്തം ഇവിടെ അവതരിപ്പിച്ച്‌ അവയുടെ ഒറിജിനല്‍ പോസ്റ്റിലേക്കുള്ള ലിങ്കുകള്‍ നല്‍കുകയുമാവാം.

ഇതോടൊപ്പം തന്നെ യായാതിപുരത്തിലെ അംഗങ്ങള്‍ക്കായി ഒരു ഗൂഗിള്‍ ഗ്രൂപ്പും ആരംഭിച്ചിരിക്കുന്നു. ഈ ഗ്രൂപ്പില്‍ നിങ്ങള്‍ അംഗമായതിനു ശേഷം നിങ്ങളുടെ ബ്ലോഗില്‍ നിന്നുള്ള കമന്റുകള്‍, ഈ ബ്ലോഗില്‍ നിന്നുള്ള കമന്റുകള്‍, പൊതു താല്‍പര്യമുള്ള വിഷയങ്ങളില്‍ ഇ-മെയിലുകള്‍ തുടങ്ങിയവ ചങ്ങാതിക്കൂട്ടത്തിലെ അംഗങ്ങളൂമായി പങ്കുവയ്ക്കാവുന്നതുമാണ്‌.

‘ചങ്ങാതിക്കൂട്ടം‘ എന്ന ആശയത്തിനര്‍ത്ഥം, ഇതിലെ അംഗങ്ങള്‍ പൊതുധാരാ ബ്ലോഗുകളില്‍ നിന്ന് വേറിട്ട് രാഷ്ട്രീയപാര്‍ട്ടികളിലെ ഗ്രൂപ്പുകള്‍ പോലെ നില്‍ക്കും എന്നല്ല. ഇതിലെ എല്ലാ അംഗങ്ങള്‍ക്കും അവരവരുടെ ബ്ലോഗുകള്‍ സ്വന്തമായി നിലനിര്‍ത്തിക്കൊണ്ടുതന്നെ ഈ ക്ലബില്‍ ഒരു അംഗമായി കൂടുകയും, അതുവഴി അവരുടെ സുഹൃദ്സംഘം കുറേക്കൂടി വിപുലമാക്കുകയും ചെയ്യാം എന്നതുമാത്രമാണ് ഇതിന്റെ ഉദ്ദേശം.

ഈ ബ്ലോഗില്‍ അംഗങ്ങളാകുവാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട വിലാസം - elderskerala@gmail.com. നിങ്ങളുടെ ഇ-മെയിലിലേക്ക്‌ ഒരു ഇന്‍വിറ്റേഷന്‍ ഞങ്ങള്‍ അയച്ചു തരുന്നതായിരിക്കും. അത്‌ ആക്സെപ്റ്റ്‌ ചെയ്യുക. ഗ്രൂപ്പ്‌ ബ്ലോഗുകള്‍ എന്നാലെന്തെന്നും അവയില്‍ അംഗങ്ങളാകുന്നതിന്റെ സ്റ്റെപ്പുകള്‍ എന്തൊക്കെയെന്നും സംശയങ്ങളുള്ളവര്‍ ഈ പോസ്റ്റ് വായിച്ചു നോക്കുക.