2009, ഏപ്രിൽ 9, വ്യാഴാഴ്‌ച

ഗര്‍ഭപാത്രത്തിനു വെളിയില്‍ വളര്‍ന്ന സ്വപ്ന



ഗര്‍ഭപാത്രത്തിനു വെളിയില്‍ വളര്‍ന്ന സ്വപ്ന

അണ്ഡവാഹിനിക്കുഴലുകളിലെ ഗര്‍ഭധാരണം വിരളമല്ല.
TUBAL PREGNANCY
അള്‍ട്രാസൗണ്ട് പര്‍ശോധന പ്രചാരത്തിലാവും മുമ്പ്
ഇത്തരം ഗര്‍ഭധാരണം ആരംഭത്തില്‍ തന്നെ കണ്ടെത്തിയിരുന്നില്ല.
പലപ്പോഴും അണ്ഡവാഹിനിക്കുഴല്‍ പൊട്ടി ഉദരത്തില്‍
രക്തസ്രാവം ഉണ്ടായി, അവശനിലയില്‍
മരണാസന്ന, ആയിട്ടായിരുന്നു മുന്‍ കാലങ്ങളില്‍ ഇത്തരം കേസുകള്‍
ആശുപത്രികളില്‍ എത്തിയിരൂന്നത്.

നിരവധി ഗര്‍ഭിണികള്‍ ഇക്കാരണത്താല്‍
മരണമടഞ്ഞിരുന്നു.പലപ്പോഴും ഉദരത്തിനുള്ളില്‍ 3-4 കുപ്പി കട്ടപിടിക്കാത്ത
രക്തം കാണും.അതെടുത്തു തുണിയില്‍ അരിച്ചു രോഗിക്കു തന്നെ മുന്‍ കാലങ്ങളില്‍
കൊടുത്തിരുന്നു.ഓട്ടോ ട്രാന്‍സ്ഫൂഷന്‍ എന്നു പറയും.
വൈക്കം,പാലാ,ചേര്‍ത്തല,പത്തനംതിട്ട എന്നീ സര്‍ക്കാര്‍ ആശുപത്രികളില്‍
സേവനം അനുഷ്ടിക്കുന്ന 74- 84 കാലഘട്ടത്തില്‍ ഇത്തരം ചികില്‍സയിലൂടെ നിരവധി
യുവതികളെ രക്ഷപെടുത്താന്‍ ഈ ബ്ലോഗര്‍ക്കു കഴിഞ്ഞിരുന്നു.
എയിഡ്സ് രോഗവും പുതിയ രക്തബാങ്ക് നിയമങ്ങളും വന്നതോടെ
ഓട്ടോ ട്രാന്‍സ്ഫ്യൂഷന്‍ നിയമവിരുദ്ധമാക്കി.

1977 ല്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ ജോലി നോക്കുമ്പോള്‍
കൈകാര്യം ചെയ്ത അത്യപൂര്‍വ്വമായ ഒരു കേസ്, ഒരു കാലത്തും
മറക്കാന്‍ കഴിയില്ല.അത്തരം ഒരു കേസ് എനിക്കെന്നല്ല മറ്റൊരു ഗൈനക്കോളജിസ്റ്റിനും
ഇനി കാണുവാനും കൈകാര്യം ചെയ്യാനും കഴിയില്ല എന്നു തീര്‍ത്തു പറയാം.
ഗര്‍ഭപാത്രത്തിനു വെളിയില്‍ വളര്‍ന്ന പൂര്‍ണ്ണ വളര്‍ച്ചയെത്തിയ
ഒരു പെണ്‍കുഞ്ഞിനെ ജീവനോടെ രക്ഷിച്ചെടുക്കാന്‍ കഴിഞ്ഞ
അത്യപൂര്‍വ്വ കേസ്.സ്വപ്ന ആ കുഞ്ഞ് ഇന്ന്‍ ഒന്നോ അധിലധികമോ
കുട്ടികളുടെ അമ്മ ആയിക്കാണണം.

1977 മെയ് 14.വൈക്കം ബസ്റ്റാന്‍ഡിനു സമീപം താമസ്സിച്ചിരുന്ന
32കാരി സരസമ്മയെ
പ്രസവത്തിനായി സഹപ്രവര്‍ത്തക ഡോ.രാജലക്ഷ്മി അഡ്മിറ്റ് ചെയ്തു.
രണ്ടാം വിവാഹം ആയിരുന്നുസരസമ്മയുടേത്.ആദ്യവിവാഹം 16 വര്‍ഷം മുമ്പ്.
7 കൊല്ലം ഗര്‍ഭിയായതേ ഇല്ല. ചികിസയെ തുടര്‍ന്നു
ഗര്‍ഭിണിയായി.ഒരു കുഞ്ഞിനെ പ്രസവിച്ചു.എന്നാല്‍ രണ്ടാം വയസ്സില്‍ കുട്ടി മരിച്ചു.
3 കൊല്ലത്തിനു ശേഷം
വിവാഹം വേര്‍പെട്ടു. 1974 ല്‍ പുനര്‍വിവാഹിതയായി.
രണ്ടു വര്‍ഷത്തിനു ശേഷം ഗര്‍ഭിണിയായി.

ഏപ്രില്‍ 24 നോടടുത്തു പ്രസവിക്കും എന്നായിരുന്നു കണക്കു കൂട്ടല്‍.
എന്നാല്‍ 14 ദിവസം കൂടി കഴിഞ്ഞിട്ടും പ്രസവ് ലക്ഷണങ്ങള്‍ ഒന്നും കണ്ടില്ല.
അക്കാലത്തു സ്കാനിംഗ് പ്രചാരത്തില്‍ ആയിട്ടില്ല. ചില ലക്ഷണങ്ങള്‍ വച്ച് ഗര്‍ഭം
ഗര്‍ഭാശയത്തിനു വെളിയില്‍ എന്നു സംശയിക്കപ്പെട്ടു.
വയര്‍ കീറി കുട്ടിയെ എടുക്കാന്‍ തീരുമാനമായി.
(കുഞ്ഞുണ്ണി മാഷ് പറയുമ്പോലെ പേറിനു പകരം കീര്‍)

വളരെ അപൂര്‍വ്വകേസായതിനാല്‍ അടുത്തുള്ള സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറെ വിളിച്ചായിരുന്നു
ശസ്ത്രക്രിയ.അന്നു വീഡിയോകളില്ല.പരിചയമില്ലാത്ത ഫോട്ടൊഗ്രാഫര്‍ ആയതിനാല്‍
ശസ്ത്രക്രിയക്കു പകരം ശസ്ത്രക്രിയ ചെയ്യുന്നവരുടെ ഫോട്ടോ ആണെടുത്തതില്‍ ഏറെയും.
പിന്നെ അപൂര്‍വ്വമായി കിട്ടിയ ചിലത് എന്‍ ലാര്‍ജ് ചെയ്തെടുത്തതിനാല്‍ കേസ്
അപൂര്‍വ്വമെന്നു മറ്റുള്ളവരുടെ മുന്നിലും ഗൈനക് കോണ്‍ഫ്രന്‍സിലും സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞു.
താലൂക് ആശുപത്രിയിലെ അന്നത്തെ സര്‍ജന്‍ ഡോ.ഗോപിനാഥ്(കാര്‍ട്ടൂണിസ്റ്റ് സോമനാഥന്റെ സഹോദരന്‍)
ആശുപത്രി സൂപ്രണ്ട് ഡോ.സാറാമ്മ കുര്യന്‍, സിസ്റ്റര്‍ സിയന്ന(മയക്കല്‍), സിസ്റ്റര്‍ ഓമനക്കുട്ടി(അന്തരിച്ചു)
എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കെടുത്തു.ഗര്‍ഭാശയത്തിനു വെളിയില്‍ ബ്രോഡ് ലിഗമെന്‍റ് കൊണ്ടുള്ള സഞ്ചിയില്‍
ആയിരുന്നു പൂര്‍ണ്ണ വളര്‍ച്ച കഴിഞ്ഞ തകരാറൊന്നുമില്ലാത്ത ജീവനുള്ള കുഞ്ഞിന്‍റെ കിടപ്പ്‌.

ഈ കേസ് നിരവധി സ്ലൈഡുകളുടെ സഹായത്തോടെ 1981
ല്‍കോഴിക്കോട് നടന്ന ഗൈനക് കോണ്‍ഫ്രന്‍സില്‍ അവതരിപ്പിച്ചു.
അന്നത്തെ മാത്രുഭൂമി,മനോരമ പത്രങ്ങളില്‍ ഈ കേസ്, 4 വയസ്കാരി പെണ്‍കുഞ്ഞും അമ്മയും,
ഫോട്ടൊ സഹിതം വന്നിരുന്നു.
1981 ആഗസ്റ്റ് ലക്കം ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസ്സിയേഷന്‍ ജേര്‍ണലില്‍ ഈ കേസ് റിപ്പോര്‍ട്ട് ചെയ്തു.
അന്വേഷണത്തില്‍ ലോകത്തില്‍ ഇത്തരം ജീവനുള്ള കുട്ടിയ കേസ് ആദ്യത്തേതായിരുന്നു.
പില്‍ക്കാലത്ത് സ്കാനിംഗ് പ്രചാരത്തില്‍ ആയ ശേഷം ചില ജീവനുള്ള ബ്രോഡ്ലിഗമെന്‍റ് ഗര്‍ഭം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
എന്നാല്‍ ഇങ്ങനെ വളര്‍ന്നു ശരീരത്തിനു വെളിയില്‍ വന്നു ജീവനോടെ ഇരിക്കുന്ന മറ്റൊരു കേസില്ല.
സ്കാനിംഗ് വഴി ആ​രംഭത്തില്‍ തന്നെ കണ്ടുപിടിക്കപ്പെടുകയും അപകടകരമാകുമെന്നതിനാല്‍
നീക്കം ചെയ്യപ്പെടുകയും ചെയ്യും എന്നതിനാല്‍ ഇനിയും ഒരു ഗൈനക്കോളജിസ്റ്റിനും
ഇത്തരം ഒരു കേസ് കാണുവാന്‍ കഴിയില്ല.

1 അഭിപ്രായം:

K Govindan Kutty പറഞ്ഞു...

വൈകിയാനെങ്കിലും, അഭിനന്ദനങ്ങള്‍. എനിക്കു പരിചയമുള്ള ഒരു ഡോക്റ്റര്‍ പറയാറുണ്ട്, മുപ്പത്തഞ്ചുകൊല്ലം പ്രസവം കൈകാര്യം ചെയ്തിട്ടും, ഓരോ പ്രസവവും ഇപ്പോഴും ആദ്യമായി കാണുന്ന പ്രസവമായേ തോന്നാള്ളുവെന്ന്. ഇതൊക്കെ പുറത്തുള്ള ഡോക്റ്റര്‍മാര്‍ക്ക് അത്ഭുതമായിരിക്കും. വീണ്ടും അഭിനന്ദനങ്ങള്‍. പിന്നെ ലാത്തിയുടെ കാര്യം. ലഘുവായ സംഭാഷണത്തെ മുഴുവന്‍--അതില്‍ ഓര്‍മ്മകളും പെടുത്തുന്നു--ഞാന്‍ ലാത്തി എന്ന സര്‍ഗ്ഗസുന്ദരമായ സര്‍വനാമത്തില്‍ ഉള്‍പ്പെടുത്തുന്നു. അതില്‍ ലേശം പോലും ഈഷല്‍ ഇല്ല എന്ന് പ്രത്യേകം പറയട്ടെ.