2009 ഫെബ്രുവരി 27, വെള്ളിയാഴ്‌ച

ആനന്ദം: ഒരു ചരിത്രപഠനം

പണ്ടേക്കുപണ്ടേ നാം അന്വേഷിച്ചുനടന്നിരുന്നതാണ് ആനന്ദം.
കാട്ടിലും കോവിലിലും കൊട്ടാരത്തിലും കളിസ്ഥലത്തുംഒന്നൊഴിയാതെ
എല്ലാവരും എപ്പോഴും തിരക്കിക്കൊണ്ടിരിക്കുന്നതും അതുതന്നെ.
ഇയ്യിടെയായി പാശ്ചാത്യചിന്തകര്‍ ആനന്ദത്തിന്റെ സ്വഭാവത്തെപ്പറ്റി
മാത്രമല്ല, അതിന്റെ ചരിത്രത്തെപ്പറ്റിയും പഠനം തുടങ്ങിയിരിക്കുന്നു.

റിച്ചര്‍ഡ് ലയാര്‍ഡ് എന്നൊരു ധനശാസ്ത്രപ്രൊഫസറാണെന്നു തോന്നുന്നു
ആദ്യമായി ഒരു ആനന്ദപഠനം ഒരുക്കിയത്. ധനം കൂടുതല്‍ കിട്ടുന്നതുകൊണ്ട്
ആനന്ദം കൂടുകയില്ലെന്നു സമര്‍ഥിക്കാന്‍അദ്ദേഹത്തിന് ഒരു പുസ്തകം തന്നെ
വേണ്ടിവന്നു. അത്യാവശ്യമെല്ലാം നടക്കുമെന്നുവന്നാല്‍, പിന്നീടു കൈവരുന്ന
പണംകൊണ്ട് പഴയ അനുപാതത്തില്‍ ആനന്ദം ഉണ്ടാകുന്നില്ല എന്ന് ലയാര്‍ഡ്
തികഞ്ഞ ബുദ്ധിവ്യായാമത്തോടെ തെളിയിക്കുന്നു. ആ ജനുസ്സില്പെട്ട പുസ്തകങ്ങള്‍
വേറെയും കുറെ വന്നിട്ടുണ്ട്. ഇപ്പോഴിതാ സര്‍ കീത് തോമസ് എന്ന ഒരു ചരിത്രകാരന്‍
ആധുനിക ഇംഗ്ലണ്ടിന്റെ ആദ്യകാലത്ത് ആനന്ദസങ്കല്പം എന്തായിരുന്നു എന്നതിനെപ്പറ്റി
ഒരു പുസ്തകവുമായി എത്തിയിരിക്കുന്നു.

സുവിശേഷത്തില്‍ പരിശുദ്ധ പൌലോസ് പറയുന്നത് ധര്‍മം ആണ് ആനന്ദം എന്നത്രേ.
സ്നേഹം ആണ് ആനന്ദം എന്ന് വേറെ ചിലര്‍. സ്നേഹമാണഖിലസാരമൂഴിയില്‍ എന്ന് പറഞ്ഞ
ആശാനും അവരില്‍ പെടും. അദ്ദേഹത്തിനുമുമ്പ് നാരായണഗുരു പാടിയിരുന്നു,
അവനവനാത്മഗുണത്തിനാചരിക്കു-
ന്നവയപരന്നുഗുണത്തിനായ് വരേണം.

ആനന്ദം അങ്ങനെ അന്വേഷിച്ചുപോയപ്പോള്‍, ചിലപ്പോള്‍ മാത്രം
നര്‍മ്മം ചേര്‍ത്തെഴുതുന്ന വൈലോപ്പിള്ളിയുടെ ഈ ശ്ലോകം കണ്ടെത്തി:

ഹാ കഷ്ടം! നരജീവിതം ദുരിതമീ ശോകം മറക്കാന്‍ സുഖോ-
ദ്രേകം ചീട്ടുകളീക്കയാം ചിലര്‍, ചിലര്‍ക്കാകണ്ഠപാനം പ്രിയം,
മൂകം മൂക്കിനുനേര്‍ക്കു കാണ്മു ചിലരിന്നേകം ശിവം സുന്ദരം,
ശ്ലോകം ചൊല്ലിയിരിപ്പു ഞങ്ങള്‍ ചിലരീ ലോകം വിഭിന്നോത്സവം.

2009 ഫെബ്രുവരി 21, ശനിയാഴ്‌ച

യുദ്ധത്തിന്റെ ചിരി


ക്രിസ്തുവിനുമുമ്പ് മൂന്നാം നൂറ്റാണ്ടില്‍, ടരേണ്ടം എന്ന യവനനഗരത്തില്‍
റോമന്‍ ദൌത്യസംഘവും നാട്ടുകാരും തമ്മില്‍ സമധാനസംഭാഷണം
നടക്കുകയായിരുന്നു. റോമയുടെ മുഖ്യസ്ഥാനപതി ആയിരുന്നു പോസ്റ്റുമിയസ്.
അദ്ദേഹത്തിന്റെ ഗ്രീക് ഭാഷാസ്വാധീനം തീരെ കുറഞ്ഞതായിരുന്നു. ഉച്ചാരണം
വളരെ വളരെ മോശം. അതുകേട്ട് ടരേണ്ടം നിവാസികള്‍ ഊറിച്ചിരിച്ചു.
റോമന്‍ സ്ഥാനപതി കുപിതനായി.

റോമന്‍ വേഷവിധാനത്തെയും യവനര്‍ പരിഹസിച്ചു. പുഛം ഏറിയ ഒരാള്‍
ഒരു സ്ഥാനപതിയുടെ ഉടുപ്പില്‍ മലം വാരിയെറിഞ്ഞ് ആര്‍ത്തുചിരിച്ചു. പോസ്റ്റുമിയസ്
കൂടുതല്‍ ക്രുദ്ധനാ‍യി. അദ്ദേഹം പറഞ്ഞു:

“ചിരിക്കുക. ചിരിക്കാന്‍ ആകുമ്പോള്‍ ചിരിക്കുക.
കാരണം, നിങ്ങള്‍ക്ക് ഏറെ കരയാനുള്ള നേരം ഇതാ വരുന്നു.”

എത്രയോ കാലം നീണ്ടുനിന്ന യുദ്ധത്തിന്റെ--വേദനയുടെയും
രോദനത്തിന്റേയും--നാന്ദി ആയിരുന്നു ആ യവനഹാസം.
വേറൊരു രീതിയില്‍ പറഞ്ഞാല്‍, ഹാസവും പരിഹാസവുമാകുന്നു
യുദ്ധത്തിന്റെ കാരണം.

സമാന്തരമായ ഒരു ഇന്ത്യന്‍ കഥ. ധര്‍മപുത്രന്റെ രാജസൂയത്തിനെത്തിയ
ദുര്യോധനെ കൃഷണന്‍ വിഡ്ഢിയാക്കി. സ്ഥലജലഭ്രമം പിടിപെട്ട ദുര്യോധനന്‍
മുണ്ട് പൊക്കി മണ്ടനെപ്പോലെ രാജസഭയില്‍ തെറിച്ചുനടന്നു. എല്ലാവരും
ചിരിച്ചു. അവരില്‍ പാഞ്ചാലിയുടെ ചിരി കൂടുതല്‍ മുഴങ്ങിക്കേട്ടു. ദുര്യോധനന്
ഏറ്റവും ദുസ്സഹമായതും അതായിരുന്നു.

ആ ചിരിയും കളിയാക്കലുമായിരുന്നില്ലേ കുരുക്ഷേത്രയുദ്ധത്തിന്റേയും നിദാനം?

2009 ഫെബ്രുവരി 16, തിങ്കളാഴ്‌ച

യാത്ര


ഇത് നീണ്ട യാത്രകളുടെ കാലമാകുന്നു.
യാത്ര പഴയ ഒരു പാരമ്പര്യം ആയതുകൊണ്ടാകാം
എല്ലാ യാത്രികരും അവരുടെ വ്യായാമത്തെ
നവമെന്ന് , പുതിയതെന്ന്, വിളിക്കുന്നു.
ചിലരുടേത് നവകേരളമാണെങ്കില്‍,
ചിലരുടേത് നവസന്ദേശമാണെന്നു മാത്രം.
യാത്ര തീരുമ്പോള്‍ സന്യാസം തുടങ്ങുമോ
എന്നാണെന്റെ ഇപ്പോഴത്തെ രസകരമായ ചിന്ത.
പണ്ടൊക്കെ നീണ്ട ഒരു യാത്ര കഴിഞ്ഞാലേ സന്യാസംതുടങ്ങാറുള്ളൂ.
പരിവ്രാജകര്‍ പൂര്‍ണ്ണസന്യാസിമാര്‍ ആയി മാറുന്നു.
താരതമ്യേന പ്രായം കുറഞ്ഞ മുരളീധരനും രമേശും
അല്പം കൂടി പ്രായമായ വിജയനും സന്യസിക്കുമെന്നോ?
ഞാന്‍ വിശ്വ്വസിക്കുന്നില്ല. യാത്ര കഴിഞ്ഞാല്‍ അവര്‍ക്കു
കയറ്റമാകും. കയറ്റമേ ഉള്ളു, ഇറക്കമില്ല, വേണ്ട.