2009, ഏപ്രിൽ 13, തിങ്കളാഴ്‌ച

ആമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം

ആമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം

പ്രസവമരണങ്ങള്‍ വാര്‍ത്താപ്രാധാന്യം നേടാറുണ്ട്.
പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്.ആതുരാലയങ്ങള്‍ക്കു
കേടുപാടുകള്‍ സംഭവിക്കുന്നു.ഡോക്ടറന്മാരും
ആശുപത്രി ജീവനക്കാരും ആംബുലന്‍സുകളും
ആക്രമിക്കപ്പെടുന്നു. ഡോക്ടറന്മാര്‍ക്കെതിരെ
അന്വേഷണവും കേസും ഉണ്ടാകുന്നു.
പ്രസവത്തിന് ആശുപത്രിയില്‍ എത്ത്ന്നവര്‍
ഗര്‍ഭിണിയും ബന്ധുക്കളും ഒരു പോലെ ആഗ്രഹിക്കുന്നത്
സുഖപ്രസവം ആണ്. കുഞ്ഞിനും തള്ളയ്ക്കും കുഴപ്പം വരരുത്.
എന്നാല്‍ പ്രസവത്തില്‍ 4 സാധ്യതകല്‍ ഉണ്ടെന്ന കാര്യം
ഏവരും മനസ്സിലാക്കണം

1.സുഖപ്രസവം.അമ്മയും കുഞ്ഞും സുരക്ഷിതര്‍
2.കുഞ്ഞു മരണമടയുന്നു.
3.അമ്മ മരിച്ചു പോകുന്നു.
4.അമ്മയും കുഞ്ഞും മരിക്കുന്നു.

ബന്ധുക്കള്‍ ഒരിക്കലും പ്രതീക്ഷിക്കാത്തവയാണ് 2,3,4 എന്നിവ.
എന്നാല്‍ ഒരു ഗൈനക്കോളജിസ്റ്റിന് ഇതെല്ലാം പ്രതീക്ഷിക്കേണ്ടി വരും.
കാണേണ്ടി വരും.പലപ്പോഴും നിസ്സഹായനായി നോക്കി നില്‍ക്കേണ്ടിയും.

ചികില്‍സാ രംഗത്ത് 41 കൊല്ലം പിന്നിടുമ്പോള്‍,
തിരിഞ്ഞു നോക്കുമ്പോള്‍ പ്രസവത്തില്‍ മരിച്ചു പോയ
4 അമ്മമാ​രെ ഓര്‍മ്മയില്‍ വരുന്നു.
തികച്ചും അപ്രതീക്ഷിത മരണങ്ങള്‍.

വൈക്കം താലൂക് ആശുപത്രിയില്‍ ആയിരുന്നു ആദ്യ മരണം.
കടിഞ്ഞൂല്‍ക്കാരി,സുന്ദരിയായ
19 കാരി.സുഖപ്രസവം.തുന്നല്‍ ഇട്ട ശേഷം കൈകകഴുകി
ലേബര്‍ റൂമിനു വെളിയില്‍
എത്തിയതേ ഉള്ളു.സിസ്റ്റര്‍ ഓടി വന്നു പറയുന്നു.
"ഒന്നോടി വരു ഡോക്ടര്‍. ഒരു ഞെട്ടല്‍."
ചെന്നു നോക്കുമ്പോള്‍ യുവമാതാവ് മരിച്ചു കഴിഞ്ഞു.
അക്കാലത്തായതിനാല്‍
ആരോഗ്യത്തിന് ഹാനി തട്ടിയില്ല.
ആശുപത്രി കെട്ടിടത്തിനും ജീവനക്കാര്‍ക്കും.

പിന്നീട് മൂന്നു പേര്‍ കൂടി
ഒരാള്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ മേശയില്‍.
ഒരാശുപത്രി ജീവനക്കരന്റെ സ്വന്തം സഹോദരി.
അയാളുടെ സാന്നിധ്യത്തില്‍ തന്നെ മരണമടഞ്ഞു.
0

ഗര്‍ഭിണികളില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ രക്തസമ്മര്‍ദ്ദം കുറയുകയും
ഹൃദയമിടിപ്പു നിന്നു പോകയും "കോമ" എന്ന അബോധാവസ്ഥ
സംജാതമാകയും തുടര്‍ന്നു നിലയ്ക്കാത്ത രക്തപ്രവാഹം തുടങ്ങുകയും
ചെയ്യുന്ന ഗുരുതരമായ,മാരകമായ, അവസ്ഥ ആണ് ആമ്നിയോട്ടിക്
ഫ്ലുയിഡ് എംബോളിസം.ശ്വാസതടസ്സം വരുകയാല്‍ രക്തത്തിന്
അത്യാവശ്യമായ ഓക്സിജന്‍ കിട്ടാതെ വരുന്നു.ഞെട്ടല്‍ വരുന്നു.
രക്തത്തിനു കട്ട പിടിക്കാനുള്ള കഴിവു നഷ്ടപ്പെടുന്നു.
8,000-30,000 പ്രസവങ്ങളില്‍ ഒന്നില്‍ വീതം ഈ അവസ്ഥ ഉടലെടുക്കുന്നു.
പ്രസവമരണങ്ങളുടെ കാരണങ്ങളില്‍ നാലാം സ്ഥാനം ഈ സ്ഥിതി വിശേഷത്തിനാണ്.

സ്റ്റീനര്‍ ലഷ്ബോ എന്നീ രണ്ടു ഡോക്ടറന്മാര്‍ ഈ അവസ്ഥ റിപ്പോര്‍ട്ട് ചെയ്തത് 1941 ല്‍.
ഗര്‍ഭസ്ഥ ശിശുവിന്‍റെ ചര്‍മ്മത്തില്‍ നിന്നു പൊഴിയുന്ന ഡബ്രിസ്,ലാനുഗോ
എന്നിവ ശിശുവിന്‍റെ ശ്വാസകോശത്തില്‍ കയറിപ്പറ്റുന്നതാണ് അടിസ്ഥാനകാരണം.
ആമ്നിഓട്ടിക് എംബോളിസം എന്ന പ്രയോഗം ഇപ്പോള്‍ ചോദ്യം
ചെയ്യപ്പെട്ടു കഴിഞ്ഞു. "അനാഫിലാക്റ്റിക് സിണ്ട്രോം ഓഫ് പ്രഗ്നന്‍സി"
എന്നാണിപ്പോല്‍ വിളിക്കപ്പെടുന്നത്.
ആമ്നിയോട്ടിക് ദ്രവം ശ്വാസകോശത്തില്‍ എത്തുമ്പോള്‍
എംബോളിസം ഉണ്ടാകുന്നില്ല.എന്നാല്‍ അനാഫിലാക്സ്സിസ് ഉണ്ടാകുന്നു.

നിരവധി ഗര്‍ഭിണികളില്‍ ആമ്നിയോട്ടിക് ദ്രവം ശ്വാസകോശത്തില്‍ കയറാറുണ്ട്.
എന്നാല്‍ ചിലരില്‍ മാത്രമേ അനാഫിലാക്സ്സിസ് ഉണ്ടാകുന്നുള്ളു.
ചിലരുടെ ശരീരത്തിന്‍റെ പ്രത്യേകത ആവാം.
രോഗാവസ്ഥ കൃത്യമായി നിര്‍ണ്ണയിക്കാന്‍ ടെസ്റ്റുകള്‍ ഇല്ല.
ലക്ഷണങ്ങള്‍ വച്ചുള്ള അനുമാനം മാത്രം.
പോസ്റ്റ് മോര്‍ട്ടം പരിശോധനയില്‍ തെളിവുകള്‍ കിട്ടില്ല.
മറ്റു കാരണം ഒന്നും കിട്ടതെ വരുമ്പോള്‍
ഈ അവസ്ഥ ആയിരുന്നു എന്നൂഹിക്കാം എന്നു മാത്രം

3 അഭിപ്രായങ്ങൾ:

പാമരന്‍ പറഞ്ഞു...

നന്ദി. വൈദ്യശാസ്ത്ര വിവരങ്ങള്‍ക്കു മാത്രമായി മറ്റൊരു ബ്ലോഗ്‌ തുടങ്ങിക്കൂടെ?

Appu Adyakshari പറഞ്ഞു...

ഡോക്റ്റര്‍, ഈ വൈദ്യശാസ്ത്ര അറിവ് പ്രസിദ്ധീകരിച്ചതിനു നന്ദി. ഗര്‍ഭസ്ഥ ശിശുവിന്‍റെ ചര്‍മ്മത്തില്‍ നിന്നു പൊഴിയുന്ന ഡബ്രിസ്,ലാനുഗോ എന്നിവ എങ്ങനെയാണ് മാതാവിന്റെ ശ്വാസകോശത്തില്‍ എത്തുന്നത്?

Dr.Kanam Sankar Pillai MS DGO പറഞ്ഞു...

from the site of seperartion of placenta to veins then to heart
then to lungs the debris reach lungs